ജിൽസ ജോയ്
ഓരോ വിശുദ്ധരുടെയും തിരുന്നാളുകൾ അതിന് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ ആഘോഷിക്കുന്നുണ്ടെന്നിരിക്കെ എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ?
നമുക്കറിയാത്ത, എണ്ണിയാലൊടുങ്ങാത്ത, വിശുദ്ധരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ രക്തസാക്ഷികളായും അല്ലാതെയും ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവരെ ഓർക്കാൻ കൂടിയാണ് ഈ ദിവസം.
സഭയുടെ ഓരോ കാലഘട്ടത്തിലും, വീരോചിതമാം വിധം തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ജീവിച്ചവരുണ്ടായിരുന്നു. ഇന്ന് കാണുന്ന പോലെ ലോകം മുഴുവൻ പടർന്നു പന്തലിക്കാൻ സഭയെ സഹായിച്ചത് അവരും കൂടി ആണ്. അങ്ങേയറ്റത്തെ പ്രതിബദ്ധതയോടുകൂടി തിരുവചനമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കൃപയുടെ ചാനലുകളായ അവരെ സഭ ‘വിശുദ്ധർ’ എന്ന പേര് നൽകി ആദരിക്കുന്നു. നാമകരണം ചെയ്യപ്പെട്ടവരും ചെയ്യപ്പെടാത്തവരുമായ എണ്ണമറ്റ ഈ വീശിഷ്ടാത്മാക്കളുടെ തിരുന്നാളാണ് കത്തോലിക്കാസഭയിൽ ഇന്ന് കൊണ്ടാടുന്നത്.
നമ്മളിപ്പോൾ ആയിരിക്കുന്നിടത്ത് ഒരിക്കൽ അവർ ആയിരുന്നു. നല്ല ഓട്ടം പൂർത്തിയാക്കി ഇപ്പോൾ അവർ ആയിരിക്കുന്നിടത്ത്, ഒരിക്കൽ നമ്മളും എത്തിച്ചേരുമെന്നാണ് നമ്മുടെ പ്രത്യാശയും. ദൈവത്തിലേക്ക് യാത്ര ചെയ്യാൻ വേണ്ട ഒരു റോഡ്മാപ്പ് അവർ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ ബോധപൂർവകമായ തിരഞ്ഞെടുപ്പുകളിലൂടെ ആനന്ദത്തിലേക്ക് നയിക്കപ്പെടുന്ന വഴിയെക്കുറിച്ചാണ് അവർ നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഒരു യഥാർത്ഥ ക്രിസ്തു അനുയായി (ക്രിസ്ത്യാനി) എങ്ങനെ ആകണമെന്ന്. ശരിയായ വിശുദ്ധിയിലേക്കുള്ള പാത ഏതാണെന്ന്. വിശുദ്ധർ റോഡ് മാപ്പിലൂടെ കാണിച്ചു തരുന്നു.നിത്യരക്ഷ എന്ന ലക്ഷ്യം കണ്മുന്നിലുറപ്പിക്കാൻ നമ്മെ വിജയസഭയിലുള്ളവർ ഉത്തേജിപ്പിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിതലക്ഷ്യം മഹത്വത്തിന്റെ അവസ്ഥയിൽ എത്തിച്ചേരുക എന്നതാണ് അതായത് വിശുദ്ധരാകുക. ഒന്നുകിൽ നമ്മൾ വിശുദ്ധരായി സ്വർഗ്ഗത്തിലെത്തിച്ചേരും, അല്ലെങ്കിൽ നരകത്തിൽ സാത്താന്റെ പ്രതിഛായകളോട് അനുരൂപപ്പെടും. ഏതുവേണമെന്ന് നമുക്ക് തീരുമാനിക്കാം.
നമ്മുടെ ഭാഗധേയം തിരഞ്ഞെടുക്കുന്നത് നമ്മൾ തന്നെയാണ്. ഓരോ മനുഷ്യനും താൻ ആഗ്രഹിക്കുന്നിടത്തേക്കാണ് പോകുന്നതെന്ന് പിതാവായ ദൈവം സിയന്നായിലെ വിശുദ്ധ കത്രീനയോട് പറഞ്ഞു, ‘ഞാൻ ശക്തിപ്പെടുത്തികൊണ്ടിരുന്നിട്ടും സ്വയം ദുർബ്ബലരാകുകയും പിശാചിനു സ്വയം ഏൽപ്പിക്കുകയും ചെയ്യുന്നവരുടെ വിഡ്ഢിത്തം എത്ര വലുതാണ്. ഒരു കാര്യം നി അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ജീവിതകാലത്ത് തങ്ങളെത്തന്നെ പിശാചിനു അടിമകളാക്കി. കാരണം, ഞാൻ പറഞ്ഞതുപോലെ അവരെ നിർബന്ധിക്കാനാവുകയില്ല. അവർ സ്വമനസ്സാ അവന്റെ കൈകളിൽ ഏൽപ്പിക്കുകയായിരുന്നു. അവരുടെ മരണസമയത്ത് അവർ വെറുപ്പോടെ നരകം സ്വീകരിക്കുന്നു”.
ലൗകായികതയിൽമുഴുകിയിരിക്കുന്നവരുടെ ആത്മാക്കൾക്ക് മണവാളനെ സ്നേഹിക്കാൻ കഴിയുകയില്ല. എന്തെന്നാൽ അവർ മണവാളൻറെ സുഹൃത്തുക്കളല്ല, ലോകത്തിന്റെതാണ്. വിശുദ്ധലിഖിതം പറയുന്നു, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശതുവാക്കുന്നു (യാക്കോ 4:4)1 “നേരെ മറിച്ച് നീതിമാൻമാർ പരസ്നേഹത്തിൽ ജീവിച്ച് സ്നേഹത്തിൽ മരിക്കുന്നു. അവർ കുഞ്ഞാടിന്റെ രക്തത്തെ വിശ്വാസത്തോടെ കാണുകയും അതിൽ പൂർണ്ണമായി ആശ്രയിക്കുകയും ചെയ്തുകൊണ്ട് പൂർണ്ണമായി പുണ്യത്തിൽ ജീവിച്ചെങ്കിൽ അവർ മരണനിമിഷത്തിലെത്തുമ്പോൾ അവർക്കായി ഞാൻ സജ്ജമാക്കിയ നന്മ അവർ കാണും. അവർ സ്നേഹത്തിന്റെ കരങ്ങൾ കൊണ്ട് അതിനെ ആശ്ലേഷിക്കുന്നു”.
നമ്മിലോരോരുത്തരിലും വിശുദ്ധരാകാനുള്ള സാധ്യത നിക്ഷേപിക്കുക മാത്രമല്ല അതിനാവശ്യമായ കൃപകൾ കൂടി ദൈവം തരുന്നുണ്ട്. ഓരോ മനുഷ്യനും അനന്യനാണ്. ദൈവത്തിന്റെ ഛായയിലാണ് എല്ലാവരുമെങ്കിലും ഒരാൾക്കുള്ള സാഹചര്യങ്ങളും കഴിവുകളും അവസരങ്ങളും അല്ല വേറൊരാൾക്കുള്ളത്. ഓരോരുത്തർക്കുമുള്ള ദൈവികപദ്ധതി വ്യത്യസ്തമാണ്. അത് പൂർത്തിയാക്കാൻ മറ്റൊരാൾക്ക് കഴിയില്ല. എങ്കിലും ദൈവം നമ്മുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ദൈവവുമായി നല്ല ഒരു ആത്മബന്ധം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് തന്നിരിക്കുന്നു. ഇങ്ങനെ കേട്ടിട്ടില്ലേ,
നമ്മളിപ്പോൾ എന്താണെന്നുള്ളത് ദൈവത്തിന്റെ സമ്മാനമാണ്. നമ്മൾ എന്തായിത്തീരും എന്നുള്ളത് നമ്മൾ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.
ഭാഗ്യത്തിന്, ദൈവത്തിന്റെ കരുതലും ജ്ഞാനവും മൂലം വിശുദ്ധി നമുക്ക് അപ്രാപ്യമായ ഒന്നല്ല. എല്ലാവരെയും വിശുദ്ധരാകാൻ ക്ഷണിക്കുന്ന ദൈവം തന്നെ അതിനുള്ള കൃപ ചൊരിഞ്ഞുകൊണ്ട് നമ്മളിൽ വസിക്കുന്നു.മാമോദീസയിലൂടെ നമുക്ക് ലഭിക്കുന്നത് വിശുദ്ധിയിലേക്കുള്ള ക്ഷണമാണ്. പക്ഷേ അതിലേക്കുള്ള പാത റോസപ്പൂ വിതറിയതല്ല. നമ്മുടെ അനുദിനകുരിശുമെടുത്തുള്ള ഇടുങ്ങിയ വഴിയാണ്. വിശുദ്ധർ പല പ്രായത്തിൽ, പല രാജ്യങ്ങളിൽ നിന്ന്, വ്യത്യസ്ത ആത്മീയതലങ്ങളിൽ നിന്നുള്ളവരാണ്. പക്ഷേ അവർക്കെല്ലാം പൊതുവായുള്ള ചില കാര്യങ്ങളുണ്ട്. ശരീരം ഫിറ്റ് ആയിരിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നതുപോലെ ആത്മീയരായി ഫിറ്റ് ആയിരിക്കാൻ അവർ തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തവരാണ്.
അവർ ദൈവഹിതം വിവേചിച്ചറിഞ്ഞ് അത് നടപ്പാക്കാൻ പരിശ്രമിച്ചവരാണ്. ഈ ഭൂമിയിൽ കാലുറപ്പിച്ചു നടക്കുമ്പോഴും അവർക്കറിയാം അവരുടെ യഥാർത്ഥ വീട് സ്വർഗ്ഗമാണെന്നും ആ വീട്ടിലേക്കെത്താനുള്ള വഴി വെട്ടിത്തെളിക്കുന്നത് ഈ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളാണെന്നും. വിശുദ്ധർ പ്രയോരിറ്റി ശരിയായി കൊടുക്കുന്നു. ദൈവത്തിനാണ് മുൻഗണന. അവർ മനുഷ്യരാണെങ്കിലും ദൈവവുമായി ആത്മസുഹൃത്തെന്ന പോലെ ഗാഡബന്ധത്തിലായിരിക്കും. അവരിൽ ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിക്കുന്നു.
ക്രിസ്തുവിന്റെ പരിമളത്തിനൊപ്പം അവരിൽനിന്ന് നന്മ മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നു. ദൈവരാജ്യത്തിന് വേണ്ടി, സഭക്ക് വേണ്ടി, ആത്മാക്കളുടെ രക്ഷക്ക് വേണ്ടി കുപ്പായം കേറ്റികുത്തി അവർ വേലക്കിറങ്ങുന്നു. കഠിനമായി അദ്ധ്വാനിക്കുന്നു.പക്ഷേ അവർ പരാജയം അറിയാത്തവരല്ല. നിരന്തരം വീണിട്ടുള്ളവരും എഴുന്നേറ്റിട്ടുള്ളവരുമാണ്.പ്രലോഭനങ്ങളിൽ പെട്ടിട്ടുള്ളവരാണ്.
The saints are “sinners who keep on trying”.
ലോകത്തിന്റെ കണ്ണിലൂടെ എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടും പരിഹസിക്കപ്പെട്ടും ഇരിക്കുമെങ്കിലും സമ്മർദ്ദത്തിന് അടിപ്പെടാതെ ദൈവത്തിൽ അവർ അഭയം തേടുന്നു. അനിതരസാധാരണമായ കൃപകൾ സ്വന്തം മഹിമക്ക് ആയി ഉപയോഗിക്കാതെ ദൈവരാജ്യസേവനത്തിനായി ഉപയോഗിക്കുന്നു. ശരിയായ കാഴ്ചപ്പാടുണ്ടവർക്ക് . സഭയുടെ ആവശ്യങ്ങൾ അവർ മുൻകൂട്ടികണ്ട് പ്രവർത്തനനിരതരാകുന്നു .മറ്റുള്ളവരെ ശ്രവിക്കാനും സഹായിക്കാനും അവർ സദാ സന്നദ്ധരാണ്.
ഹൃദയവിശാലതയും കാരുണ്യവും കൈമുതലായുള്ളവരാണ് . സ്വന്തം ഇച്ഛകളോട് മരിച്ച് ദൈവേച്ഛക്കായും പരേച്ഛക്കായും നിലകൊള്ളുന്നവർ. J-O-Y എന്നതാണ് അവരുടെ മുദ്രാവാക്യം എന്നുവെച്ചാൽ Jesus-Others- You.. ഇതാണ് അവർ സ്വയം കരുതുന്ന മുൻഗണനാക്രമം.
വിശുദ്ധീകരണ പ്രക്രിയ ജീവിതകാലം മുഴുവൻ നീണ്ടുനിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ അപൂർണ്ണതകൾ മൂലം അസ്വസ്ഥരാകരുത് എന്ന് വിശുദ്ധ ഫ്രാൻസിസ് സാലസ് പറയുന്നു. ദൈവകൃപയിൽ ശരണപ്പെടുകയാണ് വേണ്ടത്.
കുടുംബമാണ് പ്രഥമമായ വിശ്വാസപരിശീലനവേദി. ആഴ്ചയിലെ 168 മണിക്കൂറുകളിൽ ഏറിയ പങ്കും കുട്ടികളോടൊത്ത് ചിലവഴിക്കുന്ന മാതാപിതാകൾക്കാണ് വെറും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം അവരോടൊത്ത് ചിലവഴിക്കുന്ന മതാധ്യാപകരേക്കാൾ വിശ്വാസവും മൂല്യവും പകർന്നുകൊടുക്കാൻ ഉത്തരവാദിത്വമുള്ളത്. മക്കൾ കൈവിട്ടുപോയാൽ നഷ്ടം കൂടുതൽ സഹിക്കേണ്ടി വരുന്നതും അവർ തന്നെ ആണല്ലോ. സ്വർഗരാജ്യമെന്ന വലിയ ലക്ഷ്യത്തിൽ എത്തിച്ചേരാനായി ആയിരിക്കണം കുട്ടികളെ മതബോധനക്ളാസുകളിൽ വിടുമ്പോൾ മാതാപിതാക്കൾ ലക്ഷ്യം വെക്കേണ്ടത്. വേദപാഠക്ലാസ്സുകൾ കൊണ്ട് എന്ത് നേട്ടമുണ്ട് എന്ന് ചോദിക്കുന്ന മാതാപിതാക്കൾ ഇക്കാലത്തു കൂടി വരുന്നു. നിത്യജീവിതം എന്ന ലക്ഷ്യം കണ്മുൻപിൽ ഇല്ലാതാവുമ്പോഴാണത്.
“ഞങ്ങളുടെ ഹൃദയം ജ്ഞാനപൂർണ്ണമാകുന്നതിന് ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങളെണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ” ( സങ്കീ.90:12) നിത്യതയോളം മനുഷ്യനെ സ്നേഹിച്ചതുകൊണ്ട് ദൈവം തീക്ഷ്ണമായി സകല മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്നു. സദാ കണ്ണുകൾ കർത്താവിങ്കലേക്ക് ഉയർത്തിയ സങ്കീർത്തകനെ നമുക്ക് അനുകരിക്കാം. നമുക്ക് മുൻപേ ബലപ്രയോഗത്തിലൂടെ സ്വർഗ്ഗരാജ്യം പിടിച്ചടക്കിയ അനേകവിശുദ്ധരെ നമുക്ക് അനുകരിക്കാം. അവരുടെ മാധ്യസ്ഥം അപേക്ഷിക്കാം. കൂടുതൽ ശുഷ്കാന്തിയോടെ നമ്മോടുതന്നെ ബലപ്രയോഗം നടത്താം. “Oh pleasant happiness to see the Saints, to be with the Saints, to be a Saint !” ( St. Augustine) Wish you All a Blessed Feast of All Saints!