Sr. Josia P. SD
“കക്കുകളി” നാടകത്തിന്റെ സംവിധായകനായ ശ്രീ ജോബ് മഠത്തിൽ, നാടകത്തിൽ അഭിനയിച്ചവർ മുതൽ അതിന്റെ രംഗ സജ്ജീകരണം ലൈറ്റ് & സൗണ്ട് തുടങ്ങി ആ നാടകത്തിന് പൂർണത വരുത്താൻ അധ്വാനിച്ച എല്ലാവരോടുമായി പറയട്ടെ,
നിങ്ങളുടെ വേദന മുഴുവൻ വരച്ചു കാണിച്ച് സംവിധായകൻ കുറിച്ച വരികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കണ്ടത് വായിച്ചു. ടീം അംഗങ്ങളായ 16 പേരുടെ ഒരു ഫോട്ടോയും കണ്ടു.
ഞാനും പറയട്ടെ.
ഏറെ വേദനയോടെയാണ് നിങ്ങളുടെ നാടകം ഞാൻ യൂട്യൂബിൽ കണ്ടത്. എന്നെപ്പോലെയുള്ള നാൽപ്പതിനായിരത്തിലധികം വരുന്ന സമർപ്പിത സഹോദരിമാർ എല്ലാവരുമൊന്നും അത് കണ്ടില്ല എങ്കിലും, അതിലെ ഉള്ളടക്കം കൃത്യമായി മനസ്സിലാക്കിയവരാണ്.
ഞാൻ ജീവിക്കുന്ന സന്യാസം നിങ്ങൾ കളിച്ച “കക്ക്” അല്ല സഹോദരങ്ങളെ! എത്ര തവണ നിങ്ങളോട് അത് പലയിടങ്ങളിൽ വച്ച് ചങ്കുപൊട്ടി തന്നെ ഞങ്ങൾ പറഞ്ഞു?
നിങ്ങൾ ചിത്രീകരിച്ചതുപോലെ, ചില പട്ടാള ക്യാമ്പുകളിലും, പണ്ടത്തെ ജന്മികുടിയാൻ വ്യവസ്ഥിതിയിലും ഉണ്ടായിരുന്നതുപോലെ ഉള്ള അട്ടഹാസങ്ങളും, കൽപ്പന നൽകലുകളും, അടിമപ്പണിയെടുക്കലും, ജാതിപ്പേര് വിളിക്കലും, ഇരുട്ടിന്റെ മറവിലെ വൃത്തികേടുകളും,
സ്വത്വത്തെ മഠത്തിന് മുൻപിലെ മുറ്റത്ത് കുഴിച്ചുമൂടിയിട്ടുള്ള മഠപ്രവേശനവും, സാത്താൻ പൂജയിൽ നടക്കുന്നതു പോലുള്ള നൃത്തവും ഒന്നുമല്ല യഥാർത്ഥ സന്യാസം.
തുടക്കം തന്നെ നിങ്ങൾക്ക് തെറ്റി പ്രിയ സംവിധായകാ..
വെറുതെ മുറ്റത്ത് കക്കു കളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയെ അമ്മയുടെ നിർബന്ധപ്രകാരം മഠത്തിൽ കൊണ്ടുവന്ന്, കയറിവരുന്ന വഴി വസ്ത്രം മാറാൻ എടുത്തു കൊടുക്കുന്ന ലാഘവത്തോടെ അവളുടെ ശരീരത്തിന് ചേരാത്ത ഒരു തുണിക്കെട്ട് എടുത്ത് ദേഹത്ത് ചുറ്റിക്കുന്നതാണ് സന്യാസ വസ്ത്രം എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു, അല്ലെങ്കിൽ നിങ്ങളെ ആരോ തെറ്റായി ധരിപ്പിച്ചു. സത്യത്തിൽ അതാണ് സംഭവിച്ചത് വഴിതെറ്റിയ ആരോ നിങ്ങളെയും വഴിതെറ്റിച്ചു!
അതിൽ നിങ്ങളോട് സഹതാപമേയുള്ളൂ അറിവില്ലായ്മ ഒരു തെറ്റാണെങ്കിൽ ദൈവം പൊറുക്കും..
കേരളത്തിന്റെ സംസ്കാരവും കേരള നവോത്ഥാനവും എന്തെന്ന് നിങ്ങൾ സത്യസന്ധമായി പഠിച്ചിരുന്നു എങ്കിൽ, സ്ത്രീവിമോചനത്തിന്റെ രണഭേരിമുഴക്കാനും, പ്രാചീന കേരള സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും കുടുംബ ശാക്തീകരണത്തിലൂടെയും സാമ്പത്തിക സ്വയംപര്യാപ്തതയിൽ എത്തിക്കാനും മുൻപന്തിയിൽ നിന്നത് ആര് എന്ന് നിങ്ങൾ മനസ്സിലാക്കുമായിരുന്നു.
നാടകങ്ങളും മറ്റു കലാരൂപങ്ങളും ഒക്കെ സമൂഹത്തെയും വ്യക്തികളെയും സാമൂഹിക അന്തരീക്ഷത്തെയും കുറച്ചുകൂടി ഉണർവും ഉന്മേഷവും പോസിറ്റീവ് എനർജി കൊണ്ട് നിറയ്ക്കുന്നതും ഒക്കെ ആകണം. ഒരു സംവിധായകൻ “ഏകാംഗ പോരാളി അല്ല” എന്ന് താങ്കൾ പറഞ്ഞല്ലോ.. അതുപോലെതന്നെ സന്യാസവും, താങ്കൾ ധരിച്ച അഥവാ താങ്കളെ ധരിപ്പിച്ച വിധത്തിലുള്ള ഈ “ഒറ്റക്കഥ” അല്ല .
നിങ്ങൾ നാടകത്തിന്റെ ആവശ്യത്തിലേക്ക് തയ്യൽ കടയിൽ നിന്ന് തയ്പ്പിച്ച് എടുക്കുന്ന പാകമാകാത്ത ഉടുപ്പ് അല്ല സന്യാസ വസ്ത്രം. ഒരുപാട് വർഷങ്ങൾ ആലോചിച്ചു പ്രാർത്ഥിച്ചും പിന്നെയും പിന്നെയും ചിന്തിച്ചും ദൈവകൃപയിൽ മാത്രം ആശ്രയിച്ച് ജീവിതം തമ്പുരാനോട് കൂടെയെന്ന് ഉറപ്പിക്കുമ്പോൾ ആ വ്യക്തിയും ദൈവവും തമ്മിലുള്ള ഉടമ്പടിയുടെ പൂർത്തീകരണമായി സ്വീകരിക്കുന്ന വിശിഷ്ട വസ്ത്രം ആണത്. അങ്ങനെ ഒരാൾ സ്വീകരിക്കുന്ന ആ വസ്ത്രം നിങ്ങൾ നാടകം കഴിയുമ്പോൾ ഊരി മാറ്റുന്നതുപോലെ ഊരി മാറ്റാനും ആവില്ല..
കേരളത്തിന്റെ പ്രകൃതി ഭംഗി കാണാൻ എത്തുന്ന വിദേശികളെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്ന ചില ചീപ്പ് ഗൈഡുകളുടെ കാര്യം കേട്ടിട്ടുണ്ട്. ഈ തട്ടിപ്പിനിരയായ ഒരു സായിപ്പ് ഇനി മേലാൽ താൻ കേരളത്തിലേക്കില്ല എന്ന് തീരുമാനിച്ച് തിരിച്ചു പോയാൽ ആരുടെ ഭാഗത്താണ് തെറ്റ്? ആരാണ് അതിനുത്തരവാദി? സായിപ്പിന്റെ തിരിച്ചുപോക്ക് കൊണ്ട് കേരളത്തിന്റെ പ്രകൃതി ഭംഗി ഇല്ലെന്ന് ആകുമോ? ഈ തട്ടിപ്പ് കാണിച്ച ഗൈഡുകളെ പോലെയാണ് എല്ലാ ടൂറിസ്റ്റ് ഗൈഡുകളും എന്ന് നമുക്ക് വിലയിരുത്താനാവുമോ? ആലോചിക്കുക.
ഇനി മറ്റൊരു കാര്യം.
ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളെ പരിശുദ്ധം ആക്കണമോ മലിനമാക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. സന്യാസിനി ആയാലും പുരോഹിതനായാലും വിവാഹജീവിതം നയിക്കുന്നവൻ ആയാലും ഏകസ്ഥ ജീവിതം നയിക്കുന്നവർ ആയാലും അത് അങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സ്വന്തം ജീവിതത്തെ കക്കുകളി ആക്കണമോ അതോ കർമ്മനിരതമാക്കണമോ എന്ന് അവനവന് തീരുമാനിക്കാം.
ജീവിതാന്തസ് ഏതുമായിക്കൊള്ളട്ടെ പൗരോഹിത്യമോ സന്യാസമോ വിവാഹ ജീവിതമോ എല്ലാ ജീവിതത്തിന്റെ പരിസരങ്ങളിലും ഇരുൾ ഉണ്ട്. ഇരുട്ടിന്റെ മറവിൽ നീളുന്ന കരങ്ങളും ഉണ്ടാകാം.
എല്ലാ കരങ്ങൾക്കും വെള്ളനിറം അല്ല കേട്ടോ.
പക്ഷേ വെളിച്ചത്തിൽ മാത്രം നിലനിൽക്കാൻ, നീതി സൂര്യനും നിത്യപ്രകാശവുമായ തമ്പുരാന്റെ വെളിച്ചത്തിൽ ചുവടുറപ്പിക്കാൻ, അതിന്റെ കിരണങ്ങൾ എത്തുന്ന പരിസരം വിട്ട് അകലാതെ ഉറച്ചുനിൽക്കാൻ ഒരു പുരോഹിതനോ, സമർപ്പിതയോ, വിവാഹ ജീവിതം നയിക്കുന്ന വ്യക്തിയോ തീരുമാനിച്ചാൽ എല്ലാ കക്കുകളികളുടെ ഇരുട്ടും അവസാനിക്കും.. അവിടെ കഥയ്ക്ക് മറ്റൊരു പേര് വരും “കബഡികളി”.
അതെ “കബഡി, കബഡി, കബഡി” എന്ന് ശ്വാസം വിടാതെ ഉരുവിട്ട് എതിരാളിയുടെ കളത്തിലേക്ക് സൂക്ഷ്മതയോടും ഉറച്ച കാൽവയ്പ്പൊടും കൂടി നടന്ന് അടുക്കുന്ന പോരാളിയെ പോലെ, “ഈശോ” എന്ന നാമമന്ത്ര ജപവും ആയി ഉറച്ച കാൽവയ്പോടെ, എന്നാൽ, അത്യധികം സൂക്ഷ്മതയോടെ ഈ ലോകം ആകുന്ന എതിരാളിയുടെ കളത്തിലേക്ക് ഇറങ്ങുന്ന പോരാളിയായ സന്യാസിനിയുടെ/ പുരോഹിതന്റെ കഥ.
എതിരാളിയുടെ സ്പർശനമേൽക്കാതെ എതിരാളിയെ സ്പർശിച്ച് തിരികെ സ്വന്തം കളത്തിൽ എത്തുന്നവനെ പോലെ ഈ ലോക മാലിന്യമേൽക്കാതെ ലോകത്തിന് കരുണാ ശുശ്രൂഷ ചെയ്തു തമ്പുരാന്റെ കുരിശിൻ ചുവട്ടിൽ തിരികെ അഭയം തേടുന്ന സമർപ്പിതയുടെ/ പുരോഹിതന്റെ കഥ. ഇങ്ങനെയൊരു കഥ എഴുതണമെങ്കിൽ അല്പം കൂടി ആഴത്തിലേക്ക് വലയിറക്കണം. തീരത്തുനിന്ന് കേൾക്കുന്ന കഥയല്ല പ്രിയപ്പെട്ടവരെ സന്യാസം.
ഞങ്ങളുടെ സന്യാസ ഭവനങ്ങളിലേക്ക് ഒരു സൗഹൃദ സന്ദർശനത്തിനായി എങ്കിലും നിങ്ങളൊന്ന് കടന്നു വരൂ … കുറച്ചുകൂടി അടുത്തുനിന്ന് നേരിട്ട് കണ്ട് സന്യാസത്തെ മനസ്സിലാക്കി കഥയെഴുതു. അപ്പോൾ ഇരുൾ മാറും.. രാക്ഷസ നൃത്തങ്ങൾ അവസാനിക്കും. സന്യാസ വസ്ത്രത്തിന് നാടകത്തിൽ ആണെങ്കിലും കുറച്ചുകൂടി പവിത്രത കൈവരും..
ആരോടും പിണക്കമോ പരിഭവമോ ഒന്നുമില്ലാതെ സാധിക്കുന്ന നന്മ ചെയ്ത് കടന്നു പോകുന്നവരല്ലേ ഞങ്ങൾ?? എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്??? ആയിരം സമർപ്പിതർ വഴിതെറ്റിയ കണക്കുകൾ, വിവാദങ്ങൾ ഒക്കെ നിരത്തുമ്പോഴും ബാക്കി 39000 പേരുടെ ജീവിത വെളിച്ചം നിങ്ങൾ എന്തേ കാണാതെ പോകുന്നു? ആയിരം ശുദ്ധജല തടാകങ്ങളിൽ നിന്ന് കുടിവെള്ളം ശേഖരിക്കാം എന്നിരിക്കെ.. ഞങ്ങൾ ഓടയിലെ അഴുക്കുവെള്ളം മാത്രമേ കുടിക്കൂ എന്ന് വാശി പിടിച്ചിട്ട് ലോകം മുഴുവൻ അഴുക്കു വെള്ളം ആണെന്ന് വിളിച്ചു പറയുന്നതാണോ കേരളത്തിലെ കലാകാരന്മാരുടെ സാംസ്കാരിക നവോത്ഥാനം?
ഇനിയും പറഞ്ഞാൽ അധികമാകും.
എല്ലാവരോടുമായി……,
ഒറ്റ ഉറപ്പെ ഈ ജീവിതയാത്രയിൽ ഞങ്ങൾക്കുള്ളൂ… അത് അവൻ തരുന്ന ഉറപ്പാണ് ഞങ്ങളെ വിളിച്ച ക്രിസ്തു എന്ന ഏക ഉറപ്പ്.. “മരണത്തിന്റെ നിഴൽ വീണ താഴ് വര യിലൂടെയാണ് ഞങ്ങൾ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞങ്ങൾ ഭയപ്പെടുകയില്ല” (സങ്കീ.23:4)
മണിപ്പൂരിൽ പീഡനം ഏൽക്കുന്ന സഹോദരങ്ങൾക്കു വേണ്ടി ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.. പീഡനത്തിന്റെ നാളുകളിൽ ധീരതയോടെ വിശ്വാസം ജീവിക്കാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ… അതി വിദൂരം അല്ലാത്ത ഒരു കാലത്ത് നമ്മളും ഇതേ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന് എന്താണ് ഉറപ്പ്??
ഒപ്പം താനൂർ ബോട്ട് അപകടത്തിൽ.. അല്ല “കേരള മോഡൽ അശ്രദ്ധ” യിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാജ്ഞലികൾ…
ഏത് കമ്മീഷൻ വന്നാലും അവർ തിരികെ വരില്ലല്ലോ.
“കബഡികളി” എന്ന നല്ലൊരു നാടകത്തിനുള്ള കഥാ തന്തു കക്കുകളി നാടക ടീമിന് ലഭിക്കട്ടെ എന്ന ആശംസയോടെ പ്രാർത്ഥനയോടെ..
39000… ത്തിൽ പരം സമർപ്പിത സഹോദരങ്ങൾ..
……………………………………………………
ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് പ്രസ്തുത നാടകത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അത്തരമൊരു അവകാശവാദത്തിൽ തെല്ലും കഴമ്പില്ല എന്ന് കേരളത്തിലെ സന്യസ്തരെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള ഏവർക്കും വ്യക്തതയുള്ള കാര്യമാണ്.
അപൂർവ്വം ചില അപസ്വരങ്ങളുടെ വികലമായ മാറ്റൊലി എന്നതിനപ്പുറം യഥാർത്ഥ സന്യാസവുമായോ, സന്യസ്തരുടെ ജീവിതവുമായോ ഒരു ബന്ധവുമില്ലാത്ത ഒരു പ്രമേയമാണ് നാടകത്തിനുണ്ടായിരുന്നത്. അതിനാലാണ് കേരളത്തിലെ ക്രൈസ്തവരുടെ ഒരുമയോടെയുള്ള പ്രതിഷേധം നാടകത്തിനെതിരെ ഉയർന്നത്. വിശാലമായ കാഴ്ചപ്പാടിന്റെ അഭാവമാണ് നാടകത്തിനെതിരെയുണ്ടായ പ്രതിഷേധത്തിന്റെ കാരണം എന്ന സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്.
ഇതേ നാടകം തന്നെയോ ഇത്തരം അവഹേളനപരമായ പ്രമേയങ്ങളോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിക്കാൻ തുനിയുന്ന പക്ഷം സന്യസ്ത സമൂഹവും ക്രൈസ്തവരും എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും എന്ന് ഓർമ്മിപ്പിക്കട്ടെ. ജാതിമത ഭേദമന്യേ സകലരെയും ചേർത്തുനിർത്തി സ്നേഹിക്കുന്ന യഥാർത്ഥ സന്യസ്തരെ തിരിച്ചറിഞ്ഞ് അത്തരം പ്രമേയങ്ങൾ നാടകമായി അവതരിപ്പിക്കാനും സമൂഹത്തിന് ശരിയായ സന്ദേശവും പ്രചോദനവും നൽകുവാനും അവരെ സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു.
“കക്കുകളി” എന്ന നാടകം സന്യസ്ത സമൂഹത്തിനും അതുവഴി ക്രൈസ്തവ സമൂഹത്തിനും ഏൽപിച്ച ആഘാതം തിരിച്ചറിഞ്ഞ് യുക്തമായി പ്രതികരിച്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കത്തോലിക്കാ ബാവയ്ക്കും മറ്റു മെത്രാന്മാർക്കും, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി അച്ചനും, കെസിഎംസ്, കെസിബിസി ജാഗ്രത കമ്മീഷൻ നേതൃത്വങ്ങൾക്കും, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർക്കും, കേരളത്തിലെ സിആർഐ യൂണിറ്റുകൾക്കും, കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ് തുടങ്ങിയ സംഘടനകൾക്കും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത സുമനസുകൾക്കും, സന്യസ്തർക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങൾക്കും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. By- വോയ്സ് ഓഫ് നൺസ്.