ഐസക് പാറയ്ക്കലച്ചൻ OIC
പ്രിയ കൂട്ടുകാരേ,
സുഖമാണോ?
ഇന്ന് ലോക യോഗ ദിനം!!!
സംഘർഷനിർഭരമായ ഒരു ലോകത്തിൽ ജീവിക്കുന്നവരാണല്ലോ നാം. ദിനപ്പത്രങ്ങളും ഡിജിറ്റൽ മാധ്യമങ്ങളുമൊക്കെ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പല സംഭവങ്ങളും മനുഷ്യമനസ്സിന്റെ താളം തെറ്റലുകളുടെ പരിണതഫലമാണ്.
മനുഷ്യമനസ്സിലുണ്ടാക്കുന്ന സംഘർഷങ്ങളാണ് പുറത്തേക്കും വ്യാപിക്കുന്നത്.
ഒരു സംഘർഷം ആദ്യം ഉത്ഭവിക്കുന്നത് മനുഷ്യമനസ്സിന്റെ ഉള്ളറകളിലാണ്…
അവിടെയുണ്ടാകുന്ന സുനാമിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമൊക്കെയാണ് പുറത്തേക്കും വ്യാപിക്കുന്നത്… ഏത് ആക്രമസംഭവമോ കൊലപാതകമോ എടുത്തു നോക്കുക. അത് ചില മനുഷ്യമനസ്സുകളുടെ ചടുലമായതും ഗൂഢമായതുമായ സൃഷ്ടിയാണ് …
മനുഷ്യമനസ്സുകൾ ശാന്തമായെങ്കിലേ ഈ ലോകവും ശാന്തമാവുകയുള്ളു…
കൂട്ടുകാരേ,
എന്താണ് ഒരു പോംവഴി?
മനുഷ്യമനസ്സുകൾ ശാന്തമാകണം. അവ നന്മയിൽ വളരണം.
ശരീരപുഷ്ടിക്ക് സമീകൃതാഹാരമെങ്ങനെയോ അങ്ങനെ തന്നെയാണ് മാനസികാരോഗ്യത്തിന് ധ്യാനവും യോഗാസനങ്ങളും പ്രാർത്ഥനയും.
യോഗയെന്നാൽ കാലു മുകളിലാക്കി തല കുത്തി നിൽക്കുന്നതോ തല മുട്ടിനിടയിലാക്കി കെകൊണ്ട് പാദം തൊടുന്നതോ മാത്രമാണ് എന്ന് നമ്മിൽ പലരും തെറ്റിദ്ധരിക്കാറുണ്ട്. ഈ പ്രപഞ്ചവുമായും ദൈവിക സ്രോതസ്സുമായും നമ്മെ ബന്ധിപ്പിക്കുന്നതെന്തും യോഗയാണ്.
എപ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ താളം ഈ പ്രപഞ്ചത്തിന്റെ താളത്തോടലിഞ്ഞ് ഒന്നാകുന്നോ അതാണ് യോഗ!!!
ദൈവിക ചൈതന്യം പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും വിശുദ്ധ കൂദാശാനുഷ്ഠാനങ്ങളിലൂടെയും നമ്മുടെ സിരകളിലൂടെ പ്രവഹിക്കുന്നതാണ് യോഗ!!!
ദൈവത്തിന്റെ ജീവൻ നമ്മുടെ ധമനികളിലെ ജീവരക്തവുമായി വിശുദ്ധ ബലിയിലൂടെ കലർന്ന് ഒന്നാകുന്നതാണ് യോഗ!!!
കൂട്ടുകാരേ,
ഇങ്ങനെയുള്ള വ്യക്തികൾ ജീവിക്കുന്നിടത്ത് സമാധാനമുണ്ടാകും സന്തോഷമുണ്ടാകും …
നമ്മുടെ കുടുംബങ്ങളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ,
നാട്ടിൽ,
രാജ്യത്ത്
അനേകം യോഗികളുണ്ടാവട്ടെ…
സംഘർഷം മാറി സമാധാനമുണ്ടാവട്ടെ.
അന്ധകാരം മാറി സംയോഗത്തിന്റ പ്രകാശം നിറയട്ടെ..
ഒന്നാകലിന്റെ പരിമളം പരക്കട്ടെ.
ഈ ലോകം നന്നാവട്ടെ.
“ലോകാ സമസ്താ സുഖിനോ ഭവന്തു .”
ഇതല്ലേ, യേശു പറഞ്ഞ ” ദൈവരാജ്യം ???