ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
അമൽജ്യോതി എഞ്ചിനിയറിംഗ് കോളജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യചെയ്ത ദൌർഭാഗ്യകരമായ സംഭവത്തെ തുടർന്ന് പലതരത്തിലുള്ള പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ആ സംഭവത്തെ തുടർന്ന് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചില പ്രചരണങ്ങളെക്കുറിച്ച് മൌനംപാലിക്കുന്നത് ഉചിതമല്ലെന്നു തോന്നുന്നു.
മരണകാരണത്തെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണയില്ലെങ്കിലും പലവിധത്തിലുള്ള ആരോപണങ്ങളും പരാതികളും കോളജിൽനിന്നുതന്നെയും സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽനിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ മരണത്തെ വലിയ വിവാദമാക്കാൻ ശ്രമമുണ്ടെന്നു മനസിലാക്കിയപ്പോൾത്തന്നെ ശരിയായ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് അധികാരിക്ക് കോളജ് അധികാരികൾ കത്തു നല്കിയതാണ്.
എങ്കിലും തുടർന്നു നടന്ന പ്രതിഷേധങ്ങളുടെയും ഔദ്യോഗികചർച്ചകളുടെയും പശ്ചാത്തലത്തിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ അന്വേഷണത്തിൽ യഥാർത്ഥവിവരങ്ങൾ പുറത്തുവരട്ടെ. രാഷ്ട്രീയപാർട്ടികളും നേതാക്കന്മാരും മാധ്യമങ്ങളും മരണമടഞ്ഞ വിദ്യാർത്ഥിനിക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന കോലാഹലങ്ങളെല്ലാം യഥാർത്ഥത്തിൽ ആ കുട്ടിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നതായി മാറി.
കാരണം അവരുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ചില സ്ഥാപിത താല്പര്യങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്. കുട്ടിയുടെ മരണത്തിൽ യാതൊരന്വേഷണവും നടത്താതെ തികച്ചും നിരുത്തരവാദിത്വപരമായി കോളജിനെ പ്രതിചേർത്തു സംസാരിക്കുകയും കോളജിലെ കർശന നിയമങ്ങൾ കാലത്തിനുചേർന്നതല്ലെന്നു പ്രഖ്യാപിക്കുകയുംചെയ്ത മന്ത്രി മുതൽ രാഷ്ട്രീയാടിസ്ഥാനത്തിൽ കോളജിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ട പാർട്ടിനേതാക്കന്മാരും, നിയമങ്ങൾ ഓരോന്നോരോന്ന് എടുത്തുപറഞ്ഞ് അതെല്ലാം തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നവയാണെന്നു മാധ്യമങ്ങൾക്കുമുമ്പിൽ വിലപിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ചില താല്പര്യങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള അവസരമായാണ് നിർഭാഗ്യവശാൽ ഈ മരണത്തെ ഉപയോഗിക്കുന്നത്.
അതിലും ഗൌരവമായ മറ്റൊരു നിഗൂഢനീക്കമാണ് യഥാർത്ഥത്തിൽ ഇപ്പോൾ ഈ കുറിപ്പെഴുതാൻ പ്രേരകമായത്. ഈ ദിവസങ്ങളിൽ ചില പ്രത്യേക പത്രമാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന വാർത്തയാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ സഭ വർഗീയവത്ക്കരിക്കുന്നു എന്നത്. മാധ്യമങ്ങളുടെ പിന്തുണയോടെ ചില തീവ്രനിലപാടുകാർ പൊതുവായി സ്വീകരിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്ന ഒരു പ്രചരണതന്ത്രമാണിത്.
യഥാർത്ഥത്തിൽ കോളജിനെതിരെ വർഗീയമായിത്തന്നെ പ്രതികരിച്ചവർ ആരാണ്? ആരാണ് അന്യജില്ലകളിൽനിന്നുപോലും ടൂറിസ്റ്റുബസുംപിടിച്ച് കൈക്കുഞ്ഞുങ്ങളുമായിവന്ന് പ്രതിഷേധിക്കാൻ നിന്നത്? നിരോധിക്കപ്പെട്ട തീവ്രവാദപ്രസ്ഥാനത്തിന്റെ വിദ്യാർത്ഥിസംഘടനയുടെ നേതൃത്വത്തിൽ സമരം നടത്തിയത് ആരാണ്? മരിച്ച പെൺകുട്ടിയോടും അവളുടെ കുടംബത്തോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണോ ഇവരൊക്കെ വന്നത്?
അങ്ങനെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഈ കുട്ടിയുമായി ഇവർക്കുള്ള ബന്ധമെന്താണ്..? ഇനി, ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മരണപ്പെട്ട കുട്ടിയോടും കുടുംബത്തോടും എന്തെങ്കിലും ബന്ധംവേണമെന്ന വൃത്തികെട്ട ന്യായമാണോ അച്ചൻ പറയുന്നതെന്നു സംശയിക്കുന്നവരോട് ഒരു ചോദ്യം. അമൽജ്യോതിയിലെ ദുരന്തം സംഭവിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഈ പ്രതിഷേധക്കാരുടെ സ്വന്തം സമുദായത്തിൽ യാതൊരു അംഗീകാരവുമില്ലാതെ നടത്തപ്പെടുന്ന സ്വന്തം പരിശീലനകേന്ദ്രത്തിൽ ഒരു പെൺകുട്ടി മരണപ്പെട്ടതും വളരെ ഗുരുതരമായ ആരോപണങ്ങൾ ആ കേന്ദ്രത്തിനെതിരെ ആ കുട്ടിയുടെ അമ്മ ഉന്നയിച്ചതും.
സ്വന്തം സമുദായത്തിൽപെട്ടവരായിട്ടും അവിടെ ഇങ്ങനെയൊരു പ്രതിഷേധപരമ്പര നടന്നതായി നിങ്ങളാരെങ്കിലുമറിഞ്ഞിട്ടുണ്ടോ…? അതിനാൽത്തന്നെ ഈ പ്രതിഷേധക്കാരുടെ ഹൃദയം മരണപ്പെട്ട കുട്ടിയോടൊപ്പമല്ലെന്നും അവരുടെ ലക്ഷ്യം സ്ഥാപനത്തിന്റെ ശോഭകെടുത്തുകയെന്നതു മാത്രമാണെന്നും മനസിലാക്കാൻ അധികം കിഴക്കോട്ടുപോകേണ്ട ആവശ്യമില്ല.
വോട്ടുബാങ്കിൽ മാത്രം കണ്ണുസൂക്ഷിക്കുന്ന രാഷ്ട്രീയപാർട്ടികളും ലഭിക്കുന്ന പണക്കിഴികളോടു വിശ്വസ്തത പുലർത്തുന്ന ചില മാധ്യമങ്ങളും ഇതുപോലുള്ള വർഗീയതയുടെ തീ നിറച്ച പ്രവർത്തനങ്ങളെ നിഷ്ക്കളങ്കതയുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് അവതരിപ്പിച്ചാലും അതു തിരിച്ചറിയാനുള്ള ജ്ഞാനം ഇന്നത്തെ പൊതുസമൂഹത്തിനുണ്ടെന്നു മറക്കരുത്. ഏതായാലും താല്ക്കാലിക ലാഭങ്ങൾക്കുവേണ്ടി തീക്കൊള്ളികൊണ്ട് വെടിമരുന്ന് ചിക്കുന്ന ഇത്തരം പ്രവർത്തികളിൽനിന്ന് രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും പിൻമാറിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നാടിന്റെ നാശത്തോളം വലുതായിരിക്കുമെന്ന് മറക്കരുത്.
എരുമേലി സ്കൂളിൽ തികച്ചും അസത്യമായി പന്നിയിറച്ചി വിവാദമുണ്ടാക്കി അന്യായമായി അക്രമം നടത്തിയവരോട്, അന്യായം സഹിച്ചും മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതു തങ്ങളുടെ കടമയാണെന്നു വിചാരിച്ച ചില വിശാലമനസ്ക്കർ അങ്ങോട്ടുചെന്ന് മാപ്പുചോദിച്ചത് അതിക്രമം കാണിച്ചവരുടെ വർഗീയനിലപാടുകളും ഗൂഢപദ്ധതികളും അത്ര തെളിവായി മനസിലാകാതിരുന്ന ഒരു കാലത്താണ്.
തൊടുപുഴയിൽ ഒരദ്ധ്യാപകന്റെ കൈവെട്ടിയെറിഞ്ഞപ്പോഴും ക്രൈസ്തവസമൂഹം നിസംഗതയോടെ പ്രതികരിച്ചതും നിശബ്ദതപാലിച്ചതും അക്രമത്തിന്റെ യഥാർത്ഥപശ്ചാത്തലം മനസിലാകാത്തതുകൊണ്ടായിരുന്നു. എന്നാൽ ഇന്നു കാലംമാറിയെന്നും വർഗീയതയെ വർഗീയതയെന്നുതന്നെ വിളിക്കാനും അതു പൊതുസമൂഹത്തിൽ തുറന്നുകാട്ടാനും മടിയും പേടിയുമില്ലാത്തവരായി ക്രൈസ്തവസമൂഹം രൂപാന്തരപ്പെട്ടെന്നും തിരിച്ചറിയണം.
രാജ്യത്തിന്റെ ഭരണഘടനയോടും നാട്ടിലെ നിയമവ്യവസ്ഥിതിയോടും ചേർന്നുനിന്ന്, വർഗീയത പരത്തുന്ന വിഷജന്മങ്ങളുടെ മുഖംമൂടികൾ പറിച്ചെറിയാൻ ഇന്ന് ക്രൈസ്തവസമൂഹം സജ്ജമാണ്. അതിനാൽ സ്വന്തം മാധ്യമശക്തിയുപയോഗിച്ച് എത്ര ആവർത്തിച്ച് ശ്രമിച്ചാലും വർഗീയതയുടെ തൊപ്പി അതിട്ടവരുടെ തലയിൽത്തന്നെ അവശേഷിക്കുമെന്ന് ചുരുക്കം. അതായത് നാട്ടിലെ മതേതരത്വം കാത്തുസൂക്ഷിക്കാൻ അന്യായം സഹിക്കുന്ന പണി ക്രൈസ്തവർ അവസാനിപ്പിച്ചു എന്നർത്ഥം.
അമൽജ്യോതി കോളജിനെക്കുറിച്ചുകൂടി ഒരു വാക്ക്. നിയമങ്ങളോടും നിയന്ത്രണങ്ങളോടും കഠിനമായി കലഹിക്കുന്ന പ്രായത്തിലുള്ള മൂവായിരത്തിലധികം ചെറുപ്പക്കാർ ജീവിക്കുന്ന കോളജുക്യാപസിൽ ഉത്തരവാദിത്വപ്പെട്ടവർ എത്ര കർശനമായ നിലപാടുകൾ സ്വീകരിച്ചാലാണ് അച്ചടക്കവും സ്വഭാവരൂപീകരണവും നടക്കുകയെന്ന് ബോധമുള്ളവർക്കു മനസിലാകും. അച്ചന്മാരും കന്യാസ്ത്രീമാരും സെമിനാരിയിലെയും മഠങ്ങളിലെയും നിയമങ്ങൾ വിദ്യാർത്ഥികളുടെമേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് പലരുടെയും പരാതി.
ജീവിതകാലംമുഴുവൻ രാഷ്ട്രീയപാർട്ടികൾക്കു മുദ്രാവാക്യംവിളിക്കാനും തമ്മിൽത്തല്ലിച്ചാകാനുംവേണ്ടി പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കണമെന്നാഗ്രഹിക്കുന്നവർക്ക് അങ്ങനെ തോന്നുക സ്വാഭാവികമാണ്. എന്നാൽ അമൽജ്യോതിയിലേയ്ക്കു കുട്ടികളെ പറഞ്ഞയയ്ക്കുന്ന മാതാപിതാക്കന്മാർ ആഗ്രഹിക്കുന്നതതല്ലാത്തതുകൊണ്ടാണ് ജയിൽസമാനമെന്നു ചിലർക്കൊക്കെ തോന്നുന്ന ഈ കോളജിൽ അവർ കുട്ടികളെ ചേർക്കുന്നത്. അതങ്ങനെയല്ലാതായാൽ അന്നുതന്നെ കോളജ് അടച്ചുപൂട്ടണം.