ജിൽസ ജോയ്
“കർത്താവ് അരുളിച്ചെയ്യുന്നു. കൈചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്സിലുറപ്പിക്കുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക ; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക. അവിശ്വസ്തയായ മകളെ, നീ എത്രനാൾ അലഞ്ഞുതിരിയും?” (ജെറെമിയ 31:21-22)
ദൈവവുമായി ഒന്നായി ജീവിക്കുന്നതിന്റെ സന്തോഷവും സമാധാനവും വിസ്മയവും ധാരാളം അനുഭവിച്ച് കുറേക്കാലം… അത് കഴിഞ്ഞ്, പ്രാർത്ഥന കുറഞ്ഞ് ദൈവത്തിൽ നിന്നകന്ന് കുറേക്കാലം..
ഈ രണ്ട് എക്സ്ട്രീമുകളും എന്റെ ലൈഫിൽ മാറി മാറി പലപ്പോഴും വന്നിട്ടുണ്ട്.
ദൈവത്തിൽ നിന്നകലുന്നതിന്റെ മുന്നോടിയാണ് പ്രാർത്ഥനയിലുള്ള അലംഭാവം. യഥാർത്ഥ പ്രാർത്ഥന വാക്കുകളിൽ മാത്രമുള്ളതല്ല, മനസ്സിലും ഹൃദയത്തിലും കൂടി നടത്തുന്ന ആന്തരിക പ്രാർത്ഥനയാണല്ലേ. ദൈവം നമ്മുടെ അടുത്ത് സന്നിഹിതൻ ആണെന്നും നമ്മുടെ പ്രാർത്ഥന കേൾക്കപ്പെടുന്നുണ്ട് എന്നുമുള്ള ഉത്തമബോധ്യം ഉണ്ടാകുന്നത് അവനുമായുള്ള അടുപ്പത്തിൽ നിന്നാണ്. ഹൃദയത്തിലെ ജ്വലനത്തിൽ നിന്നാണ് ഞാനത് തിരിച്ചറിഞ്ഞിരുന്നത്.
ദൈവത്തിൽ നിന്നകലുമ്പോൾ നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിലെത്തുന്നുണ്ടെന്ന നമ്മുടെ ഉറപ്പും കുറയും. സഹനങ്ങൾ ലാഭകരമാക്കാനുള്ള താല്പര്യം കുറയും. പരാതികൾ കൂടും. Self Pity കൂടിവരും. എന്തിനാ ഞാനിങ്ങനൊക്കെ സഹിക്കുന്നെ? അവർ അനീതി ചെയ്യുവല്ലേ? ദൈവം കണ്ണിലാത്തവനാണോ എന്ന ചിന്തകൾ. ഒപ്പം പാപങ്ങളും കൂടും… മുമ്പ് ജെബൽ അലി ഫ്രീ സോണിലെ lob ബിൽഡിങ്ങുകളിലൊന്നിൽ അഞ്ചു കൊല്ലത്തിലധികം ജോലി ചെയ്തിരുന്നു.
കോർപറേറ്റ് ഓഫീസുകൾ മാത്രമുള്ള ആ ബിൽഡിങ്ങിൽ അതൊഴിച്ച് ഭക്ഷണം കഴിക്കാനുള്ള പാൻട്രിയും പിന്നെ വാഷ്റൂമും ഉള്ളു എന്നതുകൊണ്ടും എന്റെ ഭർത്താവ് എന്റെ ഡ്യൂട്ടി ടൈം ആകുന്നതിനു വളരെ മുൻപേ എന്നെ അവിടെ ഡ്രോപ്പ് ചെയ്തിരുന്നത് കൊണ്ടും ലേഡീസ് വാഷ്റൂമിലേ വലിയ കണ്ണാടിക്ക് മുന്നിൽ ഏറെ നേരം ചിലവഴിക്കേണ്ടി വന്നിരുന്നു.
ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന, തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ത്രീയുമായി കുറച്ചൊക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി അവൾ ക്രിസ്ത്യാനിയും നന്നായി പ്രാർത്ഥിക്കുന്ന ആളും ഒക്കെയാണെന്ന്.
ഒരു ദിവസം, ഓഫീസിലെ ചില പ്രശ്നങ്ങളെ കുറിച്ചും വീട്ടിലെ കുറച്ചു കാര്യങ്ങളെ പറ്റിയുമൊക്കെ അവളോട് പറഞ്ഞു. അവൾ പറഞ്ഞു, “പണ്ട് നീ വാഷ്റൂമിൽ നിന്ന് കുറേനേരം പ്രാർത്ഥിക്കുന്ന കാണാറുണ്ട്. അതെനിക്ക് വലിയൊരു ഇൻസ്പിരേഷൻ ആയിരുന്നു. അതൊക്കെ ഇപ്പൊ എവിടെ പോയി? ” എന്ന്. (അവൾ പെന്തക്കോസ്ത് വിഭാഗത്തിൽ പെട്ട ആളായിരുന്നു കേട്ടോ)
അപ്പോഴാണ് ഞാനും ഓർത്തത്, ശരിയാ. വേറെ എവിടെയും പോകാൻ സ്ഥലമില്ലാത്തത് കൊണ്ട്, വാഷ് റൂമിൽ കണ്ണാടിക്ക് മുമ്പിൽ കണ്ണടച്ച് നിന്നായിരുന്നു പ്രാർത്ഥന.
ആരാധനയും സ്തുതിപ്പും നന്ദിപറച്ചിലും സങ്കീർത്തനങ്ങൾ മനപാഠമാക്കിയുള്ള പ്രാർത്ഥനയും പിന്നെ കൊന്ത ചൊല്ലലും അങ്ങനങ്ങനെ. അതിനിടയിൽ പലപല കമ്പനികളിലെ പല പല രാജ്യങ്ങളിൽ നിന്നുള്ള ലേഡീസ് സ്റ്റാഫുകൾ വാഷ്റൂം ഉപയോഗിച്ചു മെയ്ക്കപ്പ് ചെയ്തൊക്കെ പോകുന്നുണ്ടാവും. സഹനങ്ങൾ ഉണ്ടെങ്കിലും കർത്താവിനോട് കൂടെയാണെങ്കിൽ, നമുക്ക് വേറെ ആരോടും ഒന്നും പറയേണ്ടി വരില്ല. അവൻ, അവന്റെ സാന്ത്വനം.. അത് മതിയാകും.
ഒപ്പം മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി നമ്മുടെ സഹനങ്ങൾ, പ്രാർത്ഥനകൾ, കാഴ്ച വെക്കുന്നതിന്റെ ഒരു ചാരിതാർത്ഥ്യവും. പക്ഷെ അവനിൽ നിന്ന് എപ്പോൾ അകലുന്നുവോ അപ്പോൾ മുതൽ മറ്റുള്ളവരോട് നമ്മുടെ സങ്കടങ്ങളും സഹനങ്ങളും പറയാനും ആശ്വാസം തേടാനും തുടങ്ങും.
അവനോടൊന്നായി ജീവിക്കുമ്പോൾ, ആത്മാവ് വഴി നടത്തുമ്പോൾ മുന്നറിയിപ്പുകൾ തരേണ്ടപ്പോൾ തരാൻ അവൻ ഒട്ടും അമാന്തിക്കാറില്ല. ഒരാളെ പരിചയപ്പെടുമ്പോൾ, സംസാരം കൂടുതൽ ആകുമ്പോൾ, അത് ഏതെങ്കിലും വിധത്തിൽ എന്റെ ആത്മീയജീവിതത്തിനു മുഷിച്ചിൽ ആകുമെങ്കിൽ അപ്പോൾ ഉണ്ടാവും ഹൃദയത്തിൽ ഒരു അപായസൂചന.
അതുപോലെ കർത്താവിനിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യുമ്പോഴും, ഒട്ടും സംശയിക്കാത്ത ചിന്തകളിലൂടെ സാത്താൻ രംഗപ്രവേശം ചെയ്യാൻ നോക്കുമ്പോഴും ഒക്കെ അപായമണി മുഴങ്ങും.അത് തിരിച്ചറിഞ്ഞ് അപ്പോൾ തന്നെ അതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ, ആ മുന്നറിയിപ്പ് പലവട്ടം അവഗണിച്ചു തന്നിഷ്ടം പ്രവർത്തിച്ചാൽ പയ്യെ പയ്യെ അത് കേൾക്കാതെ ആവും…ഞാൻ കർത്താവിൽ നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കും.
മുന്നറിയിപ്പ് അവഗണിച്ചപ്പോഴൊക്കെ എനിക്ക് പണി കിട്ടിയിട്ടുമുണ്ട്. പണ്ടൊരിക്കൽ ഒരാളെപ്പറ്റിയുള്ള ഈ മുന്നറിയിപ്പ് അവഗണിച്ചു ഞാൻ മുന്നോട്ടു പോയപ്പോൾ അന്ന് കുർബ്ബാനയിലെ ലേഖനഭാഗം റോമാ.16:17-19) ആയിരുന്നു. കേട്ടപ്പോൾ തോന്നി അതെന്നോട് കർത്താവ് സംസാരിക്കുകയാണെന്ന്. എന്നിട്ട് പോലും ഞാൻ അനുസരിക്കാഞ്ഞത്, കുറച്ചു ധനനഷ്ടത്തിൽ ആണ് കലാശിച്ചത്. ഓരോ നന്മപ്രവൃത്തികൾക്ക് എന്നും പറഞ്ഞോണ്ട് ആള് പൈസ കടം മേടിച്ചത് പറ്റിക്കൽ ആയിരുന്നെന്നു അറിയാൻ ഇത്തിരി വൈകി. ധനസഹായം ചെയ്യുമ്പോഴും കർത്താവിന്റെ ഇഷ്ടം അന്വേഷിക്കണം. കൊടുക്കരുതെന്ന് പറഞ്ഞാൽ കൊടുക്കരുത്.
ജപമാല ചൊല്ലുന്നത് പാപത്തിനെതിരെ, പ്രലോഭനങ്ങൾക്കെതിരെ ഉള്ള നല്ലൊരു സംരക്ഷണമാണ്. പാപം ചെയ്യലും മനസ്സിരുത്തി ജപമാല ചൊല്ലലും.. രണ്ടും ഒന്നിച്ചു നടക്കില്ല. ഒരു സമയത്ത് ഏതെങ്കിലും ഒന്ന്. ജപമാല ഭക്തിയോടെ ചൊല്ലുന്നവരെ കർത്താവുമായുള്ള അടുത്ത ബന്ധത്തിൽ മാതാവ് കാക്കും. അതെനിക്ക് ഉറപ്പുള്ള കാര്യമാണ് ആരെന്തൊക്കെ പറഞ്ഞാലും. ഞാനെപ്പോഴൊക്കെ ഈശോയുമായുള്ള അടുപ്പത്തിൽ നിന്ന് താഴെ പോയിട്ടുണ്ടോ അതിനൊക്കെ മുൻപ് ജപമാല ചൊല്ലുന്നത് നിന്നുപോയിട്ടുണ്ട്.
യേശുവുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നവർക്ക് (ഇപ്പോൾ ഇല്ലെന്നു തോന്നുന്നവർക്ക്) ‘യേശു പ്രാർത്ഥന’ വളരെ ഗുണം ചെയ്യും കേട്ടോ. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ‘കർത്താവായ യേശുക്രിസ്തുവെ, ദൈവപുത്രാ, പാപിയായ എന്നോട് കരുണയായിരിക്കണമേ’ ഇതാണ് യേശു പ്രാർത്ഥന എന്നറിയപ്പെടുന്നത്. ആദിമസഭാപിതാക്കന്മാർ മുതൽ കുറെയേറെ വിശുദ്ധർ ഇതിന്റെ പ്രചാരകർ ആയിരുന്നു. വാചികപ്രാർത്ഥനയായ ഇത് ഉച്ചരിക്കുന്നതിനൊപ്പം അർത്ഥം മനസ്സിലാക്കിയും അനുഭവിച്ചു മനസ്സിലും ഹൃദയത്തിലും കൂടി പ്രതിധ്വനിക്കപ്പെടുമ്പോൾ ഇത് മാനസികപ്രാർത്ഥനയായി മാറുന്നു.
ദീർഘമായ അഭ്യാസത്തിലൂടെ വാക്കുകൾ ഇല്ലാതാകുന്നു. ആന്തരികപ്രാർത്ഥന മാത്രം അവശേഷിക്കുന്നു. കൂടെക്കൂടെ ഉള്ളിൽ തട്ടി ഇത് ആവർത്തിക്കുമ്പോൾ ദൈവത്തോടൊപ്പം ആയിരിക്കുന്നതിന്റെ ഒരു ജ്വലനം, സ്നേഹചൂട് അനുഭവപ്പെടാൻ തുടങ്ങും. അനുതാപവും എളിമയും ലഭിക്കും. തുടർന്ന് നടക്കേണ്ട വഴികൾ, ചൊല്ലേണ്ട പ്രാർത്ഥനകൾ എല്ലാം ഈശോ തന്നെ കാണിച്ചു തരും. ഇതിനെപ്പറ്റി കൂടുതൽ ഫിലോക്കാലിയയിൽ ദൈവശാസ്ത്രജ്ഞർ എഴുതിയിട്ടുണ്ട്. ഒപ്പം കൂദാശാധിഷ്ഠിതമായ ജീവിതവും ജപമാലയും തിരുവചനവായനയും…ദൈവവുമായുള്ള ആഴമേറിയ അടുപ്പത്തിലേക്ക് നയിക്കുമെന്ന് എനിക്കുറപ്പാണ്.
വിശുദ്ധ ബെർണാർഡ് ഏറ്റവും ശക്തമായി നിർദ്ദേശിക്കുന്ന ലഘുപ്രാർത്ഥന യേശുനാമം ഉച്ചരിക്കലാണ്. യേശു എന്ന നാമത്തിന്റെ ശക്തിയെ പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു, ” യേശു എന്ന നാമം പ്രകാശത്തേക്കാൾ വലുതാണ്. അത് ആഹാരമാണ്. അത് കൂടെക്കൂടെ ഓർമ്മിക്കുമ്പോൾ ശക്തി വർദ്ധിക്കുന്നതായി നിനക്ക് തോന്നുന്നില്ലേ?ഒരു മനുഷ്യനെ ഇത്ര മാത്രം സമ്പന്നനാക്കാൻ വേറെ ഏത് നാമത്തിനാണ് കഴിയുന്നത്? ദ്രോഹിക്കപ്പെട്ട ഇന്ദ്രിയങ്ങൾക്ക് നവോന്മേഷം നൽകാൻ, സദ്ഗുണങ്ങളെ താങ്ങിനിർത്താൻ, നല്ലതും നീതിനിഷ്ഠവുമായ ശീലങ്ങൾക്ക് ശക്തി നൽകാൻ, നിർമ്മലമായ താല്പര്യങ്ങളെ പോഷിപ്പിക്കാൻ, അതിനുള്ള ശക്തിക്ക് തുല്യമായി എന്താനുള്ളത്?…
നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതുക, അത് യേശുവിനെപ്പറ്റി പറയുന്നില്ലെങ്കിൽ ഞാൻ അത് ആസ്വദിക്കുകയില്ല. നിനക്ക് ഇഷ്ടമുള്ളതിനെക്കുറിച്ച് സംസാരിക്കുകയോ വാദിക്കുകയോ ചെയ്യുക, യേശുവിന്റെ നാമം ഒഴിവാക്കിയാൽ ഞാനത് ആസ്വദിക്കുകയില്ല. യേശു എനിക്ക് വായിൽ തേനും ചെവിയിൽ സംഗീതവും ഹൃദയത്തിൽ ഗാനവുമാണ്”.
പ്രാർത്ഥന ആത്മാവിനുചുറ്റും വേലിയാണ്. ശത്രുവിന്റെ കൂരമ്പിൽ നിന്നും ജഡത്തിന്റെ ആസക്തിയിൽ നിന്നും ലോകത്തിന്റെ ആകർഷണങ്ങളിൽ നിന്നുമുള്ള സംരക്ഷണം. അതുകൊണ്ടാണ് ശത്രു വരാൻ തുടങ്ങുമ്പോഴേക്ക്, നമ്മൾ ശരിയായ പാതയിൽ നിന്ന് വ്യതിചലിക്കുമ്പോഴേക്ക് മുന്നറിയിപ്പ് കിട്ടുമെന്ന് പറഞ്ഞത്.
പക്ഷെ എന്റെ കാര്യത്തിൽ മിക്കപ്പോഴും സംഭവിക്കാറുള്ളത് പൗലോസ് ശ്ലീഹ കൊറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിൽ പറയുന്ന പോലെ, കട്ടിയായ ഭക്ഷണം കഴിക്കാനുള്ള പക്വത പ്രാപിക്കാതെ…പിന്നെയും പിന്നെയും താഴെ പോയി പാൽ കുടിക്കാറാകുമെന്നുള്ളതാണ്. സ്ഥിരത ഇല്ലാത്തത് കൊണ്ടാണത് . പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവർക്കേ വിശുദ്ധിയിൽ, ദൈവവുമായുള്ള അടുപ്പത്തിൽ ഏറെ മുന്നേറാൻ പറ്റൂ.
അതുകൊണ്ട് തുടക്കത്തിൽ പറഞ്ഞതുപോലെ കൈചൂണ്ടികളും വഴികാട്ടിയുമൊക്കെ ഉപയോഗിച്ച് ഈശോയുടെ അടുത്തേക്ക് തിരിച്ചുപോകേണ്ട അവസ്ഥയിലാണ് ഇപ്പോൾ. പിന്നെ ഇതൊക്കെ പറയുന്നത് ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് വെച്ചാണ് കേട്ടോ. ഞാൻ എഴുതിയത് എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ്. പലതും മറ്റുള്ളവർക്ക് വിവരക്കേടായി തോന്നിയേക്കാം.
ബെനഡിക്റ്റ് പതിനാറാമൻ പാപ്പ കർദ്ദിനാൾ റാറ്റ്സിംഗർ ആയിരുന്നപ്പോൾ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, ദൈവത്തിലേക്കെത്താൻ എത്ര വഴികളുണ്ടെന്ന്. എത്രയോ പേരുണ്ടോ ഈ ലോകത്ത്, അത്രയും വഴികൾ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അതായത് ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടൽ വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അത് ചിലർക്ക് സോഷ്യൽ മീഡിയയിൽ ചിരിക്കാനും പരിഹസിക്കാനുമുള്ള വഴിയൊരുങ്ങുന്നത് അതുകൊണ്ടാണ്. പക്ഷെ നമ്മൾക്ക് ആ അനുഭവമില്ലെങ്കിൽ അത് ആർക്കും ഉണ്ടാകില്ല എന്ന് വിചാരിക്കുന്നത് തെറ്റാണ്.
ഞാൻ കൃപാസനം മാതാവിന്റെ അടുത്ത് പോയിട്ടില്ല. പക്ഷെ അവിടെ പോയ ചിലർ മാതാവ് ഉത്തരം പറഞ്ഞുകൊടുത്തു പരീക്ഷക്ക് ജയിച്ചെന്ന പോലെയുള്ള അനുഭവങ്ങൾ വിവരിക്കുമ്പോൾ പരിഹസിക്കേണ്ട കാര്യമില്ല. ദിവ്യകാരുണ്യത്തിൽ നമ്മൾ ഈശോയെ കാണുബോൾ ചിലർക്ക് അത് വെറും അപ്പം മാത്രമായാണ് തോന്നുന്നത്. അതുപോലെയല്ലേ ഇതൊക്കെ . നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ ) “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവ്വനകാലത്ത് സൃഷ്ടാവിനെ അനുസരിക്കുക ” ( സഭാ 12:1).