ഇന്ന് നാം കേൾക്കുന്ന ചങ്കു പറിക്കുന്ന ഒരു നിലവിളിയുണ്ട് ” എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു ” ദൈവപുത്രൻ എന്നു പറയപ്പെടുന്നവൻ പുലമ്പുന്നു – ദൈവം തന്നെ ഉപേക്ഷിച്ചെന്ന്. ദൈവം ഇത്ര ക്രൂരനോ? ചില നേരങ്ങളിൽ നമുക്കു തോന്നും ദൈവം ഒരു സാഡിസ്റ്റാണെന്ന്.
അപരന്റെ വേദനയിൽ സന്തോഷമനുഭവിക്കുന്ന ഒരു കഠിന ഹൃദയനോ എന്റെ ദൈവം? എന്തിനാണ് ദൈവം തന്റെ പുത്രനെ ക്രൂരമായ മരണത്തിന് ഏല്പിച്ചത്?
പക്ഷേ, ക്രിസ്തു പിതാവിൽ നിന്നും മറ്റൊരാളല്ല, ക്രിസ്തുവിന്റെ വേദന പിതാവിന്റെ വേദന തന്നെയാണ്. അപ്പോൾ നമ്മുടെ ചോദ്യം മാറ്റേണ്ടി വരും – എന്തിനാണ് ദൈവം മരിച്ചത്?
എന്തുകൊണ്ട് ദൈവം മരിക്കേണ്ടി വന്നു?
അതിന്റെ കാരണം കിടക്കുന്നത് ഉല്പത്തിയിലെ ആദി പാപത്തിൽ. അതൊരു പഴം പറിച്ചു തിന്ന സംഭവമല്ല. മനുഷ്യൻ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു ആദ്യമായി നടത്തിയ തിരഞ്ഞെടുപ്പാണ്. അന്ന് നടത്തിയ തിരഞ്ഞെടുപ്പ് ചില പ്രഖ്യാപനങ്ങൾ കൂടിയായിരുന്നു –
പഴം ഭക്ഷിച്ചാൽ മരിക്കില്ല – അർഥം ദൈവം ഒരു നുണയനാണ്.
പഴം ഭക്ഷിച്ചാൽ കണ്ണു തുറക്കപ്പെടും – ദൈവം മനുഷ്യന് വെളിച്ചത്തെ നിഷേധിച്ച ഒരാളാണ്.
പഴം ഭക്ഷിച്ചാൽ ദൈവത്തെ പോലെയാകും – ദൈവം അസൂയാലുവാണ്.
എന്നാൽ പിശാചോ ? എന്റെ സ്നേഹിതൻ, സത്യസന്ധൻ, എന്റെ നന്മ കാംക്ഷിക്കുന്നവൻ.
ആ നിമിഷം ദൈവത്തിന്റെ കൈ ഉപേക്ഷിച്ച് പിശാചിന്റെ കൈ പിടിക്കുന്ന നേരമായിരുന്നു. ദൈവത്തെക്കാൾ വിശ്വാസം എനിക്കു പിശാചിനെയാണെന്ന് ഏറ്റുപറയലായിരുന്നു.
പക്ഷേ, യഥാർഥത്തിൽ സംഭവിച്ചതോ ?
മനുഷ്യൻ മരണത്തിന്റെ ആധിപത്യത്തിലായി. പിശാചിന്റെ അധീനതയിലായി. ഇനി ദൈവത്തിന് അവന്റെ മേൽ അവകാശമില്ല.
പാപം അതിന്റെ ആദിമദർശനത്തിൽ കൊതിപ്പിക്കുന്നതാണ്. എന്നാൽ അതിന്റെ ഫലം ദുരിതവും. ഉദാ:മദ്യപാനം, പുകവലി. സുഖദമായ ചില അനുഭവങ്ങൾ പാപത്തിന്റെ അവകാശമായുണ്ട്. പക്ഷേ, വില കൊടുക്കേണ്ടിവരും.
കഥ – നരകത്തിന്റെ പരസ്യം –
അങ്ങനെ ദൈവത്തിന് പകരം പിശാചിനെ വിശ്വാസിക്കാൻ , അവന്റെ കൈ പിടിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് നമ്മെ ഭയപ്പെടുന്ന മരണവും ജീവിതത്തിന്റെ ക്ലേശവും.
പക്ഷേ, മനുഷ്യനെ അങ്ങനെ നിത്യമായ ശാപത്തിന്റെ കീഴിലാക്കുവാൻ ദൈവം ആഗ്രഹിച്ചില്ല. താൻ നല്കിയ ആദിമ സന്തോഷത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് തിരികെ ആനയിക്കുവാനാശിച്ചു. അതിനു ദൈവം കണ്ടെത്തിയ പരിഹാരമായിരുന്നു ക്രിസ്തുവിന്റെ മനുഷ്യാവതാരം.
പക്ഷേ, എന്തിന് ക്രിസ്തു മരിക്കേണ്ടി വന്നു?
പാപത്തിന്റെ ഫലമാണ് സഹനവും മരണവുമെന്നു നമുക്കറിയാം. ജീവിതത്തിന്റെ ക്ലേശങ്ങളൊക്കെയും മനുഷ്യ ജീവിതത്തിലേക്കു പ്രവേശിക്കുന്നത് അങ്ങനെയാണ്. പക്ഷേ, മനുഷ്യന് സ്വയം തന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക സാധ്യമല്ല.
ഉദാ: അഗാധമായ ഗർത്തത്തിൽ വീണയാൾ, അഗ്നിയാളുന്ന കെട്ടിടത്തിനുള്ളിൽ പെട്ടൊരാൾ , തുറങ്കിൽ അടയ്ക്കകപ്പെട്ടയാൾ – പുറത്തുനിന്ന് മറ്റൊരാൾ സഹായിക്കണം. മനുഷ്യൻ മരണത്തിന്റെ അടിമയായതുകൊണ്ട് മനുഷ്യകുലത്തിന് പുറത്തു നിന്നൊരാൾ മനഷ്യനാകണം, അവനോടൊപ്പം മരണത്തിന്റെ ആഴത്തിലേക്കിറങ്ങണം, അതിൽ നിന്ന് പുറത്തു കടക്കാൻ കെല്പുണ്ടാവുകയും വേണം. അതിനാലാണ് ക്രിസ്തു മരിക്കേണ്ടി വന്നത്.
ക്രിസ്തു പകരക്കാരനായിരുന്നു :
നാമൊക്കെയും മരിക്കാതിരിക്കാൻ ക്രിസ്തു മരിച്ചു. അതിന്റെ നിഴൽ പഴയ നിയമത്തിൽ കിടപ്പുണ്ട് – അബ്രഹാമിന് തന്റെ മകനു പകരമായി ബലിയർപ്പിക്കാൻ മുൾച്ചെടികൾക്കിടയിൽ കൊമ്പുടക്കിക്കിടന്ന കുഞ്ഞാട് ക്രിസ്തുവിന്റെ നിഴലാണ്. ഇസ്രായൽ ജനത സംഹാരദൂതനിൽ നിന്ന് രക്ഷപ്പെടാൻ കട്ടിളപ്പടിയിൽ തളിക്കാനായി ബലികഴിച്ച പെസഹാ കുഞ്ഞാട് ക്രിസ്തുവിന്റെ നിഴലാണ്. അവൻ പകരക്കാരനാണ്. ഞാൻ മരിക്കാതിരിക്കാൻ അവൻ എന്റെ ജീവിതബലി മേശയിൽ തന്നെ അർപ്പിച്ചു.
ഇത് വിലപിക്കേണ്ട ദിനമല്ല :
നമ്മുടെ ജീവിതത്തിന്റെ മഹത്ത്വം എന്താണെന്ന് വെളിപ്പെട്ട ദിനമാണ്. ദൈവം തന്റെ ജീവനർപ്പിച്ച് വീണ്ടെടുക്കാൻ തക്ക വിലയുള്ളതാണ് ഞാൻ. ആരോ എനിക്കു വില തന്നില്ല എന്നു പരാതിപ്പെട്ട് മരിച്ചാ മതി എന്നു പുലമ്പുന്ന നമ്മെ നോക്കി വചനം പറയുന്നു ” തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” ആരാണ് ഈ ലോകം ? ഞാനാണ് അത്. എനിക്കു വേണ്ടിയാണ് ദൈവം തന്നെത്തന്നെ നല്കിയത്.
ഇത് വിലപിക്കേണ്ട ദിനമല്ല. ദൈവത്തോട് സ്നേഹം തോന്നേണ്ട ദിനം. ദൈവത്തിന് തന്റെ ജീവനെക്കാൾ വിലയുള്ളതാണ് ഞാനെന്ന് തിരിച്ചറിഞ്ഞ ദിവസമാണിന്ന്. ഇത് ആഘോഷിക്കേണ്ട ദിനമാണ്. ഒരു കൊടിച്ചിപ്പട്ടിയുടെ വില പോലും ഇല്ലെന്നു തോന്നിയിരുന്ന എനിക്കിനി സന്തോഷിക്കാം. ദൈവത്തോളം വില ദൈവം എനിക്കു നല്കിയിട്ടുണ്ട് എന്ന്.
പ്രാർഥിക്കാം: ഈശോയേ, എന്റെ ജീവിതത്തിന്റെ മഹത്ത്വമറിഞ്ഞു ജീവിക്കാൻ എന്നെ സഹായിക്കണമേ. ആമേൻ.
By, Fr. Shinto Veleeparambil