Midhun Thomas
വിയാനി ദിനത്തിന്റെ ഈ സന്ധ്യയിൽ എന്റെ ഒരു കൂട്ടുകാരനുമായുള്ള ചാറ്റിങ്ങിൽ അവൻ എന്നോട് ചോദിച്ച ചോദ്യം ആണത്….
ഉടനെ ഒരു മറുപടി കൊടുത്തു…
” നിന്റെ സ്വന്തം പിതാവിനെ എന്തെങ്കിലും മോശമായി ആരെങ്കിലും പറഞ്ഞാൽ നീ കൈയും കെട്ടി നോക്കി ഇരിക്കോ……????”
“അതോ എന്തെങ്കിലും ചെയ്യോ……???”
“അത് ചെയ്യും… പക്ഷെ അതും ഇതും എന്താ ബന്ധം….!!!”
അതെ, ചിലപ്പോൾ കത്തോലിക്കരായ നമ്മളൊക്കെ പുരോഹിതരെ പറ്റി നിസ്സാരമായി ചിന്തിക്കുന്നത് കൊണ്ടാണ് അവർക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്ഥാനത്തെ പറ്റി വലിയ രീതിയിൽ ധ്യാനിക്കാത്തത് കൊണ്ടാകാം അവരെ മാധ്യമങ്ങൾ ഇങ്ങനെ ദ്രോഹിക്കുമ്പോൾ നമ്മളൊക്കെ മിണ്ടാതിരിക്കുന്നത്…..
ഒരു കത്തോലിക്കന്റെ ജീവിതത്തിൽ അവനെ ജന്മപാപത്തിൽ നിന്നും മുക്തനാക്കി സഭയുടെ ഗർഭപാത്രത്തിൽ അവനു ജന്മം കൊടുക്കുന്നത് മുതൽ തുടങ്ങുന്നു ഒരു കത്തോലിക്കനും പുരോഹിതനും തമ്മിലുള്ള ബന്ധം…..
വളർച്ചയുടെ ഘട്ടങ്ങളിൽ പാപത്തിൽ വീഴുമ്പോൾ പാപകറകൾ കഴുകി കളഞ്ഞു നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു…..
പരിശുദ്ധാത്മാവിനെ നൽകി അഭിഷേകം നിറക്കുന്നു….
ലോകരക്ഷകനെ പരിശുദ്ധ കുർബാനയർപ്പണത്തിലൂടെ കൈയിൽ എടുക്കുന്നു… നമുക്ക് ഈശോയെ പ്രദാനം ചെയുന്നു…
രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു…..
വിവാഹത്തിന് ഈശോയുടെ പ്രതിനിധിയായി നമ്മുടെ മുന്നിൽ നിൽക്കുന്നു….
അവസാനം, നമ്മൾ മരിക്കുമ്പോൾ നമ്മളെ ഈശോക്ക് വേണ്ടി….., സഭക്ക് വേണ്ടി നമ്മെ സ്വീകരിക്കുന്നതും ഒരു പുരോഹിതൻ ആണ്…….
മരണത്തിന് ശേഷവും നമുക്ക് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കാൻ കൂടെ നില്കുന്നു…
ഒരു കത്തോലിക്കന്റെ ജീവിതത്തിലെ എല്ലാ നിർണ്ണായക നിമിഷങ്ങളിലും അദ്ദേഹം സാക്ഷി ആകുന്നു….
ഇത്ര മാത്രം നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട പുരോഹിതൻ നമുക്ക് എങ്ങനെ അന്യനാകുന്നത്…..???
കുറവുകൾ ഉണ്ടാകാം ഓരോ പുരോഹിതനും…… കാരണം അവരും മനുഷ്യർ അല്ലെ…….
നമ്മുടെ അപ്പന്മാർ കുറവുകൾ ഉള്ളവരാണെങ്കിൽ നമ്മൾ നാലാൾ കൂടുന്ന സ്ഥലത്ത് അദ്ദേഹത്തെ അപമാനിക്കുമോ……..???
ഇല്ല….
കാരണം മക്കൾക്ക് ചേരുന്ന ഒന്നല്ല അത്….
അപ്പന്റെ നഗ്നത ആഘോഷിക്കാൻ ഉള്ളതല്ല…
അതെ,ഒരു കത്തോലിക്കനായ എനിക്ക് മാത്രം അല്ല ഓരോ കാത്തോലിക്കനും നോവണം അവന്റെ ആത്മീയ അപ്പന്മാരെ പറയുമ്പോൾ……
ഈ അപ്പന്മാർക്ക് വേണ്ടി പ്രാർത്ഥിക്കണം….
കുടുംബപ്രാർത്ഥനയിൽ ഒരിക്കലും വിട്ടുകളയരുത് നമ്മുടെ ഈ ആത്മീയ അപ്പന്മാരെ….
നമുക്ക് പ്രാർത്ഥിക്കാം……
“നിർമ്മല ഹൃദയത്തോടും പരിശുദ്ധ മനസാക്ഷിയോടുകൂടെ അങ്ങേക്ക് ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികർക്കും ശെമ്മാശന്മാർക്കും മറ്റു വിശ്വാസികൾക്കും പ്രദാനം ചെയ്യണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു…… “
ഒരിടവകപള്ളിയെ തീർത്ഥാടനകേന്ദ്രമാക്കാൻ അവിടെ വിശുദ്ധനായ ഒരു പുരോഹിതൻ മതി…. വിശുദ്ധ ജോൺ മരിയ വിയാനി നമ്മളോട് പറയുന്നത് അതാണെന്ന് പലപ്പോഴും തോന്നാറുണ്ട്….
ആഴ്സ് പോലെയുള്ള ഒരിടവകയിലേക്ക് ഈ വിശുദ്ധനായ വികാരിയച്ചൻ കടന്നുചേന്നപ്പോൾ ഇതാ ഇന്നും ആ ഇടവകപള്ളി അനേകം പേരുടെ ആശ്രയമായി മാറുന്നു….
മാലാഖാമാർ പോലും ഭയഭക്തിയോടെ ഒരു പുരോഹിതനു മുന്നിൽ കുമ്പിടും…പരിശുദ്ധ മാതാവ് ഈശോയെ ഉദരത്തിൽ സംവഹിച്ചപ്പോൾ വൈദികർ അവനെ കരങ്ങളിൽ എടുക്കുന്നു… വാഴ്ത്തി വിഭജിച്ച് നമുക്കായി വിളമ്പുന്നു….
വിശുദ്ധ കുർബാനയിലൂടെയും അനുരഞ്ജന കൂദാശയിലൂടെയും തുടങ്ങി എത്രയോ കൂദാശകളിലൂടെയാണ് നമ്മെ ഒരു പുരോഹിതൻ സഭയുമായും നമ്മുടെ കർത്താവുമായും കൂട്ടായ്മയിൽ വളർത്തുന്നത്….
ഒരു പുരോഹിതൻ കൂട്ടായ്മയുടെയും അനുരഞ്ജനത്തിന്റെയും വക്താവാണ്….
ഭൂരിപക്ഷം വരുന്ന വിശുദ്ധരായ വൈദികർ തന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ച് താൻ ആയിരിക്കുന്ന ഇടവകകളിലും രൂപത കൂട്ടായ്മയിലും ആശ്രമങ്ങളിലുമെല്ലാം കൂട്ടായ്മക്ക് വേണ്ടി പരിശ്രമിക്കുന്നു….വിശ്വാസികൾക്കും മെത്രാനും സഭക്കും ദൈവത്തിനുമിടയിലെ വിശ്വസ്ഥരായ പാലങ്ങൾ ആയി വർത്തിക്കുന്നു…
സ്വന്തം ജീവനെപോലും അവഗണിച്ചു സഭയും സമുദായം നേരിടുന്ന ഭീഷണികൾക്കെതിരെ സംസാരിക്കുന്ന എത്രയോ മെത്രന്മാർ പുരോഹിതർ നമുക്കിടയിലുണ്ട്….!
എന്നാൽ ചെറിയ ഒരു ന്യൂനപക്ഷ വൈദികരെങ്കിലും ഭിന്നതയുടെ അപ്പസ്തോലന്മാർ ആയി മാറുന്നതും നമ്മൾ കാണുന്നുണ്ട്….സഭയുടെ പൊതുവായ കൂട്ടായ്മക്കെതിരെ സംസാരിക്കുന്നവർ, മെത്രന്മാർക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കുന്നവർ, മാധ്യമങ്ങളിൽ വലിയ ആളാവൻ വേണ്ടി സഭയെയും സമുദായത്തെയും ഒറ്റികൊടുക്കുന്ന പുരോഹിതർ പോലും നമുക്കിടയിൽ ഉണ്ടെന്നുള്ളതും മറക്കുന്നില്ല….
ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഭാഗാത്രത്തിന് പ്രത്യേകിച്ച് വളർന്നു വരുന്ന തലമുറക്ക് വലിയ മുറിവ് ഇവയെല്ലാം ഉണ്ടാക്കുന്നുണ്ട്…..
പ്രാർത്ഥിക്കാം….
ആദ്യമേ പറഞ്ഞതുപോലെ ഒരിടവകയിൽ വിയാനി അച്ചനെ പോലെയുള്ള ഒരു വികാരിയച്ചൻ ഉണ്ടെങ്കിൽ ഒരു വിശ്വാസിയും മറ്റൊരിടം തേടില്ല….ഏതൊരു കത്തോലിക്കാ വിശ്വസിയുടെ ആദ്യത്തെ ധ്യാനകേന്ദ്രം അവന്റെ ഇടവകപള്ളി തന്നെയാണ്…. ആത്മീയപിതാവ് അവന്റെ വികാരിയും….
ഒരു വിശ്വാസിക്ക് അവന്റെ വികാരിയച്ചൻ ഇടവകപള്ളിയിൽ ഉണ്ടെന്നറിയുന്നത് തന്നെ എത്രയോ വലിയ ആശ്വാസമാണ്….
വിയാനി പുണ്യാളൻറെ ജീവിതത്തിൽ അദ്ദേഹത്തെ പുകഴ്ത്തിയും വിമർശിച്ചുമുള്ള കത്തുകൾ കിട്ടിയപ്പോൾ വിമർശിച്ച കത്താണ് അദ്ദേഹത്തിന് കൂടുതൽ ഊർജം പകർന്നതെന്നുള്ള ഒരു സംഭവം വായിച്ചതും ഓർമ്മവരുന്നു…..
തന്നെ നല്ല രീതിയിൽ വിമർശിക്കുന്നവരെ കാരുണ്യത്തോടെ കരുതലോടെ കരുതാൻ പുരോഹിതർക്ക് സാധിക്കണം….
വിമർശിക്കുന്നവരെ അതെ നാണയത്തിൽ തിരിച്ചടിക്കാതെ അത്തരത്തിലുള്ളവരോട് കൂടുതൽ പരിഗണന കാണിക്കണം…..അവരുടെ വിമർശനം ശെരിയാണോ എന്ന് ചിന്തിക്കുകയും തന്റെ പ്രവർത്തന രീതിയിൽ അതിന് തക്കതായ മാറ്റങ്ങൾ വരുത്തണമെന്നും വിയാനി അച്ചൻ അടിവരയിട്ട് കാണിക്കുന്നു…..
ഫേസ്ബുക് കൂട്ടായ്മയിലും എനിക്ക് നേരിട്ടും പരിചയമുള്ള എല്ലാ പുരോഹിതർക്കും ഈ പുണ്യപിതാവിന്റെ തിരുനാൾ ആശംസകൾ……
എന്റെ എല്ലാ വിശുദ്ധ ബലികളിലും എനിക്ക് മാമോദിസ നൽകിയ മംഗലൻ അച്ചൻ മുതൽ ഇന്ന് വരെ എനിക്ക് വിവിധ രീതിയിൽ കൂദാശകളിലൂടെയും അല്ലാതെയും ഒരുപാട് ഒരുപാട് കരുതിയ സ്നേഹിച്ച നിങ്ങളെല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു….. പ്രാർത്ഥിക്കുന്നു……..
ഒരു കത്തോലിക്കന്റെ ജീവിതത്തിൽ അവന്റെ മാമോദിസ മുതൽ മരണവും അതിന് ശേഷവും ആരുമില്ലെങ്കിലും ഒരു പുരോഹിതൻ ആവശ്യമാണ്…….
“എത്ര സമുന്നതമിന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട്ട സ്ഥാനം….”