റിന്റോ പയ്യപ്പിള്ളി
ചോദ്യം വായിക്കുന്നവരിൽ പകുതിയിലേറെ പേരും പരാജയപ്പെട്ടു പോകാവുന്ന ചോദ്യങ്ങളിലൊന്ന്… അത് രക്ഷപ്പെട്ടു പോന്നവർക്കായി അടുത്തൊരു ചോദ്യം… അങ്ങനെ മാമോദീസ തന്ന് നിങ്ങളെ വിശ്വാസജീവിതത്തിലേക്ക് ആദ്യമായി സ്വീകരിച്ച, നിങ്ങളെ സഭയുടെ അംഗമാക്കിയ ആ വൈദികന് വേണ്ടി ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രാർത്ഥിച്ചീട്ടുണ്ടോ?
”ഞാൻ എല്ലാ വൈദീകർക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അതിൽ ആളും പെട്ടോളും”
എന്ന് ചിലർക്കെങ്കിലും ഉത്തരമുണ്ടാകും.. മുടന്തൻ ന്യായം ആണെന്ന് പറയുന്നവനും കേൾക്കുന്നവനും ഒരുപോലെ മനസിലാവുന്ന ഉത്തരം… ചോദ്യങ്ങൾ ഇനിയുമുണ്ട്… ആദ്യമായി നിന്റെ നാവിലേക്ക് ഈശോയെ തന്ന വൈദികനാര്? ഇടവകയിൽ നിനക്ക് വേണ്ടി ഇന്നോളം പ്രാർത്ഥിച്ച വികാരിമാരിൽ എത്ര പേരെ ഓർമ്മയുണ്ട്??
ചോദ്യങ്ങളുടെ നിര നീളുന്നു…. വിവാഹം കഴിഞ്ഞു പത്തു വർഷം പോലും ആകാത്ത ദമ്പതികളോട് അവരുടെ വിവാഹം നടത്തിയ വൈദികന്റെ പേര് ചോദിച്ചപ്പോ ഉത്തരം കിട്ടിയത് ”മറന്നു പോയി” എന്ന്… കൂടെ ഒരു കൂട്ടിച്ചേർക്കലും… ”അന്ന് വേറൊരു കല്യാണം കൂടി ഉണ്ടായിരുന്നു…ആ കല്യാണത്തിന് വന്ന അച്ചനാ കല്യാണം നടത്തിയത്… ഞങ്ങ വിളിച്ചീട്ടു വന്നതല്ല..”
ഒരു ചെറു ചിരിയോടെ അവർക്ക് മറുപടി കൊടുത്തു… ”നിങ്ങ വിളിച്ചാണെങ്കിലും ഇല്ലെങ്കിലും നിങ്ങടെ വിവാഹം നടത്തി തന്ന ആ പുള്ളിയെ വല്ലപ്പോഴും, ഒന്നൂല്യെങ്കി വിവാഹവാർഷിക ദിനത്തിന് എങ്കിലും ഓർക്കുന്നതു നല്ലതാട്ടോ…” ഇന്ന് വൈദീകരുടെ മധ്യസ്ഥന്റെ തിരുനാളാണ്… വി.ജോൺ മരിയ വിയാനിയുടെ… ഒരുപാട് ദുരിതങ്ങളിലൂടെ കടന്നു പോയൊരു മനുഷ്യൻ… പക്ഷെ അയാൾക്ക് ഒന്ന് മാത്രം മതിയായിരുന്നു… ആത്മാക്കളുടെ രക്ഷ…. അതിനു വേണ്ടി രാപ്പകലുകലോളം അയാൾ പ്രാർത്ഥിച്ചു…
കുമ്പസാരിപ്പിച്ചു… ബലിയർപ്പിച്ചു… ആ ജീവിതം അങ്ങനെ വൈദീകരുടെ മാതൃകയായി മാറി…
ഇന്നുമുണ്ട് ഒരുപാട് വൈദീകർ… മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു പ്രാർത്ഥിച്ചു ജീവിക്കുന്ന മനുഷ്യർ… അവർ പരിപൂർണ്ണരെന്നു അർത്ഥമില്ല…. അവരും മനുഷ്യരാണ്… തെറ്റുകൾ പറ്റാറുണ്ട്… വീണു പോകാറുണ്ട്… ഒറ്റപ്പെട്ടു പോകാറുണ്ട്… പക്ഷെ അതിനർത്ഥം പൗരോഹിത്യത്തിന് വിലയില്ലെന്നല്ല… അവർക്ക് വേണ്ടത് പ്രാർത്ഥനകളാണ്..
എല്ലാവരെയും ഓർക്കാൻ കഴിയണം എന്നില്ല… എങ്കിലും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വൈദീകരെയെങ്കിലും ഇടയ്ക്കെങ്കിലും പ്രാർത്ഥനകളിൽ ഓർക്കാൻ കഴിയട്ടെ… ഇന്നത്തെ ദിനത്തിൽ പ്രത്യേകിച്ചും … വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ… എല്ലാ വൈദികർക്കും പ്രാർത്ഥനയോടെ…