“ന സ്ത്രീ സ്വാതന്ത്ര്യമർഹതി”-ബുദ്ധിയുറച്ചു തുടങ്ങിയ പ്രായം മുതൽ കേട്ടു ശീലിച്ച മനുസ്മൃതി വാക്യം. കാലങ്ങളായി പുരുഷാധിപത്യത്തിൻ്റെ മേൽക്കോയ്മയിൽ ഉരുത്തിരിഞ്ഞ വിധേയത്വത്തിൻ്റെ പ്രതീകമാണ് സ്ത്രീ…. പെൺമക്കൾ വീടിൻ്റ ഐശ്വര്യമാണ്, വിളക്കാണ് എന്നൊക്കെയുള്ള പാരമ്പര്യ വിശ്വാസങ്ങൾ കേട്ട് ശീലിച്ച് വളരുന്ന ഒരു ശരാശരി ഭാരതീയ പെൺകുട്ടി എല്ലായിടത്തും ഒരു ഐശ്വര്യമാകാനും, വിളക്കാകാനും ശ്രമിക്കും…
അത് അവളുടെ പാരമ്പര്യം.. പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അവൾ അവളെ മറന്നു പോകും. അവൾ എന്താണ്… അവൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് അവൾ അറിയാതെ പോകും… ഒരു പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ ,ആ കുട്ടിയെ കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന രീതിയിൽ പാകപ്പെടുത്തി എടുക്കുന്നതിനോടൊപ്പം അവളെക്കുറിച്ച് കൂടി ചിന്തിക്കാനും ഈ ലോകത്തിൽ കിട്ടുന്ന ചുരുങ്ങിയ ജീവിതം അവൾക്ക് വേണ്ടിക്കൂടി ജീവിക്കാനും കൂടിയുള്ള അറിവിൻ്റെ വാതായനങ്ങൾ തുറന്നു കൊടുക്കാൻ ഓരോ അമ്മമാരും മനസ്സു വിചാരിക്കണം.
അപ്പോഴാണ് സ്ത്രീ എന്ന സമ്പൂർണ്ണതയിലേയ്ക്ക് ഇന്നത്തെ ലോകം എത്താൻ ഒരു ചെറുവിരലെങ്കിലും അനക്കാൻ നമുക്ക് സാധിച്ചു എന്ന് നമ്മൾ സ്ത്രീകൾക്കോരോരുത്തർക്കും അവകാശപ്പെടാൻ കഴിയൂ… നമ്മൾ വളർന്ന സാഹചര്യങ്ങളിൽ തന്നെ നമ്മുടെ മക്കളും വളരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൻ്റെ പേര് സ്വാർത്ഥത എന്നാണ്… പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ. ആ സ്വാതന്ത്ര്യം മറ്റുള്ളവരെ ഹനിക്കുന്ന രീതിയിൽ ആവരുത് എന്ന് ഓരോ അമ്മമാരും പറഞ്ഞു കൊടുത്താൽ മതി….
മറ്റുള്ളവൻ്റെ ജീവനെയോ സ്വത്തിനെയോ ഹനിക്കാതെ, ജീവിക്കണം എന്ന ഒരു പാഠം കുഞ്ഞുനാൾ മുതൽ ഒരു അമ്മയുടെ നാവിൽ നിന്ന് കേട്ടുവളരുന്ന ഒരു പെൺകുട്ടി തൻ്റെ നാൾവഴികളിൽ സഹജീവികളോട് എന്നും സ്നേഹവും കരുണയും ഉള്ള സ്ത്രീയായി മാറും.. ബഹുമാനം അർഹിക്കുന്നവർക്ക് അത് കൊടുക്കാൻ പഠിപ്പിക്കണം. എന്നാൽ അനാവശ്യമായ വിധേയത്വശീലം നമ്മുടെ പെൺകുട്ടികളെ ശീലിപ്പിക്കരുത്. നോ പറയേണ്ടിടത്ത് നോ പറയാൻ നമ്മുടെ മക്കൾ ശീലിക്കണം.
അതിപ്പോ ഏത് കൊമ്പത്തുള്ളവരോടായാലും. അതിജീവിതകളായി മാറാൻ നമ്മുടെ മക്കളെ വിട്ടു കൊടുക്കരുത്. ഇന്നത്തെ ലോക വനിതാ ദിനത്തിൽ എല്ലാ വനിതകൾക്കുമായി എൻ്റെ ആശംസ ഇതാണ്. സ്ത്രീസമൂഹമേ…. ഒരുപക്ഷേ നമ്മുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റുകളുടെ കൂമ്പാരമാകാം. നമ്മുടെ ശരിയായ വഴികൾ അവർക്ക് എപ്പോഴും തെറ്റായ പാതകളായിരിക്കാം. മറ്റുള്ളവരെ ദ്രോഹിക്കാതെ, ഉത്തരവാദിത്വങ്ങൾ മറക്കാതെ, ചെറുതെങ്കിലും, ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ മറക്കാതെ ജീവിക്കുക..
പ്രായവും പാരമ്പര്യവും നോക്കി മാത്രം ജീവിക്കാതിരിക്കുക……സ്ത്രീ സമൂഹം ഉണർന്നു ചിന്തിക്കട്ടെ…. അബലകളാകാതെ മനോബലമുള്ളവരാവട്ടെ. ഇപ്പോഴത്തെ യുവതലമുറയും ഇനി വരാനിരിക്കുന്ന തലമുറകളുമെങ്കിലും അവരുടെ സ്വാതന്ത്ര്യത്തിൽ വളരെട്ടെ… ജീവിക്കട്ടെ. എല്ലാ വനിതകൾക്കും വനിതാ ദിനാശംസകൾ.
By, ഷൈനി ബാബു