സി. റൂബിനി സി.റ്റി.സി
മരണത്തെക്കാൾ ദൈവത്തോടു തീവ്രമായ സ്നേഹത്തിൽ, പ്രണയത്തിൽ ജീവിച്ച എന്റെ പ്രീയപ്പെട്ട സി. വത്സല. ഈശോയെ ഞാൻ റെഡിയാണ്. നീ എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചോളു. ഞാൻ നിന്റടുത്തു വരാൻ Ever റെഡിയാണ് എന്ന് പറഞ്ഞ് കൊണ്ട് ജീവിതത്തെ ജീവിച്ചു തീർത്തു.
എപ്പോഴും ഈശോയെ കാണാൻ കൊതിച്ചിരുന്നു സിസ്റ്റർ വത്സല. ഇപ്പോൾ ഈശോയുടെ അടുത്തിരുന്നു ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. ആ സാന്നിധ്യത്തിൽ ചിരിക്കുന്ന വത്സല സിസ്റ്ററിനെ ഒന്ന് ഇപ്പോൾ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ… ഹൃദയത്തോടും ജീവനോടും ഇത്ര അടുത്തിരുന്ന, അകം മുഴുവനും അടഞ്ഞ് കിടക്കുന്ന സിസ്റ്ററിനെ അവസാന നിമിഷത്തിൽ പോലും തമ്മിൽ ഒരുമിപ്പിച്ച ഈ ഭൂവിൽ നിന്ന് ഈശ്വര സന്നിധിയിലേക്ക് ശുഭയാത്ര ചെയ്യാൻ ഒരുങ്ങിയ നിമിഷങ്ങളിൽ കാണാൻ കഴിയാത്തത് ദൈവഹിതമെന്ന് വിറയലോടെ സമ്മതിക്കുന്നു.
ഒരു ജന്മം മുഴുവനും ഈശോയെ മാത്രം നോക്കി സഞ്ചരിച്ച് ഈ ഭൂമിയിലെ സഞ്ചാരം പൂർത്തിയാക്കി സന്തോഷപൂർവ്വം സിസ്റ്റർ യാത്രയായി. എങ്കിലും സ്നേഹിക്കുന്നവർക്കൊക്കെ ഒരിക്കലും പകരം വയ്ക്കാൻ ആവാത്ത, നേടാനാവാത്ത നഷ്ടം ബാക്കിയാക്കി കടന്നുപോയി.
ഈശോ ആഗ്രഹിക്കുന്നത് പോലെ ഈശോയെ സ്നേഹിച്ച, ജീവിതം കൊണ്ട് ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ച സി. വത്സല സ്വർഗ്ഗം വിലയ്ക്ക് വാങ്ങുന്ന സ്വർണ്ണ നാണയമായി സഹനങ്ങളെ സ്നേഹിച്ചു.
ദൈവവിളിയെ സ്നേഹമായി കണ്ടവൾ വി.കൊച്ചുത്രേസ്യ എങ്കിൽ സ്നേഹമായ ദൈവത്തെ തന്റെ ജീവശ്വസമായി കണ്ട ഒരു സന്യാസിനിയാണ് സി. വത്സല. സി. റ്റി. സി സഭയിൽ അനേകം സന്യാസിനികൾക്ക് അവൾ ജന്മമേകി. സന്യാസജീവിതത്തിൽ പിറന്നു വീണ അന്ന് മുതൽ ഇന്ന് വരെ സി. വത്സലയുടെ പ്രാർത്ഥനയുടെയും, പരിശീലനത്തിന്റെയും വിശുദ്ധിയുടെയും തണലിൽ കീഴിൽ ദൈവത്തെ സ്നേഹിക്കാൻ കഴിഞ്ഞതിൽ, സിസ്റ്ററിന്റെ മകളായിരിക്കാൻ കഴിയുന്നതിൽ ദൈവത്തിന് നന്ദി!
ജീവിതത്തിൽ ചില സാന്നിധ്യങ്ങളെ തിരിച്ചറിയുന്നത് അവരുടെ അസാന്നിധ്യത്തിലാണ്. എന്നാൽ എന്റെ എന്നെ പോലെ സിസ്റ്ററിന്റെ കീഴിൽ പരിശീലനം സ്വീകരിച്ച മറ്റ് സിസ്റ്റേഴ്സിന്റെ ജീവിതത്തിൽ സി.വത്സല ഒരിക്കലും അസാന്നിധ്യമാകുകയില്ല. കാരണം സന്യാസജീവിതത്തിൽ പഠിപ്പിച്ച പ്രാർത്ഥനകൾ, അഭ്യസിച്ച സാധനകൾ, പങ്കുവച്ച ജീവിതാനുഭവങ്ങൾ എല്ലാറ്റിലും സി.വത്സല നിറസാന്നിധ്യമായി ജീവിക്കുന്നു.
“എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ അഴുകിയ ശരീരത്തിൽ നിന്നും ഞാൻ എന്റെ ദൈവത്തെ സ്തുതിക്കും” -എന്ന് പറഞ്ഞ ജോബിനെ പോലെ എന്റെ പ്രിയപ്പെട്ട വത്സലാമ്മ ക്യാൻസർ മാരകമായി കവർന്നെടുത്ത ശരീരത്തിന്റെ വേദനയിൽ നിന്നും ദൈവത്തിന് സ്തുതിപാടി. ഒരിക്കൽ പോലും ദൈവത്തോടു പരാതി പറയാതെ എല്ലാ സഹനങ്ങളും അതിഭീകരമായ വേദനകളും പുഞ്ചിരിയോടെ, ഹൃദയ ലാളിത്യത്തോട സ്വീകരിച്ചു. അവസാനം സംസാരിച്ചപ്പോഴും എന്റെ അമ്മയുടെ അസുഖത്തെ കുറിച്ച് അന്വേഷിച്ച വത്സാലമ്മ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഞാൻ എന്ത് ചെയ്താലും ഈശോയ്ക്ക് വേണ്ടി മാത്രം ചെയ്യണമെന്നും പറഞ്ഞു.
എന്റെ സന്യാസജീവിതത്തിൽ ഈശോയെ ഇത്ര അധികമായി സ്നേഹിച്ച ഒരു സിസ്റ്ററിനെ ഞാൻ കണ്ടിട്ടില്ല. ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ സി.വത്സല കുത്തിയിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും ആ മുഖത്ത് ഒരു ദിവ്യ ചൈതന്യം പ്രകാശിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ തിരിച്ചറിയുന്നു സിസ്റ്ററും ഈശോയും അപ്പോൾ സംഭാഷണത്തിലായിരുന്നുന്നെന്ന്…
യഥാർത്ഥത്തിൽ “ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന് പറഞ്ഞ വി. പൗലോസ് അപ്പോസ്തോലനെ പോലെ ക്രിസ്തുബാധിതയായി സി. വത്സല ജീവിച്ചു. ക്രിസ്തു സി. വത്സലയ്ക്ക് ലഹരിയായിരുന്നു.
വ്രതത്രയങ്ങളോടു വിശ്വസ്ഥയായിരുന്നു. സമൂഹജീവിതത്തിൽ സഹോദരങ്ങളുടെ കാവൽകാരിയായിരുന്നു.പ്രേഷിതത്വത്തിൽ ക്രിസ്തുവിനെ മാത്രം പ്രകാശിപ്പിച്ചവളായിരുന്നു.
സി. വത്സല ഒരു അമ്മയാണ്. തന്റെ സമർപ്പണത്തിലൂടെ ഈ അമ്മ ജന്മം നൽകിയത് അനേകം മക്കൾക്കാണ്. അടുത്തിരുന്നും അകലെയിരുന്നും വത്സലാമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന, കണ്ണുനീർ പൊഴിക്കുന്ന, ഒന്ന് കാണാൻ കഴിയാതെ ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത അമൂല്യമായ നിധിയെ നഷ്ടമാക്കി കഴിയുന്ന എല്ലാ ഹൃദയങ്ങളിലും സ്വർഗ്ഗത്തിൽ നിന്നും വിശുദ്ധിയുടെ റോസാപുഷ്പങ്ങൾ സി. വത്സല വർദ്ധിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുന്നു.
സന്യാസജീവിതത്തിൽ മൂർച്ചയേറിയ സ്നേഹത്തിന്റെ പേരാണ്
എന്റെ പ്രീയപ്പെട്ട വത്സലാമ്മ. Happy Journey Sr. Valsala.