മേരി..മേരി.. മേരീ എഴുന്നേൽക്ക്. ജോസഫ്.. എനിക്ക് നല്ല ക്ഷീണം തോന്നുന്നു.. സാരമില്ല മേരീ ..ഞാൻ കൂടെയില്ലേ… നമ്മൾ നേരത്തെ പോയെങ്കിലേ പേരെഴുതി നാളത്തേക്കെങ്കിലും തിരികെ പോരാൻ പറ്റൂ… വഴിയിൽ ഇടയ്ക്കൊക്കെ നമുക്ക് വിശ്രമിച്ച് യാത്ര തുടരാമല്ലോ.. എഴുന്നേറ്റ് ഒന്ന് മുഖം ഒക്കെ കഴുകിക്കേ.. അപ്പോഴേക്കും ക്ഷീണം കുറച്ചു കുറയും.. നല്ല ഗോതമ്പപ്പവും , ഈന്തപഴവും, കുറച്ച് ഒലിവ് കായ്കളും, നല്ല മുന്തിരിച്ചാറും ഒക്കെ ഞാൻ എടുത്തു വയ്ക്കാം.. അധികം താമസിയാതെ നമുക്ക് ഇറങ്ങണം…
തിരിച്ചു വന്നിട്ട് മേരി നന്നായി വിശ്രമിച്ചോളൂ.. അടുക്കളയിലെ കാര്യങ്ങളെല്ലാം ഞാനേറ്റു… ജോസഫ് ദൂരം അധികം ആയതുകൊണ്ട് തന്നെ നന്നായി പ്രാർത്ഥിച്ച് ഇറങ്ങണം.. ദേ ഞാൻ ഒരുങ്ങിക്കഴിഞ്ഞു …..ഏറ്റം അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്താൽ മതിയാകും.. അതു കുഴപ്പമില്ല മേരി വേണ്ടതൊക്കെ എടുത്തോളൂ.. എനിക്കിപ്പോൾ നല്ല ആരോഗ്യമുള്ള സമയം അല്ലേ.. ഞാൻ അതൊക്കെ നോക്കിക്കൊള്ളാം…
ആഹാ ഔസേപ്പച്ചനും മേരിയമ്മയും ഇത്ര നേരത്തെ ഇറങ്ങിയല്ലോ.. പോയി വരാട്ടോ.. ആയിക്കോട്ടെ ഔസേപ്പച്ചാ.. ദൈവം നിങ്ങളുടെ യാത്രയിൽ കൂടെ ഉണ്ടാവട്ടെ.. ജോസഫ്.. ഈ ബെത്ലഹേം മുഴുവൻ മലനിരകൾ അല്ലേ? അതെ, നമ്മുടെ ദാവീദ് വല്യപ്പന്റെ പേരിൽ തന്നെയാണ് ബത്ലഹേം അറിയപ്പെടുക.. നല്ലൊരു പട്ടണമാണ് ബത്ലഹേം .. അപ്പത്തിന്റെ വീട് എന്നാണ് യഥാർത്ഥത്തിൽ ബത്ലഹേം അറിയപ്പെടുക.എത്ര നല്ല പേരാണ് ബത്ലഹേം ജോസഫ്.. ഇനി നമുക്ക് ഇത്തിരി വിശ്രമിച്ചാലോ…മേരി വിശ്രമിച്ചോളൂ.. ഞാൻ കഴുതയ്ക്ക് അൽപം തീറ്റ കൊടുക്കാം.. നേരം ഒത്തിരി വൈകിയാൽ നല്ല തണുപ്പാകും..
ഇവിടെ നിന്ന് നോക്കിയാൽ നമുക്ക് ബത്ലഹേം കാണാൻ സാധിക്കും.. ജോസഫിന്റെ കാലുകൾ വേദനിക്കുന്നില്ലേ.. ഇപ്പോൾ തന്നെ നല്ല ദൂരം നടന്നു കഴിഞ്ഞു..ജോസഫ് എന്നെ മനസ്സിലാക്കുന്നതിന് നന്ദി,. മേരി നമുക്ക് വീണ്ടും യാത്ര തുടർന്നാലോ.. ബെത്ലഹേമിലേക്ക് അടുക്കുംതോറും കണ്ണിനു ഇമ്പമുള്ള കാഴ്ചകളൊക്കെ ഉണ്ട്.. നല്ല വയലുകളും ആടുകളും ആട്ടിടയന്മാരും ഒക്കെ .. തേനും പാലും ഒഴുകുന്ന നാടാണിത്..ആ.. ഇനിയാ കുന്നിൻചെരുവിൽ എത്തിയാൽ ബെത്ലഹേമായി.. നമ്മുടെ കൂട്ടരൊക്കെ അവിടെയുണ്ട്… നമുക്ക് അവിടെയൊക്കെ വിശ്രമിക്കാമല്ലോ.. പക്ഷേ ഇവിടെ തൊട്ടടുതൊന്നും ആരുമില്ല..
ജോസഫ്.. എനിക്ക് ചെറിയ വയറു വേദന എടുക്കുന്നുണ്ട്.. അത് ചിലപ്പോൾ യാത്രയുടെ ആകും മേരി.. ഞാൻ ഇവിടെ അടുത്ത് ഒരു മുറി കിട്ടുമോ എന്ന് നോക്കാം.. ദേ ഞാൻ ഇപ്പോ വരാം.മേരീ.. എല്ലാ സ്ഥലങ്ങളും നിറയെ ആൾക്കാരാണ്.. സത്രങ്ങൾ പലതും അടച്ചു കഴിഞ്ഞു.. മേരി ഞാൻ ഒന്നുകൂടി പലയിടത്തും അന്വേഷിക്കട്ടെ.. ജോസഫ്.. ഉണ്ണി പിറക്കാൻ സമയമായി… ഇനി വീട് അന്വേഷിക്കാൻ നമുക്ക് സമയമില്ല..ദാ ആ കാലിത്തൊഴുത്തിൽ നമുക്കിത്തിരി ഇടം ഉണ്ടാകും.. മേരി..മേരി എന്നോട് ക്ഷമിക്കു മേരി….
അറിയാം, ഞാൻ കുറച്ചുകൂടി ഒരുക്കത്തിൽ വേണമായിരുന്നു ഈ യാത്ര ക്രമീകരിക്കാൻ.. ജോസഫ്…എല്ലാം ദൈവത്തിന്റെ ഹിതമല്ലേ.. മേരി ഞാൻ കൂടെയുണ്ട്… ഇങ്ങനെയാണ് ദൈവഹിതമെങ്കിൽ അത് നിറവേറട്ടെ… ദൈവമേ അനേകർക്കായി വീട് പണിയുന്ന തച്ചനായ എനിക്ക് അങ്ങേയ്ക്കു വേണ്ടി ഒരു വീട് ഒരുക്കാൻ കഴിഞ്ഞില്ലല്ലോ… ജോസഫ്..ജോസഫ്..ജോസഫ്..മേരീ……ഇതാ ദൈവപുത്രൻ ഭൂജാതനായി… ആരാധ്യനായ ദൈവമേ അങ്ങേക്ക് ആരാധന.. ദിവ്യ പൈതലായി ഞങ്ങളുടെ കൈകളിൽ അവതരിച്ച ദൈവമേ അങ്ങേ ഞങ്ങൾ വണങ്ങുന്നു.. ജോസഫ്.. സഞ്ചിയിൽനിന്ന് ആ പുതപ്പ് ഒന്ന് എടുത്തു തരുമോ…
നല്ല കുളിരാർന്ന രാത്രിയാണ്.. ഉണ്ണീശോയെ ആ പുതപ്പിൽ പൊതിഞ്ഞ് നമുക്ക് പുൽത്തൊട്ടിയിൽ കിടത്താം… മേരി.. എന്തൊരു പ്രകാശം ആണ് ഈ കാലിത്തൊഴുത്തിന്..ഓ…. സ്നേഹംകൊണ്ട് എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു.. ആരാണ് ഈ പാതിരാവിൽ ഇത്ര ഹൃദ്യമായ സംഗീതം ആലപിക്കുന്നത്…. മേരീ കണ്ടോ മലാഖമാരുടെ വലിയ ഗണം വാനവിതാനത്തിൽ ആർത്തു പാടുന്നുണ്ട്…..മേരി എന്താണ് ഒന്നും മിണ്ടാത്തത്… ജോസഫ്..എന്റെ ഹൃദയം ആഴമായ ആരാധനയിൽ ആണ്..മേരി..ഇടയന്മാരും… ജ്ഞാനികളും ഒക്കെ എത്തിയിട്ടുണ്ട്… ഈശോ ജനിച്ച വിവരം നമ്മൾ ആരോടും പറഞ്ഞില്ലെങ്കിലും ദേശം മുഴുവൻ വാർത്തയായിട്ടുണ്ട്….. ഇത് സ്വർഗ്ഗത്തിന്റെ പ്രവർത്തിയല്ലേ…(തുടരും)
By,റോസിന പീറ്റി
1 Comment
Pingback: ഔസേപ്പച്ചൻ കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ -08 – Nasraayan