വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസം നാട്യമാകരുതെന്ന് ഉദ്ബോധിപ്പിച്ചും മനസിൽ ആത്മീയത പാലിച്ചുകൊണ്ട് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്ന് പഠിപ്പിക്കുന്ന പാഷണ്ഡതയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയും ഫ്രാൻസിസ് പാപ്പ. ക്രിസ്തീയ വിശ്വാസം എന്നത് വിശ്വാസപ്രമാണത്തിന്റെ ഉരുവിടൽ മാത്രമല്ല, മറിച്ച്, വിശ്വാസം അനുഭവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ടതാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പൊതുദർശനത്തിൽ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന് നേരിടേണ്ടിവന്ന ശക്തവും ആകർഷണീയവുമായ കെണിയായിരുന്നു പാഷണ്ഡതതന്നെയായ പുരാതന ജ്ഞാനവാദം. വിശ്വാസത്തെ ഇപ്രകാരമാണ് ഇത് സിദ്ധാന്തവത്ക്കരിച്ചത്: വിശ്വാസം ഒരു ആത്മീയതയാണ്, അനുഷ്ഠാനമല്ല; ഒരു മാനസിക ശക്തിയാണ്, ജീവിത രൂപമല്ല. ഈ പാഷണ്ഡതയനുസരിച്ച്, ജീവിതത്തിന്റെ അനുഷ്ഠാനങ്ങളും സമൂഹത്തിന്റെ വ്യവസ്ഥാപനങ്ങളും, ശരീരത്തിന്റെ പ്രതീകങ്ങളുമായി ഒരു ബന്ധവുമില്ല.
ഈ കാഴ്ചപ്പാടിന്റെ പ്രലോഭനം ശക്തമാണ്. കാരണം അത് അതിന്റേതായ ശൈലിയിൽ, ഒരു അവിതർക്കിത സത്യത്തെ വ്യാഖ്യാനിക്കുന്നു. വിശ്വാസത്തെ ഒരിക്കലും ഒരു കൂട്ടം ഭക്ഷ്യ നിയമങ്ങളിലേക്കോ സാമൂഹിക ആചാരങ്ങളിലേക്കോ ചുരുക്കാൻ കഴിയില്ല. കാരണം, ക്രിസ്തീയ വിശ്വാസം യാഥാർത്ഥ്യമാണ്. എന്നാൽ, ജ്ഞാനവാദ നിർദേശം നാട്യത്തിന്റേതാണ്. നിങ്ങളുടെ ഉള്ളിൽ ആത്മീയതയുണ്ടായിരിക്കണം, അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യാം എന്നത് ക്രൈസ്തവികമല്ല. ജ്ഞാനവാദികളുടെ ആദ്യത്തെ പാഷണ്ഡതയാണിത്, അത് ഇവിടെ, ആത്മീയതയുടെ പല കേന്ദ്രങ്ങളിലും ഇപ്പോൾ വളരെ പരിഷ്കൃതമായ ഒന്നാണ്.
വിശ്വാസാഭ്യാസം നമ്മുടെ ബലഹീനതയുടെ പ്രതീകമല്ല, മറിച്ച്, അതിന്റെ ശക്തിയുടെ അടയാളമാണ്. നാം കർത്താവിന്റെ പാതയിൽ പാദമൂന്നിയപ്പോൾ അത് ഒരു നേരമ്പോക്കായിരുന്നില്ല. അതെ, വിശ്വാസം അവസാനംവരെ ആദരവും പൂജ്യതയും അർഹിക്കുന്നു. അത് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു, നമ്മുടെ മനസിനെ ശുദ്ധീകരിച്ചു, ദൈവത്തോടുള്ള ആരാധനയും അയൽക്കാരോടുള്ള സ്നേഹവും നമ്മെ പഠിപ്പിച്ചു. ഇത് എല്ലാവർക്കും ഒരു അനുഗ്രഹമാണെന്നും പാപ്പ പറഞ്ഞു.
വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ട മാംസം ഭക്ഷിക്കുന്നതായി അഭിനയിച്ച് രക്തസാക്ഷ്യം ഒഴിവാക്കാൻ ഉപദേശിച്ചവരെ തള്ളിപ്പറഞ്ഞ, പഴയനിയമത്തിലെ എലെയാസർ ആയിരുന്നു പേപ്പൽ സന്ദേശത്തിന്റെ വിചിന്തന വിഷയം. എലെയാസറിന്റെ അചഞ്ചല വിശ്വാസം വാർദ്ധക്യത്തിന്റെ വിശ്വസ്തതയും വിശ്വാസത്തിന്റെ മഹത്വവും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ നേർസാക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. അതിനാൽ, എലെയാസറിനെപ്പോലെതന്നെ നാം വിശ്വാസം മുറുകെപ്പിടിക്കണമെന്നും കേവല സുഖത്തിനുവേണ്ടി വിശ്വാസം വിൽക്കരുതെന്നുമുള്ള ആഹ്വാനത്തോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.