ഔസേപ്പച്ചാ… ദേ ഗലീലി കടലിൽ ഇന്ന് മുക്കുവൻമാർക്കെല്ലാം ഭയങ്കര ഉത്സവമാണെന്ന്… ചാകരയാണ്… ചാകര… പോയാൽ നമുക്ക് നല്ല മുള്ളൻ ഒക്കെ ആയി തിരിച്ചു വരാം… ഗലീലി കടൽത്തീരത്തെങ്ങും അടുക്കാൻ പറ്റാത്ത വിധം ആളുകളാണ്… ശിമയോന്റെയൊക്കെ കോലം കണ്ടാൽ ഔസേപ്പച്ചാ, ചിരിച്ചു മരിക്കും നമ്മള്!
മീൻ പെറുക്കി, മീൻ പെറുക്കി അവൻ നല്ല കറുത്ത്, കരിവാളിച്ചിരിക്കുവാ… ശിമെയോന്റെ അപ്പൻ യോനാച്ചനും നല്ല പരുവത്തിൽ ആയിട്ടുണ്ട്…. നമുക്ക് താമസിയാതെ പോയാലോ… ഔസേപ്പച്ചാ… ഔസേപ്പച്ചാ… ആളിവിടില്ലേ ഇന്ന്…. എങ്ങോട്ടും പോകുന്ന കാര്യം ഒന്നും പറഞ്ഞില്ലായിരുന്നല്ലോ? മേരിയമ്മേ…മേരിയമ്മേ… ഇതെന്താ ഇവിടെ ഒറ്റക്കിരിക്കുന്നേ?? മേരിയമ്മേ ഗലീലി കടലിൽ ചാകര… ഔസേപ്പച്ചൻ എവിടെ?? മേരിയമ്മ എന്താ ഒന്നും മിണ്ടാത്തത്?
എന്തുപറ്റി എന്തിനാ കരയുന്നത്? മേരി അമ്മയുടെ കണ്ണുകളിൽ ഞാൻ ഇതുവരെ കണ്ണുനീർ കണ്ടിട്ടില്ലല്ലോ എന്തുപറ്റി?? മേരിയമ്മ ഒന്ന് പറയു… എന്തുപറ്റിയെന്ന്? ഔസേപ്പച്ചൻ എവിടെ?? മോനേ… ജോസഫ്… ജോസഫ്… ഔസേപ്പച്ചന് എന്തുപറ്റി? മോന്റെ ഔസേപ്പച്ചൻ ഒരു യാത്രികൻ ആയിരുന്നു.. അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി മടങ്ങി കഴിഞ്ഞു… ഈ ഭൂമിയിലെ ഓരോ യാത്രികനും ജോസഫ് ഒരു നല്ല മാതൃകയായിരുന്നു.
ഞാൻ കുറച്ചു ദിവസത്തേക്ക് മാറിനിന്നപ്പോൾ എന്റെ ഔസേപ്പനെ എനിക്ക് നഷ്ടമായെന്നോ??വരുന്ന വഴി ഞാൻ ഓർത്തു, എന്താണ് ഈ സ്ത്രീകളൊക്കെ അടക്കം പറയുന്നത് എന്ന്?ഇല്ല മേരിയമ്മേ ഒസേപ്പച്ചൻ മരിക്കില്ല.. എന്റെ ഒസേപ്പച്ചൻ എന്നും ജീവിക്കും,എന്റെ ഹൃദയത്തിൽ ഒസേപ്പച്ചൻ എന്നും ജീവിക്കും. ആരാണ് മേരിയമ്മേ പണിപ്പുരയിൽ? പണികൾ തകൃതിയിൽ നടക്കുന്നുണ്ടല്ലോ… ഈശോയാണ് മോനെ… കുറച്ചു പണികളൊക്കെ ചെയ്തു തീർക്കാനുണ്ട്… മേരിയമ്മ കരയല്ലേ… ഞാൻ ഈശോയെ കണ്ടിട്ട് വരാം.
ഈശോ… ഞാൻ ഇപ്പോഴാണ് ഔസേപ്പച്ചന്റെ വേർപാട് അറിയുന്നത്… നന്നേ ചെറുപ്പത്തിൽ തന്നെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു അല്ലേ?? ഇതൊന്നും ഭാരമല്ല… എങ്കിലും അപ്പയെ എനിക്ക് ഇപ്പോൾ ഏറെ ആവശ്യമായിരുന്നു.. തിരികെ തരുമോ എന്ന് ചോദിച്ചു നോക്കി… കാര്യമായ മറുപടിയൊന്നും കിട്ടിയില്ല… അതങ്ങനെയാണ്… വേദനയോടെയുള്ള ചില ചോദ്യങ്ങൾ എന്റെ പിതാവ് കേൾക്കാത്തത് ആയിരിക്കില്ല… ആ വേദന നെഞ്ചിലേറ്റുമ്പോൾ പലപ്പോഴും മൗനമായിരിക്കും മറുപടി.
എന്റെ പിതാവിനെ എനിക്ക് നന്നായി അറിയാം… ഏറ്റവും നല്ലത് തക്കസമയത്ത് നൽകുന്നവനാണ് എന്റെ പിതാവ്… അപ്പയുടെ കൂടെ യാത്ര പോകുവാനും അപ്പ പറയുന്ന വാക്കുകൾ കേൾക്കുവാനും ഞാൻ ഇപ്പോഴും കൊതിക്കുന്നുണ്ട്.. അപ്പ പറഞ്ഞത് ഓർമയില്ലേ… ഒരു മടക്കയാത്രയില്ലെങ്കിൽ പ്രവാസജീവിതം വിരസം ആകുമെന്ന്… ഈ ലോക ജീവിതം പ്രവാസവാസം മാത്രമാണ് … മടങ്ങി പോകുവാൻ നമുക്ക് ഒരിടമുണ്ട്… എന്റെ പിതാവിന്റെ ഭവനം.
എന്റെ പിതാവിന്റെ ഭവനത്തിൽ നമുക്കെല്ലാവർക്കും ഇടമുണ്ട്… ഒസേപ്പച്ചൻ ഭാഗ്യവനാണ് .. ഈശോയുടെയും മേരിയമ്മയുടെയും ചുംബനത്താൽ യാത്രയാകുന്നവൻ … ഈശോയെ പോലുള്ള മോൻ ഉള്ളപ്പോൾ മേരിയമ്മയ്ക്ക് ഏറെ വിഷമിക്കേണ്ടി വരില്ല അല്ലേ… ചിലപ്പോൾ അത് മറിച്ചാണെങ്കിലോ?? അമ്മയുടെ ചങ്ക് പിളർന്നൊരു വേർപാടാണ് എനിക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നതെങ്കിൽ അതും ദൈവഹിതം ആയി നമ്മൾ സ്വീകരിക്കേണ്ടേ?
ഓരോരുത്തരിലും ഓരോ നിയോഗങ്ങൾ ഉണ്ട്… അത് എന്റെ പിതാവ് ഒരുക്കിയിരിക്കുന്നത് പോലെ മാത്രമേ നടക്കുകയുള്ളൂ.. അമ്മയെ കൂടെ കൂട്ടാൻ നിങ്ങളൊക്കെ ഉണ്ടാകില്ലേ?? ഞാൻ പറഞ്ഞത് സംഭവിക്കുമ്പോൾ എന്റെ അമ്മയെ നിങ്ങളുടെ ഭവനത്തിൽ സ്വീകരിക്കണം… എന്റെ മേരിയമ്മയെ ഞാൻ എന്റെ വീട്ടിൽ സ്വീകരിക്കും. ഈശോയെ പോലെ മേരിയമ്മ എന്നെയും സ്നേഹിക്കുമ്പോൾ എന്റെ ഔസേപ്പച്ചന്റെ മനസ്സല്ലേ സന്തോഷിക്കുന്നത്.
എനിക്ക് എപ്പോഴും അമ്മയുടെ കൂടെ ഈ വീട്ടിൽ നിൽക്കാൻ ആവില്ലല്ലോ… പ്രയാസങ്ങളും ഭാരങ്ങളും ഒക്കെ നശ്വരമായ ഈ ലോകത്തിൽ മാത്രമല്ലേ ഉള്ളൂ… അനശ്വരമായ ഭവനത്തിൽ എത്തുവാൻ നമുക്ക് ഒരുമിച്ച് യാത്ര തുടരാം….The end!
By, റോസിന പീറ്റി