ഔസേപ്പച്ചാ.. തയ്യാറായില്ലേ?….അത്യാവശ്യ സാധനങ്ങൾ എല്ലാം ഞാൻ കരുതിയിട്ടുണ്ട്… ഈശോ നല്ല ഉത്സാഹത്തിൽ ആണല്ലോ… അതെ ദേവാലയത്തിൽ എത്താൻ എനിക്ക് എപ്പോഴും തീഷ്ണതയാണ്… അനേകം ജനങ്ങളെ കാണാം, ആരവങ്ങളുടെ ഇടയിലും പ്രാർത്ഥിക്കാം, ജെറുസലേം ദേവാലയത്തിൽ വരുന്ന ജനലക്ഷങ്ങൾ കണ്ണീരോടെയാണ് വരുന്നത് അവർക്കുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുവാൻ എന്റെ ഹൃദയം വെമ്പുകയാണ്.
എല്ലാവർഷവും തിരുനാളിന് പോകുമ്പോൾ ദൈവമക്കളുടെ കണ്ണീർ പ്രാർത്ഥനകളെ ഞാൻ ശ്രദ്ധിക്കാറുണ്ട്…ഈശോ…എന്താ അപ്പാ… മോന് ഒരു സഞ്ചി സാധങ്ങൾ എടുക്കാൻ പറ്റുമോ… ഉറപ്പായും… അപ്പയ്ക്ക് ഭാരം എന്ന് തോന്നുമ്പോൾ എന്നോട് പറഞ്ഞോളൂ… ഞാൻ ചുമന്നുകൊള്ളാം…. ഈ തിരുന്നാളിന്റെ തിരക്കിൽ, അപ്പ അമ്മയെ നോക്കിക്കൊള്ളൂ… ഇപ്രാവശ്യം യോഹന്നാന്റെ കൂടെ ദൈവാലയംമുഴുവൻ കണ്ടും ജനങ്ങളോടൊക്കെ സംസാരിച്ചും ഈ തിരുനാൾ ആഘോഷിക്കാനാണ് എനിക്കിഷ്ടം… അങ്ങനെ ആയിക്കോട്ടെ… പക്ഷെ തിരുനാളിൽ ജനങ്ങൾ അനേകം കൂടാരങ്ങൾ തീർക്കും… നമ്മുടെ കൂടാരം എവിടെയെന്നു കൃത്യമായി അറിഞ്ഞിരിക്കണം…. ഈശോ…. എന്താമ്മേ…. മോനെ ഈ തിരുനാൾ ദിവസങ്ങൾ നല്ല തിരക്കാണ്….
അത്താഴം നമ്മുക്ക് ഒരുമിച്ചു കഴിക്കുന്നതല്ലേ നല്ലത്… നല്ല ശ്രദ്ധയുള്ള കുട്ടിയാണ് നീ…. എങ്കിലും ഒരമ്മയുടെ ആശങ്ക എനിക്കുണ്ട്…. ദേ ദേവാലയത്തിലെ പ്രകാശം ഈ പ്രദേശത്തെയാകെ പ്രകാശിപ്പിക്കുന്നു… അമ്മേ… എന്താ മോനെ…. ഓരോ തിരുനാൾ കഴിയുമ്പോഴും ഇനിയെന്നാണ് ഈ ദേവാലയത്തിൽ വരുവാൻ പറ്റുക എന്ന് ഞാൻ എന്നും ഓർക്കുമായിരുന്നു… ജെറുസലേം കാണാൻ എന്ത് ഭംഗിയാണല്ലേ… ആ ഒലിവ് മലയും തോട്ടങ്ങളും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാ… ഞാൻ മിക്കവാറും ജെറുസലേമിൽ താമസമാക്കുമെന്നാ തോന്നുന്നേ… അത്രയ്ക്ക് ഇഷ്ടമാ എനിക്ക് ജെറുസലേം…അതെമോനെ..ദൈവത്തിന്റെ പാദപീഠംമാണ് ജെറുസലേം… ആഹാ നമ്മൾ ഇങ്ങു എത്തിയല്ലോ….. അപ്പൊ എല്ലാം പറഞ്ഞതുപോലെ മോനെ…
ശ്രെദ്ധയുണ്ടാകണം…. അപ്പാ… മോനെ… അപ്പാ, ഈ പെസഹാ തിരുനാളിൽ എത്രമാത്രം കുഞ്ഞാടുകൾ ആണ് കൊല്ലപ്പെടുന്നത്… ലോകത്തിന്റെ പാപങ്ങൾ നീക്കാൻ ആകുമെങ്കിൽ ഒരു കുഞ്ഞാട് കൊല്ലപ്പെട്ടാൽ പോരേ… മോനേ… മോശയുടെ കാലം മുതൽ പെസഹ ആചരിക്കുന്നതിൽ ഒരു ചിട്ടയും ക്രമവും ഉണ്ട്… നമ്മൾ അതല്ലേ പിന്തുടർന്നു പോരുന്നത്…അതെ അപ്പാ… സമയത്തിന്റെ തികവിൽ കറയില്ലാത്ത ഒരു കുഞ്ഞാട് ഈ പെസഹായ്ക്ക് പുതിയ മാനങ്ങൾ നൽകും… ആ… മോനെ… അതൊക്കെ കാണാൻ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല…മേരീ… ആദ്യം ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചു വരാം..നല്ല വെയിലാണ്… ഒരു ചെറിയ കൂടാരം തീർക്കണം… ജോസഫ് ഞാൻ കൂടെ തന്നെയുണ്ട്…ജോസഫ്, ദൈവം നമുക്ക് നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനുള്ള ദിവസമാണിത്…
ഓരോ വർഷവും പെസഹ ആചരിക്കുമ്പോൾ മനസ്സിന് പുതിയ അനുഭൂതിയാണ് ലഭിക്കുന്നത്… ജോസഫ്… പലസ്തീനയിൽ നിന്ന് നല്ല ഈന്തപ്പഴങ്ങൾ ഒക്കെ വരാറുണ്ടല്ലോ… നമുക്ക് അത് കുറച്ചു കരുതണം… അത്യാവശ്യ സാധനങ്ങൾ ഒക്കെ മതി… ബാക്കി നമുക്ക് അവിടെ ഉണ്ടാക്കാമല്ലോ… മേരി… നമുക്ക് തിരിച്ചു പോകാനുള്ള സമയമായി… ഏലിക്കുട്ടി ഇളയമ്മക്കും കറിയാച്ചായനും പ്രായത്തിന്റെ ക്ഷീണങ്ങൾ ഒക്കെയുണ്ട്. അവരെ ഒന്ന് ശ്രദ്ധിച്ചേക്കണേ…ഉറപ്പായും.. ജോസഫ്… എന്റെ കണ്ണുകൾ അവരെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്…മേരി…
ഓരോ പെസഹാ തിരുനാളിലും നമ്മൾ എത്രമാത്രം ഓർമ്മകളുമായിട്ടാണ് തിരികെ യാത്രയാവുന്നത്… ഭാരപ്പെടുന്ന എത്രയോ മനുഷ്യരെയാണ് നമ്മൾ കണ്ടുമുട്ടിയത്… ശരിയാണ് ജോസഫ്… ഓരോരുത്തരുടെയും കണ്ണീർ കാണുമ്പോൾ അവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനാവുക.. .ജോസഫ്… നമ്മൾ ഇപ്പോൾ ഒരു ദിവസത്തോളം യാത്ര ചെയ്തു കഴിഞ്ഞു… വിശ്രമിക്കുന്നതിനു മുൻപ് നമുക്ക് അല്പം ഭക്ഷണം കഴിക്കാം…ജോസഫ് ഈ റൊട്ടിയും മീനും ഈശോയ്ക്ക് കൊടുക്കുമോ… ഞാൻ ഇളയമ്മയെ അല്പം ഭക്ഷണം കഴിപ്പിക്കട്ടെ…ഈശോ… മോനെ… മോനെ… ഈശോ…. മോനെ..യോഹന്നാൻ… മോനേ ഈശോ കൂടെയില്ലേ…ഇല്ല ഞാൻ ഓർത്തു, മേരി അമ്മയുടെ കൂടെ ഈശോ കാണുമെന്ന്..
മേരി… ഈശോ ഈ കൂടെ ഇല്ലല്ലോ… ജോസഫ്… ഈശോ യോഹന്നാന്റെ കൂടെ ഇല്ലേ??ഇല്ല മേരി… ഞാൻ ഇവിടെ എല്ലാം തിരക്കി… നമ്മുടെ കൂട്ടത്തിൽ ഈശോയെ കാണുന്നില്ല…ദൈവമേ….ജോസഫ് വേഗമാകട്ടെ നമുക്ക് തിരികെ ജറുസലേമിലേയ് ക്ക് പോകാം…ഈശോയുടെ സഞ്ചിയിലെ ഭക്ഷണം എല്ലാം തീർന്നു കാണില്ലേ… നമ്മൾ അവിടെ എത്താൻ ഇനിയും ഒരു ദിവസം കൂടി എടുക്കില്ലേ..അത് സാരമില്ല മേരി… ജെറുസലേമിൽ നല്ലവരായ അനേകം മനുഷ്യരും പുരോഹിതരുമൊക്കെ എത്തിച്ചേരുന്ന സമയം അല്ലേ… ആരെങ്കിലുമൊക്കെ ഭക്ഷണം കൊടുത്തുകൊള്ളും…
ദൈവകരങ്ങളിൽ നമ്മുടെ മോൻ സുരക്ഷിതനാണ് എന്ന് വിശ്വസിച്ചു നമുക്ക് ജെറുസലേമിൽ ഓടി എത്താം…മേരി വിഷമിക്കാതെ… ദേ ഇപ്പൊ തന്നെ നമ്മൾ ജെറുസലേമിൽ എത്തും..ജോസഫ് അങ്ങ് വിശ്വസിക്കുന്നതുപോലെ സംഭവിക്കട്ടെ. ഈശോ പോകാൻ സാധ്യതയുള്ള ഒലിവ് മലയും തോട്ടങ്ങളും ഒക്കെ നമ്മൾ അന്വേഷിച്ചു കഴിഞ്ഞു അവിടെ ഒന്നും കാണുന്നില്ലല്ലോ…. ഇപ്പോ ഇത് മൂന്നാം ദിവസമാണ് ജോസഫ്…മേരി, ഈശോയ്ക്ക് ഏറ്റവും ഇഷ്ടം ജെറുസലേം ദേവാലയം ആണ്… നമുക്ക് അവിടെ അന്വേഷിക്കാം….മേരി നോക്കൂ… എനിക്ക് അകലെ നിന്ന്തന്നെ ഈശോയെ കാണാൻ പറ്റുന്നുണ്ട്…. ചുറ്റും ആൾക്കാരൊക്കെ ഉണ്ടല്ലോ… നോക്ക്…
ഈശോയ്ക്കു യാതൊരു ക്ഷീണവും ഇല്ല… എന്തു ഉത്സാഹത്തോടെയാണ് അവരോടൊക്കെ സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും… ഇങ്ങനെ… മോനേ ഈശോ…അമ്മേ…നീ എന്താണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്..മേരി സാരമില്ല മേരി….ഞാനും നിന്റെ പിതാവും എത്ര ഉൽക്കണ്ഠയോടെയാണ് നിന്നെ അന്വേഷിച്ചത്…ക്ഷമിക്കണം അമ്മേ….നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്?. ഞാൻ എന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകേണ്ടിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ??
ഇതല്ലേ എന്റെ നിയോഗം?? എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ അല്ലേ ഞാൻ ഈ ഭൂമിയിൽ പിറന്നുവീണത്?ദേ ഞാൻ പോരുവാ നിങ്ങളുടെ കൂടെ തന്നെയുണ്ട്…ദൈവമേ നിനക്കു നന്ദി..ജോസഫ്… ഈ 12 വർഷമായി എന്റെ മനസ്സിൽ ഉയർന്ന ചോദ്യത്തിന് ഈശോയുടെ ഈ വാക്കുകൾ തന്നെ ഉത്തരമായി കഴിഞ്ഞു…ജോസഫ് അങ്ങേയ്ക്കും എനിക്കും അറിയാം… ഈ ശിശു, ഉന്നതത്തിൽ നിന്നുള്ളവൻ ആണെന്ന്…ജോസഫ് അങ്ങയുടെ മനസ്സ് വിഷമിച്ചുവോ?നമുക്കൊക്കെ ഉപരിയായ ആരാധ്യനായ ദൈവത്തിന്റെ പുത്രൻ ഇന്നു ദൈവത്തെ പിതാവേ എന്ന് വിളിച്ചപ്പോൾ എന്റെ ഹൃദയം ആനന്ദനൃത്തം ചവിട്ടുകയാണ്…
ഈ ദിവ്യ കുഞ്ഞിന്റെ കൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ തിരഞ്ഞെടുക്കപ്പെട്ട നമ്മൾ എല്ലാ ജനതകളിലും ഏറ്റം ഭാഗ്യം നിറഞ്ഞവരാണ്…..അതേ മേരി… നമ്മുടെ മനസ്സിന്റെ ആധികൾ മനസ്സിലാക്കി നമ്മുടെ കൂടെ തിരിച്ചു പോരുവാൻ ഈ കുഞ്ഞിനെ അനുവദിച്ച ദൈവം എന്നും വാഴ്ത്തപ്പെട്ടവൻ ആവട്ടെ…ജോസഫ്… ഈശോയുടെ ഓരോ വാക്കുകളും എന്നെ ആഴമായ ധ്യാനത്തിലേക്ക് നയിക്കുന്നു… (തുടരും… )
By, റോസിന പീറ്റി