ഔസേപ്പച്ചാ ഇന്നല്ലേ ഉണ്ണിക്ക് പേരിടുന്ന ദിവസം… ഏതൊരു അപ്പനും തലയുയർത്തി നിൽക്കുന്ന ദിവസമാണിന്ന്…
അതേടോ എനിക്കെന്നും അഭിമാനമാണ്.. ഈ കുഞ്ഞിലേക്ക് നോക്കുമ്പോഴെല്ലാം, വല്ലാത്ത അഭിമാനമാ എനിക്ക്..ഈ കുഞ്ഞിൽ നിന്ന് കണ്ണ് എടുക്കാൻ എനിക്ക് പറ്റുന്നില്ലടോ….
അത്രയ്ക്ക് എന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരിക്കുവാ..
മേരിയുടെ താരാട്ടുപാട്ടും ആനന്ദഗീതവും.. ഈ വീട് സ്വർഗ്ഗമായി മാറിയിരിക്കുവാ..
ഉണ്ണിയുടെ കുഞ്ഞിളം കാലുകളും മോണകാട്ടിയുള്ളചിരിയും കാണുമ്പോ സ്നേഹം ഊറിയിറങ്ങുന്നപോലെ ഹൃദയം നിറയുന്നു..
ഏതായാലും താൻ കൂടി ഒരുങ്ങിക്കോ… ഇന്ന് ഇവിടെ നമുക്ക് ആഘോഷിച്ചേക്കാം…മേരി… നിന്റെ കൈകൾ നെയ്തെടുത്ത ഈ ഉണ്ണിയുടുപ്പ് എന്ത് മനോഹരമാണ്… നിന്റെ ജീവിതത്തിന്റെ പരിശുദ്ധിയാണ് ഈ ഉണ്ണിയുടുപ്പിൽ ഞാൻ കാണുന്നത്…
ജോസഫ്… അങ്ങ് ധീരനും നീതിമാനും ദൈവകൃപ നിറഞ്ഞവനും ആണ്… അങ്ങ് താഴ്മയിൽ നിന്നുകൊണ്ട് സ്വർഗ്ഗം കനിഞ്ഞു നൽകിയ ഈശോ എന്ന നാമം ഉണ്ണിക്ക് നൽകുമ്പോൾ, ജോസഫ് എന്ന നാമവും സ്വർഗ്ഗത്തോളം ഉയരുകയാണ്….. ഈയുള്ള ജീവിതമത്രയും ദൈവഹിതം അല്ലാതെ മറ്റൊന്നും അങ്ങ് ചെയ്തത് ഞാൻ കണ്ടിട്ടില്ല… ദൈവപുത്രനെ തോളിലേറ്റുന്ന അങ്ങയുടെ മുഖം ദൈവദൂതനെപോലെ എന്നും പ്രസന്നമാണ്..
മേരിയമ്മേ…ഉണ്ണികുട്ടനെ കാണുമ്പോ എന്തൊരു സമാധാനം ആണ് ഉള്ളിൽ നിറയുന്നത്… മേരിയമ്മക്ക് സമ്മതമാണെങ്കിൽ ഞാൻ ഉണ്ണിയെ കൈയിൽ എടുത്തുകൊള്ളാം… അതിനെന്താ കുഞ്ഞേ,, നിനക്കുവേണ്ടികൂടിയല്ലേ ഈ ഉണ്ണി അവതരിച്ചത്.. എടുത്തോളൂ…. എന്നും ചേർത്ത് പിടിച്ചോളൂ….ഒരിക്കലും ഈ ദിവ്യപൈതലിൽ നിന്നും ഹൃദയം അകലരുതേ.
അത്യുന്നത ദൈവമേ അങ്ങ് അരുളിച്ചെയ്തപോലെ ഈശോ എന്ന പവിത്ര നാമം ഈ കുഞ്ഞിന് നൽകി, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു… നിയമത്തിനു വിധേയമായി ഈ ദിവ്യ ശിശുവിനെ ഞങ്ങൾ ഇന്ന് പരിച്ഛേദനം ചെയ്യുന്നു…മനുഷ്യകരങ്ങളിൽ വളരുവാൻ അത്യുന്നത ദൈവമേ അങ്ങ് തിരുമനസ്സായി….. മോശയുടെ നിയമമാണ് ഞങ്ങൾ പാലിക്കുന്നത്…. ഞങ്ങളുടെ ഈ കീഴ്വഴക്കം അങ്ങേയ്ക്ക് പ്രീതികരമായി ഭവിക്കുവാൻ ഇടയാകണമേ.
ഔസേപ്പച്ചാ… ഇനി ഈശോ എന്ന നാമം ഒരിക്കലും എന്റെ നാവിൽ നിന്ന് മറയുകയില്ല… ഉണ്ണിയീശോയും ഔസേപ്പച്ചനും മേരിയും ഇന്ന് എന്റെ ദിവസത്തെ ധന്യമാക്കി… (തുടരും).
By, റോസിന പീറ്റി