സീറോ മലബാർ സഭയിൽ മംഗലവാർത്തക്കാലം ഒന്നാം ഞായർ മുതൽ ( 2021 നവംബർ 28 മുതൽ) ഏകീകൃത ബലിയർപ്പണ രീതി ആരംഭിക്കുകയാണല്ലോ. ഈ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ആ ദിനം. ഒരു വിശ്വാസി എന്തിനാണ് ഏകീകൃത ബലിയർപ്പണ രീതിയെ പിന്തുണയ്ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഏതാനും ചിന്തകളാണ് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.
1.”മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ”
സഭാപിതാവായ അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ വളരെ പ്രസിദ്ധമായ ഉദ്ധരണിയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. തെറ്റിനും അബദ്ധോപദേശത്തിനും അതീതരായിരിക്കണമെങ്കിൽ മെത്രാനുമായി ഐക്യപ്പെട്ടിരിക്കണമെന്ന് അദ്ദേഹം സഭാസമൂഹങ്ങളെ നിരന്തരം ഉദ്ബോധിപ്പിക്കുന്നുണ്ട് . വിശ്വാസത്തിലും സ്നേഹത്തിലും നിർമ്മിക്കപ്പെട്ടിരിക്കുന്ന സഭാഗാത്രത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് മെത്രാനാണ്. മെത്രാനോ അദ്ദേഹം നിയോഗിക്കുന്ന വരാലോ അർപ്പിക്കപ്പെടുന്ന കുർബാന മാത്രമേ സാധുവായി പരിഗണിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ആരാധനയുടെ പ്രധാനാചാര്യനും ദൈവിക രഹസ്യങ്ങളുടെ കാര്യവിചാരകനും മെത്രാനാണ്.
ദൈവിക രഹസ്യം പകർന്നു കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത് മെത്രാന്മാർ ആണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭയിലെ ദൈവാരാധനാപരമായ ജീവിതം മുഴുവന്റെയും ഭരണകർത്താക്കളും പരിപോഷകരും സംരക്ഷകരും അവരാണ് (മെത്രാന്മാർ, No.15). ഇപ്രകാരം കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് വിശ്വാസികളെ നയിക്കേണ്ടത് മെത്രാൻമാരാണ്. ഒരു വ്യക്തി സഭയായ സീറോ മലബാർ സഭയിലെ മെത്രാന്മാർ എല്ലാവരും എടുത്ത തീരുമാനമാണ് ഏകീകൃത ബലിയർപ്പണ രീതി. 1999ലെ സീറോമലബാർ സിനഡിൽ വെച്ച് അന്നത്തെ പിതാക്കന്മാർ ഏകകണ്ഠമായി എടുത്ത ഈ തീരുമാനം 2021ൽ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും വ്യക്തമായ നിർദ്ദേശങ്ങളും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഈ തീരുമാനത്തോട് ചേർന്നു നിൽക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ദൗത്യം.
- സീറോ മലബാർ സഭയിൽ എല്ലായിടത്തും ഒരേപോലെ ബലിയർപ്പണ രീതി
സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽ ഇന്ന് പല രീതിയിലുള്ള ബലിയർപ്പണ ങ്ങളാണ് നിലനിൽക്കുന്നത്എന്ന യാഥാർത്ഥ്യം ഏറെ അസ്വസ്ഥജനകമാണ്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി, വിദേശ മിഷനറിമാരുടെ കീഴിൽ മുന്നൂറു വർഷക്കാലം കഴിഞ്ഞതിനുശേഷം 1887ൽ വികാരിയത്തുകളെയും 1896ൽ നാട്ടു മെത്രാന്മാരെയും ലഭിച്ചെങ്കിലും നിയതമായ ഒരു നേതൃത്വം സീറോ മലബാർ സഭയ്ക്ക് വളരെക്കാലത്തോളം ഇല്ലാതെ പോയി എന്നത് ഒരു യാഥാർഥ്യമാണ്. 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിക്കപ്പെട്ടെങ്കിലും ഇത് 1917ലെ ലത്തീൻ കാനൻ നിയമസംഹിത അനുസരിച്ചുള്ള ഒരു മെത്രാപ്പൊലീത്തൻ പ്രവിശ്യ മാത്രമായിരുന്നു.അതായത്, സീറോ മലബാർ ഹയരാർക്കി എന്നത് പരിശുദ്ധ സിംഹാസനത്തെ നേരിട്ട് ആശ്രയിക്കുന്ന ഒരു സഭാപ്രവിശ്യ പോലെയായിരുന്നു.
ലത്തീൻ സഭയിലെപ്പോലെ സീറോ മലബാർ സഭയിലും മാർപാപ്പ നേരിട്ടാണ് അക്കാലത്ത് മെത്രാപ്പൊലീത്തമാരെയും മെത്രാന്മാരെയും നിയമിച്ചിരുന്നത്. പിന്നീട് 1992ലാണ് സിനഡൽ സംവിധാനത്തോടു കൂടിയുള്ള ഒരു ഭരണക്രമം സീറോ മലബാർ സഭയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം (1965 ന് ശേഷം) ലത്തീൻ സഭയിൽ ഉണ്ടായ പരീക്ഷണ രീതികൾ വളരെപ്പെട്ടെന്ന് സീറോ മലബാർ സഭയിലെ ചില രൂപതകളിലും സ്വീകരിക്കപ്പെടാൻ ഇടയായി. അതിന് ഒരു ഉദാഹരണമാണ് ജനാഭിമുഖ ബലിയർപ്പണം. രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും ഈ രീതി നിർദ്ദേശിച്ചിട്ടില്ലെങ്കിലും കൗൺസിലിനെത്തുടർന്നുണ്ടായ സ്വതന്ത്ര ചിന്തയുടെ ഭാഗമായി “വിശുദ്ധ കുർബാന ഒരു വിരുന്നാണ്” എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ചില സ്ഥലങ്ങളിൽ ചിലർ പ്രചരിപ്പിച്ച രീതിയാണ് ജനാഭിമുഖ ബലിയർപ്പണം.
ഈ രീതി ഒരിക്കലും കത്തോലിക്കാ സഭയുടെ ഔദ്യോഗിക കൗൺസിലുകൾ നിർദ്ദേശിച്ചിട്ടില്ല. ലത്തീൻ സഭയിൽ ആരംഭിച്ച ഈ രീതിയുടെ അനുകരണം എന്ന നിലയിലാണ് കേരളത്തിലെ ചില രൂപതകൾ ഈ രീതി സ്വീകരിച്ചത്. ഇതുകൂടാതെ 1970 കളിൽ ഭാരതീയ പൂജ, മിനി മാസ്സ്,ഷോർട്ട് മാസ് തുടങ്ങിയ നിരവധി പരീക്ഷണങ്ങൾ ആരാധനക്രമവുമായി ബന്ധപ്പെട്ട് അധികാരികളുടെ അറിവോ സമ്മതമോ കൂടാതെ നടന്നിരുന്നു. ഇതിൽ ‘ഭാരതീയ പൂജ’ എന്ന രീതിയെ പിന്നീട് റോം നിരോധിച്ചു.
1599 ലെ ഉദയംപേരൂർ സൂനഹദോസിനെത്തുടർന്നുണ്ടായ പരിഷ്ക്കാരങ്ങൾ മൂലം സീറോ മലബാർ സഭയുടെ തനതു വ്യക്തിത്വത്തിന് , പ്രത്യേകിച്ച് ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്, വളരെയധികം കോട്ടം സംഭവിച്ചു. ഒരു വ്യക്തി സഭയെ അതാക്കിത്തീർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ആരാധനക്രമം ആണെങ്കിലും ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പലപ്പോഴും റോമിന്റെ ഇടപെടൽ ഈ സഭയിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പ്രധാന കാരണം മുന്നൂറു വർഷക്കാലം വിദേശ മിഷണറിമാരുടെ കീഴിൽ പരിചയിച്ച ലത്തീൻ രീതികൾ ഉപേക്ഷിക്കാനുള്ള ചിലരുടെ വൈമനസ്യമാണ്.
1934ലെ പൊന്തിഫിക്കൽ പരിഷ്ക്കരണം ഇതിന് ഒരു ഉദാഹരണമാണ്. പട്ടം കൊടുക്കൽ ശുശ്രൂഷയ്ക്ക് സുറിയാനി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ലത്തീൻ പൊന്തിഫിക്കൽ (പട്ടം കൊടുക്കൽ ക്രമം) ഉപയോഗിക്കാമെന്ന് ഇവിടുത്തെ നാട്ടു മെത്രാന്മാർ തീരുമാനം എടുത്തപ്പോൾ അതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയ പരിശുദ്ധ സിംഹാസനം ആ തീരുമാനത്തെ തിരുത്തുകയാണ് ചെയ്തത്. സീറോ മലബാർ സഭ ഉപയോഗിക്കേണ്ടത് ലത്തീൻ പൊന്തിഫിക്കൽ അല്ലെന്നും പൗരസ്ത്യ സുറിയാനി പൊന്തിഫിക്കൽ ആണെന്നും അന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് പതിനൊന്നാം പീയൂസ് മാർപാപ്പയാണ്. പിന്നീട് 1962, 1968, 1986 എന്നീ കാലഘട്ടങ്ങളിലെ വിശുദ്ധ കുർബാനക്രമത്തി ന്റെ പരിഷ്ക്കരണങ്ങൾക്കും പുനരുദ്ധാരണത്തിനും റോമിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
സീറോ മലബാർ സഭയുടെ സിനഡ് ഇപ്പോൾ എടുത്ത തീരുമാനമനുസരിച്ച് ലോകമെങ്ങുമുള്ള സീറോമലബാർ ദൈവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും ഇനിമുതൽ ഒരേപോലെയാണ് ബലി അർപ്പിക്കേണ്ടത്. പലവിധത്തിൽ ബലിയർപ്പിച്ചു പോരുന്ന ശൈലിക്ക് മാറ്റമുണ്ടാകാനും ബലിപീഠത്തിലെ ഐക്യം എന്ന അനേകം വിശ്വാസികളുടെ ആഗ്രഹം പൂവണിയാനും ഏകീകൃത ബലിയർപ്പണരീതി കാരണമാകും.
- ഏകീകൃത ബലിയർപ്പണ രീതി എല്ലാ തലങ്ങളിലെയും വിഭാഗീയതയ്ക്ക് അന്ത്യം കുറിക്കും
സീറോമലബാർ സഭയിൽ കാലങ്ങളായി വിഭാഗീയതയും വിഭജനങ്ങളും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ വിഭാഗീയത പ്രധാനമായും സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനൈക്യം ഇന്ന് സഭയിൽ ദൃശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് “ബലിപീഠത്തിലെ ഐക്യം” എന്ന മുദ്രാവാക്യം ഈ കാലഘട്ടത്തിൽ പലരും ഉയർത്തിപ്പിടിക്കുന്നത്. അതേസമയം “ഞങ്ങളുടെ രൂപതയിൽ ഐക്യത്തിന് കുറവൊന്നുമില്ല”എന്ന് അവകാശപ്പെടുന്നവരുണ്ട്. ഇത്തരക്കാർ “സഭ ഒരു കൂട്ടായ്മയാണ്”എന്ന കാഴ്ചപ്പാടിനെ ഉൾക്കൊള്ളാത്തവരാണ്. അതായത്, സാർവത്രികസഭ എന്നത് വ്യക്തിസഭകളുടെ കൂട്ടായ്മയാണെന്നും വ്യക്തിസഭകളിലൂടെയാണ് സാർവത്രികസഭ നിലനിൽക്കുന്നതെന്നുമുള്ള സഭാപ്രബോധനത്തെ ഉൾക്കൊള്ളാൻ ഇത്തരക്കാർക്ക് സാധിക്കുന്നില്ല.അവരെ സംബന്ധിച്ച് തങ്ങളുടെ ‘രൂപത’ മാത്രമാണ് അവസാന വാക്ക്.
1934 മുതൽ സീറോ മലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണ പരിശ്രമങ്ങൾ പരിശുദ്ധ സിംഹാസനം മുൻകൈയെടുത്ത് ആരംഭിച്ചെങ്കിലും ഇന്നും പലർക്കും ആരാധനക്രമ പുനരുദ്ധാരണം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അത്തരക്കാർ സീറോ മലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണ പരിശ്രമങ്ങളെ ‘കൽദായ അധിനിവേശ’മായും ‘കൽദായവൽക്കരണ’മായുമാണ് കാണുന്നത്.
ഒരു വ്യക്തി സഭയായ സീറോ മലബാർ സഭ ഇന്ന് കേരളത്തിലെ ചില പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ ബലിയർപ്പണരീതിയിൽ വിഘടിച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ബലിയർപ്പണ രീതിയിൽ മാത്രമല്ല, പ്രവേശകകൂദാശകളുടെ പരികർമ്മത്തിൽപ്പോലും ചില രൂപതകൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ച് ഇത് ഏറെ വേദനാജനകവും പരിതാപകരവുമായ അവസ്ഥയാണ്.ഇത്തരം വിഭാഗീയതകൾക്ക് അന്ത്യം കുറിക്കാൻ ഏകീകൃത ബലിയർപ്പണ രീതി കാരണമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
- ഏകീകൃത ബലിയർപ്പണ രീതി സെമിനാരിപരിശീലന കാലഘട്ടം മുതലുള്ള വിഭാഗീയതയ്ക്ക് അന്ത്യം കുറിക്കും.
വിശുദ്ധകുർബാനയുമായി ബന്ധപ്പെട്ട ബലിയർപ്പണ രീതി നടപ്പിലാക്കാൻ എന്തുകൊണ്ടാണ് ചില വൈദികർ വിമുഖത കാണിക്കുന്നത് എന്ന ചോദ്യം പലപ്പോഴും സാധാരണക്കാർ ഉന്നയിക്കാറുണ്ട്.സിനഡ് എടുക്കുന്ന തീരുമാനം ന്യായമായും എല്ലാവരും അനുസരിച്ചാൽ പോരേ എന്ന് അവർ ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരം സെമിനാരി പരിശീലന കാലഘട്ടം മുതൽ ആരാധനക്രമവുമായി ബന്ധപ്പെട്ട ഒരുതരം നിശബ്ദമായ വിഭാഗീയത ഇന്ന് നിലനിൽക്കുന്നുണ്ടെന്നാണ്. ഉദാഹരണമായി, രൂപതാ വൈദികനാകാൻ മൈനർ സെമിനാരിയിൽ ചേരുന്ന ഒരു വിദ്യാർത്ഥി മൈനർ സെമിനാരി കാലഘട്ടം മുതൽ കേൾക്കുന്ന ഒന്നാണ് സീറോ മലബാർ സഭയിലെ ആരാധനക്രമസംബന്ധമായ വിഭാഗീയത. മേജർ സെമിനാരിയിലേക്ക് ചെല്ലുമ്പോൾ രണ്ടു ചേരികളിലായി നിലകൊള്ളുന്ന സീറോ മലബാർ സഭയെയാണ് വൈദിക വിദ്യാർത്ഥികൾ കാണുന്നത്.
ഇതിൽ ഏതെങ്കിലും ഒരു ചേരിയിൽ ഓരോ രൂപതയും നിലകൊള്ളുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിശുദ്ധകുർബാനയുടെ വ്യത്യസ്തമായ അർപ്പണ രീതികളാണ് ഈ വിഭാഗീയതയ്ക്ക് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.പിന്നീട് ഒരു വൈദികൻ ആകുമ്പോഴും ഈ വ്യക്തി ഏതെങ്കിലും ഒരു ചേരിയെ പ്രതിനിധാനം ചെയ്യാൻ ഇടയാകുന്നു. സീറോ മലബാർ സഭയിലെ ഓരോ രൂപതയും ആരാധനക്രമവുമായി ബന്ധപ്പെട്ട് ഓരോ ശൈലികൾ രൂപപ്പെടുത്തുമ്പോൾ സ്വാഭാവികമായും ഒരു വൈദികനും ആ ശൈലിയുടെ ഭാഗമായിത്തീരുകയാണ് ചെയ്യുന്നത്. ഇവിടെ സഭ എന്ന കാഴ്ചപ്പാടിനു പകരം ‘രൂപത’ എന്ന കാഴ്ചപ്പാടാണ് ഉണ്ടാകുന്നത്. ഓരോ വൈദികനും ‘എന്റെ രൂപത’ എന്ന വൃത്തത്തിലേക്ക് ചുരുങ്ങുന്നു!
ഇതിന്റെ ബാക്കിപത്രങ്ങളാണ് ചിലരുടെ പ്രതിഷേധ മാർച്ചിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും നാം കാണുന്നത്.ഒരു വ്യക്തിസഭയുടെ ആരാധന ക്രമത്തിനും ദൈവശാസ്ത്രത്തിനും തനിമയ്ക്കും ഇവിടെ യാതൊരു സ്ഥാനവും ഇല്ലാതാകുന്നു!തീർച്ചയായും ഇത് വലിയൊരു കുറവ് തന്നെയാണ്. ഈ കുറവിന് ഒരു പരിഹാരം ഏകീകൃത ബലിയർപ്പണ രീതിയിലൂടെ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
- ഏകീകൃത ബലിയർപ്പണ രീതി ആരാധനക്രമവിശ്വാസ പരിശീലന മേഖലയിൽ നവമായ ഉണർവിന് കാരണമാകും
ഏകീകൃത ബലിയർപ്പണരീതി നടപ്പിൽ വരുമ്പോൾ ആരാധനക്രമവിശ്വാസ പരിശീലന മേഖലയിൽ നവമായ ഒരു ഉണർവ് ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആരാധനക്രമ വിശ്വാസപരിശീലനം എല്ലാ വിശ്വാസികൾക്കും നൽകുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ, ആരാധനക്രമവുമായി ബന്ധപ്പെട്ട നിലവിലെ തർക്കം മൂലം സീറോ മലബാർ സഭയിൽ ആരാധനക്രമ വിശ്വാസപരിശീലനം കാര്യക്ഷമമായി നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
ചിലയിടങ്ങളിൽ കാണുന്ന ആരാധനക്രമ ടെക്സ്റ്റുകളോടുള്ള വിപ്രതിപത്തിയും ചില പ്രതീകങ്ങളോടുള്ള അവജ്ഞയും ആരാധനക്രമ വിശ്വാസപരിശീലനരംഗം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ്. ആരാധനക്രമവിശ്വാസപരിശീലനം കാര്യക്ഷമമായി നടക്കണമെന്ന പ്രതീക്ഷയോടെയാണ് 2015ൽ സീറോ-മലബാർ സിനഡ് “സീറോ മലബാർ സഭയുടെ ആരാധനക്രമ വിശ്വാസപരിശീലനം” എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ “സ്നേഹത്തിന്റെ കൂദാശ” എന്ന തന്റെ സിനഡനന്തര അപ്പസ്തോലിക ആഹ്വാനത്തിൽ വിശുദ്ധ കർമ്മാനുഷ്ഠാനത്തിൽ ദൈവജനത്തെ പരിപോഷിപ്പിക്കാനുള്ള ഒന്നാമത്തെ മാർഗം ശരിയായ വിശുദ്ധ കർമ്മാനുഷ്ഠാനം ആണെന്ന് വൈദികരെ ഓർമിപ്പിക്കുന്നുണ്ട് (സ്നേഹത്തിന്റെ കൂദാശ, No.38). “ആഘോഷിക്കലിന്റെ കല”യെക്കുറിച്ച് മാർപാപ്പ ഇവിടെ സൂചിപ്പിക്കുന്നു. ആരാധനാക്രമപരമായ നിയമങ്ങളോട് – അവയുടെ സർവ്വ സമ്പന്നതയിലും – വിശ്വസ്തതയോടെ ഒട്ടിച്ചേർന്ന് നിൽക്കുകയെന്നതിന്റെ ഫലമാണ് “ആഘോഷത്തിന്റെ കല”. ഈ ആഘോഷത്തിന്റെ കല വിശുദ്ധമായതിനെ സംബന്ധിച്ച ബോധവും ആ ബോധത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ബാഹ്യമായ അടയാളങ്ങളുടെ ഉപയോഗത്തെയും വളർത്തണമെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.
ഉദാഹരണത്തിന് അനുഷ്ഠാനത്തിന്റെ സമന്വയം, ആരാധനക്രമ പരമായ വസ്ത്രങ്ങൾ, ഉപകരണങ്ങൾ, വിശുദ്ധ സ്ഥലം.കുർബാന ടെക്സ്റ്റുകളുടെ സമ്പന്നതയെക്കുറിച്ച് പറയുന്ന മാർപാപ്പ രണ്ടായിരത്തിലേറെ വർഷത്തെ ചരിത്രത്തിൽ ദൈവജനത്തിന്റെ വിശ്വാസത്തെയും അനുഭവത്തെയും സംരക്ഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്ത സമ്പന്നത വിശുദ്ധ കുർബാനയുടെ ടെക്സ്റ്റുകളിലുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു (No.40).
ഏകീകൃത ബലിയർപ്പണ രീതി വരുമ്പോൾ സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര- ആരാധനക്രമ മേഖല ഇന്ന് നേരിടുന്ന മുരടിപ്പിന് അന്ത്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ആരാധനക്രമവുമായി ബന്ധപ്പെട്ട ചില പ്രതീകങ്ങളെ പലരും വിവാദങ്ങളാക്കുകയും അവയെ അവഗണിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ഇത്തരം പ്രതീകങ്ങളുടെ അർത്ഥം വീണ്ടെടുക്കാൻ ഏകീകൃത ബലിയർപ്പണ രീതി സഹായകമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രതീകങ്ങളുടെ സമ്പന്നത വീണ്ടെടുക്കാനും അതിലെ ആധ്യാത്മികത ഉൾക്കൊള്ളാനും ഈ സഭയിലെ വിശ്വാസികൾക്ക് സാധിക്കണം. പ്രതീകങ്ങൾ എന്നത് സാർവത്രിക സഭയുടെ പൊതു പൈതൃകമാണ് എന്ന കാഴ്ചപ്പാട് എല്ലാവർക്കും ഉണ്ടാകണം. ഈ കാഴ്ചപ്പാട് ഉണ്ടാവുകയാണെങ്കിൽ പ്രതീകങ്ങളെ രൂപത തിരിച്ചോ പ്രദേശം തിരിച്ചോ നോക്കിക്കാണാൻ ആരും ഇടയാവുകയില്ല.
6.പ്രതീകങ്ങളുടെ അർത്ഥം വീണ്ടെടുക്കാൻ ഏകീകൃത ബലിയർപ്പണ രീതി സഹായകമാകും
പ്രതീകങ്ങൾക്ക് എല്ലാ വ്യക്തി സഭകളിലും പ്രാധാന്യമുണ്ട്. ഉദാഹരണമായി, ദൈവവചനത്തിന്റെ മേശയെക്കുറിച്ച് (വചനവേദി – ബേമ്മ) രണ്ടാംവത്തിക്കാൻ കൗൺസിൽ കൃത്യമായി പറയുന്നുണ്ട് (ആരാധനക്രമം, No.51). വചനശുശ്രൂഷയ്ക്ക് വേണ്ടി ‘വചനവേദി’ അഥവാ ‘ബേമ്മ’ എന്ന സംവിധാനം സുറിയാനി സഭകളുടെ പാരമ്പര്യത്തിലുള്ളതാണ്. ലത്തീൻ സഭയിലും ഗ്രീക്ക് സഭയിലും ഇതിനു തുല്യമായ സംവിധാനത്തെ ‘Ambo’ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഒരു വ്യക്തിസഭയിലും വചനശുശ്രൂഷ ബലിവേദിയിൽ വെച്ച് നടത്താറില്ല. അതുപോലെതന്നെ ദൈവാലയത്തിലെ മദ്ബഹായുടെ പവിത്രതയെ സൂചിപ്പിക്കുന്നതും മദ്ബഹായെയും ജനങ്ങൾ നിൽക്കുന്ന സ്ഥലത്തെയും തമ്മിൽ വേർതിരിക്കുന്നതുമായ ‘മദ്ബഹാവിരി’ സുറിയാനി സഭകളുടെ പ്രത്യേകതയാണ്.
ഗ്രീക്ക്- ബൈസന്റയിൻ സഭകളിൽ ഇത്തരത്തിലുള്ള സംവിധാനത്തിന് ‘Iconostasis’ എന്നാണ് വിളിക്കുന്നത്. ഈശോയുടെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും ഐക്കണുകൾ കൊണ്ടുള്ള വാതിലാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെതന്നെ ലത്തീൻ സഭയിൽ മദ്ബഹായെയും ജനങ്ങൾ നിൽക്കുന്ന സ്ഥലത്തെയും തമ്മിൽ വേർതിരിക്കുന്ന അഴിക്കാലുകളെ വിളിക്കുന്ന പേരാണ് ‘Communion rails’. ഇപ്രകാരം പാശ്ചാത്യ- പൗരസ്ത്യ സഭകളിലെല്ലാം തന്നെ പ്രതീകങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്.
എന്നാൽ നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ സഭയിൽ പ്രാദേശികമായ കാഴ്ചപ്പാടോടെ ചില പ്രതീകങ്ങളെ അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ദൈവാരാധനയിൽ സംബന്ധിക്കുന്നവർക്ക് ആഴമേറിയ അർത്ഥം നൽകുന്ന ഇത്തരം പ്രതീകങ്ങളെ ‘പൗരസ്ത്യം’ എന്നോ ‘കൽദായം’ എന്നോ പറഞ്ഞു കൊണ്ട് ഉപേക്ഷിക്കുന്നത് ഏറെ ദുഃഖകരമാണ്.പ്രതീകങ്ങളെ അന്ധമായി എതിർക്കുന്നതും അവഗണിക്കുന്നതും തീർച്ചയായും ക്രൈസ്തവ വിരുദ്ധമാണ്.
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകൃത ബലിയർപ്പണ രീതി സഭയിൽ ഒരു പുതിയ പന്തക്കുസ്തയ്ക്ക് വഴി തെളിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.ഏകീകൃത ബലിയർപ്പണത്തെക്കുറിച്ച് തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തട്ടെ.
“എന്റെ യുക്തിയെയും അഭിരുചിയെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമല്ല, സഭാ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ തീരുമാനത്തെയാണ് ഞാൻ സ്വാഗതം ചെയ്യേണ്ടത്. ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയെക്കു റിച്ച് അനൈക്യത്തിന്റെ വിത്ത് വിതയ്ക്കുന്ന തീരാത്ത വാദഗതികളുമായി മുമ്പോട്ട് പോകുന്നത് എതിർ സാക്ഷ്യമാണ്”
By, ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.