ഔസേപ്പച്ചാ കഴിഞ്ഞ ദിവസം നല്ല തിരക്കായി പോയി… കല്യാണം ഒക്കെ വളരെ ഭംഗിയായിരുന്നു കേട്ടോ. ഇന്നലെ ഞാൻ പറയാൻ മറന്നു.. പുതിയ കുടുംബജീവിതത്തിന് എല്ലാവിധ ആശംസകളും.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മറക്കണ്ട കേട്ടോ…
അങ്ങനെ ആയിക്കോട്ടെ…. ആശാരിപണി കുറെയേറെ ചെയ്തുതീർക്കാൻ ബാക്കിയുണ്ട്. ഇനിയിപ്പോൾ മേരി കൂട്ടിന് ഉണ്ടല്ലോ…. സംസാരിച്ചു പണികൾ ചെയ്യുമ്പോൾ അത്രയ്ക്കങ്ങ് മടുപ്പു തോന്നില്ല… പിന്നെ ഇടയ്ക്കിടയ്ക്ക് മേരി കൊണ്ടുതരുന്ന നല്ല ചൂടൻ പലഹാരങ്ങളും മുന്തിരി ചാറും … ഞാൻ ഹാപ്പിയാടോ.. അപ്പോൾ മേരിയമ്മയും ഔസേപ്പനും കൂടി സംസാരിച്ചിരിക്ക് കേട്ടോ..ദേ ഞാനിപ്പോ വരാം…
ജോസഫ്..
പറയൂ മേരി…
ജോസഫ്..അങ്ങയുടെ മനസ്സ് വിഷമിക്കുന്നുണ്ടോ?…. വിവാഹം കഴിക്കാൻ ഇരിക്കുന്ന മേരി ഗർഭിണിയാണെന്ന് കേട്ടപ്പോൾ അങ്ങയുടെ മനസ്സ് ഭാരപ്പെട്ടുവോ?
അങ്ങയുടെ മുന്നിൽ വരുവാനും ദൈവത്തിന്റെ അനന്തമായി പദ്ധതിയെ അങ്ങയോട് എങ്ങനെ വിവരിക്കുമെന്നും ഞാൻ ഉത്കണ്ഠാകുലയായിരുന്നു …..എങ്കിലും എന്നോട് കരുണ കാണിച്ച ദൈവം എന്റെ മുന്നോട്ടുള്ള വഴികളിൽ പ്രകാശം ആകുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു ജോസഫ്…
ദൈവം അവിടുത്തെ ദാസരേ കടാക്ഷിക്കുമ്പോൾ ശിരസ്സ് നമിച്ചു ആ കരുണ ഏറ്റുവാങ്ങുകല്ലേ മനുഷ്യൻ ചെയ്യേണ്ടത്..
മേരി… ഞാൻ എത്രയോ അപൂർണ്ണനാണ്.എങ്കിലും സത്യവും, ദൈവിക രഹസ്യവും അവിടുന്ന് തന്നെ എനിക്ക് വെളിപ്പെടുത്തി തന്നു… ജസ്സെയുടെ കുറ്റിയില്നിന്ന് ഒരു മുള കിളിര്ത്തുവരും; അവന്റെ വേരില്നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്ക്കും എന്ന് ഏശയ്യ പ്രവചിച്ചത് ഓർക്കുന്നുണ്ടോ മേരി.. ദൈവത്തിന്റെ കാരുണ്യം തളിരിടാൻ ദൈവം മുറിച്ചു നിർത്തിയ കുറ്റിയാവാം ഞാൻ… സമാധാനത്തിന്റെയും നീതിയുടേയും രാജാവ് ഉദയം ചെയ്യുന്ന ദാവീദിന്റെ ഭവനം എത്ര അനുഗ്രഹീതമാണ്..
ജോസഫ്…ഞാൻ വീണ്ടും ചോദിക്കട്ടെ…. ശിശുവിന് യേശു എന്ന് പേരിടണം എന്ന് പറഞ്ഞപ്പോൾ അങ്ങയുടെ മനസ്സ് ഭാരപ്പെട്ടുവോ? നമ്മുടെ വംശപരമ്പര അനുസരിച്ച് പിതാവിന്റെ നാമം അല്ലേ പുത്രന് നൽകപ്പെടുക… മേരി… എന്റെ ഉള്ളം ആനന്ദം കൊണ്ട് നിറഞ്ഞൊഴുകുകയാണ്… ദൈവപുത്രന്, ദൈവം നൽകിയ ഈശോ എന്ന പേരിടുവാൻ അവിടുന്ന് ഈ തച്ചനെയാണ് നിയോഗിച്ചത്… ജോസഫ് അങ്ങ് എത്രയോ നീതിമാനാണ്.. എന്നെ മനസ്സിലാക്കുന്നതിന് നന്ദി ജോസഫ്….
എനിക്ക് സന്തോഷമേയുള്ളൂ മേരി.. കാരണം ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റിയ ഒരു സ്ത്രീയെ ഭാര്യയായി കിട്ടുക എന്റെ ഭാഗ്യം അല്ലേ… അനേകർ കാത്തിരുന്ന സമാധാന രാജാവിനെ ദർശിക്കുന്ന നമ്മുടെ നയനങ്ങൾ എത്രയോ ഭാഗ്യമുള്ളതാണ്..
ദൈവത്തിനു സ്തുതി…
ജോസഫ്… പറയു മേരി… നമ്മുടെ ഇളയമ്മ യായ എലിസബത്ത് ഗർഭിണി ആണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.. പ്രായത്തിന്റെ നല്ല അസ്വസ്ഥതകൾ ഉണ്ടാകും.. ഞാൻ പോയി കൂടെ നിന്നാൽ അവർക്ക് വളരെ ആശ്വാസമാകും…
അവരെ ഒന്ന് സഹായിക്കാൻ അങ്ങ് എന്നെ അനുവദിക്കില്ലേ?
മേരി അത് നല്ല മലമ്പ്രദേശം ആണല്ലോ.. വളരെ ശ്രദ്ധയുണ്ടാവണം.. പോകുവാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ ചെയ്തോളൂ…ഞാൻ മേരിയെ അവിടെ കൊണ്ടാക്കികൊള്ളാം… തിരിച്ചുവന്ന് എനിക്ക് കുറച്ച് പണികൾ ചെയ്തുതീർക്കാനുണ്ട്.. അത് സാരമില്ല, എനിക്ക് ഇടയ്ക്കിടയ്ക്ക് വന്നു കാണാമല്ലോ.. എന്താവശ്യമുണ്ടെങ്കിലും ഞാൻ വളരെ അടുത്ത ഉണ്ട് എന്ന് ഓർത്തുകൊള്ളണം…
ജോസഫ് എന്നെ മനസ്സിലാക്കുന്നതിന് നന്ദി… (തുടരും )
By, റോസിന പീറ്റി