Dr. K.M. Francis –സാമൂഹിക പ്രബോധനങ്ങള്‍ – സഭയുടെ ധാര്‍മ്മിക മുഖം…
കത്തോലിക്കാ യുവജനങ്ങള്‍ വിശ്വാസ ജീവിതത്തില്‍ നിന്ന് അകന്ന് നിരീശ്വരവാദ യുക്തിവാദ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന ആശങ്കകള്‍ കേരള സഭയുടെ വിവിധ തലങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. എന്തുകൊണ്ട് യുവജനങ്ങള്‍ വിശ്വാസജീവിതത്തില്‍ നിന്ന് അകന്നുപോകുന്നുവെന്നതിന് അനേകം കാരണങ്ങളുണ്ട്. അതില്‍ പ്രധാനവും പ്രസക്തവുമായ ഒരു യാഥാര്‍ത്ഥ്യം യുവജനങ്ങള്‍ക്ക് അവരുടെ വിശ്വാസജീവിതവും ഭൗതിക ജീവിതലക്ഷ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം നിലിനില്ക്കുന്നുണ്ടെന്ന തിരിച്ചറിവില്ലാത്തതാണ്.
ലിയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന കൃതിയുടെ നൂറാം വാര്‍ഷികാഘോഷവേളയില്‍ വി.ജോണ്‍ പോള്‍ രണ്ടാമന് ഇപ്രകാരം രേഖപ്പെടുത്തി. റേരും നൊവാരും എന്ന കൃതി പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പ് വിശ്വാസം ജീവിതവും സാമൂഹിക ജീവിതവും രണ്ടാണെന്ന രീതിയിലാണ് ലോകം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ റേരും നൊവാരും ഈ ധാരണയെ തിരുത്തി. അങ്ങിനെ സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ വിശ്വാസജീവിതത്തിന് ചിലത് സംഭാവന ചെയ്യാനുണ്ടെന്ന് മഹാനായ ലിയോ സഭയക്കും ലോകത്തിനും വെളിപ്പെടുത്തിയതിന്റെ അടയാളമാണ് റേരും നൊവാരും (ജോണ്‍ പോള്‍ രണ്ടാമന്, ചെന്തേസിമൂസ് ആനൂസ്, 5, 1981).
റേരും നൊവാരുമിനെ പിന്തുടര്ന്ന് പരിശുദ്ധ പിതാക്കന്മാര് നടത്തുന്ന വിശ്വാസവും സാമൂഹിക ജീവിതവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന വിവിധ സിദ്ധാന്തങ്ങളുടെ സമുഛയമാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍. സമൂഹത്തിലെ സമകാലീന പ്രശ്നങ്ങളെ മനസ്സിലാക്കാനും, വിശകലനം ചെയ്യാനും, പരിഹാരം നിര്‍ദ്ദേശിക്കാനും വേണ്ടി സഭയുടെ അടിസ്ഥാന പ്രബോധനങ്ങളുടെ തുടര്‍ച്ചയായി സഭ നിര്‍മ്മിച്ചിട്ടുള്ള സിദ്ധാന്ത സമുച്ഛയമാണ് സാമൂഹിക പ്രബോധനങ്ങള്‍ (ചെന്തേസിമൂസ് ആനൂസ്, 4).
ഈ ലോകവും പരലോകവും…
ചിന്തയും പ്രവര്‍ത്തിയും, ആത്മാവും ശരീരവും, ഈ ലോകവും പരലോകവും എന്നിവ വേര്‍തിരിഞ്ഞു നില്ക്കുന്ന ദ്വന്ദങ്ങളല്ല. ആത്മാവിന്റെയും ശരീരത്തിന്റെയും സമഗ്രതയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ അടിത്തറ. എന്നാല്‍ മനുഷ്യനില്‍ പാപം സൃഷ്ടിച്ച വിഭജനം നിലനില്ക്കുന്നു. വത്തിക്കാന്‍ കൗണ്‍സില്‍ രേഖയായ ‘സഭ ആധുനിക ലോകത്തില്‍’ ഇപ്രകാരം പറയുന്നു: മനുഷ്യന് ആന്തരികമായി വഭജിതനാണ് (സഭ ആധുനിക ലോകത്തില്‍, 13).
ഈ വിഭജനത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ ചിന്തയിലും പ്രവര്‍ത്തനത്തിലും മുകളില്‍ പറഞ്ഞ ദ്വന്ദങ്ങള്‍ സത്യമാണെന്ന് സ്വീകരിക്കാന്‍ പ്രലോഭിപ്പിക്കപ്പെടുന്നു. ഈ പ്രലോഭനത്തിന്റെ അനന്തരഫലമായി ഈ ലോക ജീവിത ലക്ഷ്യം യേശുവിന്റെ രണ്ടാം വരവിനെ കാത്തിരിക്കുക, സ്വര്‍ഗ്ഗത്തില്‍ പോകുക എന്നതു മാത്രമായി വലിയൊരു ശതമാനം വിശ്വാസികളും ചുരുങ്ങിയിരുക്കുന്നു. അതുകൊണ്ടു തന്നെ വിശ്വാസജീവിതത്തിന് സാമൂഹിക ജീവിതവുമായി ഒരു ബന്ധം കണ്ടെത്താന്‍ യുവജനങ്ങള്‍ക്ക് കഴിയാതെ പോകുന്നു.
ധ്യാനകേന്ദ്രങ്ങള്‍, വചനപ്രഘോഷണ വേദികള്‍, മതബോധന മേഖലകള്‍ എന്നിവിടങ്ങളില്‍ ഒരു വിശ്വാസി പുലര്‍ത്തേണ്ട സാമൂഹിക ഔത്സുക്യം എന്താണെന്ന് ഓര്‍മ്മിപ്പിക്കുന്നതില്‍ നാം പരാജയപ്പെടുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ മുഴുവനും വിശ്വാസി പുലര്‍ത്തേണ്ട സാമൂഹിക ഔത്സുക്യത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്. സാമൂഹിക പ്രബോധനങ്ങള്‍ ഈ ലോകവും പരലോകവും തമ്മിലുള്ള ബന്ധം പ്രകാശിപ്പിക്കുന്നു.
സാമൂഹിക പ്രബോധനങ്ങളുടെ വി. ഗ്രന്ഥ അടിത്തറ…
ഈശോ മിശിഹായുടെ പ്രബോധനങ്ങള്‍ മനുഷ്യവ്യക്തിത്വത്തെ അതിന്റെ സമഗ്രതയിലാണ് അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പൂര്‍ണ്ണതയില്‍ എത്തിചേരാനാണ് ഈശോ ആഹ്വാനം ചെയ്യുന്നത്. ദൈവം പരിശുദ്ധനായിരിക്കുന്നതു പോലെ നീയും പരിശുദ്ധനാകുക. ഈ പരിശുദ്ധി (holiness) എങ്ങിനെ നേടിയെടുക്കാം? വിശുദ്ധിയെന്നാല്‍ സ്നേഹത്തിന്റെ പൂര്‍ണ്ണതയാണ്. ഇതിനായി ഈശോ പറയുന്നു-
(a ) നിന്റെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുക (b ) നിന്നെ (നിന്നിലെ ദൈവഛായയെ) സ്നേഹിക്കുക (c ) നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. ഈ സമഗ്രതയില്‍ അയല്ക്കാരന്റെ കാവല്‍ക്കാരനാണ് ഓരോ വ്യക്തിയും എന്ന പ്രചോദനം ആന്തരികതയില്‍ നിന്നും നഷ്ടപ്പെടുന്നതാണ് സാമൂഹിക പ്രശ്നം. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ “നാം സോദരര്‍” എന്ന ലേഖനം എങ്ങിനെയാണ് നാം അയല്ക്കാരന്റെ കാവല്ക്കാരനാകേണ്ടതെന്ന് കൂടുതല്‍ വ്യക്തമായി ഓര്‍മ്മപ്പെടുത്തുന്നു.
നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നത് പരോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കുന്നതില് അവസാനിപ്പിക്കുന്ന ഒരു ശൈലി ക്രൈസ്തവ കുടുംബങ്ങളില്‍ വ്യാപകമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള നിലപാടുകളാണ് സഭയുടെ സാമൂഹിക ചാക്രികലേഖനങ്ങള്‍. അയല്‍ക്കാരനെ സ്നേഹിക്കുക എന്നാല്‍ സമുദായാംഗങ്ങളെ സ്നേഹിക്കുകയാണെന്ന പരിമിതമായ അര്‍ത്ഥത്തിലാണ് യഹൂദര്‍ ഉപയോഗിച്ചിരുന്നത്. “അയല്‍ക്കാര്‍” എന്നാല്‍ പ്രകൃതിയിലെ ജീവജാലങ്ങളും, പുഴകളും, കാടുകളും എല്ലാം ചേര്‍ന്ന വിശാല യാഥാര്‍ത്ഥ്യമാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ദൈവത്തിന് സ്തുതി എന്ന സാമൂഹിക പ്രബോധനം ഓര്‍മ്മിപ്പിക്കുന്നു.
സഭ ആധുനിക ലോകത്തില്‍…
എല്ലാ സാമൂഹിക പ്രബോധനങ്ങളുടേയും, കേന്ദ്രമായി ഇപ്പോള്‍ നിലനില്‍ക്കുന്നത് ‘സഭ ആധുനിക ലോകത്തില്‍’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖയാണ്. ഈ രേഖ യേശുക്രിസ്തു മാതൃകാമനുഷ്യനാണെന്ന് ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ ചെയ്യുക, കുടുംബം രൂപപ്പെടുത്തുക, സമൂഹത്തെ കെട്ടിപ്പിടിക്കുക, രാഷ്ട്രം നിര്‍മ്മിക്കുക, അന്താരാഷ്ട്ര സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സ്നേഹത്തിന്റെ വിവിധ രൂപങ്ങള്‍ എന്ന് ഈ രേഖ പഠിപ്പിക്കുന്നു.
ഈ രേഖ അറിയപ്പെടുന്നത് അജപാലന ഭരണഘടന (Pastoral constitution) എന്നാണ്. മറ്റൊരു വിധത്തില്‍ ലോകത്തിലുള്ള എല്ലാ കത്തോലിക്ക രൂപതകളും, ഇടവകകളും, സ്ഥാപനങ്ങളും തങ്ങളുടെ അജപാലന പദ്ധതി തയ്യാറാക്കുമ്പോള്‍ അടിസ്ഥാനമാക്കേണ്ട രേഖയാണ് “സഭ ആധുനിക ലോകത്തില്‍.” സ്വര്‍ഗ്ഗരാജ്യമെന്നത്, ഈ ലോകത്തിന്റെ തുടര്‍ച്ചയാണെന്ന കാഴ്ചപ്പാടാണ് ഈ രേഖ മുന്നോട്ടു ചെയ്യുന്നത്.
‘സ്വര്ഗത്തിലെപ്പോല ഭൂമിയിലുമാകണമെ’ എന്ന പ്രാര്‍ത്ഥനയുടെ പ്രയോഗ സാധ്യതകളാണ് പിന്നീട് വന്ന എല്ലാ സാമൂഹിക പ്രബോധനങ്ങളുടേയും കേന്ദ്രം. ഇത്തരത്തില്‍ ഭൂമിയിലെ ദൗത്യം മറക്കുന്നവരാണ് “ബൈബിള്‍ മാത്രം മതി”, ‘രണ്ടാം വരവ് സമാഗതമായയി, ‘എല്ലാവരും രക്ഷപ്രാപിക്കാന്‍ എല്ലാം വിറ്റ് എന്റെ കൂടാരത്തില്‍ വരൂ’ എന്നീ തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്നത്. മാത്രമല്ല, വിശ്വാസികളായ നിങ്ങളുടെ ഈ ലോക ജീവിതത്തിലെ ലക്ഷ്യമെന്ത് ? എന്ന നിരീശ്വരവാദികളുടെ ചോദ്യത്തിനു മുന്പില് നമ്മുടെ യുവാക്കള്‍ നഷ്ടധൈര്യരാകുന്നു.
യേശുക്രിസ്തുവില്‍ ലോകത്തെ രൂപാന്തരപ്പെടുത്തുക എന്നതാണ് അത്മായന്റെ ജീവിതലക്ഷ്യം. ഈ ലക്ഷ്യം എങ്ങിനെ പൂര്ത്തീകരിക്കണമെന്നതിന്റെ ചൂണ്ടുപലകകളാണ് സാമൂഹിക പ്രബോധനങ്ങള്‍. സാമൂഹിക പ്രബോധനങ്ങളുടെ പ്രഘോഷണത്തിന്റെ അഭാവത്തില്‍ അത്മായര്‍ ജീവിതലക്ഷ്യം പരിമിതപ്പെടുത്തുന്നു. സുവിശേഷ പ്രഘോഷണത്തിന്റെ ആധുനിക ഭാവം സാമൂഹിക പ്രബോധനങ്ങളാണ്. അതുകൊണ്ട് സാമൂഹിക പ്രേഷിതത്വം എന്ന മേഖല യുവാക്കള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ സാമൂഹിക ജീവിതലക്ഷ്യത്തിനായി നിരീശ്വരവാദ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത് ഇല്ലാതാകും.
മനുഷ്യന്, സ്വാതന്ത്ര്യം, തൊഴില്‍, കൂലി, രാഷ്ട്രഘടന, പരിസ്ഥിതി സൗഹൃദ ജീവിതം, കുടുംബം, യുദ്ധം, സമാധാനം, പുരോഗതി, രാഷ്ട്രവികസനം, ജനാധിപത്യം, സ്വകാര്യസ്വത്ത്, സാമൂഹ സ്വത്ത്, അന്താരാഷട്ര കടങ്ങള്‍ മുതലായ സാമൂഹിക വിഷയങ്ങള്‍ അപഗ്രഥനം ചെയ്യുന്ന സാമൂഹിക പ്രബോധനങ്ങള്‍ സഭയുടെ ധാര്‍മ്മിക കാഴ്ചപ്പാട് (Ethical Vision) അവതരിപ്പിക്കുന്നു. ധാര്‍മ്മിക മുഖമില്ലാത്ത രാഷ്ട്രീയം നശിച്ചുപോകുന്നതുപോലെ, ധാര്‍മ്മിക മുഖമില്ലാത്ത മതവും അപ്രസക്തമാണ്. സാമൂഹിക പ്രബോധനങ്ങള്‍ സഭയുടെ ധാര്‍മ്മിക മുഖമാണ്.