Bishop Thomas Tharayil
കൽദായവത്കരണം എന്നാക്ഷേപിക്കുന്നതു കൽദായ പാരമ്പര്യത്തിൽ രൂപമെടുത്ത കുർബാന ചൊല്ലിക്കൊണ്ട് തന്നെ വേണോ? സീറോ മലബാർ സഭ പോലെ തന്നെ ഉള്ള ഒരു അപ്പസ്തോലിക സഭയാണ് കൽദായ സഭയും. അവരെ ഒരു കാര്യവും ഇല്ലാതെ ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് നാം ചിന്തിക്കണം.
കൽദായ സഭയും സീറോ മലബാർ സഭയും പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് ഉപയോഗിക്കുന്നത്. നാലാം നൂറ്റാണ്ടുമുതൽ നമ്മൾ ഉപയോഗിക്കുന്നത് ഈ ആരാധനാക്രമമാണ്. ലത്തീൻ മെത്രാന്മാർ വന്നപ്പോൾ പോലും അവർ ഈ ആരാധനാക്രമത്തിൽ ഏതാനും മാറ്റങ്ങൾ വരുത്തിയെന്നെയുള്ളൂ. അല്ലാതെ പൗരസ്ത്യ സുറിയാനി (കൽദായ) ആരാധനക്രമത്തെ പാടെ മാറ്റിയില്ല.
ചുരുക്കത്തിൽ കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതു പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമമാണ്. എന്ന് മാത്രമല്ല, ഇന്ന് കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ അനാഫൊറയും നമ്മുടെ കുർബാനയിലേതാണ്. അതിനെക്കുറിച്ചു നാം അഭിമാനിക്കുകയല്ലേ വേണ്ടത്?
അപ്പസ്തോലികകാലഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ആരാധനക്രമം ഉപയോഗിക്കുന്നതിനെ ‘കല്ദായവൽക്കരണം’ എന്ന് വിളിച്ചു ആക്ഷേപിക്കാൻ ചെറുപ്പക്കാരെ പരിശീലിപ്പിക്കുമ്പോൾ ആരാധനക്രമം എന്താണ് എന്ന് കൂടി അവരെ ഒന്ന് പഠിപ്പിക്കേണ്ടേ? നമ്മുടെ ദുരഭിമാനങ്ങൾക്കു കൽദായ സഭയെന്തു പിഴച്ചു? നമ്മുടെ ലത്തീൻ സഹോദരങ്ങൾ റോമൻ ആരാധനാക്രമമാണുപയോഗിക്കുന്നതു.
ലങ്കര സഹോദരങ്ങൾ അന്ത്യോക്യൻ ആരാധനാക്രമവും. അവരെല്ലാം അവരുടെ ആരാധനാക്രമത്തെ ആദരവോടെയാണ് കാണുന്നത്. നമ്മൾ മാത്രമെന്തേ ഇങ്ങനെ?
കത്തോലിക്കാ സഭ കൂട്ടായ്മയിലെ എല്ലാ സഭകളും ഓരോ രാജ്യത്തും ഓരോ കുര്ബാനയൊന്നുമല്ല ചെല്ലുന്നത്. പ്രദേശികതക്കും അതീതമാണ് ആരാധനാക്രമങ്ങൾ. ആറ് അപ്പസ്തോലിക ആരാധനാക്രമപാരമ്പര്യങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്: ലത്തീൻ, പൗരസ്ത്യ സുറിയാനി (കൽദായ), അന്ത്യോഖ്യൻ, ബൈസന്റൈൻ, അലക്സാൻഡ്രിയൻ, അർമേനിയൻ. ഈ ആരാധനാക്രമങ്ങളാണ് ലോകത്തെല്ലായിടത്തുമുള്ള 24 വ്യക്തിസഭകളും ഉപയോഗിക്കുന്നത്.
നമുക്ക് ജയിക്കാൻ വേണ്ടി നമ്മളെന്തിനാണ് നമ്മെത്തന്നെ തള്ളിപ്പറയുന്നത്?
ഇനി “കല്ദായവത്കരണം” എന്നാക്ഷേപിക്കുന്നതിനു മുൻപ് ഒന്നോർക്കുക: ഇന്ന് രാവിലെ നിങ്ങൾ അർപ്പിച്ച കുർബാനയും കൽദായ അഥവാ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലുള്ളതായിരുന്നു. അതത്ര മോശമാണോ?
സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കി. ഒരു എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും?
പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപത്തിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം… എന്നിട്ടും അവരാരും അത് ചെയ്തില്ല. കാരണം മാർപ്പാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നൊരു ബോധ്യവും തങ്ങൾ ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണവ്രതപ്രഖ്യാപനത്തിന്റെ ശ്രേഷ്ഠതയും അവരുടെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം…
മാത്രമല്ല, കന്യാസ്ത്രീകളെ പോലും മാർപ്പാപ്പയോടുള്ള വിധേയത്വത്തിനെതിരായി നിരത്തിലിറക്കണമെങ്കിൽ ഒത്തിരി തെറ്റുധാരണകൾ പരത്താതെ സാധിക്കില്ല താനും. ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപ്പാപ്പാക്കെതിരെ നിരത്തിലിറങ്ങില്ല.
ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സ്നേഹപൂർവ്വം നമ്മോടു ആവശ്യപ്പെട്ടത് പരിശുദ്ധ ഫ്രാൻസിസ് പപ്പാ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെ!
എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!!
എന്തിനു വേണ്ടിയാണിതെല്ലാം???
സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം നടപ്പാക്കണമെന്ന് പറഞ്ഞു. അത് രൂപതയോടുള്ള മഹാ പാതകമാണത്രെ… സഭയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ ഐക്യം വേണമെന്ന് പറയുന്നത്…ഒരു കൂട്ടം വൈദികരുടെ ദുരഭിമാനത്തെ സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു!!!
കിട്ടാനുള്ള പണത്തിനു ഈടായി ഭൂമി വാങ്ങി ഇട്ടിട്ടുണ്ട്.
അത് വിറ്റാൽ കടം തീരും! അപ്പോൾ ഞങ്ങൾ ഇത്ര നാൾ ഉയർത്തിപ്പിടിച്ച വാദങ്ങൾ തെറ്റിപ്പോകുമല്ലോ… അതുകൊണ്ടു കള്ളത്തരങ്ങളുടെ കൊട്ടാരം പണിതു, വചനവേദികളിൽനിന്നു കള്ളത്തരങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞു, കുറെ നല്ല മനുഷ്യരെ തെറ്റുധരിപ്പിച്ചു വിശ്വാസവിരുദ്ധ സംഗമം നടത്തുന്നു. എന്റെ ഈശോയുടെ മൗതിക ശരീരമാകുന്ന സഭ മനസാക്ഷി ഇല്ലാത്ത ഒരു കൂട്ടം വൈദികരുടെ കരുണയില്ലാത്ത പകതീർക്കലിൽ സമൂഹത്തിൽ പരിഹാസവിഷയമാകുന്നതിൽ ഒത്തിരി ദുഖമുണ്ട്…
എങ്കിലും എല്ലാ സഹനങ്ങളെയും മഹത്വമാക്കുന്ന കർത്താവ് ശക്തനാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ കർത്താവ് ഈ സഭയെ കൈവിടില്ല. അവിടുന്ന് ജീവിക്കുന്ന ദൈവമാണ്.
മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കാൻ ഒത്തിരി യുവജനങ്ങളെയും കുട്ടികളെയും നിരത്തിലിറക്കുമെന്നും കേൾക്കുന്നു. ഇന്ന് നിങ്ങൾ വിജയിച്ചേക്കാം…നിങ്ങളോടുള്ള സ്നേഹത്തെപ്രീതി അവരൊക്കെ വരുമായിരിക്കും…
പക്ഷെ അവരുടെ മനസ്സിൽ സഭയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും സഭാമേലധ്യക്ഷന്മാരെക്കുറിച്ചും ഉടലെടുക്കുന്ന നിഷേധാത്മക ചിന്തകൾ അവരുടെ വിശ്വാസ ജീവിതത്തെ ഭാവിയിൽ തകർത്താൽ നിങ്ങളല്ലേ ഉത്തരവാദികൾ? ആ പാപക്കറ ആര് മായ്ച്ചു കളയും?
കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? എല്ലാ പ്രദേശങ്ങളിലും നിന്നുള്ളവർ സന്തോഷമായി ജീവിക്കുന്ന ഇടവകകളിൽ ഇത്തരം പ്രാദേശികവാദം ദീർഘകാലാടിസ്ഥാനത്തിൽ സമൂഹങ്ങളെ ചിതറിക്കില്ലേ?