ഔസേപ്പച്ചാ… ജെറുസലേമിൽ തിരുനാളിനു പോകാൻ ഇനി അധിക ദിവസം ഇല്ലല്ലോ… എല്ലാ വർഷവും നമ്മൾ ഒരുമിച്ച് പോകാറുള്ളത് പോലെ ഈ വർഷവും നമുക്ക് ഒരുമിച്ച് വേണം പോകുവാൻ.. യോഹന്നാൻ ഒക്കെ തിരുനാളിനു പോകുവാൻ വേണ്ടി ഭയങ്കര ഉത്സാഹത്തിലാണ്… തിരുനാൾ എന്ന് കേൾക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് മാത്രമല്ല നമുക്കെല്ലാവർക്കും ഭയങ്കര സന്തോഷത്തിന്റെ ദിവസങ്ങൾ അല്ലേ… അതിനെന്താടോ എല്ലാവർഷവും പോകുന്നതുപോലെ ഈ വർഷവും നമുക്ക് ആഘോഷമായി പോയിട്ട് വരണം…
ജെറുസലേം ദേവാലയത്തെ പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്നത്, ശുദ്ധീകരണത്തിന്റെ നാളുകൾ ഒക്കെ കഴിഞ്ഞു,ഉണ്ണീശോയെ ദേവാലയത്തിൽ സമർപ്പിക്കാൻ കൊണ്ടുപോയ ദിവസമാണ്. കടിഞ്ഞൂൽ പുത്രന്മാരൊക്കെയും, കർത്താവിന്റെ പരിശുദ്ധൻ എന്ന് വിളിക്കപ്പെടുക അനിവാര്യമായിരുന്നല്ലോ…ആദ്യഫലങ്ങൾ എല്ലാം ദൈവത്തിന് സമർപ്പിതമാകേണ്ടതുപോലെ…. മേരി… മേരി ഓർമ്മിക്കുന്നുണ്ടോ? രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയുമൊക്കെയായി, ഉണ്ണിയീശോയെ സമർപ്പിക്കാൻ നമ്മൾ പോയത്? ജോസഫ്… ഞാൻ അതൊക്കെ എങ്ങനെ മറക്കും …. നെയ്തെടുത്ത കുഞ്ഞുടുപ്പുകളൊക്കെ അണിയിച്ച് ഉണ്ണിയീശോയുമായി എത്രമാത്രം സന്തോഷത്തോടെയാണ് നമ്മളന്ന് പരിശുദ്ധമായ ദേവാലയത്തിൽ പ്രവേശിച്ചത്…. ..
ശിമയോൻ അന്ന് പ്രവചിച്ചത് എന്നും എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട് …പരിശുദ്ധനായ ശിമയോന്റെ പ്രവചനം സന്തോഷത്തോടൊപ്പം,പിന്നീടങ്ങോട്ട് നീറുന്ന ദിനങ്ങളുടെ കാത്തിരിപ്പായി മാറി..അന്നുമുതൽ ഞാൻ വീണ്ടും കാത്തിരിപ്പിലാണ്… ഉണ്ട് എല്ലാം ഹൃദയത്തിൽ ഉണ്ട്… ജ്ഞാനികളുടെ കാഴ്ചവസ്തുക്കൾ പോലെ ശിമയോൻ പ്രവചനവും നെഞ്ചിലേറ്റി ഞാൻ കാത്തിരിപ്പിലാണ്…. മേരി… നീതിമാനായ ശിമയോന്റെ പ്രവചനം കേട്ട് നീ എന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു ….
ശരിക്കും ആ പ്രവചന പൂർത്തീകരണത്തിനായി അല്ലേ രക്ഷകനായി ദൈവപുത്രൻ അവതരിച്ചത്.. ദൈവം അനുവദിക്കുന്നിടത്തോളം കാലം ഈ പൈതലിന്റെ വളർച്ചയിലെ എല്ലാ സാഹചര്യങ്ങളിലും പുത്രനൊപ്പം നമ്മളും നമ്മെ സമർപ്പിക്കണം….അന്ന് ഫനുവേലിന്റെ പുത്രിയായ അന്ന പ്രവാചിക തന്നെ ഓടിനടന്ന് ഈശോയെ പറ്റി എത്ര വാചാലമായിട്ടാണ് ജനങ്ങളോട് സംസാരിച്ചത്… അവരുടെ ഓരോ വാക്കുകളും എന്നെ അത്രമേൽ അത്ഭുതപ്പെടുത്തിയിരുന്നു.. മേരി… ഞാൻ പലപ്പോഴും ഓർക്കാറുണ്ട്,പിറന്നു വീണ ഓരോ മനുഷ്യനിലും ഓരോ നിയോഗമുണ്ടെന്ന സത്യം …
സമയത്തിന്റെ തികവിൽ അത് നിവർത്തിയാകും… അല്ലെങ്കിൽ ശിമെയോന്റെ കാത്തിരിപ്പും വർദ്ധക്യത്തിലും, ഉപവസിച്ചും പ്രാർഥിച്ചും കാത്തിരുന്ന അന്നയെന്ന സ്ത്രീയുടെ ജീവിതവും നമ്മോട് എന്താണ് പറയുന്നത്?ശെരിയാണ് ജോസഫ് ,ആ നിയോഗം പൂർത്തിയായാൽപിന്നെ ശാന്തി തീരത്തേക്ക് അടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക… നീതിമാനായ ശിമയോനെ പോലെ…..(തുടരും)
By, റോസിന പീറ്റി