Dr. സുജൻ അമൃതം
എന്തുകൊണ്ടാണ് ഇരകൾക്ക് 475 കോടിയുടെ പുനരധിവാസ പദ്ധതി തരാം എന്ന സർക്കാരിൻ്റെ ഉറപ്പിന്മേൽ 2015ൽ സമരത്തിൽനിന്നും തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ പിൻവാങ്ങിയിട്ട്, ഇന്ന് ഏഴു വർഷങ്ങൾക്കുശേഷം, 20ശതമാനം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനുശേഷം, സമരത്തിന് വരുന്നത്?
അന്ന്, 2015-ൽ സർക്കാർ സമരക്കാരോടു പറഞ്ഞത്, വിഴിഞ്ഞംപോർട്ട് ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നും, എന്നെങ്കിലും അത്തരം ഒരു സാഹചര്യമുണ്ടാവുകയാണെങ്കിൽ, 475 കോടി പുനരധിവാസത്തിനായി തരാമെന്നുമാണ്. അന്ന്, വിഴിഞ്ഞംപദ്ധതിമൂലം തീരശോഷണം ഉണ്ടാകും എന്ന് പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ച Asian consultants മുന്നോട്ടുവച്ച പഠനം രൂപതാധികൃതർ ചൂണ്ടിക്കാണിച്ചെങ്കിലും സർക്കാർ സമ്മതിച്ചില്ല.
ഇപ്പോൾ, 7 വർഷത്തിനു ശേഷം 20% പോർട്ട് പണി തുടങ്ങിയതിനുശേഷം, വലിയ തീരശോഷണം ഈ പ്രദേശത്തു സംഭവിച്ചിരിക്കുന്നു. അതായത്, ശംഖുമുഖം കടപ്പുറം ഉൾപ്പെടെയുള്ള തീരത്തെ 640 ഏക്കർ സ്ഥലം കടലെടുത്തിരിക്കുന്നു; കടലിന്റെ ആവാസവ്യവസ്ഥ തകർന്നിരിക്കുന്നു; അനേകം വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു. നേരത്തെ സർക്കാർ വച്ച Asian Consultantsന്റെ പഠനത്തിൽ പറഞ്ഞിരുന്നതുപോലെതന്നെ ഇപ്പോൾ സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 2019-ൽത്തന്നെ ഫിഷറീസ് വകുപ്പുമന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇത് ബോധ്യപ്പെട്ടിരുന്നു. ഇത് ഇപ്പോൾ പൊതുസമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു.
ഇക്കാര്യം അധികാരികളെ ബോധ്യപ്പെടുത്താൻ രൂപത വർഷങ്ങളായി പല രീതികളിൽ ശ്രമിച്ചു. നിവേദനങ്ങൾ നല്കി, കത്തുകളയച്ചു, സെക്രട്ടറിയേറ്റിനുമുന്നിൽ സമരംചെയ്തു. ഇപ്പോൾ പദ്ധതിപ്രദേശത്ത് രാപകൽസമരം ചെയ്യുന്നു.
മുഖ്യമന്ത്രിക്കു ഗണിച്ചറിയാൻ കഴിവുണ്ടോ?
ഇന്ന് (22.08.2022) മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത് ഇങ്ങനെയാണ്: വിഴിഞ്ഞംപോർട്ട് കാരണമല്ല തീരശോഷണം സംഭവിച്ചത്. ഭീമമായ തീരശോഷണം സംഭവിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യത്തെ നിഷേധിക്കാൻ ദൗർഭാഗ്യവശാൽ അദ്ദേഹത്തിനു കഴിയുന്നില്ല! പക്ഷേ, ഒരു കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പുണ്ട് – അത് വിഴിഞ്ഞം പദ്ധതി മൂലമേയല്ല, അമ്മയാണേ സത്യം! ഗണിച്ചുപറയുന്നതിൽ ശ്രീ. പിണറായി വിജയന് വൈദഗ്ദ്ധ്യമുണ്ടായിട്ടല്ല അദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. രണ്ട് കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്:
ഒന്ന്, വിഴിഞ്ഞംപോർട്ട് കാരണമാണ് തീരശോഷണം എന്ന് അദ്ദേഹം അംഗീകരിച്ചാൽ, നേരത്തെ സർക്കാർ GO ഇറക്കിയത് അനുസരിച്ചുള്ള 475 കോടി പാക്കേജ് മത്സ്യതൊഴിലാളികൾക്ക് കൊടുക്കേണ്ടി വരും.
രണ്ടാമത്തെ കാരണം, വിഴിഞ്ഞംപോർട്ട് മൂലമാണ് തീരശോഷണം എന്ന് അംഗീകരിച്ചാൽ, National Green Tribunal പോർട്ടിനു കൊടുത്ത അനുവാദം പിൻവലിക്കാനിടയാകും. എന്തെന്നാൽ, പോർട്ടിന് അനുവാദം കൊടുത്തപ്പോൾ, തീരശോഷണം റിപ്പോർട്ട് ചെയ്യണമെന്നും, വിഴിഞ്ഞംപോർട്ട് കാരണമാണ് അതു സംഭവിക്കുന്നതെന്നു ബോധ്യപ്പെട്ടാൽ പുനർവിചിന്തനം വേണ്ടിവരുമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ നടക്കുന്ന പച്ചക്കള്ളത്തിൻ്റെയും വഞ്ചനയുടെയും രാഷ്ട്രീയക്കളികൾ ഈ രണ്ടു വിഷയങ്ങളെയും ഒഴിവാക്കാൻ വേണ്ടിയാണ്.
അതുകൊണ്ട്, ഇപ്പോൾ സമരസമിതി സമരം ചെയ്യുന്നത് എന്തിനെന്നു ചോദിച്ചാൽ, ഉത്തരം ഇതാണ്: തീരശോഷണം പോർട്ട്നിർമാണം മൂലമാണോ എന്ന് പുന:പരിശോധിക്കാൻ, നിർമാണം നിർത്തിവച്ച് വിശ്വാസയോഗ്യമായ പഠനംനടത്തുക. ഇതേയുള്ളൂ ഏക പോംവഴി.
ഇനി പറയൂ: തീരദേശവാസികൾ നടത്തുന്ന ഈ സമരം ആവശ്യമാണോ ആഭാസമാണോ?