എവിടെലും പ്രസംഗിച്ചോ അല്ലേൽ എന്തെങ്കിലും ഒക്കെ എഴുതിയോ ഒന്നും ശീലമില്ല, പക്ഷെ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ അതിനിനി സമയം ഉണ്ടാവില്ല എന്നൊരു തോന്നൽ.
ഈ ഒരു കുറിപ്പ് എഴുതാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് -എനിക്കെന്റെ നസ്രായൻ അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ട്. രണ്ട് – ഇതുവായിക്കുമ്പോൾ ആരുടെയെങ്കിലും മനസ്സിൽ ഒരു നോവ് പടർന്നാൽ അത്രമേൽ നന്ന്.
തായ് വേര് മറ്റൊരു മാതൃ രൂപത ആണെങ്കിലും ഇനി ജീവിച്ചു മരിക്കേണ്ടത് എറണാകുളം അങ്കമാലി രൂപതയിൽ ആണല്ലോ എന്ന വിഷമം ഉള്ളിൽ കടന്നു കൂടിട്ട് ഈ പ്രശ്നങ്ങളുടെ അത്രയും പഴക്കമുണ്ട്. പതിവുപോലെ 20 തീയതി ഞായറാഴ്ച കുർബാനക്ക് പോയി. Saturday യാതൊരുവിധ clue -ഉം കിട്ടില്ല പിറ്റേദിവസം ഏതു കുർബാന ആയിരിക്കും എന്ന്. നിർണായകം ആണല്ലോ പിറ്റേ ദിവസം.
മനസില് ഇട്ടു ആധി കയറ്റിയതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. പതിവ് പോലെ ജനാഭിമുഖ കുർബാന നടന്നു, കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. പിന്നീട് സോഷ്യൽ മീഡിയ വഴി വന്ന രണ്ട് വ്യത്യസ്ത videos കാണാൻ ഇടയായി. ഏതോ യുദ്ധത്തിന് പുറപ്പെടുന്ന പോലെ ഞാൻ ജയിച്ചുവരാം എന്ന് മനസില് ഉറപ്പിച്ചു സങ്കീർത്തിയിലേക്ക് പോകുന്ന പുരോഹിതൻ, കൈ അടിച്ചു യാത്രയാക്കാൻ കുറച്ചധികം ആൾക്കാരും.
ഇദ്ദേഹം പോകുന്നത് സിനഡോ, മാർപാപ്പ യോ അംഗീകരിച്ചിട്ടില്ലാത്ത ജനഭിമുഖ കുർബാനചൊല്ലാൻ ആണ്. എന്റെ പരിമിതമായ അറിവിൽ കൈവെപ്പ് ശുശ്രുഷ വഴി പൗരോഹിത്യം സ്വീകരിക്കുന്ന വേളയിൽ വൈദികർ എടുക്കുന്ന മൂന്ന് പ്രതിജ്ഞകൾ ഉണ്ട്, അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം. ഇവ മൂന്നും സഭക്കും, തന്റെ വിശ്വാസികൾക്ക് വേണ്ടിയും, തനിക്കു വേണ്ടി തന്നെയും പാലിക്കാൻ തയ്യാറാവേണ്ടതല്ലേ ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ വൈദികനും.
ഇതിൽ അനുസരണം എന്ന വാഗ്ദാനത്തിന്റെ നേരിട്ടുള്ള ലംഘനം അല്ലെ നമുക്ക് മുന്നിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഈശോ ശിഷ്യൻമാരെ തിരഞ്ഞെടുത്തപ്പോൾ, തന്നെ ഒട്ടിക്കൊടുക്കാൻ ഇരിക്കുന്ന യൂദാസിനെയും തിരഞ്ഞെടുത്തിരുന്നു, പക്ഷെ അവന്റെ പ്രവർത്തികൾ കാരണം അവന്റെ അവസാനം ഭീകരമായിരുന്നു.എല്ലാവർക്കും ഒരു താക്കിത് അല്ലെ ഇത്.
മറ്റൊരു വീഡിയോയും കാണാൻ കഴിഞ്ഞു.കുർബാനക്ക് മുന്നേ തിരുവസ്ത്രങ്ങളണിഞ്ഞു തന്റെ മുന്നിലുള്ള വിശ്വാസ സമൂഹത്തോട് ഒരു വൈദികൻ കൈ കൂപ്പി പറഞ്ഞു ഞാനും എന്റെ സഹവൈദികരും തങ്ങൾ ആർക്കൊക്കെ അധികാരപ്പെട്ടിരിക്കുന്നുവോ, അവർക്കൊക്കെ വിധേയപ്പെട്ടുകൊണ്ട് സിനഡ് അംഗീകരിച്ച അൾത്താരാ അഭിമുഖ കുർബാന ചൊല്ലാൻ തയ്യാറാണ്.
അല്ലാത്ത പക്ഷം കൂദാശൾ പരികർമം ചെയ്യാനോ, ഒരു വൈദികനായി തുടരാനോ ഒരു പക്ഷെ സാധിച്ചെന്നു വരുകില്ല എന്ന് പറഞ്ഞു അദ്ദേഹം കുർബാന തുടങ്ങി. പക്ഷെ ശേഷം കാണുന്നത് തിരു ആൾത്താര ചന്തക്കു സമാനമായിരുന്നു. ആക്രോശിച്ചു വരുന്ന കുറച്ചു ആളുകൾ. ആ വൈദികന് കണ്ണിരോടെ ബലിയപ്പണം തുടങ്ങിയടത്തുന്നു തന്നെ നിർത്തേണ്ടി വന്നു. സങ്കടത്തോടെ,വേദനയോടെ ബലി അർപ്പിക്കാൻ വന്ന ദൈവജനത്തിനും.
ഇതിൽ ആരുടെ ബലിയായിരിക്കും ഈശോ സ്വീകരിച്ചിട്ടുണ്ടാവുക.????
പ്രിയ വൈദികരോട് സ്നേഹത്തോടും അതിലേറെ ബഹുമാനത്തോടുംകൂടെ ചോദിച്ചോട്ടെ മാതൃകയാവേണ്ട നിങ്ങൾ ഇനിയുള്ള വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് മുതിർന്നവരെ അനുസരിക്കണം, ബഹുമാനിക്കണം എന്ന് എങ്ങിനെ പറഞ്ഞു കൊടുക്കനാവും??എങ്ങിനെ വിശുദ്ധ ഗ്രന്ഥം തെറ്റില്ലാതെ മനസ്സിൽ തെല്ലും ആശങ്ക ഇല്ലാതെ പ്രസംഗിക്കനാവും??
നിങ്ങൾ ആരെങ്കിലും ഒരാൾ പോലും കാരണം ഈശോയുടെ പ്രിയ പുരോഹിതജനം ഇത്രയേറെ ലജ്ജകരമായ ഒരു അവസ്ഥക്ക് കാരണം ആകുന്നെങ്കിൽ നിങ്ങൾ സ്വയംമാറണ്ടേ ??
ഞാനുൾപ്പെട്ട പ്രിയ വിശ്വാസ സമൂഹത്തോട്, വൈദികൻ എങ്ങോട്ട് നിന്ന് ബലിയർപ്പിക്കുന്നു എന്ന കാര്യം അവിടെ നിൽക്കട്ടെ. നിങ്ങൾ അൾത്താര നോക്കി,ഈശോയെ നോക്കി ആല്ലേ നിൽക്കുന്നത്. അപ്പോൾ നിങ്ങൾക്കു കാണേണ്ടത് വൈദികരെയോ അതോ ക്രൂശിൽ എനിക്കും നിനക്കും വേണ്ടി മരിച്ച ഈശോയേയോ???
അപ്പോൾ പ്രശ്നം അതൊന്നും അല്ല ആരോ എന്തോ ചെയ്യുന്നു, കവലകളിൽ എങ്ങിനെയോ നമുക്ക് നമ്മുടെ വാശി ജയിക്കണം എന്ന് പറയുന്നതിന്റെ പിന്നാലെ പായുകയാണ്. എന്താണ് ബലി, ബലിവേദിയിൽ ഓരോ അർപ്പിക്കുന്ന അല്ലെങ്കിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും എന്തിനെ അനുധാവനം ചെയ്യുന്നു ഇതൊന്നും അറിയില്ല. അല്ലെങ്കിൽ ആരും അറിയാൻ ശ്രമിച്ചിട്ടില്ല.. അറിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ ഈശോയെ വേദനിപ്പിക്കില്ലായിരുന്നു.
മാമ്മോദിസ എന്നാ കൂദാശാ വഴി പള്ളിയങ്കണത്തിലേക്കു പ്രവേശിച്ച നിങ്ങൾ ഇന്ന് മറ്റു പലർക്കും മാർഗതടസം ആണ്. ദൈവത്തിന്റെ മുന്നിലേക്കെത്താൻ അവർക്ക് നിങ്ങൾ തടസം നിൽക്കുന്നു. എങ്ങിനെയായിരിക്കും ദൈവം ഇനി നിങ്ങളോടും നിങ്ങളുടെ തലമുറകളോടും വർത്തിക്കുക.. ദൈവകോപം ക്ഷണിച്ചു വരുത്തരുതേ ഇനിയും സമയം ഉണ്ട് നമുക്ക് നമ്മുടെ ചിന്തകളെ മാറ്റി എഴുതാൻ.
ഉറങ്ങാൻ കിടക്കുന്നതിനു മുന്നേ ഞാൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശെരിയോ എന്ന് സ്വയം വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ആരെയും കുറ്റപ്പെടുത്താനോ മുറിവേൽപ്പിക്കാനോ അല്ല ഇതെഴുതിയത്. ശബ്ദിക്കാനാവാതെ എന്നെപ്പോലുള്ള ഒരു യുവജനത ആത്മാവിൽ നെടുവീർപ്പിട്ട് വീർപ്പുമുട്ടി കഴിയുന്നുണ്ട്. അവരെയെല്ലാം ഓർത്തുകൊണ്ട്.
ഈശോയുടെ സ്വന്തം കൂട്ടുകാരി,
ഒരു എറണാകുളം അങ്കമാലിക്കാരി വിശ്വാസി!