ഫാ. വർഗീസ് വള്ളിക്കാട്ട്
കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക് നിർണ്ണായക വിഷയങ്ങളിൽ കൃത്യമായ നയങ്ങളും നിലപാടുമില്ല എന്ന് എന്റെ ഒരു സ്നേഹിതൻ കഴിഞ്ഞ ദിവസം ഞാൻ ഭാരത് ജോഡോ യാത്രയെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ച വാചകത്തെ സംബന്ധിച്ചു ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിൽ വാസ്തവമില്ലെന്നു പറയാൻ വയ്യ. കോണ്ഗ്രസ്സിന്റെ കേരളത്തിലെ രാഷ്ട്രീയ പ്രതിയോഗി സി. പി. എം ആണെങ്കിലും, നാളിതുവരെ, സി പി എമ്മിനെതിരെ നയപരമായ ഒരു രാഷ്ട്രീയ നിലപാട് വളർത്തിക്കൊണ്ടുവരാൻ അവർക്കു കഴിഞ്ഞിട്ടില്ല.
കോൺഗ്രസ്സ് എപ്പോഴും സി പി എം വരയ്ക്കുന്ന വരയിലൂടെ നടക്കുകയും അവർ കുഴിക്കുന്ന കുഴികളിൽ വീഴുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവർ അധികാരത്തിൽ വരുമ്പോൾ, അറിഞ്ഞോ അറിയാതെയോ തങ്ങൾ ഇടതുപക്ഷത്തേക്കാൾ വലിയ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളെക്കാൾ വലിയ സംരംഭക വിരോധികളുമാണ് എന്നു തെളിയിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഉദാഹരണം ഇന്നത്തെ കേരളം തന്നെയാണ്.
ഇന്നാട്ടിൽ വളർന്നു വന്ന എല്ലാ വ്യവസായ സംരംഭങ്ങളുടെയും വേരറുക്കുന്നതിൽ രണ്ടുകൂട്ടരും നേരിട്ടോ അല്ലാതെയോ തുല്യതോതിൽ കാർമികത്വം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ കലാപഭൂമികയാക്കിയതിനും വിദ്യാഭ്യാസത്തിന്റെ നിലവാരം തകർത്തുകളഞ്ഞതിനും, രണ്ടു വിഭാഗത്തിനും തുല്യ ഉത്തരവാദിത്വമുണ്ട്. സർവ്വ കലാശാലകൾ തങ്ങളുടെ ചിന്താഗതിയും നിലപാടുമുള്ളവർ ഭരിക്കണമെന്നും പ്രത്യയശാസ്ത്ര വിധേയത്വമുള്ള അധ്യാപകരെ നിയമിച്ചു വിദ്യാർത്ഥികളുടെ ചിന്താഗതിയെ സ്വാധീനിക്കണമെന്നും കമ്യൂണിസ്റ്റു പാർട്ടിക്കു നിർബന്ധമുള്ളതുപോലെ കോൺഗ്രസ്സിനില്ല എന്നതാണ് ആകെയുള്ള വ്യത്യാസം.
മസ്തിഷ്ക മരണം സംഭവിച്ചതായി സ്വയം അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിക്ക് അതിന്റെ ആവശ്യവുമില്ല. എന്നാൽ, കേരളത്തിലെ സേവനരംഗങ്ങളുടെ വളർച്ചയെ മുരടിപ്പിച്ചു നിർത്തുന്നതിലും കാർഷിക – മത്സ്യബന്ധന മേഖലകളിൽ അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും വളർത്തി കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക മേഖലയുടെ അടിത്തറ ഇളക്കിയതിലും, അവയോട് അനുബന്ധമായി വളർന്നു വന്ന എല്ലാ വ്യവസായ സംരംഭങ്ങളെയും യൂണിയൻ പ്രവർത്തനത്തിലൂടെയോ രാഷ്ട്രീയ ചരടുവലികളിലൂടെയോ തകർത്തു കളഞ്ഞതിലും രണ്ടു പാർട്ടികളും മുന്നണികളും ഒരുപോലെ ഉത്തരവാദികളാണ്.
പൊതു മേഖലയെ കൊള്ള ചെയ്യുക മാത്രമല്ല, കൊലചെയ്യുകയും കൂടിചെയ്യുന്നതിലാണ് ഇന്നും ഈ രണ്ടു മുന്നണികളും തമ്മിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, ഇവിടത്തെ ബ്യൂറോക്രസിയെയും പോലീസ് സംവിധാനത്തെയുംവരെ യൂണിയൻ പ്രവർത്തകരും പാർട്ടി താല്പര്യങ്ങൾക്കു പാദസേവ ചെയ്യുന്നവരുമാക്കി അധഃപതിപ്പിക്കുന്നതിലേക്കുംവരെ കേരളം എത്തിനിൽക്കുന്നു. ഫലമോ, ഇന്ത്യയിൽ പലകാര്യങ്ങൾക്കും മാതൃകയായി പരിഗണിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും ആരാജകസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ബി. ജെ. പിയുടെ വിമർശനത്തിന് സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിനു ബദൽ ആൾക്കൂട്ടമല്ല
മേൽപ്പറഞ്ഞ എല്ലാ തകർച്ചയുടെയും മൂല കാരണം, കേരളം വരിച്ച കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ ആന്തരികമായ ദൗർബല്യങ്ങളും അതുണ്ടാക്കിയ മനുഷ്യ വിരുദ്ധ, വികസന വിരുദ്ധ, വിഭാഗീയ രാഷ്ട്രീയവും അതിന്റെ പ്രയോഗികമായ പരിണതികളുമാണെങ്കിലും, അതിനെ രാഷ്ട്രീയമായും നയപരമായും പ്രയോഗികമായും നേരിടാനും ജനങ്ങളെ ബോധവൽക്കരിക്കാനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. ഓരോ കോൺഗ്രസുകാരനെയും ഭരിക്കുന്നതും ചിന്തിപ്പിക്കുന്നതും കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം തന്നെയാണ്. കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെ യുക്തിപൂർവം വിമർശിക്കുന്ന ഒരു പാരമ്പര്യം കോൺഗ്രസ്സിൽ വളർന്നില്ല, അല്ലെങ്കിൽ വളർത്തിക്കൊണ്ടുവരാൻ ആരും മെനക്കെട്ടില്ല. ചിന്തയുടെയും വായനയുടെയും ലോകത്തെ അവർ പരിത്യജിച്ചു.
പി. എഫ്. ഐ നിരോധന വിഷയത്തിൽ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ്സ്
ഇപ്പോൾ, ഇതേ പ്രശ്നമാണ് ബി ജെ പി യുടെ രാഷ്ട്രീയത്തെ എതിർക്കുന്ന കാര്യത്തിലും കോൺഗ്രസ്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബി ജെ പി യെ എതിർക്കുന്നതിനുള്ള പിടിവള്ളിയായി, അവർ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഖാലീഫെറ്റ് സിദ്ധാന്തത്തിന്റെ തടവറയിൽ പിടിവള്ളി തേടുകയാണ്. മുസ്ലീം ന്യൂനപക്ഷത്തെ സംരക്ഷിക്കാനും കൂടെനിർത്താനും കഴിഞ്ഞ പഴയ ഖിലാഫാത്തു പാരമ്പര്യത്തിനു പകരം, അവർ ആ സമുദായത്തിൽ ഒരു മൈക്രോ മൈനോരിറ്റി വളർത്തിക്കൊണ്ടുവന്ന തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങൾക്കു കുടപിടിക്കുന്ന അവസ്ഥയിലേക്ക് എത്തിനിൽക്കുന്നു.
രാജ്യവിരുദ്ധ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ തുറന്നു കാട്ടേണ്ടിടത്ത് അവർ ഒരു നൂറ്റാണ്ടു പറഞ്ഞുവന്ന ആർ എസ് എസ്സിന്റെ വർഗീയ രാഷ്ട്രീയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടിനെയും രണ്ടായി കാണാൻ അവർക്കു കഴിയുന്നില്ല. സ്വാതന്ത്ര്യസമരകാലത്തും രാജ്യത്തെ വിഭജനത്തിലേക്കും കലാപത്തിലേക്കും നയിച്ച മൗദൂദിയൻ ചിന്തയെ തിരിച്ചറിയാനും പ്രതിരോധിക്കാനും കോൺഗ്രസ്സിനു കഴിയാതെപോയി എന്നത് കേവലം വസ്തുത മാത്രമാണ്.
ആർ എസ് എസ്സിനെ നേരിടാൻ കോൺഗ്രസ്സിനു കഴിയാത്തതെന്ത്?
ആർ എസ് എസ്സിന്റെ മതവർഗീയതയുടെ രാഷ്ട്രീയത്തെ എതിർക്കേണ്ടത് ശക്തമായ മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നുകൊണ്ടാണ്. കേരളത്തിലെ സി. പി. എമ്മിന് ഇക്കാര്യത്തിൽ ആശയപരമായ വ്യക്തതയുണ്ട്. ആ ഒരൊറ്റ കാര്യത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ യു ഡി എഫിന്റെ കുറേ പറമ്പരാഗത വോട്ടുകൾകൂടി നേടിയെടുത്തതും. എങ്കിലും അവർ, ഒരു കാര്യം പറയുകയും അവസരത്തിനൊത്ത അടവുനയങ്ങൾ സ്വീകരിക്കുകയും ചെയ്യാൻ മടിക്കാത്തവരാണെന്നു ജനങ്ങൾക്കറിയാം. അതേസമയം, കോൺഗ്രസ്സ് നേതാക്കൾ ആകെമൊത്തം ആശയകുഴപ്പം സൃഷ്ടിക്കുന്നു.
പി എഫ് ഐ യെ നിരോധിച്ചത് തെറ്റാകാതിരിക്കണമെങ്കിൽ, ആർ എസ്സ് എസ്സിനെയും നിരോധിക്കണം എന്നാണ് അവരുടെ നിലപാട്. മാത്രവുമല്ല, നിരോധനംകൊണ്ട് പ്രയോജനമില്ലെന്നും പറയുന്നു. കോൺഗ്രസ്സിന് അങ്ങനെ പറയാൻ കഴിയുന്നതെങ്ങനെ? ഇങ്ങനെ പല പ്രാവശ്യം നിരോധിച്ചും നിയന്ത്രിച്ചുമാണ് ആർ എസ് എസ്സിനെയും കമ്യൂണിസ്റ്റുപാർട്ടിയെയുംപോലുള്ള പ്രസ്ഥാനങ്ങളെ ഇന്ത്യൻ ജനാധിപത്യത്തിന് വിധേയമാകുന്ന വിധത്തിൽ തങ്ങൾ മാറ്റിയെടുത്തത് എന്ന്, അതിനു നേതൃത്വം കൊടുത്ത കോണ്ഗ്രസ് പാർട്ടിയെങ്കിലും പറയേണ്ടതല്ലേ?
ഇവിടെയും അന്ധമായി കമ്യൂണിസ്റ്റു പാർട്ടിയെ അനുകരിക്കുകയാണ്, കോൺഗ്രസ്സ്. കമ്യൂണിസ്റ്റു പാർട്ടിക്ക് നിരോധനം പണ്ടേ കലിപ്പാണ് താനും! അങ്ങനെ രണ്ടു മുന്നണികളുംകൂടി, കേരളത്തിൽ തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തിന് ഇനിയും സുരക്ഷിത ഭാവിയുണ്ട് എന്ന ധാരണ ജനങ്ങളിൽ സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്നു! മാത്രമല്ല, അതുവഴി ബി ജെ പി ഉയർത്തുന്ന കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം കൂടുതൽ സ്വീകാര്യമാവുകയും ചെയ്യുന്നു!
മുസ്ലീം ലീഗിന്റെ സമീപനമാണ് ശരി
ഇതിനിടെ, പ്രതീക്ഷ നൽകുന്ന ഒരു പ്രതികരണമുണ്ടായി. നിരോധനം മാത്രമല്ല വേണ്ടത് എന്ന ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നിലപാടിനോടാണ് എനിക്കു യോജിപ്പുള്ളത്. രാഷ്ട്രീയമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവരികയും ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും വേണം എന്ന മുസ്ലീം ലീഗിന്റെ പൊതു നിലപാടാണ് ഏറ്റവും സ്വീകാര്യമായിട്ടുള്ളത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ നിയോ സലഫി-വഹാബി ഐഡിയോളജി ലോകം മുഴുവൻ, വീശിഷ്യാ ഇസ്ലാമിക ലോകത്ത് ഉണ്ടാക്കിയിട്ടുള്ള തകർച്ചയുടെയും സാമൂഹിക അരക്ഷിതത്വത്തിന്റെയും ചരിത്രം വിശകലനം ചെയ്തുകൊണ്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ മുസ്ലീം ലീഗുതന്നെ മുന്നിട്ടിറങ്ങണം.
ഇസ്ലാമിക രാജ്യവും ഖാലിഫേറ്റും എന്ന ലക്ഷ്യം ആത്യന്തികമായി, നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ ഇടയിൽ അസമാധാനവും യുദ്ധങ്ങളും തകർച്ചയുമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന വസ്തുത, ലബനനും, സിറിയയും, ഇറാക്കും, അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്ന് സമുദായത്തെ പഠിപ്പിക്കണം. ഇന്ത്യയുടെ ബഹുസ്വരതക്കും ജനാധിപത്യത്തിനും പരമാധികാരത്തിനും നേരേ വെല്ലുവിളി ഉയർത്തുന്ന ഒരു പ്രസ്ഥാനത്തേയും ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടത്തിനു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ മുസ്ലീം സമുദായത്തിനു കഴിയണം.
മുസ്ലീം ലീഗിനെപോലെ നിലപാടെടുക്കുന്ന പ്രസ്ഥാനങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നുനിന്ന് അവരെ ശക്തിപ്പെടുത്തി, രാജ്യവിരുദ്ധനിലപാടുകളുള്ള ശക്തികളെ മുഖ്യധാരയിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അങ്ങിനെയാണ് പ്രബുദ്ധ കേരളം അതിന്റെ പ്രബുദ്ധത വെളിപ്പെടുത്തേണ്ടത്.
പിൻ കുറിപ്പ്: കോൺഗ്രസ്സ് പാർട്ടിയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിശ്രമത്തിൽ രാഹുൽ വിജയം വരിക്കണമെങ്കിൽ, ഗാന്ധിജി എന്ന അതിന്റെ ആത്മാവിനെയും നെഹ്റുവെന്ന അതിന്റെ മസ്തിഷ്കത്തെയും വീണ്ടെടുക്കണം. പാട്ടേലിന്റെ കരങ്ങൾകൂടിയുണ്ടായാൽ കോൺഗ്രസ്സ് ഉയിർത്തെഴുന്നേൽക്കും. തീർച്ച!