ജിൽസ ജോയ്
മരിച്ചാലും മറക്കില്ലാട്ടോ… എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം….’പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ ഉണ്ടാകണമെങ്കിൽ എവുപ്രാസ്യമ്മയുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആയി മാറിയിട്ട് വേണ്ടേ?
9 വയസ്സുളളപ്പോൾ മാലാഖമാരുടെ രാജ്ഞി എന്നതിന്റെ അർത്ഥം ആലോചിച്ചുകൊണ്ടിരുന്ന കുഞ്ഞു റോസക്ക് മാതാവു തന്നെ പ്രത്യക്ഷപ്പെട്ട് നവവൃന്ദം മാലാഖമാരുടെ കൂടെ താൻ ദൈവത്തിനെ ആരാധിക്കുന്ന സമയക്രമം അടക്കം കാണിച്ചുകൊടുത്തു 3 ദിവസത്തോളം . നന്നായി ഹൃദയത്തിൽ പതിഞ്ഞ റോസ പിന്നിടൊരിക്കലും അത് മറന്നില്ല.
മാതാവു പറഞ്ഞ പ്രകാരം എതിർപ്പുകളെ ഒന്നും വകവെക്കാതെ കർത്താവിനെ മണവാളനായി സ്വീകരിച്ച് മഠത്തിൽ ചേർന്നു. മരണത്തോളം എത്തിച്ച അസുഖം തിരുക്കുടുംബത്തിന്റെ ദർശനത്തോടെ മാറിപ്പോയി. പ്രാർത്ഥനയും പ്രായശ്ചിത്തവുമായി ഒല്ലൂർ മഠത്തിൽ ജീവിച്ച 50 -ൽ പരം വർഷത്തിനിടയിൽ ഈശോയുടെയും മാതാവിന്റേയും എണ്ണമറ്റ ദർശനം, പിശാചിന്റെ ക്രൂരപീഡനങ്ങൾ, ശുദ്ധീകരണാത്മാക്കളുടെ സന്ദർശനങ്ങൾ, എവുപ്രാസ്യമ്മയിലൂടെ കർത്താവു പ്രവർത്തിച്ച അത്ഭുതപ്രവൃത്തികൾ..പറയാൻ ഒരുപാടുണ്ട്.
തന്റെ ജീവിതാദർശം എവുപ്രാസിയാമ്മ ഇങ്ങനെ കുറിച്ചിട്ടു, “നിത്യപിതാവേ, അങ്ങേ തിരുമനസ്സ് എല്ലാ ക്ഷണനേരത്തിലും സകലത്തിലും പരിപൂർണ്ണമായി നിറവേറ്റുന്നതിന് വേണ്ടി എന്നെ മുഴുവനും ഒരു സ്നേഹബലിയായി അങ്ങേക്ക് കാഴ്ചവെക്കുന്നു”.ആ നിശ്ചയത്തിൽ നിന്നും അണുവിട മാറാതെയുള്ള ജീവിതസപര്യ ആയിരുന്നു അമ്മയുടേത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അഭയം തേടിയത് ദിവ്യകാരുണ്യ ഈശോയിലാണ്. ” എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്” എന്ന് മറ്റുള്ളവരോട് പറയുമായിരുന്നു.
പള്ളിയിൽ ഏറ്റവും ആദ്യം എത്തുന്ന ആൾ, ഏറ്റവും അവസാനം അവിടെ നിന്ന് പോകുന്ന ആൾ. സദാ പ്രാർത്ഥനയിൽ ലയിച്ചിരുന്നു. ” സ്നേഹയോഗ്യനായ ഈശോയെ എന്റെ ഹൃദയം അങ്ങേക്കായി മാത്രം കത്തിപ്രകാശിക്കുന്ന ഒരു വിളക്കായിരിക്കട്ടെ”. മറ്റു സഹോദരികൾ അമ്മയെ വിശുദ്ധ സക്രാരിയുടെ കാവൽക്കാരി എന്ന് വിളിച്ചു.
ഭക്ഷണത്തോടുള്ള താല്പര്യത്തെ കർശനമായി നിയന്ത്രിച്ചു. മൽസ്യം, മാംസം, മുട്ട, പാൽ എന്നിവ ഉപേക്ഷിച്ചു. ആഴ്ചയിൽ രണ്ടോ മൂന്നോ ഉപവാസങ്ങൾ. കഴിക്കുന്ന ആഹാരം തന്നെ മക്കിപ്പൊടിയിട്ട് രുചി കുറച്ചിട്ട്. മധുരപലഹാരങ്ങളും പഴങ്ങളും മറ്റു സഹോദരികൾക്കു കൊടുത്തിരുന്നു. ഇതിനെപറ്റി ചോദിച്ചാൽ ഇങ്ങനെ പറയും,”നല്ല ഭക്ഷണം കഴിക്കാനും മധുരപലഹാരം തിന്നാനും എനിക്ക് വലിയ ആശയാണ്. അതിനെ അടക്കി ജയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്”.
ആകെ ഉണ്ടായിരുന്ന ആഡംബരങ്ങൾ കുറച്ചു പ്രാർത്ഥനാപുസ്തകങ്ങളും ഹൃദയത്തോടെപ്പോഴും ചേർത്ത് പിടിച്ചിരുന്ന ക്രൂശിതരൂപവും ആയിരുന്നു. ഉള്ളംകയ്യിൽ മുട്ടുകുത്തിയുള്ള പരിഹാരപ്രാർത്ഥനാരീതി ഞാൻ ആദ്യമായി അറിഞ്ഞത് എവുപ്രാസ്യമ്മയുടെ ജീവിതത്തിൽ നിന്നാണ്.
വിശുദ്ധരാരും അന്യരുടെ തെറ്റുകൾ ഏറ്റുപിടിച്ചു പരസ്യപ്പെടുത്താൻ തങ്ങളുടെ നാവിനെ വിട്ടുകൊടുത്തില്ല. അവർ അപരന്റെ തെറ്റുകൾക്ക് പരിഹാരം ചെയ്ത് പ്രാർത്ഥിച്ചവരാണ്.
എവുപ്രാസ്യമ്മ ഈകാര്യത്തിലും നമുക്ക് മാതൃകയാണ്. ഒരിക്കൽ ഒരു നവസന്യാസിനി ഏതുനേരവും മറ്റുള്ളവരുടെ കുറ്റം ചികഞ്ഞു പരാതിയും പരദൂഷണവും അനുസരണക്കേടുമായി നടന്നിരുന്നു. അവളുടെ കുറ്റങ്ങൾക്ക് മാപ്പുപറയാനും വിമുഖത കാണിച്ചു. അവൾക്കുവേണ്ടി പ്രാർത്ഥിച്ച അമ്മക്ക് പരഹൃദയജ്ഞാനത്താൽ ആ സന്യാസിനി പിശാചിന്റെ ബന്ധനത്തിൽ ആണെന്ന് മനസ്സിലായി.
എവുപ്രാസ്യമ്മ നവസന്ന്യാസിനിമാരെ വിളിച്ചു കൂട്ടി തെറ്റുകാരിയെ മിസ്ട്രെസ്സിന്റെ കസേരയിൽ ഇരുത്തി, അവളുടെ തെറ്റ് സ്വയം ഏറ്റെടുത്ത് അവളുടെ മുമ്പിൽ മുട്ടുകുത്തി, പാദങ്ങൾ ചുംബിച്ച് മാപ്പു ചോദിച്ചു. ആ സമയം തന്നെ പിശാച് അലറി ഓടുന്നത് എവുപ്രാസ്യമ്മ കണ്ടു.വലിയ മാനസാന്തരമുണ്ടായി. മറ്റുള്ളവരുടെ തെറ്റുകളെപ്രതി ദൈവസന്നിധിയിൽ എളിമപ്പെട്ടു പ്രാർത്ഥിക്കുന്നത് സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുന്നു. സാത്താൻ പരാജിതൻ ആയി പിന്മാറുന്നു.
വേറൊരിക്കൽ മരണാസന്നയായ ഒരു സിസ്റ്റർ മരിക്കാതെ കുറെ നേരം ഞെളിപിരി കൊണ്ടപ്പോൾ എവുപ്രാസ്യമ്മ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ദൈവം വെളിപ്പെടുത്തികൊടുത്തതനുസരിച്ചു ആ സിസ്റ്ററിനെ സമീപിച്ചു ചോദിച്ചു, “ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?” മരണാസന്നയായ സിസ്റ്റർ എല്ലാം തുറന്നു പറഞ്ഞു. ആ സിസ്റ്ററിനു വേണ്ടി എവുപ്രാസ്യമ്മ മാപ്പുചോദിച്ചുകൊണ്ട് കത്തെഴുതി കൊടുത്തയച്ചു. സന്തോഷത്തോടെ ആ സിസ്റ്റർ മരിച്ചു.
നിരുപാധികമായി ക്ഷമിക്കാനും ക്ഷമ ചോദിക്കാനും കഴിയണമെങ്കിൽ എളിമയിൽ നിറഞ്ഞ് ശൂന്യവൽക്കരണത്തിലേക്ക് ആത്മാവ് പ്രവേശിക്കണം. എവുപ്രാസ്യമ്മ മദർ സുപ്പീരിയർ ആയിരിക്കെ ഈശോയുടെ തിരുഹൃദയ രൂപം സ്ഥാപിക്കാൻ ചുവർ തുളച്ചു രൂപക്കൂട് വെച്ചു. മെത്രാനച്ചൻ മറ്റു സിസ്റ്റേഴ്സ് ന്റെ മുൻപിൽ വെച്ചു എവുപ്രാസ്യമ്മയെ ശകാരിച്ചു. എവുപ്രാസ്യമ്മ താഴ്മയോടെ നിലം ചുംബിച്ച് യാതൊരു ന്യായീകരണവും നടത്താതെ മാപ്പു ചോദിച്ചു.
അനേകം അത്ഭുതസംഭവങ്ങളാണ് അമ്മയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എവുപ്രാസ്യമ്മയെ ഈശോ വിശേഷവിധമായി സ്നേഹിക്കുകയും അതിന്റെ അടയാളമായി മുദ്രമോതിരം അണിയിക്കുകയുമുണ്ടായി. പന്ത്രണ്ടാമത്തെ വയസ്സിൽ കൂനമ്മാവ് മഠത്തിൽ വെച്ചു വിശുദ്ധ കുർബ്ബാന സ്വീകരിച്ചപ്പോൾ, വ്രതവാഗ്ദാനദിവസം, ഒടുവിലായി ഓശാനദിവസം ഭക്ഷണമൊരുക്കി സാധുവിനു നൽകിയ വേളയിൽ ഈശോ തന്നെ വന്ന് ഭക്ഷണം സ്വീകരിച്ചു മോതിരം നൽകി.. അങ്ങനെ മൂന്നു പ്രാവശ്യം അവളെ മോതിരമണിയിച്ച് സ്നേഹപൂരിതയാക്കി. മഠത്തിൽ വിശുദ്ധ കുർബ്ബാന ഇല്ലാതിരുന്ന ദിവസങ്ങളിൽ ഈശോ തന്നെ മുറിയിൽ വന്നു ബലിയർപ്പിച്ചു ദിവ്യകാരുണ്യം നൽകിയതായി എവുപ്രാസ്യമ്മ തന്നെ ആത്മീയ പിതാവായ മേനാച്ചേരി പിതാവിന് എഴുതിയിട്ടുണ്ട്. പരിശുദ്ധ കന്യാമറിയം അനവധി പ്രാവശ്യം പ്രത്യക്ഷപെട്ടു ആശ്വസിപ്പിച്ചിട്ടുണ്ട്.
1901 നവംബർ 2 -ലെ കത്തിൽ എവുപ്രാസ്യമ്മ താൻ രോഗിയായി കിടക്കവേ പരിശുദ്ധ അമ്മ രണ്ടു ദൂതന്മാരോടൊപ്പം വന്നു ശുശ്രൂഷിച്ചതായി എഴുതിയിരിക്കുന്നു,” അമ്മയുടെ നിർദ്ദേശമനുസരിച്ചു ഒരുമാലാഖ എനിക്ക് വീശിത്തന്നു. അമ്മ തന്റെ ദിവ്യകരങ്ങളാൽ വേദനയുള്ള ശരീരഭാഗങ്ങളിൽ തലോടിക്കൊണ്ടിരുന്നു. എങ്കിലും സഹനം മാറ്റിത്തന്നില്ല, മറിച്ചു് കർത്താവിന്റെ പീഡകളെ ഓർത്തു നല്ലവണ്ണം സഹിക്കണം, രക്ഷകനായ ഈശോയെ ആശ്വസിപ്പിക്കാൻ പറ്റിയ സമയം ഇതാണ് എന്ന് പറയുകയാണ് ഉണ്ടായത്.
അമ്മ തന്നെ എന്നെ എണീപ്പിച്ചിരുത്തി, മരുന്ന് കോരിത്തന്നു, വീണ്ടും കിടത്തി, സഹനത്തെ അഭിമുഖീകരിക്കാനുള്ള ശക്തി അതുവഴി ലഭിച്ചു. 11 മണിക്ക് ഞാൻ വീണ്ടും ഛർദിച്ചു. അപ്പോഴും പരിശുദ്ധ അമ്മ എന്നെ ആശ്വസിപ്പിച്ചു”. ഈ വിധം സ്വർഗ്ഗീയസാന്നിധ്യത്തിലായിരുന്നു എവുപ്രാസ്യമ്മ ജീവിച്ചിരുന്നത്.
പരിശുദ്ധ അമ്മയുടെ സംരക്ഷണം എവുപ്രാസ്യമ്മയോടു കൂടെ തന്നെ ഉണ്ടായിരുന്നു. പിശാചുക്കളുടെ ആക്രമണങ്ങളിൽ നട്ടം തിരിഞ്ഞ എവുപ്രാസ്യയെ പലപ്പോഴും അമ്മ വന്നു രക്ഷിച്ചിരുന്നു. മേനാച്ചേരി പിതാവിനോട് അനുസരണത്തെ പ്രതി എഴുതി അറിയിച്ചിരുന്ന ഈ സംഭവങ്ങളുടെ കൂടെ എവുപ്രാസ്യമ്മ പറഞ്ഞു, ” അമ്മയെന്നുള്ളത് നമുക്ക് എത്രയോ ഭാഗ്യം. ഈ അമ്മയില്ലെങ്കിൽ നമ്മൾ എന്തായിപ്പോയേനെ പിതാവേ”.
തന്റെ ഒരു മിസ്റ്റിക്കൽ അനുഭവം എവുപ്രാസ്യമ്മ ഇങ്ങനെ വിവരിക്കുന്നു, “1901 സെപ്റ്റംബർ 15. കുരിശിന്റെ പുകഴ്ചയുടെ പിറ്റേദിവസം എനിക്കൊരു ദർശനം ലഭിച്ചു. വളരെ വലിയൊരു കുരിശ്. അതിൽ കിടക്കുന്ന ഈശോയുടെ ശരീരം മുഴുവൻ മുറിവുകളാണ്. അതിൽ നിന്ന് തിരുരക്തം പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ചമ്മട്ടിയടിയേറ്റു ശരീരത്തിലെ മാംസം പൊളിഞ്ഞു പോയിരിക്കുന്നു. അവിടുന്ന് ആണികളിൽ തൂങ്ങി വളഞ്ഞുകൂടി കിടക്കുന്ന പ്രകാരമാണ് ഞാൻ കാണുന്നത് . തൃക്കണ്ണുകളിൽ നിന്ന് രക്തത്തുള്ളികൾ കണ്ണീരുമായി കൂടിക്കലർന്ന് ഒഴുകുന്നു. മാലാഖമാർ പറന്നിറങ്ങി വന്ന് ഒഴുകിവീഴുന്ന രക്തത്തുള്ളികൾ തിരുക്കാസകളിൽ ശേഖരിച്ചു നിത്യപിതാവിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നു.”
“ഈശോയുടെ വിലാപസ്വരം എന്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു. അവിടുത്തെ നൊമ്പരങ്ങൾ കുറക്കാൻ എനിക്ക് എങ്ങനെ സാധിക്കും എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ. അന്നുമുതൽ ഈശോയെ ആശ്വസിപ്പിക്കാൻ സഹനങ്ങൾ ഏറ്റെടുക്കാൻ എനിക്ക് ദാഹമായി.” എവുപ്രാസ്യമ്മ ആത്മീയ പിതാവിനെഴുതി, ” ദൈവത്തെ പ്രതി എനിക്ക് സഹിക്കണം, പാടുപീഡകളേൽക്കണം, അതിനായി ഏറെ ആഗ്രഹമുണ്ട്.,പിതാവ് എനിക്കായി പ്രാർത്ഥിച്ചു ആ അനുഗ്രഹം മേടിച്ചു തരണമെന്നപേക്ഷിക്കുന്നു” അവൾ പറയുന്നു,” പ്രധാനമായും ഈശോയെ ആശ്വസിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. നശിച്ചു പോകുന്ന ആത്മാക്കളെക്കുറിച്ചാണല്ലോ അവിടുന്ന് ദുഃഖിക്കുന്നത്. അതുകൊണ്ട് ആത്മാക്കളെ നേടാൻ ഞാൻ ശ്രമിച്ചു.”
കേവലം ഒരു പ്രാർത്ഥന കൊണ്ട് മാറാരോഗികളെ സുഖപ്പെടുത്താനും ശുദ്ധീകരണാത്മാക്കൾക്കു സ്വർഗ്ഗപ്രവേശനം സാധ്യമാക്കാനും പിശാചുബാധ ഒഴിപ്പിക്കാനുമൊക്കെയുള്ള വലിയ കൃപാവരം സിദ്ധിച്ച വിശുദ്ധയായിരുന്നു എവുപ്രാസ്യമ്മ. അവൾ തന്റെ പ്രാർത്ഥനയാൽ എണ്ണമറ്റ ആത്മാക്കളെ സ്വർഗ്ഗത്തിനായി നേടിക്കൊടുത്തു. ആത്മവു വിശുദ്ധിയിൽ ഉപരികൃപ പ്രാപിക്കുമ്പോൾ മാത്രം ലഭിക്കുന്ന കൃപയാണിത്. എവുപ്രാസ്യാമ്മക്ക് അദ്ഭുതകരമായ ബൈലൊക്കേഷൻ വരം ഉണ്ടായിരുന്നു. ഒരേസമയം പല സ്ഥലങ്ങളിൽ അവൾ കാണപ്പെട്ടു.
കോറിഡോറിൽ ജപമാല എത്തിച്ചു നടക്കുമ്പോഴും റൂമിൽവെച്ചും ധാരാളം ശുദ്ധീകരണാത്മാക്കൾ നിരന്തരം പ്രാർത്ഥിക്കുന്ന ഈ അമ്മയെ കാണാൻ എത്തിയിരുന്നു. എവുപ്രാസ്യമ്മ അവരെ ആശ്വസിപ്പിച്ച്, “പൊയ്ക്കോ, ഞാൻ പ്രാർത്ഥിക്കാം” എന്ന് പറഞ്ഞയക്കും. ഒന്നുകിൽ സക്രാരിയുടെ മുൻപിൽ, അല്ലെങ്കിൽ കോറിഡോറിലൂടെ ജപമാല കയ്യിലേന്തിക്കൊണ്ട്.. വേറെവിടെയും അമ്മയെ നോക്കി പോവേണ്ടതില്ലായിരുന്നു.
എവുപ്രാസ്യമ്മ നൊവിഷ്യേറ്റിൽ പരിശീലിപ്പിച്ച സിസ്റ്റേഴ്സ് പിന്നീട് അനുഗ്രഹം വാങ്ങാനെത്തിയപ്പോഴെല്ലാം അമ്മ നൽകിയിരുന്ന ഉപദേശം, “വേലക്കാരോട് കരുണ കാണിക്കണം” എന്നതായിരുന്നു. മറ്റു മനുഷ്യരെയും മുറിവേറ്റവരെയും അവരെപ്രതിയോ ലോകത്തെപ്രതിയോ സ്നേഹിക്കുന്നതും ശുശ്രൂഷിക്കുന്നതും അല്ല യഥാർത്ഥ കാരുണ്യം, അവരെ ഈശോയെപ്രതി ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണല്ലോ യഥാർത്ഥ കാരുണ്യം.
സ്നേഹത്തിന്റെ ലോകത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം വിശുദ്ധ എവുപ്രാസ്യമ്മ ഇങ്ങനെ പറഞ്ഞു തരുന്നു,”അകലെയുള്ള മഹാത്മാക്കളെ സ്നേഹിക്കാൻ നമുക്ക് എളുപ്പമാണ്, മാർപാപ്പയോടും മറ്റു നേതാക്കന്മാരോടുമൊക്കെ നമുക്കെന്തൊരു സ്നേഹമാണ് , വിശുദ്ധരോട് എന്ത് ഭക്തിയാണ്. എന്നാൽ കൂടെ ജീവിക്കുന്ന, കണ്ടുമുട്ടുന്ന കുറവുള്ള സഹോദരങ്ങളെ സ്നേഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?”
ചങ്കിനോട് ചേർത്തുനിർത്തിയിരിക്കുന്ന പേരുകളിൽ ഒന്നാണ് എവുപ്രാസ്യമ്മ. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. Ollur St.Mary’s C.G.H.S -ൽ ആയിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. കാലത്ത് സ്കൂളിലെത്തിയാൽ ചാപ്പലിൽ കേറി പ്രാർത്ഥിച്ച് എവുപ്രാസ്യമ്മയുടെ കബറിടത്തിനു മുന്നിൽ ചെറിയ മൗനപ്രാർത്ഥന നടത്തിക്കഴിഞ്ഞാണ് ക്ളാസ്സിൽ കേറിയിരുന്നത്. അന്നു എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടില്ല,ദൈവദാസി ആയിരുന്നു. അസംബ്ളിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സ്ഥിരമായ പ്രാർത്ഥന ഇപ്പോഴും കുറച്ച് ഓർമ്മയുണ്ട്. “സർവ്വശക്തനായ ദൈവമേ, അങ്ങയുടെ സ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കും ഉപകരിക്കുമെങ്കിൽ അങ്ങേ വിശ്വസ്ത ദാസിയായ എവുപ്രാസ്യമ്മയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെ” ന്നു ആരംഭിച്ചിരുന്ന ഒരു പ്രാർത്ഥന . 2014 നവംബർ 23-നു ഫ്രാൻസിസ് പാപ്പ എവുപ്രാസ്യമ്മയെ വിശുദ്ധ ആയി പ്രഖ്യാപിച്ചപ്പോൾ അളവറ്റ ആനന്ദാതിരേകവും ഒപ്പം കുറച്ച് വ്യർത്ഥാഭിമാനവും തോന്നി. ഈശോ എന്റെ എളിയപ്രാർത്ഥന കൂടെ കണക്കിലെടുത്തിരിക്കുമല്ലോ എന്നോർത്ത്.
എവുപ്രാസ്യമ്മയുടെ തിരുന്നാൾ ദിവസം ഏപ്രിൽ 29 -നു ആണെങ്കിലും ജോൺ ദി ബാപ്ടിസ്റ്റിന്റെ തിരുന്നാൾ അന്നുതന്നെ ആയതുകൊണ്ട് ഓഗസ്റ്റ് 30-ലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിഞ്ഞത്.
നിത്യതയെ പറ്റിയുള്ള നിതാന്തബോധം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതിനാൽ എവുപ്രാസ്യമ്മ ഓരോ കൊച്ചുപകാരത്തിനും പറഞ്ഞിരുന്നു “മരിച്ചാലും മറക്കില്ലാട്ടോ”.
എല്ലാവർക്കും വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകള് സ്നേഹപൂർവ്വം നേരുന്നു.