ജോസഫ്… ജോസഫ് ഇതാ ഞാൻ ജോസഫ്… വേഗം ഉണർന്ന് മേരിയേയും കുഞ്ഞിനെയും കൂട്ടി ഈജിപ്തിലേക്ക് ഓടി പോവുക.. ഹേറോദേസ് രാജാവ് കുഞ്ഞിനെ വധിക്കുവാൻ തീരുമാനിച്ചുകഴിഞ്ഞു… രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളേയും വധിക്കാനാണ് ഹേറോദേസിന്റെ ആഹ്വാനം…
ദൈവമേ ഈ യാത്രയിൽ ഞാൻ അശക്തനാണ്. അങ്ങെന്റെ കൂടെ ഉണ്ടായാൽ മാത്രം മതി ഈ യാത്ര ഞങ്ങൾ വിജയകരമായി പൂർത്തിയാകും..ഔസേപ്പച്ചാ, ഇസ്രായേൽ മുഴുവൻ ഇമ്മാനുവേൽ ജനനം വാർത്തയാണ്.. ഞാൻ ഉണ്ണീശോയെ കാണാൻ ഓടി വന്നതാണ്…ഉണ്ണിയെ എന്റെ കൈയിൽ ഒന്ന് തരുമോ?ഔസ്സേപ്പച്ചൻ എന്താ വളരെ അസ്വസ്ഥനാണല്ലോ??.. ഉണ്ണിക്ക് വധഭീഷണി ഉണ്ടെടോ… ഞങ്ങൾക്ക് നിൽകാൻ ഒട്ടും സമയം ഇല്ല… ഉടനെ ഈജിപ്തിലേക്ക് യാത്രയാകണം…
ഉണ്ണിയുടെ കുഞ്ഞിക്കാലുകളിൽ ഞാനൊന്നു ചുംബിച്ചോട്ടെ, എങ്കിൽ നിങ്ങൾ അതിവേഗം യാത്ര ആയിക്കോള്ളു.. ഔസേപ്പച്ചാ ദൈവം കൂടെയുണ്ട് ഈ യാത്രയിൽ… മേരി എഴുന്നേൽക്കൂ… നമുക്ക് ഉടനെ യാത്ര ആവണം ഞാൻ ഉറങ്ങിയിട്ടില്ല ജോസഫ്, എന്റെ കണ്ണുകൾ എപ്പോഴും ഈ ദിവ്യ പൈതലിനെ നോക്കിക്കാണുകയാണ്… ജോസഫ്.. നമ്മൾ എങ്ങോട്ടാണ് പോകുന്നത് ഈജിപ്തിലേക്ക് പോവാനാണ് ദൈവദൂതൻ കൽപിച്ചിരിക്കുന്നത്.. അവിടെ എത്തുമ്പോൾ നിശ്ചയമായും നമുക്ക് വേണ്ടി ഒരു ഭവനം സജ്ജമായിരിക്കും…
ഇവിടെനിന്ന് ഈജിപ്തിലേക്ക് ഒരാഴ്ചത്തെ യാത്രയില്ലേ ജോസഫ്.. പോകുന്ന വഴി നമുക്ക് കുറച്ച് ഉണ്ണി ഉടുപ്പുകളും പുതപ്പുകളും ഒക്കെ വാങ്ങിക്കണം.. രാത്രിയും പകലും ഉള്ള യാത്ര ആയതു കാരണം നല്ല തണുപ്പ് ഉണ്ടാവാം… നമ്മുടെ കൂടെയുള്ളത് ദൈവപുത്രൻ ആകുമ്പോൾ ഈ യാത്രയെ നമുക്ക് ആഘോഷമാക്കാൻ പറ്റും… ജോസഫ് എനിക്ക് ഇപ്പോൾ വേഗത്തിൽ നടക്കാനും പറ്റും.. ദൂരം അധികമായതിനാൽ തന്നെ പല ദിവസങ്ങളിലും, രാത്രിയിൽ വിശ്രമിക്കാൻ നമുക്ക് സ്ഥലം അന്വേഷിക്കേണ്ടിവരും…
ഇത് ദൈവം ഒരുക്കുന്ന യാത്രയായതിനാൽ തന്നെ നമുക്ക് സങ്കേതമായി അത്യുന്നത ദൈവം കൂടെയുണ്ടല്ലോ… മേരീ…സീനായ് മല കടന്ന് താഴ്വാരങ്ങളിൽ എത്തിയാൽ അവിടെനിന്ന് നമ്മുടെ യാത്ര കുറച്ചുകൂടി എളുപ്പമാകും.. അവിടെനിന്ന് വള്ളങ്ങളും ചെറിയ കപ്പലുകളും എപ്പോഴും ഈജിപ്തിന് പോകാറുള്ളതാണല്ലോ… നമ്മുടെ കണ്ണും മനസ്സും ഹൃദയവും എപ്പോഴും ഈ ദിവ്യ പൈതലിൽ ഉറപ്പിച്ച് നമുക്ക് യാത്ര തുടരാം…
ജോസഫ്….. ഇസ്രായേലിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ രാജാവും രക്ഷകനുമായവൻ ഭൂമിയിൽ പിറവികൊണ്ടാൽ ഭൂമിയിലെ ഏതു രാജാവിനാണ് അസൂയ ഉണ്ടാകാതിരിക്കുക… മേരി… നൊന്ത് പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നത് എങ്ങനെ സഹിക്കാൻ ആവും.. ഭൂമിയിൽ സമാധാനം എന്നല്ലേ മാലാഖമാർ പാടിയത്… കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന അമ്മമാർക്ക് എങ്ങനെയാണ് ഈ സമാധാനം അനുഭവിക്കാൻ പറ്റുന്നത്… ദൈവമേ.. എല്ലാം സഹിക്കാനുള്ള ശക്തി ആ അമ്മമാർക്ക് അങ്ങ് നൽകണമേ…. ഹെറോദേസ് കുഞ്ഞുങ്ങളെ വധിക്കും എന്നുള്ള വാർത്ത നമുക്ക് കുറച്ചു പേരോടെങ്കിലും പറയാൻ പറ്റിയിരുന്നെങ്കിൽ അവരും കുഞ്ഞുങ്ങളുമായി ഓടി രക്ഷപ്പെടുമായിരുന്നു… ഉണ്ണീശോയ്ക്ക് വേണ്ടി അനേകം കുഞ്ഞുങ്ങൾ രക്തസാക്ഷിയാകുന്ന ദിവസമാണിത്…
മേരി… ഉണ്ണീശോയുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മനസ്സിൽ ഒരു തെല്ലു ഭാരം തോന്നുന്നില്ല….. ജോസഫ്.. അങ്ങയുടെ മനസ്സ് എത്രയോ ആർദ്രമാണ്.. വേദനിക്കുന്ന സ്ത്രീകളുടെ വികാരങ്ങൾ മനസ്സിലാക്കുവാൻ അങ്ങയുടെ മനസ്സ് അനുകമ്പാർദ്രം ആണ്.. നമ്മുടെ യാത്രയിലെ ക്ലേശങ്ങളും പ്രയാസങ്ങളും ആ കുഞ്ഞിപ്പൈതങ്ങൾക്കും അമ്മമാർക്കുംവേണ്ടി നമുക്ക് കാഴ്ചവയ്ക്കാം…(തുടരും)
By, റോസിന പീറ്റി
കഴിഞ്ഞ ഭാഗങ്ങൾ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ…
ഔസേപ്പച്ചൻ കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ-07