ഔസേപ്പച്ചാ.. കഴിഞ്ഞ ദിവസം വീട്ടിൽ നല്ല തിരക്കായിരുന്നു അല്ലേ? വിദൂരത്തു നിന്ന് വന്ന ആൾക്കാരായിരുന്നു അല്ലേ ജ്ഞാനികൾ? ഔസേപ്പച്ചാ… ഇന്ന് ഞാനേതായാലും ഈശോയേയും മേരി അമ്മയേയും കണ്ടിട്ടേ പോകുന്നുള്ളൂ… ഈശോയെ കണ്ടാൽ മനസ്സിന് കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ അതങ്ങനെ പറഞ്ഞറിയിക്കാൻ പറ്റില്ല.
കേറി പോരടോ..വാതിലുകൾ തുറന്നല്ലേ കിടക്കുന്നത്… ഇതൊക്കെ എന്താ ഔസേപ്പച്ചാ… ഇത് ജ്ഞാനികൾ ഈശോയ്ക്ക് കൊണ്ടുവന്ന സമ്മാനം… വെറുതെ ചിരിപ്പിക്കല്ലേ ഔസേപ്പച്ചാ… ഇത്രയും കുഞ്ഞു കൊച്ചിന് കളിപ്പാട്ടം ഒന്നും കൊണ്ടുവന്നില്ല?? ഈ മീറയും കുന്തിരിക്കവും കൊണ്ട് ഈശോ ഇപ്പൊ എന്ത് ചെയ്യാനാ??
എടോ… ഇവയൊക്കെ ധ്യാനിച്ചും പഠിച്ചും ഞാൻ കുഞ്ഞീശോയുടെ കാതുകളിൽ മന്ത്രി ക്കുകയായിരുന്നു.. തനിക്ക് അറിയാമല്ലോ ഉണ്ണീശോയുടെ പിതൃത്വം എനിക്കുള്ളതല്ലന്ന്? ഞാൻ വെറും വളർത്തച്ഛൻ മാത്രം.. ഈ നിക്ഷേപ പാത്രങ്ങൾ തുറന്നു നോക്കൂ… ഈ ശിശു ആരായിത്തീരും എന്ന് ഈ കാഴ്ചദ്രവ്യങ്ങൾ തന്നെ നമുക്ക് പറഞ്ഞു തരും. ഔസേപ്പച്ചൻ ഉണ്ണീശോയോട് പറഞ്ഞോളൂ ഞാൻ അടുത്തിരുന്ന് കേട്ടു കൊള്ളാം… അപ്പേടെ വാവേ ഉണ്ണീശോ… നിന്നിൽ ഞാൻ കാണുന്നു രാജാവിനെ…. ആയതിനാലവർ പൂജരാജാക്കന്മാർ പൊന്നു നിനക്കേകി കാഴ്ചയായി…. അപ്പേടെ വാവേ ഉണ്ണീശോ… നിത്യപുരോഹിതൻ നീയല്ലയോ.. ആയതിനാലവർ പൂജരാജാക്കന്മാർ കുന്തിരുക്കം നിനക്കേകിയല്ലോ… അപ്പേടെ വാവേ ഉണ്ണീശോ..
അഭിഷേകതൈലമാം മീറയല്ലേ.. അത് നിന്നിൽ പ്രവാചകദൗത്യമായി, ഒപ്പം നിൻ മരണവും വാർത്തയാകും.. ജ്ഞാനികളേവരും മടങ്ങിയാലും. ഈ അപ്പ നിന്നെയിതോർമിപ്പിക്കും.. ഞാൻ ഇഹലോകം വെടിഞ്ഞെന്നാലും.. ചങ്കിൽ കരുതുക ഈ ദൗത്യത്തെ… ഔസേപ്പച്ചാ കണ്ണു നിറഞ്ഞ ല്ലോ അപ്പയുടെ ഈ വാക്കുകൾക്ക് മുന്നിൽ… ഉണ്ണീശോ എന്ത് ശ്രദ്ധയോടെയാണ് അപ്പയുടെ വാക്കുകൾ കേട്ടിരിക്കുന്നത്, ഇത് ഒരു അസാധാരണ കുഞ്ഞ് തന്നെ… മേരീയമ്മേ… മേരിയമ്മ ഇതൊക്കെ കേൾക്കുന്നുണ്ടോ? കുഞ്ഞേ.. ജോസഫ് കൂടെയുള്ള കാലത്തോളം ജോസഫിന്റെ വാക്കുകളാണ് ഈശോയുടെ കാതുകളിൽ മുഴങ്ങേണ്ടത്..
എന്റെ ഹൃദയത്തിൽ ഞാൻ എല്ലാ ഓർമ്മകളും സൂക്ഷിക്കുന്നുണ്ട്… ഔസേപ്പച്ചാ… അപ്പയുടെ വാക്കുകളാണ് ഒരു കുഞ്ഞിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയുധം… ഇത്രയും വിശുദ്ധനായ,ഇത്രയും നീതിമാനായ ഒരു അപ്പയുടെ കൈകളിൽ ഉണ്ണീശോയെ ഏൽപ്പിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ… അങ്ങയോട് സംസാരിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും എനിക്കും വിലപ്പെട്ടതാണ്… (തുടരും)
By, റോസിന പീറ്റി