ജോസഫ് ദാസൻ
എന്റെ എക്കാലത്തെയും സംശയം ആയിരുന്നു ഈ തലക്കെട്ട് വാചകത്തിൽ ആശയം. പെന്തക്കോസ്തു സഭകളിൽ നടക്കുന്ന സ്വതന്ത്രമായ പ്രാർത്ഥനകൾ കുറച്ചുകൂടെ ആവേശകരമാണ് എന്ന് നിരവധി ചെറുപ്പക്കാരോടൊപ്പം ഞാൻ ചിന്തിച്ചിരുന്ന സമയമായിരുന്നു അത്. കത്തോലിക്കാ സഭയുടെ അറുപഴഞ്ചൻ നയമാണ് ലിറ്റര്‍ജി എന്നും ഞാൻ കരുതിയ നിമിഷങ്ങൾ. ഒരു ഉന്മേഷമൊക്കെവേണ്ടേ ? ഇറങ്ങിപ്പോരുമ്പോൾ ഒരു സന്തോഷമൊക്കെ വേണ്ടേ?
അങ്ങനെയിരിക്കെയാണ് അൽഫോൻസാമ്മയെക്കുറിച്ചു വായിക്കാൻ ഇടയായത്. വിശുദ്ധ കുർബാന സ്വീകരിച്ചു വിശുദ്ധ തിരിച്ചു നടക്കുന്നത് കാണുന്നവർ മാനസാന്തരപ്പെടും എന്നായിരുന്നു അമ്മയെ അങ്ങനെ കണ്ടിട്ടുള്ള ഒരു മനുഷ്യന്റെ വെളിപ്പെടുത്തൽ. ആ മുഖം മുഴുവനും വിശുദ്ധ കുർബാന സ്വീകരണം നൽകിയ ആനന്ദമാണ്.
ഇതിനോട് മാറ്റുരക്കാൻ മറ്റൊരു സംഭവം കൂടെ ഉണ്ടായി. മലയാളിയായ ഒരു സിനിമ നടനോടൊപ്പം വിദേശ രാജ്യത്തുവച്ചു ഒരേ ഹോട്ടലിൽ വച്ച് ഭക്ഷണം കഴിക്കാൻ ഇടയായ ഒരാളുടെ അനുഭവം വായിച്ചു. മറ്റുള്ളവർക്ക് പരിചയമില്ലാത്ത നടനെ ആരും ശല്യപ്പെടുത്താൻ ഉണ്ടായിരുന്നില്ല. ആൾക്കൂട്ടത്തിൽ ഒരാളായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അയാളോടൊപ്പം ഒരേ മുറിയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ അയാൾ പകർത്തിയെടുത്തു. ആ മുറിയിൽ ഇരുന്ന മറ്റാർക്കും ഒരു ആനന്ദവും ഉണ്ടാകാതിരുന്നിട്ടും ഇയാൾ ആനന്ദം കൊണ്ട് നിറഞ്ഞു തുളുമ്പിപ്പോയി.
ഇത് രണ്ടും കൂട്ടി ധ്യാനിച്ച എനിക്ക് ഉത്തരം കിട്ടി. യേശുവിന്റെ വിരുന്നു എനിക്ക് ആനന്ദ ദായകമാകുന്നത് ഞാൻ എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല. എനിക്ക് യേശുവിനോടുള്ള ആരാധനയുടെ ആഴമാണ് എന്റെ ആനന്ദത്തിന്റെ കാരണം. നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ എന്റെ ഓർമയ്ക്കായി ഇത് ചെയ്യണം, ഇതെന്റെ ശരീരമാണ് എന്ന് തന്നെ ഓർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി യേശു പറഞ്ഞ ആരാധനയുടെ അങ്ങേയറ്റമാണ് വിശുദ്ധ കുർബാന.
എന്താണ് ലിറ്റര്‍ജി?
ഇപ്പോഴും ലിറ്റര്‍ജി എന്താണെന്നു ഞാൻ പറഞ്ഞില്ലല്ലോ ? നിയതമായ ആരാധനയാണ് ലിറ്റര്‍ജി. അതായതു മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അടുക്കും ചിട്ടയുമുള്ള ആരാധനയാണ് ലിറ്റര്‍ജി. അതിന്റെ തുടക്കവും ഒടുക്കവും എന്തെന്ന് അതറിയാവുന്ന എല്ലാവര്ക്കും അറിയാമായിരിക്കും. ചില നന്മകൾ പറയാം
1-നമ്മൾ ഓരോ നിമിഷവും ഇന്ന കാര്യമാണ് ചെയ്യാൻ പോകുന്നതെന്ന കൃത്യമായ അറിവോടെ ഒരു കാര്യം ചെയ്യാൻ ഇറങ്ങിയാൽ ഉണ്ടാകുന്ന എല്ലാ മുൻകരുതലുകളും നേട്ടങ്ങളും ലിറ്റര്‍ജിക്കു ഉണ്ട്
2-ഇന്ന് നമുക്ക് സൂമിലൂടെ ലോകം മുഴുവനുമുള്ള ആളുകളുമായി സംവദിക്കാം. എന്നാൽ ലോകം മുഴുവനുമുള്ള ആളുകൾ ഒരേകാര്യം അറിയുകയും ചെയ്യുകയും ചെയ്യുന്ന ആത്മീയ സൂം മീറ്റിങ് ആണ് ആരാധനാ. ഇന്ന് അമേരിക്കയിൽ എന്റെ സഭയിൽ ആരാധിച്ചയാൾ എന്ത് ബൈബിൾ ഭാഗം ധ്യാനിച്ചുവോ ഏതു പ്രാർത്ഥന ദൈവത്തോട് ഉരുവിട്ടുവോ അത് തന്നെയാണ് ഞാനും ചെയ്തത്.
അയാൾ നിന്നപ്പോഴൊക്കെ ഞാനും നിന്നു. അയാൾ ഇരുന്നപ്പോൾ ഞാനും ഇരുന്നു. അയാൾ മുട്ടുകുത്തിയപ്പോൾ ഞാനും മുട്ടുകുത്തി. ഹൃദയത്തിൽ ഐക്യപ്പെട്ടു ഒരു കാര്യം പ്രാർത്ഥിച്ചാൽ അത് സ്വീകരിക്കാൻ ദൈവത്തിനു ഇഷ്ടമാണെന്നു ഈശോ തന്നെ പറഞ്ഞ കാര്യമാണ്.
3-സഭ എല്ലാവരോടും സംസാരിക്കുന്ന നിമിഷമാണ് ലിറ്റർജി. അപ്പസ്തോലമാരുടെ കാലം മുതൽ അപ്പസ്തോലന്മാരും പിൻഗാമികളും പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചവരാണ് വിശ്വാസികൾ. അവർ പറയുന്നത് ധ്യാനിക്കാനും. ലിറ്റർജിയിലൂടെ ആദിമ നൂറ്റാണ്ടിൽ നടന്ന അതെ ആരാധനാ ചൈതന്യം എന്നിലേക്ക് പകരപ്പെടുകയാണ്. ഓരോ ആഴ്ചയിലും യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങൾ അപ്പസ്തോലന്മാരും അനുയായികളും ധ്യാനിച്ചതുപോലെ ലോകമെങ്ങും നമ്മൾ ഒരുപോലെ ധ്യാനിക്കുന്നു.
ചില നാളുകളിൽ യേശുവിന്റെ ജനനത്തെപ്പറ്റി, ചിലപ്പോൾ മരണത്തെപ്പറ്റി, മറ്റുചിലപ്പോൾ ഉത്ഥാനത്തെപ്പറ്റി ഇങ്ങനെ ഓരോരോ സംഭവങ്ങൾ ഒരേ കാലഘട്ടത്തിൽ സഭ മുഴുവനും ധ്യാനിക്കുന്നു, പഠിക്കുന്നു, ഉൾക്കൊണ്ടു പ്രാർത്ഥിക്കുന്നു. ഇതല്ലേ ആരാധനാ ക്രമ വത്സരം. ഇതിൽ പരം എന്ത് വലിയ മതബോധനമാണുള്ളത്.
ലോകമെങ്ങും ഒരേ പോലെ ആരാധിക്കാൻ കാരണം?
നമ്മുടെ ഇടവകയിൽ ലിറ്റര്‍ജി ശരിയായി അനുഷ്ഠിച്ചാൽ കൃത്യമായ മതബോധനം സംഭവിക്കും. ഇടയ്ക്കു ഒരാൾ എന്തെങ്കിലും കാരണവശാൽ അമേരിക്കയിൽ പോയെന്നിരിക്കട്ടെ. അവിടെയും തന്റെ സഭയുടെ ആരാധനയിൽ പങ്കെടുത്തു അയാൾക്ക് മതബോധനത്തിന്റെ, ധ്യാനത്തിന്റെ തുടർച്ച ലഭിക്കും. ലോകമെങ്ങും എല്ലാവരും ഒരു മനസോടെ ചിന്തിച്ചു ഒരേ കാര്യം പ്രാർത്ഥിച്ചു ഒരേ കാര്യം പഠിച്ചു ഒരു കുടുംബമായി ഒന്നിച്ചു ആരാധിക്കുന്നതാണ് ലിറ്റര്‍ജി.
ആദിമ സഭമുതൽ ആരാധന അപ്പസ്തോലന്മാരെ കേന്ദ്രീകരിച്ചാണ് ആയിരുന്നത്. അതുകൊണ്ടു എക്കാലവും സഭകളിലെ ആരാധനകൾ അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരെ കേന്ദ്രീകരിച്ചു ആയിരിക്കുന്നു. മെത്രാന്റെ പകരക്കാരനായാണ് വൈദീകൻ നമ്മുടെ ഇടവകയിലെ ആരാധന നയിക്കുന്നത്
എന്റെ ആരാധനാ ആനുഭവങ്ങൾ
കരിസ്മാറ്റിക്കുകാർ ചെയ്യുന്നതുപോലെ എല്ലാവരും ഒരുമിച്ചു നല്ല ഉച്ചത്തിൽ ശബ്ദമുയർത്തി ഏറ്റവും ഭക്തി നിർഭരമായി വേണം കത്തോലിക്കാ സഭയിലെ ആരാധനാ എന്നതാണ് കീഴ്വഴക്കം. മതബോധന കേന്ദ്രങ്ങൾ ഇടവകകൾ സന്ദർശിക്കുമ്പോൾ കുട്ടികളുടെ വിശുദ്ധ കുർബാനയിൽ സജീവ ഭാഗഭാഗിത്വം വിലയിരുത്തുന്നത് എത്രമാത്രം ഉച്ചത്തിൽ ഏകമനസോടും ഭയ ഭക്തിയോടും കൂടെ പങ്കെടുക്കുന്നു എന്ന് നോക്കി അല്ലെ ?
കയ്യും കെട്ടി ചുണ്ടും പൂട്ടി നിൽക്കുന്നവൻ ലോകമെങ്ങുമുള്ള കുടുംബത്തോട് ഒന്ന് ചേരുന്നില്ല.
ഇത്തരത്തിൽ പങ്കെടുക്കുന്ന എല്ലാവരും പ്രസാദവാരത്തോടെ തികഞ്ഞ ഭക്തിയോടെ കത്തോലിക്കാ സഭയുടെ വിശുദ്ധ ബലിയിൽ ശബ്ദമുയർത്തി പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ ഇടവന്നപ്പോഴാണ് ലിറ്റര്‍ജിയുടെ കുഴപ്പമല്ല
പങ്കെടുക്കുന്നവർ സജീവമാകാത്തതുകൊണ്ടാണ് ലിറ്റര്‍ജി ആനന്ദ ദായകമായി എനിക്ക് തോന്നാത്തതെന്ന കാര്യം എനിക്ക് മനസിലായി. പങ്കെടുക്കുന്നവർക്ക് യേശുവിനോടുള്ള ആരാധനാ വര്‍ധിക്കുന്നതിനനുസരിച്ചു ആനന്ദം ഏറും. എനിക്ക് ബോറടിച്ചു എന്ന് ഞാൻ കരുതിയ കുര്‍ബാനകളിൽ അൽഫോൻസാമ്മ പങ്കെടുത്തിരുന്നെങ്കിൽ ‘അമ്മ തകർത്തേനെ !
ആരാധനയിൽ സ്വാതന്ത്ര്യങ്ങൾ
എല്ലാം ചിട്ടയാനുസരിച്ചാണെങ്കിലും കാര്മികന് സ്വാതന്ത്ര്യമുള്ള വചനപ്രഘോഷണ വേള പോലുള്ള സമയങ്ങൾ ഉണ്ട്. ഒപ്പം ഗാന ശുശ്രൂഷകർക്കു അവരുടെ ആത്മീയ നിറവ് മറ്റുള്ളവരിലേക്ക് പകരാൻ സ്വാതന്ത്ര്യമുള്ള നിമിഷങ്ങളും ഉണ്ട്. ഇതൊക്കെ കൃത്യമായി ഉപയോഗിച്ചാൽ എനിക്ക് ആദ്യം തോന്നിയ വിഷമം, ഒരു വിഷമം അല്ലാതാകുമെന്നു മാത്രമല്ല ആരാധന ക്രമം എന്റെ ഒന്നാമത്തെ ലഹരി ആയി മാറുകയും ചെയ്യുമായിരുന്നു
ഇതൊക്കെ അറിഞ്ഞുവേണം നമ്മൾ ആരാധനാക്രമത്തെക്കുറിച്ചു ചിന്തിക്കുവാനും ധ്യാനിക്കുവാനും അതിനെ സ്നേഹിക്കുവാനും.