ജപമാല ചൊല്ലിയാൽ നിത്യശിക്ഷയില്ല… കാര്‍ക്കസോണിനടുത്ത് വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. ഭൂതോച്ചാടന വേളയില്‍ 15,000 പിശാചുക്കള്‍ ബാധിച്ചൊരു വ്യക്തിയെ വിശുദ്ധന്റെ അടുത്ത് കൊണ്ടുവന്നു. ജപമാലയുടെ 15 രഹസ്യങ്ങളെ ആക്രമിച്ചിരുന്ന വ്യക്തിയാണ് അയാളെന്ന് ഡൊമിനിക്കിന് മനസിലായി.
ഈ സമയം ഡൊമിനിക്ക് തന്റെ കഴുത്തില്‍ കിടന്ന ജപമാല എടുത്ത് അയാളുടെ കഴുത്തിലിട്ടു.
സ്വര്‍ഗത്തിലെ സകല വിശുദ്ധരിലും വച്ച് ഏറ്റവുമധികം ഭയപ്പെടുന്നത് ആരെയാണെന്ന് ഡൊമിനിക്ക് അയാളോട് ചോദിച്ചു. അതിന് ഉത്തരം നല്കാന് അയാളില്‍ പ്രവേശിച്ച പിശാചുക്കള്‍ സമ്മതിച്ചില്ല. ഈ സമയം വിശുദ്ധ ഡൊമിനിക് മുട്ടുകുത്തി നിന്ന് പരിശുദ്ധ അമ്മയോട് മാധ്യസ്ഥം യാചിച്ചു. ഡൊമിനിക്കിന്റെ പ്രാര്‍ത്ഥന കേട്ട് മാതാവ് അവിടെയെത്തി.
തന്റെ കയ്യിലെ സ്വര്‍ണ്ണദണ്ഡുകൊണ്ട് പൈശാചിക ആവേശമുണ്ടായിരുന്ന മനുഷ്യനെ പ്രഹരിച്ചിട്ട് മാതാവ് പറഞ്ഞു, ‘എന്റെ ദാസനായ ഡൊമിനിക്കിന് ഉടന്‍ ഉത്തരം നല്‍കുക.’
അപ്പോള്‍ പിശാചുക്കള്‍ ഇങ്ങനെയാണ് മറുപടി നല്‍കിയത്. ‘യേശുക്രിസ്തുവിന്റെ മാതാവ് സര്‍വ്വശക്തയാണ്. അവള്‍ക്ക് തന്റെ ദാസരെ നരകത്തില്‍ പതിക്കുന്നതില്‍ നിന്ന് രക്ഷിക്കാനാകും. സ്വര്‍ഗത്തിലെ സകലവിശുദ്ധരെയുംകാള് കൂടുതല്‍ ഞങ്ങള്‍ അവളെ ഭയപ്പെടുന്നു.
അവളുടെ വിശ്വസ്തരായ ദാസരുടെ പക്കല്‍ ഞങ്ങള്‍ക്ക് ഒരു വിജയവും ഇല്ല. മരണസമയത്ത് അവളെ വിളിച്ചപേക്ഷിക്കുന്ന ഒട്ടേറെ ക്രിസ്ത്യാനികള്‍ ഞങ്ങളുടെ സാധാരണ നിലവാരമനുസരിച്ച് യഥാര്‍ത്ഥത്തില്‍ ശിക്ഷക്ക് വിധിക്കപ്പെടേണ്ടവരാണെങ്കില്‍ പോലും അവളുടെ മാധ്യസ്ഥശക്തിയാല്‍ രക്ഷിക്കപ്പെടുന്നു. അവളുടെ ശക്തി ഞങ്ങളുടെ ശക്തിക്കെതിരായി നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ എത്രയോ നാള് മുമ്പേ സഭയെ കീഴടക്കി അതിനെ നശിപ്പിക്കുമായിരുന്നു.
അങ്ങനെയെങ്കില്‍ സഭയിലെ സന്യാസസമൂഹങ്ങളെല്ലാം തെറ്റിലേക്കും ക്രമക്കേടിലേക്കും പതിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയേനേ. ജപമാല ചൊല്ലുന്നതില്‍ സ്ഥിരതയോടെ നിലനില്ക്കുന്നവരാരും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. കാരണം അവള് തന്റെ ദാസര്‍ക്ക് പാപങ്ങളെ പ്രതിയുള്ള യഥാര്‍ത്ഥ മനസ്താപത്തിന്റെ വരപ്രസാദം നേടികൊടുക്കും. ഇതില്‍ അവര്‍ ദൈവത്തിന്റെ പാപപൊറുതിയും കാരുണ്യവും നേടും.’
തുടര്‍ന്ന് വിശുദ്ധനും ജനക്കൂട്ടവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ഈ സമയം പിശാച് ബാധിതന്റെ ശരീരത്തില്‍നിന്നും ചുട്ടുപഴുത്ത കല്‍ക്കരിയുടെ രൂപത്തില്‍ ഓരോ വലിയ കൂട്ടം പിശാചുക്കള്‍ പുറത്തുപോകാന്‍ തുടങ്ങിയത്രേ!
അതോടെ അയാള്‍ സന്തുഷ്ടനായി ജപമാലയോടൊപ്പം മുന്നേറുവാനും തുടങ്ങി.
ഡൊമിനിക്കിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.
“കൃത്യമായി ജപമാല ചൊല്ലുന്നവരാരും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല!”
By, Jaimom Kumarakam