ഇന്ത്യയുടെ കോൺസ്റ്റിറ്റ്യൂഷണൽ മതേതരത്വം പ്രതിസന്ധിയിലാണോ? ആണെങ്കിൽ, അതെന്തുതരം പ്രതിസന്ധിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്? ആരൊക്കെയാണ് അതിനുത്തരവാദികൾ? ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണ് എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പൗരാണിക സംസ്കാരവും മത സന്മാർഗ ദർശനങ്ങളും ജനജീവിതവും ആഴത്തിൽ ഉൾക്കൊണ്ടിട്ടുള്ളതും ഭരണഘടനയുടെ അന്തസത്തയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതുമായ മൂല്യങ്ങളാണ് സഹിഷ്ണുതയും സമാധാനപൂർണ്ണമായ സഹവർത്തിത്വവും. അതുകൊണ്ടുതന്നെ മതേതരത്വം എന്ന ആശയത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും സവിശേഷ സ്ഥാനമുണ്ട്.
ഇന്ത്യ മതങ്ങളുടെ ഈറ്റില്ലം
ഇന്ത്യ മതങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമാണ്. നാലു ലോക മതങ്ങൾക്ക് ജന്മംനൽകിയ ഇന്ത്യ, ഇതര ലോക മതങ്ങളുടെ മടിത്തട്ടായും വർത്തിക്കുന്നു. ബഹുസ്വരത ഇന്ത്യൻ പൊതു ജീവിതത്തിന്റെ മുഖമുദ്രതന്നെയാണ്. മതങ്ങളും സംസ്കാരങ്ങളും സമ്മേളിക്കുന്ന സംഗമ ഭൂമിയാണ് ഭാരതം. അതിന്റെ അടിത്തറ പൗരാണികമായ വൈദിക സംസ്കൃതിയും ദാർശനിക പദ്ധതികളുമാണ്. സർവ്വാതിശായിയും നാമരൂപങ്ങൾക്കതീതവുമായ പരബ്രഹ്മം, ഭക്തർക്ക് ഏറ്റവും അനുയോജ്യമായ നാമരൂപങ്ങളിലൂടെ പ്രത്യക്ഷമാകുന്നു എന്ന ബഹുത്വ ദർശനം, ഇന്ത്യയിൽ ‘സർവ ധർമ്മ സമഭാവന’ യുടെ ഒരു സംസ്കാരത്തിനു രൂപം കൊടുത്തു.
ബലവത്തായ ഈ സാംസ്കാരിക അടിത്തറയിന്മേൽ, ആധുനിക യൂറോപ്പിന്റെയും അമേരിക്കയുടെയും അനുഭവങ്ങളെക്കൂടി ചേർത്തുവച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകിയപ്പോൾ, അതിൽ മതേതരത്വം എന്ന ആദർശം ഉയർത്തിപ്പിടിക്കാൻ ഭരണഘടനാ ശിൽപ്പികൾ ശ്രദ്ധവെച്ചത്. ഹൈന്ദവ ബൗദ്ധ സാമ്രാജ്യങ്ങളും ഇസ്ലാമിക ഭരണവും യൂറോപ്യൻ ക്രിസ്ത്യാനികളുടെ കൊളോണിയൽ വാഴ്ചയും പിന്നിട്ട്, ഒടുവിൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോൾ, ഇന്ത്യ ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും രാഷ്ട്രീയ ആദർശങ്ങളാക്കി ചേർത്തുപിടിച്ചു.
മതേതരത്വം എന്ന ആദർശം രൂപപ്പെട്ടതെങ്ങനെ?
മതേതരത്വം എന്ന ആശയം അതിൽത്തന്നെ ഇന്ത്യനാണ് എന്ന് പറഞ്ഞുകൂടാ. യഹൂദ മതംപോലെ, മതത്തിന്റെ ഭാഗമായിത്തന്നെ രാഷ്ട്രധർമ്മത്തെ നിർവചിച്ചിട്ടുള്ള മതമാണ് ഹിന്ദുമതം. ഇതിൽനിന്നും വ്യത്യസ്തമാണ് ‘ദൈവത്തിന്റേതു ദൈവത്തിനും സീസറിന്റേത് സീസറിനും’ എന്ന കാഴ്ചപ്പാട് മുന്നോട്ടു വച്ചിട്ടുള്ള ക്രൈസ്തവ മതത്തിന്റേത്. പതിനെട്ടാം നൂറ്റാണ്ടുമുതലാണ് അതിന്റെ പ്രസക്തിയും പ്രായോഗികതയും പാശ്ചാത്യലോകം ഗൗരവപൂർവ്വം കണക്കിലെടുത്തത്.
‘ദൈവത്തിന്റെ നഗരവും മനുഷ്യന്റെ നഗരവും’ എന്ന ദർശനത്തിൽ സഭയെയും രാഷ്ട്രത്തെയും വേർതിരിച്ചു കാണാനുള്ള പരിശ്രമം വി. അഗസ്റ്റിൻ അഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിവച്ചിരുന്നു. എന്നാൽ എ. ഡി 800 മുതൽ ഏകദേശം ആയിരം വർഷങ്ങൾ യൂറോപ്പിന്റെ ഭൂരിഭാഗവും ഭരിച്ചത് ക്രിസ്ത്യൻ രാജാക്കന്മാരായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ മാർട്ടിൻ ലൂഥർ തുടക്കമിട്ട മത നവീകരണ പ്രസ്ഥാനം ക്രിസ്ത്യൻ യൂറോപ്പിനെ കാത്തലിക് – പ്രൊട്ടസ്റ്റന്റ് എന്നീ വിരുദ്ധ ചേരികളിലാക്കി. 17 , 18 നൂറ്റാണ്ടുകളിൽ നടന്ന മത യുദ്ധങ്ങൾ യൂറോപ്പിനെ രക്തപങ്കിലമാക്കി. രാജാവ് ഏതു പക്ഷത്ത് എന്നതിനെ അടിസ്ഥാനമാക്കി, രാജ്യങ്ങൾ പ്രൊട്ടസ്റ്റന്റും കത്തോലിക്കയുമായി.
അവർ ചേരിതിരിഞ്ഞു യുദ്ധം ചെയ്തു. പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിൽ കത്തോലിക്കരും കത്തോലിക്കാ രാജ്യങ്ങളിൽ പ്രൊട്ടസ്റ്റന്റുകാരും വേട്ടയാടപ്പെട്ടു. ഇങ്ങനെ, മത വിശ്വാസത്തിന്റെ പേരിൽ, മനുഷ്യർ പരസ്പരം പോരാടിയ യൂറോപ്പിന്റെ മണ്ണിലാണ് മതവിമുക്തമായ രാഷ്ട്രീയത്തിനുവേണ്ടിയുള്ള ചിന്തകളും പ്രസ്ഥാനങ്ങളും വളർന്നുവന്നത്. അതിന്റെ പരിസമാപ്തിയാണ് ഫ്രഞ്ച് വിപ്ലവത്തിലും, അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലും കലാശിച്ചത്. മതാധിഷ്ടിത രഷ്ട്രീയം സമ്മാനിച്ച നൂറ്റാണ്ടുകളുടെ സഹനത്തിലൂടെ, ‘മതേതര ജനാധിപത്യം’ എന്ന പ്രായോഗികതയിലേക്കു മനുഷ്യൻ എത്തിച്ചേരുകയായിരുന്നു.
മതേതരത്വവും നവോത്ഥാന ചിന്തയും
മതത്തിന്റെ പേരിൽ ചരിത്രത്തിൽ നടന്ന മനുഷ്യക്കുരുതികളുടെ പശ്ചാത്തലത്തിൽ, മത വിമുക്തമായ രാഷ്ട്രീയത്തിനും ഭരണക്രമത്തിനും വേണ്ടിയുള്ള അന്വേഷണം യൂറോപ്പിൽ ശക്തമായി. ഈ അന്വേഷണ പ്രക്രിയയെ ശക്തിപ്പെടുത്തിയ ചിന്താ സരണിയുടെ പേരാണ് നവോത്ഥാന ചിന്ത! ആയിരം വർഷങ്ങളിലെ അനുഭവങ്ങൾ നൽകിയ അറിവിൽനിന്നും ആധുനിക മനുഷ്യൻ കൊളുത്തിവച്ച വെളിച്ചത്തിന്റെ പേരാണ് നവോത്ഥാനം. മനുഷ്യ ചിന്തയിൽ നടന്ന വിപ്ലവകരമായ ഈ മുന്നേറ്റത്തെയാണ് അവർ പ്രോഗ്രസ്സ് അഥവാ, പുരോഗതി എന്ന് വിളിച്ചത്.
അടിസ്ഥാനപരമായി, അടിമത്തത്തിൽനിന്നും ജനാധിപത്യത്തിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ ചരിത്രപരമായ പരിണാമത്തിന്റെ പേരാണ് പുരോഗതി. മതത്തെ രാഷ്ട്രീയ വിമുക്തമാക്കി അഥവാ, രാഷ്ട്രീയത്തെ മതവിമുക്തമാക്കി എന്നതാണ് ആ പുരോഗതിയുടെ ആണിക്കല്ല്. അതിന്റെ പ്രാഗ്രൂപം പുരാതന ഗ്രീസിലെ തത്വചിന്തകരിലാണ് കണ്ടുമുട്ടാനാവുക. സോക്രടീസും, അരിസ്റ്റോട്ടിലും പ്ളേറ്റോയുമാണ് യുക്തിചിന്തയെ മതത്തിൽനിന്നും വേർപെടുത്തിയത്. ശാസ്ത്രത്തെയും സാമൂഹ്യ പുരോഗതിയെയും മതത്തിന്റെ അനുഷ്ഠാനങ്ങളിൽനിന്നും വേർതിരിച്ചത്.
യഹൂദരുടെ തിയോക്രസിയോടും സീസറിന്റെ സ്വയം ദൈവമാക്കലിനോടും കലഹിച്ച ക്രിസ്തുവും, മതത്തെയും രാഷ്ട്രീയത്തെയും വേറിട്ടുകണ്ടു. പാശ്ചാത്യ നവോത്ഥാനം ക്രിസ്തുവിന്റെ ഈ നിലപാടിനെത്തന്നെയാണ് ആധുനിക ലോകത്തിൽ നവോത്ഥാന വെളിച്ചമായി പ്രതിഷ്ഠിച്ചത്. റൂസ്സോയുടെ പൊളിറ്റിക്കൽ ഫിലോസഫി പുരോഹിതവർഗ്ഗം ഉൾപ്പെട്ട പ്രഭുക്കന്മാരെയും അവർ പ്രതിനിധാനം ചെയ്ത ഫ്യുഡൽ സമ്പ്രദായത്തെയും രാജഭരണത്തെയും നിരാകരിച്ചു. പകരം, തുല്യ സ്വാതന്ത്ര്യമുള്ള പൗരന്മാരുടെ സ്വയം ഭരണം എന്ന ജനാധിപത്യ ഭരണക്രമത്തെ മുന്നോട്ടുവച്ചു.
എന്താണ് മതേതരത്വം?
പോളിറ്റി അഥവാ രാഷ്ട്രീയ ഗാത്രം മതവിമുക്തമായിരിക്കുമ്പോൾത്തന്നെ, മതത്തിന്റെ സ്വകാര്യ ഇടങ്ങളിൽ എല്ലാ പൗരന്മാർക്കും മത സമൂഹങ്ങൾക്കും തുല്യ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ഭരണകൂടം സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടാണ് മതേതരത്വം. ഭരണകൂടം എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കുന്നു എന്നും പറയാം. ഭരണകൂടം മതത്തെ എങ്ങിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചു മതേതരത്വത്തിന് വ്യത്യസ്തമായ മാനങ്ങളും അർത്ഥങ്ങളും ഉണ്ടാകാം. ഒന്നാമതായി, രാഷ്ട്ര വ്യവഹാരത്തിൽ മതത്തിനു പങ്കില്ല എന്ന കാഴ്ചപ്പാടാണ്.
യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിൽ ഇതു മതനിരാസത്തോളം എത്തി. രണ്ടാമതായി, മതത്തിനു രാഷ്ട്രീയത്തിൽ പങ്കില്ല എന്ന തത്വം അംഗീകരിക്കുമ്പോൾത്തന്നെ, മതത്തിനു സമൂഹത്തിലുള്ള പ്രാധാന്യത്തെ അംഗീകരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഈ നയമാണ് അമേരിക്ക പോലുള്ള രാജ്യങ്ങൾ പിന്തുടർന്നു വരുന്നത്. മൂന്നാമതായി, രാഷ്ട്രത്തിലെ ഭൂരിഭാഗം ജനങ്ങളുടെ മത-സാംസ്കാരിക മൂല്യങ്ങളെ ഭരണഘടനാപരമായി പിന്തുണക്കുന്ന കൺഫെഷണൽ മതേതരത്വം അംഗീകരിക്കുന്ന രാഷ്ട്രങ്ങളുണ്ട്.
നാലാമതായി, ഭൂരിപക്ഷത്തിന്റെ മതത്തെ രാഷ്ട്രത്തിന്റെ മതമായി അംഗീകരിക്കുകയും മറ്റു മതങ്ങളോട് സഹിഷ്ണുത ഉറപ്പു വരുത്തുകയും ചെയ്തിട്ടുളള രാഷ്ട്രങ്ങളും യൂറോപ്പിലുണ്ട്. അവസാനമായി, ആധുനിക ഇസ്രയേലിനെപ്പോലെ, മതത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട രാഷ്ട്രത്തിനുള്ളിൽ ഇതര മതങ്ങൾക്ക് അവരുടെ വ്യക്തിനിയമങ്ങൾ പാലിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുള്ള രാജ്യങ്ങളും ‘മതേതരം’ എന്ന് വ്യവച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം ഇതിൽ രണ്ടാമത്തെ നിലപാടുമായി ഒത്തുപോകുന്നതാണ്.
മതേതരത്വം നേരിടുന്ന വെല്ലുവിളിയെന്ത്?
ലോകത്തെങ്ങുമുള്ള ജനാധിപത്യ രാജ്യങ്ങൾ ഇന്നു മതേതരത്വം എന്ന മൂല്യത്തെ ഉയർത്തിപ്പിടിക്കാൻ പാടുപെടുകയാണ്. ഇതൊരു ആഗോള പ്രതിസന്ധിയായി രൂപപ്പെട്ടു വരികയാണ്. പാശ്ചാത്യ രാജ്യങ്ങളിലാണ് ഈ വെല്ലുവിളി ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. ഇതിനുള്ള പ്രധാനകാരണം, സമീപ ദശകങ്ങളിൽ നടക്കുന്ന വൻതോതിലുള്ള കുടിയേറ്റവും അഭയാർത്ഥി പ്രവാഹവുമാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള മുസ്ലിം അഭയാർത്ഥി പ്രവാഹം അവിടങ്ങളിലെ പൊതു സമൂഹത്തിന്റെ പരമ്പരാഗത ജീവിത രീതികളെയും ഭരണഘടനാ മൂല്യങ്ങളെയും സാംസ്കാരിക ഭൂമികയെയും ഗൗരവതരമായിത്തന്നെ ബാധിച്ചിരിക്കുന്നു.
ഭരണഘടനാപരമായി ക്രമീകൃതമായ രാഷ്ട ഗാത്രത്തിൽ, അതിൽനിന്നു വ്യതിരിക്തമായ മൂല്യങ്ങളും ആദർശങ്ങളും ജീവിത ക്രമങ്ങളും മതാനുഷ്ഠാനങ്ങളുമുള്ള ഒരു സമൂഹത്തിന്റെ മത സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കാൻ ഭരണകൂടങ്ങൾ പ്രയാസപ്പെടുകയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും മതേതര സമൂഹങ്ങൾ ഈ പുതിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണ്. നിയമം, രാഷ്ട്രീയം, ഭരണക്രമം എന്നിവയുടെ ഏകകമായി മതത്തെ ദർശിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിൽനിന്നും അഭയാർഥികളായി എത്തിയവർ ആവശ്യപ്പെടുന്ന ‘മത സ്വാതന്ത്ര്യവും’ ‘തുല്യ അവകാശങ്ങളും’, അന്നാട്ടിലെ പൗരന്മാരുടെ പല മൗലിക അവകാശങ്ങളെയും റദ്ദുചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. വിദ്യാഭാസം, അഭിപ്രായ സ്വാതന്ത്ര്യം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ രംഗങ്ങളിൽ വലിയ പ്രതിസന്ധികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ വ്യവഹാരങ്ങളുടെയും മേഖലകളിൽ മതം പ്രധാന വിഷയമായി മാറുകയാണ്.
മതത്തിന്റെ അപ്രമാദിത്വ അവകാശവാദങ്ങളെയും സത്യത്തെ സംബന്ധിക്കുന്ന മാനദണ്ഡങ്ങളെയും മാറ്റിനിർത്തി, യുക്തിയിലും ശാസ്ത്രീയ ബോധത്തിലും രൂപീകൃതമായ സിവിൽ സമൂഹങ്ങൾ നൂറ്റാണ്ടുകൾക്കു പിന്നിൽ തങ്ങൾ ഉപേക്ഷിച്ച ചരിത്ര യാഥാർഥ്യങ്ങളിലേക്കു തിരിച്ചു നടക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലൂടെ കൈവരിച്ച പുരോഗതിയും നവോത്ഥാന മൂല്യങ്ങളും, പുതിയ സാഹചര്യത്തിൽ പരീക്ഷണ വിധേയമാകുന്നു. പാശ്ചാത്യ സമൂഹങ്ങൾ ചെറുതല്ലാത്ത സ്വത്വ പ്രതിസന്ധി നേരിടുകയാണ്.
മതങ്ങൾ പുനർ-രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ
മതേതര രാഷ്ട്രീയം മതവത്കരിക്കപ്പെടുകയും സമൂഹങ്ങൾ മതപരമായ സ്വത്വങ്ങളാൽ തിരിച്ചറിയപ്പെടുകയും ചെയ്യുന്ന പ്രതിഭാസം, യൂറോപ്പിന്റെയും അമേരിക്കയുടെയും മതേതര സങ്കൽപ്പങ്ങളെ കലുഷമാക്കിയിരിക്കുന്നു. ഫ്രാൻസ് 2004 ൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നോരോധിക്കുകയും 2010 ൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുകയും ചെയ്തതിനെ ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ.
മതേതര മൂല്യങ്ങളെ അധാർമ്മികമെന്നും, അപചയമെന്നും വിമർശിക്കുകയും അതിനെതിരെ അക്രമ മാർഗത്തിലൂടെ പോലും പൊരുതണം എന്നു വിശ്വസിക്കുകയും മതത്തിന്റെ ആധിപത്യം സ്ഥാപിക്കാൻ ആസൂത്രിതമായി പ്രവർത്തിക്കുകയും ചെയ്യുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്വാധീനം, പാശ്ചാത്യ ലോകത്തെ മുസ്ലിം സമൂഹങ്ങളെ സമ്പൂർണ്ണമായ അപര വൽക്കരണത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. മതേതര രാഷ്ട്രങ്ങളുടെ സൃഷ്ടിയിലൂടെ യൂറോപ്പ് സ്ഥാപിച്ചെടുത്ത സാമൂഹ്യ സുരക്ഷിതത്വ ബോധവും മാനവികതയുടെ സംസ്കാരവും, സമാധാനപരമായ സഹവർത്തിത്വവും പൊളിറ്റിക്കൽ ഇസ്ലാമിന്റെ കടുത്ത സ്വത്വ രാഷ്ട്രീയത്തിൽ പരീക്ഷിക്കപ്പെടുകയാണ്.
ജനാധിപത്യം സ്വേച്ഛാധിപത്യത്തിനു വഴിമാറുമോ?
മതങ്ങൾ പുനർ-രാഷ്ട്രീയ വൽക്കരണത്തിനു വിധേയമാകുകയും മതേതര സമൂഹങ്ങൾ ഡി-സെക്യൂലറൈസ് ചെയ്യപ്പെടുകയും, ജനങ്ങളുടെ പരമാധികാരം എന്ന സങ്കൽപനത്തിൽനിന്നു രൂപംകൊണ്ട ജനാധിപത്യ സമൂഹങ്ങൾ, ‘ദൈവിക ഭരണം’ എന്ന ആവശ്യത്തിനുമുൻപിൽ, പതറിനിൽക്കുകയും ചെയ്യുമ്പോൾ, ചരിത്രത്തിൽ സ്വേച്ഛാധിപതികൾ ഉദയം ചെയ്യാനുള്ള സാഹചര്യങ്ങൾക്കു കളമൊരുങ്ങിയെന്നു വരാം. മതേതര ജനാധിപത്യ പാരമ്പര്യമുള്ള യൂറോപ്പിലെ പല രാജ്യങ്ങളും ഇന്ന് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. മതേതരത്വം എന്ന ആശയം ലോകത്തെ പഠിപ്പിച്ചത് യൂറോപ്പും അമേരിക്കയുമാണ്.
അമേരിക്കയിൽ പ്രസിഡന്റ് ട്രംപിന് ശേഷം ബൈഡൻ ദുർബലനായ ഭരണാധികാരി എന്ന പേരുദോഷം നേരിടുകയാണ്.ആഗോളതലത്തിൽ വളർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തരായ ഭരണാധികാരികളെയാണ് ലോകം ഉറ്റു നോക്കുന്നത്. ഇത്തരം, ശക്തരായ ഭരണാധികാരികളിൽനിന്നുമാണ് ചിലപ്പോൾ, സ്വേച്ഛാധിപതികളും ഏകാധിപതികളും ഉണ്ടാകുന്നത് എന്നതും വാസ്തവമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയം പടിഞ്ഞാറു പല രാജ്യങ്ങളിലും ശക്തിപ്പെട്ടു വരുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ.
രാഷ്ട്രത്തിന്റെ കരുത്ത് അതിന്റെ ഭരണഘടനയും നിയമ വ്യവസ്ഥയും സാമ്പത്തിക ശക്തിയും സാംസ്കാരിക സമ്പന്നതയും ഒന്നുമല്ല, വെല്ലുവിളികളെ തന്റേടത്തോടെ നേരിടാൻ കഴിയുന്ന ഭരണാധികാരികളാണ് എന്നു ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ചരിത്രപരമായി, സ്വേച്ഛാധിപത്യത്തിലേക്കും, ഏകാധിപത്യത്തിലേക്കും അടിമത്തത്തിലേക്കും തിരിച്ചുനടക്കാനുള്ള ത്വരയാണ് വെളിപ്പെടുത്തുന്നത്. ഇതാണ് യഥാർത്ഥത്തിലുള്ള അപചയം!
ഇന്ത്യയിൽ മതേതരത്വം പ്രതിസന്ധിയിലോ?
ഭരണഘടനാപരമായി, ഇന്ത്യൻ മതേതരത്വം, ലോകത്തിനുതന്നെ മാതൃകയാണ്. എന്നാൽ, ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പേരിൽ, സ്വത്വ രാഷ്ട്രീയം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലും സ്ഥിതി ആശങ്കാ ജനകമാണ്. തീവ്ര ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇടം നേടുകയും, വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ അവരുമായി ധാരണകളും നീക്കുപോക്കുകളുമുണ്ടാക്കാൻ മതേതര പാരമ്പര്യമുള്ള ഇതര രാഷ്ട്രീയ പാർട്ടികൾ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ, ഭൂരിപക്ഷ മത വിഭാഗങ്ങൾ രാഷ്ട്രീയമായ ഏകീകരണത്തിനു ശ്രമിക്കുന്നതിൽ അത്ഭുതമില്ല.
ഇന്ത്യയിൽ ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന് ഒരു നൂറ്റാണ്ടു പഴക്കമുണ്ട്. എന്നാൽ അതൊരു രാഷ്ട്രീയ ശക്തിയായി വളർന്നത് തൊണ്ണൂറുകളിലാണ്. രാഷ്ട്രീയത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുണ്ടായ പരാജയമാണ്, ഹിന്ദു സ്വത്വ രാഷ്ട്രീയവും തീവ്രദേശീയതയും ക്രോണി ക്യാപ്പിറ്റലിസവും കൂടിക്കലർന്ന ബി. ജെ. പി. രാഷ്ട്രീയത്തിന് ഇന്ത്യൻ സമൂഹത്തിൽ പ്രാമുഖ്യം നൽകിയത്. ഒരു കാര്യം അടിവരയിട്ടു പറയാം: രാഷ്ട്രീയത്തിൽ മതപരമായ എല്ലാത്തരം സ്വത്വ വാദവും, ‘മതേതരത്വം’ എന്ന കോൺസ്റ്റിറ്റ്യൂഷണൽ ആദർശത്തിനുനേരെ വെല്ലുവിളി ഉയർത്തുന്നതാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ, മതങ്ങളുടെ രാഷ്ട്രീയവൽക്കരണവും മതേതര രഷ്ട്രീയത്തിന്റെ വർഗീയവൽക്കരണവും രഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ആഴത്തിലുള്ള പഠനം അർഹിക്കുന്നുണ്ട്. കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം, രാഷ്ട്രത്തിന്റെ ഭരണഘടനയും നിയമ വ്യവസ്ഥയും സമാധാന പൂർണ്ണമായ സാമൂഹ്യ ജീവിതവും സുപ്രധാനമായി കരുതാൻ രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും സന്നദ്ധമാകേണ്ടിയിരിക്കുന്നു.
By, ഫാ. വർഗീസ് വള്ളിക്കാട്ട്