സംസ്ഥാനത്ത് ഇന്ന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്. കോട്ടയത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് കാട്ടുപോത്ത് ഇറങ്ങിയത്. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന് (65), പ്ലാവനക്കുഴിയില്‍ തോമാച്ചന് (60) എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.
തോമാച്ചന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ചാക്കോച്ചന് വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് ഓടിപ്പോയി.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലത്തും ഒരാള്‍ മരിച്ചു. കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുബൈയിയില്‍ നിന്നെത്തിയ വര്‍ഗീസിനെ പറമ്പില്‍ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ കാട്ടുപോത്തിനെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.
ഹരിയാനയിൽ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ വീട്ടിൽ പോയി പത്ത് ലക്ഷം രൂപ കൊടുത്ത മുഖ്യമന്ത്രിക്ക് ഇവിടെ വന്യജീവികളുടെ ശല്യം മൂലം ബുദ്ധിമുട്ടുന്ന കർഷകരുടെ വേദന കാണാൻ സാധിക്കുന്നില്ല. മരണപ്പെടുന്നവരുടെ ജീവന് തുല്യവില മുഖ്യമന്ത്രി കൽപ്പിക്കുന്നുണ്ടെങ്കിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം എത്രയും വേഗം നൽകേണ്ടതാണ്.
……………………………….
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനെടുക്കുന്നതു കേരളത്തിന് അപമാനകരം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നതും പരിക്കേൽപ്പിക്കുന്നതുമായ സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇന്നുതന്നെ മൂന്നു വ്യക്തികളാണു കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞത്. എരുമേലി കണമല പ്രദേശത്തു കർഷകനായ പ്ലാവനാക്കുഴിയിൽ തോമസിനെ റബർതോട്ടത്തിൽവച്ചും പുറത്തേൽ ചാക്കോച്ചനെ വീടിന്റെ വരാന്തയിൽവച്ചുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇതേസമയംതന്നെ, കൊല്ലം അഞ്ചലിൽ പ്രവാസിയായ സാമുവൽ വർഗീസിനെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി.
സമാനമായ സംഭവങ്ങൾ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് തികച്ചും അപമാനമാണ്. മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനുമുള്ള അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യർക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവാത്തതാണ്.
ഇത്തരം സാഹചര്യങ്ങളിൽ പതിവായി നടത്തുന്ന പ്രസ്താവനകൾക്കും തുച്ഛമായ സാമ്പത്തികസഹായപ്രഖ്യാപനങ്ങൾക്കുമപ്പുറം ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വർധനവ് നിയന്ത്രിക്കുന്നതിനും മറ്റു വികസിതരാജ്യങ്ങളിൽ എടുത്തിരിക്കുന്ന നിയമനടപടികൾ നമ്മുടെ രാജ്യത്തിനും മാതൃകയാകേണ്ടതാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുകയും മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.
കർദിനാൾ ജോർജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്.
ദീപിക മുഖപ്രസംഗം
മനുഷ്യനിർമിത ദുരന്തമാണിത്. ഇനിയും എത്രപേരുടെ ചുടുചോര വീഴണം ഈ കാട്ടുനീതിക്ക് അറുതിവരാൻ. കാട്ടുമൃഗങ്ങൾക്കു മാത്രം സംരക്ഷണമൊരുക്കുന്ന കാട്ടാളമനസ്കരോടാണ് ചോദ്യം.
മനുഷ്യജീവനെ ഇത്രമാത്രം നിസാരമായിക്കാണുന്ന ഭരണകൂടം വേറെവിടെയുണ്ടാകും.
കാട്ടുപോത്തിന്റെ വകതിരിവെങ്കിലുമുള്ള ഏതൊരാൾക്കും തിരിച്ചറിയാവുന്നതേയുള്ളു ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അനാസ്ഥ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കേരളത്തിലെ മനുഷ്യരുടെ എണ്ണവും അവരുടെ കുടുംബങ്ങളുടെ കണ്ണീരും പരിക്കേറ്റ മനുഷ്യരുടെ ദുരിതങ്ങളും തകർക്കപ്പെട്ട വീടുകളും നശിച്ച കൃഷിയിടങ്ങളുമൊക്കെ നിങ്ങൾ കണ്ണുതുറന്നു കാണണം.
ഇന്നലെ കാട്ടുപോത്തിന്റെ കുത്തേറ്റ് എരുമേലിയിലും കൊല്ലത്തുമായി മൂന്നു മനുഷ്യർകൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെത്തന്നെ മറ്റു പലയിടങ്ങളിലും കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും ആക്രമണങ്ങളുണ്ടായി. ഈ സർക്കാർ എന്തെടുക്കുകയാണ്?
പെറ്റുപെരുകി കാടും നാടും നിറയുന്ന വന്യമൃഗങ്ങളെ തൊട്ടുപോകരുതെന്നു പറഞ്ഞു മനുഷ്യരെ കൊല്ലാൻ വിട്ടുകൊടുക്കുന്ന ചട്ടങ്ങളാണ് തടസമെങ്കിൽ അതു തിരുത്താനാണ് നിങ്ങൾക്കീ അധികാരം തന്നിരിക്കുന്നത്. ഇപ്പോൾ കാട്ടിക്കൂട്ടുന്നത് മൃഗസ്നേഹമല്ല, പരിസ്ഥിതി വാദവുമല്ല, തികച്ചും ജനദ്രോഹമാണ്. കാരണക്കാരാകുന്നവർ ജനദ്രോഹികളാണ്. സുരക്ഷിതസ്ഥാനങ്ങളിലിരുന്നുള്ള പരിസ്ഥിതി പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ നേരമായി. സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഇരകളായ മനുഷ്യർക്കൊപ്പം നിൽക്കാൻ ജനങ്ങൾ കൈകോർക്കണം. വനാതിർത്തിയിലെ ഏതോ മനുഷ്യരുടെ നിലവിളിയായി ഈ മൂന്നു വീടുകളിലെ സംസ്കാരച്ചടങ്ങുകളെ നാം കാണരുത്. ഈ നാട്ടിലെ മനുഷ്യവിരുദ്ധ ചട്ടങ്ങളുടെ വിലയാണ് അവരുടെ മരണം.
ഇന്നലെ വേറെയും വന്യജീവി ആക്രമണങ്ങളുണ്ടായി. തൃശൂർ ചേലക്കരയിൽ രണ്ടുപേരെ കാട്ടുപന്നി ആക്രമിച്ചു. ചാലക്കുടിയിലിറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ തുരത്തിയതുകൊണ്ട് ആളപായമില്ല. പത്തനംതിട്ടയിൽ കടുവയിറങ്ങിയിട്ട് ദിവസങ്ങളായി. ഇതുവരെ പിടിക്കാനായിട്ടില്ല. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാനാവും?
മൂന്നുപേർ മരിച്ചതിൽ വേദനയുണ്ടെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. പച്ചക്കള്ളം! അങ്ങനെ വേദനയുണ്ടായിരുന്നെങ്കിൽ വർഷങ്ങളായി ആവർത്തിക്കുന്ന ഈ സംഹാരതാണ്ഡവം അവസാനിപ്പിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുമായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 735 പേരാണു സാർ. പൊതുപ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ വനം-വന്യജീവി വകുപ്പില്‍നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ.
മരണങ്ങളിൽ പാതിയും പാന്പുകടിയേറ്റാണ്. വിഷപ്പാന്പുകളെയൊന്നും തൊടാനാവില്ല. ആന, കാട്ടുപോത്ത്, കടുവ, പുലി, കാട്ടുപന്നി, വിഷപ്പാന്പുകൾ… ഇവയെ സംരക്ഷിക്കാൻ പരിസ്ഥിതിക്കാരും സർക്കാരും കോടതിയുമുണ്ട്. നിങ്ങളെയൊക്കെ പേടിച്ച്, ഇരകളായ മനുഷ്യർക്കുവേണ്ടി സംസാരിക്കാൻപോലും സഹജീവികൾക്കു ഭയമായിരിക്കുന്നു.
നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ആനകൾക്കു വിഐപി പരിഗണനയും
വീരപരിവേഷവുമൊക്കെ നൽകുന്പോൾ ഇരകളായ മനുഷ്യരുടെ ശവത്തിലാണ് കുത്തുന്നതെന്ന് ആരും മനസിലാക്കുന്നില്ല.
വനാതിർത്തികളിലെ കിടങ്ങുകളുടെയും വൈദ്യുതിവേലിയുടെയും ആനത്താരയുടെയും കണക്കുകളൊക്കെ കേട്ടു മടുത്തു. ഒന്നും ഫലപ്രദമാകുന്നില്ല. കാട്ടാനകളെ വന്ധ്യംകരിക്കുമെന്നും കടുവകളെ മറ്റിടങ്ങളിലേക്കു മാറ്റുമെന്നുമാണ് വനം മന്ത്രി പറയുന്നത്. ആയിക്കോട്ടെ. പക്ഷേ, അതുവരെ മനുഷ്യർ ചത്തൊടുങ്ങണോ? അതൊക്കെ നടപ്പാക്കുവോളം വന്യജീവിശല്യമുള്ള പ്രദേശത്തെ ജനങ്ങൾക്ക് സ്വയരക്ഷയ്ക്കായി തോക്ക് കൊടുക്ക്. വന്യജീവികൾ കാട്ടിൽ നിറഞ്ഞുകഴിഞ്ഞു. കൂടുതലുള്ളവയെ കൊന്നൊടുക്കുകയാണു പോംവഴി.
ലോകമെങ്ങും നടപ്പാക്കുന്ന കാര്യമാണിത്.
വന്യജീവി സംരക്ഷണ നിയമംതന്നെ ഭരണഘടനാവിരുദ്ധമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ കാലത്ത് അദ്ദേഹത്തെ തോളിലേറ്റി നടന്നവരൊന്നും വന്യജീവി ആക്രമണത്തിനെതിരേ പ്രതികരിച്ചപ്പോൾ ചെവി കൊടുക്കുന്നില്ല. പലതവണ അദ്ദേഹം പറഞ്ഞ വാക്കുകൾ കേൾക്കൂ: “”ഒരു കള്ളൻ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി ജീവനു ഭീഷണിയായാൽ പ്രതിരോധത്തിന്റെ ഭാഗമായി അയാളെ കൊന്നാലും നിയമം നമ്മെ ശിക്ഷിക്കില്ല. എന്നാൽ, കടുവയോ കാട്ടുപന്നിയോ നിങ്ങളുടെ കൃഷി നശിപ്പിച്ചാലും ജീവനു ഭീഷണിയായാലും ഒന്നും ചെയ്യാനാകില്ല.
എന്തൊരു നിയമമാണ് ഇതൊക്കെ?”
കേരളത്തിലെ 51 നിയമസഭാ മണ്ഡലങ്ങളിലായി 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വനാതിർത്തി പങ്കിടുന്നു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ മരണഭയത്തിലാണ് ജീവിക്കുന്നത്. ഇവിടങ്ങളിലെ എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കിയിരിക്കുന്ന കരിനിയമം തിരുത്തിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിക്കാൻ ഇവർക്കു കഴിഞ്ഞാൽ കേരളത്തിൽ ഇനി വന്യജീവികൾ മനുഷ്യജീവനെടുക്കില്ല.
അതേ, എസി മുറിയിൽ രുചികരമായ ഭക്ഷണം നിറച്ചുവച്ചിരിക്കുന്ന തീൻമേശയ്ക്കു ചുറ്റുമിരുന്ന് മൃഗസ്നേഹം വിളന്പുന്ന പരിസ്ഥിതിക്കാരും ജനപ്രതിനിധികളും ഉൾപ്പെടെ സകലരും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. കാലഹരണപ്പെട്ട വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ കോടതികളിൽനിന്നുപോലും മനുഷ്യർക്കു നീതി ലഭിക്കില്ല. കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റാൻ മുൻകൈയെടുക്കേണ്ടതു സർക്കാരാണ്. ഇവിടത്തെ ജനപ്രതിനിധികളായ എംഎൽഎമാരും എംപിമാരുമൊക്കെ എവിടെയാണ്? ഇനി പ്രസ്താവനയൊന്നും വേണ്ട, പ്രവൃത്തി മതി. എരുമേലിയിലെയും കൊല്ലത്തെയും മനുഷ്യരുടെ മരണത്തിൽ വേദനയുണ്ടെന്നു പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ അതു തെളിയിക്കാൻ ഇതാണവസരം.