Fr. V. P Joseph Kreupasanam
ഫെർണാണ്ടസ് അച്ചനെ ആർക്കാണ് മറക്കാനും ഓർക്കാതിരിക്കാനും പറ്റുക..
പണ്ടൊക്കെ എന്നെ കാണുമ്പോൾ പറയുന്നത് വി. പി. താൻ പിടിച്ചു നിൽക്കടോ തൻറെ ആദ്ധ്യാത്മിക ശുശ്രൂഷകൾക്ക് കാലാന്തരത്തിൽ ഒരു മൂവ്മെൻറ് എന്ന നിലയിൽ സ്വാഭാവികമായി എന്തെങ്കിലും മാറ്റമുണ്ടായാലോ തൻറെ സാംസ്കാരിക മേഖലയിൽ താൻ അനന്യനാണ് എന്നൊക്കെ പറഞ്ഞ് എന്നെ സാന്ത്വനപ്പെടുത്തുമായിരുന്നു. ഇതൊക്കെ അദ്ദേഹത്തെക്കുറിച്ചുള്ള എൻറെ കെട്ടുപോകാത്ത ഓർമ്മകളാണ്.
ഫെർണാണ്ടസച്ചൻ എന്നോട് പറഞ്ഞത് സ്റ്റീഫൻ പിതാവിൻറെ കാലത്ത് രൂപതയുമായിട്ട് എന്തെങ്കിലും വിഷയം സെറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ അത് സെറ്റ് ചെയ്ത് മാറ്റണം എന്നാണ്. അച്ചൻ വിചാരിച്ചത് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. പക്ഷേ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.സ്റ്റീഫൻ പിതാവ് കൃത്യമായിട്ടായിരുന്നു ഓരോ കാര്യങ്ങളും ഇടപെട്ട് ചെയ്തിരുന്നത്. അപ്പോൾ ഞാൻ ഫെർണാണ്ടസച്ചനോട് പറഞ്ഞിരുന്നു പിതാവ് പ്രത്യേക താല്പര്യം എടുത്തത് കൊണ്ടാണ് കൃപാസനം നിലനിന്നു പോയതും വളർന്നതും എന്ന്. ഫെർണാണ്ട സച്ചന് ഉണ്ടായിരുന്ന ഒരു ആശങ്ക എന്നത് ഇത് ഒരു മൂവ്മെന്റിന്റെ ഭാഗമാണെന്നുണ്ടെങ്കിൽ ഒരു സമയം കഴിയുമ്പോൾ അത് കെട്ടടങ്ങി പോവില്ലേ എന്നതായിരുന്നു.
ഞാൻ അച്ചനോട് പറഞ്ഞത് ഇത് ഒരു മൂവ്മെന്റിന്റെ ഭാഗമായിട്ട് അതായത് ഏതെങ്കിലും ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനിച്ച് വെളിപാട് കിട്ടി തുടങ്ങിയതല്ല എന്നതാണ്. കുഞ്ഞുനാൾ മുതലുള്ള ഒരു പ്രീസ്റ്റ്ലി അവബോധത്തിൽ നിന്നാണ് ഈ ശുശ്രൂഷ രൂപപ്പെട്ടു വന്നത് എന്നാണ്. ദൈവം തന്നതാണെന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് ഇത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതെന്ന് ഞാൻ അച്ചനോട് പറയുമായിരുന്നു. ഞങ്ങൾ തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോഴെല്ലാം ബിഷപ്പ് ഹൗസിൽ ആരാധനയ്ക്ക് ചെല്ലുമ്പോൾ എൻറെ അടുത്ത് വന്ന് കുമ്പസാരിക്കുന്ന പല അച്ചന്മാരുടെ കൂട്ടത്തിൽ ഒരു അച്ചനായിരുന്നു ഫെർണാണ്ടസ് അച്ചൻ.
അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ആദ്ധ്യാത്മികതയെ കുറിച്ച് എനിക്ക് നല്ല അവബോധം ഉണ്ട്.. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിത്യശാന്തി നേരുന്നതിൽ എനിക്ക് രണ്ടുവട്ടം ചിന്തിക്കുകയോ കർത്താവിൻറെ മഹത്വം അണിയും എന്നതിൽ പ്രത്യേക മനസ്സിന് പിൻപിടുത്തം ഒന്നുമില്ല. അതുമാത്രമല്ല സഹനത്തിന്റെ തീച്ചൂളയിൽ അദ്ദേഹത്തിൻറെ ആത്മാവ് ഉരുകി തീർന്നാണ് കർത്താവിന്റെ പക്കലേയ്ക്ക് യാത്രയാകുന്നത് എന്നതിൽ ഒരു ക്രൈസ്തവൻ എന്ന നിലയിൽ സുവിശേഷ സമർപ്പിതൻ എന്ന നിലയിൽ എല്ലാവർക്കും സന്തോഷിക്കാവുന്നതാണ്.
രൂപതയോട് വല്ലാത്ത കമ്മിറ്റ്മെന്റ് ഉണ്ടായിരുന്ന അദ്ദേഹം എല്ലാവരുടെയും നന്മകൾ കാണാനാണ് പരിശ്രമിച്ചത്.
ബിഷപ്പ് ഹൗസിൽ ഫെർണാണ്ടസ് അച്ചൻ ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിൻറെ തായ ഒരു കാലമുണ്ട്.അദ്ദേഹത്തിൻറെ കൈവെപ്പുള്ള ഒരു കാലം. എന്തെങ്കിലും പ്രതിസന്ധിയിൽ ഇരിക്കുന്ന അച്ചന്മാരെ സന്ധിക്കണം സംരക്ഷിക്കണം എന്ന ഒരു അവബോധം അച്ചന് വീണു പോകുന്നത് വരെ ഉണ്ടായിരുന്നു. അത് അച്ചൻ പ്രയോഗത്തിൽ വരുത്തിയിരുന്നു. 2010 -ൽ എൻറെ ജൂബിലി നടക്കുമ്പോൾ രൂപതയിൽ നിന്ന് ഞാൻ വിളിച്ചത് അച്ചനെ മാത്രമായിരുന്നു. അതിന്റെ കാരണം അദ്ദേഹത്തിൻറെ മുൻവിധിയില്ലാത്ത തുറവിയായിരുന്നു .അന്നത്തെ കാലത്ത് പലർക്കും പലവിധത്തിലുള്ള മുൻവിധിയായിരുന്നു.
അങ്ങനെ പല മുൻവിധികളുടെ കനലിന്റെ പുറത്തുകൂടി നടക്കുമ്പോഴും ഫെർണാണ്ടസ് അച്ചൻറെ അടുത്ത് വന്ന് സംസാരിക്കുമ്പോൾ നമുക്ക് ഒരു സെക്യൂരിറ്റി -ഒരു സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നത് ആയിട്ട് നമുക്ക് തോന്നുമായിരുന്നു.അന്നത്തെ കാലമാണ് ഞാൻ പറയുന്നത് -ഫെർണാണ്ടസ് അച്ചൻ രൂപതയിലേക്ക് വന്ന കാലം ഞാൻ ഇപ്പോൾ ഇരിക്കുന്ന പള്ളി തൈക്കാട്ടുശ്ശേരിയിൽ മരപ്പട്ടിയും പെരുമ്പാമ്പും ഒക്കെ കയറി കാടുപിടിച്ചു കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അടഞ്ഞുപോയ ഒരു കാലം.
അന്നുമുതൽ ഈ മിഷൻ ഏറ്റെടുക്കണമെന്ന് എൻറെ മനസ്സിൽ ഉണ്ടായിരുന്നു. ദൈവിക സന്ദേശം എടുത്തു നോക്കിയപ്പോൾ കർത്താവ് ഇത് അനുവദിക്കുന്നതായി ആന്തരിക ബോധ്യം കിട്ടി. അത് ഞാൻ ഫെർണാണ്ടസ് അച്ചനോടാണ് ആദ്യം പറഞ്ഞത്. എനിക്ക് തൈക്കാട്ടുശ്ശേരി പള്ളി ഏറ്റെടുത്താൽ കൊള്ളാം എന്നുണ്ട് എന്ന് .നല്ല പണിയുണ്ട് അവിടെ എന്ന് അച്ചൻ പറഞ്ഞെങ്കിലും അദ്ദേഹം മൂന്നുലക്ഷം രൂപ അലോട്ട് ചെയ്തു തന്ന് പള്ളിമേട ശരിയാക്കി തന്നു. അതിനുശേഷം പുറമേ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തിയാണ് ഇന്ന് കാണാവുന്ന രീതിയിൽ ജനങ്ങൾക്ക് വന്നു പോകാവുന്ന ടാറിട്ട റോഡ് അടക്കം വഴിവെട്ടിയെടുത്ത് ശരിയാക്കി പള്ളി റിപ്പയറിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്തത്.
അന്ന് എനിക്ക് സപ്പോർട്ട് ആയി നിന്നത് മരിച്ചുപോയ രാജു അച്ചനും ഇന്ന് നമ്മിൽ നിന്ന് വിടപറഞ്ഞു പോയ ഫെർണാണ്ടസ് അച്ചനുമാണ്. രാജുവച്ചന്റെ മരണം നമ്മൾ പ്രതീക്ഷിച്ചതായിരുന്നില്ല. പക്ഷേ ഫെർണാണ്ടസച്ചന്റെ വിയോഗം ഇന്നല്ലെങ്കിൽ നാളെ നാളെ നമ്മൾ കണ്ണുനീരോടെ അഭിമുഖീകരിക്കുവേണ്ടി വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നു.
ഒരു ദിവസം ഫെർണാണ്ടസച്ചൻ സോളമൻ ചാരങ്കാട്ട് അച്ചനുമായി വെറുതെ ഒരു സന്ദർശനം കൃപാസനത്തിൽ നടത്തുകയുണ്ടായി.
ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ പേരിലുള്ള കൺവെൻഷന് സാമ്പത്തിക സഹായം ചോദിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അന്ന് 40,000 രൂപയോളം കൃപാസനത്തിൽ നിന്ന് കൊടുക്കുകയുണ്ടായി. അതിൻറെ കാരണം ഫെർണാണ്ടസച്ചൻ വന്നതുകൊണ്ട് ആയിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു. രണ്ടുപേരുടെയും സാന്നിധ്യം എന്നെ ആ സമയത്ത് മനസ്സിൽ ഒത്തിരി സന്തോഷിപ്പിച്ചിരുന്നു. ഫെർണാണ്ടസച്ചൻ പോയപ്പോൾ ഒരു കൈവെപ്പു ചാർത്തി കൊണ്ടാണ് അന്ന് പോയത്. കൃപാസനത്തിന് വണ്ടിയിടാൻ സ്ഥലമില്ലല്ലോ രൂപതയുടെ പാർക്കിംഗ് സ്ഥലം ഇവിടെയുണ്ട് അത് പാർക്കിങ്ങിനായി ഉപയോഗിക്കാമല്ലോ എന്നു പറഞ്ഞു.
അത് ശരിപ്പെടുത്തി തരാം പിതാവിനോട് ഞാൻ പറയാം എന്നു പറഞ്ഞു. രൂപതയ്ക്ക് തെറ്റില്ലാത്ത വാടക നമ്മൾ കൊടുക്കുന്നുണ്ടെങ്കിലും ആ ആശയം തന്നെ തന്നതും നടപ്പിലാക്കിയതും ഫെർണാണ്ടസച്ചൻ ആണ്. അദ്ദേഹം നല്ല വാക്ക് പറയുക മാത്രമല്ല ജീവിച്ചിരിക്കുമ്പോൾ കൃപാസനത്തിന്റെ കൂടെ നിന്ന ആളാണ്. കൃപാസനം വളർന്നു വരാനും കെട്ടുപോകാതിരിക്കാനും അദ്ദേഹത്തിൻറെ ഒരു ജാഗ്രത ഉണ്ടായിരുന്നു.
നമ്മൾ മെഴുകുതിരി കത്തിച്ചു പോകുമ്പോൾ നമ്മുടെ കൈയിലാണ് പിടിക്കുന്നത് , നമ്മുടെ ഒരു കൈകൊണ്ട് മെഴുകുതിരി പിടിക്കുകയും മറ്റേ കൈ കൊണ്ട് കാറ്റ് മൂലം കെട്ടുപോകാതെ തട പിടിക്കുകയും ചെയ്യും. പക്ഷേ ചില സമയത്ത് നമ്മൾ ചിന്തിക്കും മറുവശത്തുകൂടി തട പിടിക്കാൻ ഒരാളെ വേണമെന്ന്. അങ്ങനെ പല അച്ചന്മാരും അല്മായ പ്രേക്ഷിതരും പല കാലഘട്ടങ്ങളിൽ നമ്മെ സഹായിച്ച കൂട്ടത്തിൽ കൃപാസനം കെടാതെ സൂക്ഷിച്ച അത്തരത്തിലുള്ള കൈകളിൽ ഒരു കൈമറ ആയിരുന്നു ഫെർണാണ്ടസ് അച്ചൻ.
ഫെർണാണ്ടസച്ചനും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്ക് പ്രത്യേകിച്ചും രൂപത സമൂഹത്തിന് പൊതുവേയും ദുഃഖം പങ്കിടുന്നു. ഒപ്പം അദ്ദേഹം ഇന്നായിരിക്കുന്ന അവസ്ഥയിൽ സ്നേഹവും സന്തോഷവും നമുക്ക് പങ്കിടാം. ദൈവം നമ്മളെ എല്ലാവരെയും പ്രത്യേകമായി അനുഗ്രഹിക്കട്ടെ, ഫെർണാണ്ടസ് അച്ചനെ പ്രത്യേകിച്ച്!