Augustine Christi PDM
വൈകുന്നേരം ഒരു സുഹൃത്തിനെ വിളിച്ചു. നാലുവർഷങ്ങൾക്ക് ശേഷമാണ് ആ സഹോദരനെ വിളിക്കുന്നത്. വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. പക്ഷേ പോകുന്നകാര്യം ഉറപ്പിച്ചട്ടില്ല. കാരണമെന്തെന്ന് വച്ചാൽ ഈശോയോട് ചോദിച്ചപ്പോൾ വേണ്ടെന്നാണ് പറഞ്ഞതത്രെ. എങ്ങനെയാണു ഈശോ പറഞ്ഞതെന്ന് ഞാൻ ചോദിച്ചപ്പോൾ ഏറെ രസകരമായ ഒരു രീതിപറയുകയുണ്ടായി. കാര്യങ്ങൾ അറിയാൻ കുറിയിടുന്നവരുണ്ട് എന്ന് വിശുദ്ധ ബൈബിളിൽ ഒരു വചനമുണ്ട്. (സുഭാഷിതങ്ങൾ 16:33) കൊല്ലപ്പെട്ട യുദാസിന് പകരം അപ്പസ്തോലന്മാർ മറ്റൊരാളെ ഇതേപോലെതന്നെ നറുക്കിട്ടാണല്ലോ കണ്ടെത്തിയത്.
അങ്ങനെ കുറിയിട്ടു നോക്കിയപ്പോൾ വേണ്ടാ എന്നാണ് കിട്ടിയത്. അതുകൊണ്ടു പോകുന്നകാര്യം ഉറപ്പിച്ചട്ടില്ല. ഫൈനൽ തീരുമാനത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകേട്ടപാടേ ഞാൻ അദ്ഭുതപ്പെട്ട് തരിച്ചുനിന്നുപോയി. കാരണം അന്ന് ഉച്ചയ്ക്ക് എന്റെ വ്യക്തിപരമായ ഒരു കാര്യത്തിന് വേണ്ടി ഇതേപോലെതന്നെ പ്രാർത്ഥിച്ചു കുറിയിട്ട് തീരുമാനമെടുത്തിരിയ്ക്കുകയായിരുന്നു ഞാൻ.
ഇത് ഞാൻ സുഹൃത്തിനോട് തുറന്നു പറഞ്ഞു. കൂട്ടുകാരന് ഇത് വലിയൊരു ദൈവാനുഭവമായി. സംസാരത്തിൽ സുഹൃത്ത് ഇപ്രകാരം പറയുകയുണ്ടായി “പ്രാർത്ഥിച്ചു നറുക്കിട്ടപ്പോൾ എനിക്ക് കിട്ടിയതുതന്നെയാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് എനിക്കിപ്പോൾ മനസ്സിലായി. യാതൊരു സാധ്യതയില്ലാതിരുന്ന ഈ ഈ സംഭാഷണത്തിലൂടെ ദൈവാത്മാവ് എന്നോട് സംസാരിക്കുകയായിരുന്നു. ഇതു കേട്ടുകൊണ്ടിരുന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും എനിക്ക് ലഭിച്ചു. പുറത്തുപോവുക എന്നതല്ല മറിച്ചു ദൈവഹിതം നിറവേറ്റുക എന്നതാണ് എന്നെസംബന്ധിച്ചു പ്രധാനം. യേശുവേ നിന്റെ കരുതലിന് നന്ദി.”
കണ്ടില്ലേ സഹോദരങ്ങളെ ഒരു വ്യക്തി ദൈവഹിതത്തോടു വിധേയപ്പെടുന്നവിധം. പ്രിയപ്പെട്ടവരേ നമുക്കെല്ലാവർക്കും ഒരു ഇഷ്ടമുണ്ട്. ശരിതന്നെ. എന്നാൽ ആ ഇഷ്ടം ദൈവേഷ്ടം തന്നെയാകണമെന്ന് നിർബന്ധമില്ല. അത് കണ്ടെത്തുകയും നിറവേറ്റുകയും ചെയ്യണമെന്നാണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്. “കർത്താവിനെ ഭയപ്പെടുന്നവൻ അവിടുത്തെ ഇഷ്ടം അന്വേഷിക്കും.” (പ്രഭാഷകൻ 2:16)
രണ്ടുകാര്യങ്ങൾ ഇതിനെ ആസ്പദമാക്കി എനിക്ക് പങ്കുവയ്ക്കാനുണ്ട്. ഒന്ന്, ദൈവഹിതം അന്വേഷിക്കുകയും അത് നിറവേറ്റുന്നതിൽ ആനന്ദിക്കുകയും ചെയ്യുക. പ്രത്യേകിച്ച് നമ്മളെപ്പോലെയുള്ള യുവജനങ്ങൾ. ബാക്കിയൊന്നും ഇതുനൽകുന്ന സന്തോഷത്തോളം വരില്ലെന്ന് മനസ്സിലാക്കി ദൈവഹിതം ഓരോ നിമിഷവും നിറവേറ്റി ജീവിതത്തെ ചിട്ടപ്പെടുത്തുക. അതെങ്ങനെയെന്ന് മുൻ ലേഖനങ്ങളിൽ നമ്മൾ ചർച്ചചെയ്തതായാണല്ലോ. സിമ്പിളായി പറഞ്ഞാൽ ഈശോയോട് കൂട്ടുകൂടിയാൽ മതി. സംശയം അവനോടുതന്നെ ചോദിക്കുക. കാര്യങ്ങൾ അവൻ നോക്കിക്കോളും. കഴിഞ്ഞത് വിട്ടേക്കുക. ഇനിയങ്ങോട്ടു തുടങ്ങിയാൽ മതി.
രണ്ടാമതായി, സാഹചര്യങ്ങളിലൂടെ ദൈവം നമ്മോടു സംസാരിക്കുമെന്ന കാര്യം ഉറച്ചുവിശ്വസിക്കുക. നമ്മുടെ ചുറ്റുപാടിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ദൈവാത്മാവ് നമ്മോടു സംസാരിക്കും. അത് വിവേചിച്ചറിയാൻ നമുക്ക് പറ്റണമെന്ന് മാത്രം ! പ്രാർത്ഥനയിലുള്ള സ്ഥിരത, പാപങ്ങളെക്കുറിച്ചുള്ള അനുതാപം, ദൈവസ്നേഹം എന്നിവ ഇവയെ സ്വാധീനിക്കുമെന്നതിൽ സംശയംവേണ്ടാ.
ഇൻ സിനു ജേസു എന്ന പുസ്തകത്തിൽ ഈശോയുടെ ഒരു വെളിപ്പെടുത്തൽ ഇപ്രകാരമാണ് – “എന്നോട് കൂടുതൽ ഐക്യപ്പെടുന്നതിന് എന്റെ സ്നേഹപരിപാലനയുടെ സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ഞാൻ സംസാരിക്കും.” (Page 303) പ്രിയ യുവസുഹൃത്തേ, യേശുവിന്റെ പ്രിയ കൂട്ടുകാരാ കൂട്ടുകാരി, നീ നിന്റെ ബെസ്റ്റ് ഫ്രണ്ടിനോടെന്ന പോലെ ഈശോയോട് സംസാരിക്കണമെന്നും അവന്റെ ഇഷ്ടമനുസരിച്ചു ജീവിതം ക്രമപ്പെടുത്തണമെന്നും യേശുവിന്റെ ധന്യനാമത്തിൽ ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുകയാണ്.
കൊച്ചുകൊച്ചുകാര്യങ്ങൾപോലും ഈശോയുടെ ഇഷ്ടം നോക്കി ചെയ്യുക. ഈശോയ്ക്ക് ഇഷ്ടമില്ലെങ്കിൽ ചെയ്യാതെയും ഇരിക്കുക. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന് പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും. (വി മത്തായി 12:48-49).
ഇത് വായിക്കുന്ന എല്ലാവർക്കും ദൈവഹിതം നിറവേറ്റാനും അങ്ങനെ യേശുവിന്റെ സ്വന്തം കുടുംബാംഗമാകാനുമുള്ള കൃപ ഇപ്പോൾ മുതൽ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഞാനൊന്ന് ചോദിക്കട്ടെ, കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ്പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്? ( പ്രഭാഷകൻ 2:10)