Navya Joseph Kunnumpurath
ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു നൊസ്റ്റു മനസ്സിലേക്കോടി വന്നു…
അല്ലെങ്കിൽ തന്നെ കുറച്ചുദിവസമായി കുട്ടികളുടെ ആദ്യകുർബാന സ്വീകരണമൊക്കെ നടക്കുന്ന തിരക്കിൽ ഞാനും അവരുടെയൊപ്പം എന്റെ ആദ്യകുർബാനയുടെ ഓർമകളിലേക്ക് ചേക്കേറിയിട്ട്…
അമ്മയുടെ കയ്യും പിടിച്ച് നിത്യേനയുള്ള പള്ളിയിൽ പോക്ക്…
വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ‘നാഥാ നിന്നെ കാണാൻ’ എന്ന ഗാനത്തിലെ കുഞ്ഞിനെപ്പോലെ കണ്ണിൽ കണ്ട മരങ്ങളൊക്കെ ചാടിക്കേറിയും, അങ്ങിങ്ങ് കാണുന്ന പൂവും കായുമൊക്കെ പറിച്ചും പെറുക്കിയും ആഘോഷമാക്കിയ ദിനങ്ങൾ…
ചിലപ്പോഴൊക്കെ പനിയും ചുമയുമൊക്കെ പിടിച്ച് വല്ലാതെ വിഷമിച്ച് അമ്മയെ ചാരിയിരുന്നൊക്കെ കൂടിയ കുർബാനനിമിഷങ്ങൾ…
എല്ലാറ്റിനുമൊടുവിൽ ഈശോയെ സ്വീകരിക്കാൻ എല്ലാരും പോകുന്നത് കാണുമ്പോൾ എന്റെയുള്ളിലും സഹിക്കാനാവാത്ത ഒരു കൊതി വരും..
വെറുതെ… ഒരു കൊച്ചു മോഹം…
എനിക്കും ഈശോയെ വേണം…
ഓർമ്മ വെച്ച കാലം തൊട്ട് ഓസ്തിയിൽ കാണുന്നതാണ്…
ഇനിയുമെത്ര നാൾ ഞാനിങ്ങനെ കാത്തിരിക്കണം….
ഈ ചിന്ത കൊണ്ടായിരിക്കണം,
ആദ്യമൊക്കെ അമ്മ കുർബാന സ്വീകരിക്കാൻ പോകുമ്പോൾ കൂടെ പോവുക,
പിന്നെ തിരിച്ചുവന്ന് അമ്മ പ്രാർത്ഥിക്കുമ്പോൾ അമ്മയുടെ വായിൽ കയ്യിടാൻ ശ്രമിക്കുക, ഉള്ളം കൈ നക്കുക തുടങ്ങിയ വിചിത്രമായ ആചാരങ്ങളിലൂടെ ഞാൻ ആശയടക്കാൻ ശ്രമിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്…
പക്ഷെ സ്വന്തമായി ചിന്തിച്ചുതുടങ്ങിയ പ്രായം തൊട്ട് ഞാൻ പയ്യെ ട്രാക്ക് മാറ്റി…
ഇത്തവണ വെറൈറ്റി ചാട്ടമാണ്…
അന്നും ഇന്നും പൊക്കം എന്റെയൊരു പ്രശ്നമാണെങ്കിലും അന്ന് പിന്നെ തീരെ പൊടിക്കുപ്പിയായിരുന്നത് കൊണ്ട് ആരുടേയും കണ്ണിൽപ്പെടാൻ സാധ്യത കുറവായിരുന്നതിനാലും കാര്യങ്ങൾ എന്നെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നു…
അതേപിന്നെ കുർബാന സ്വീകരിക്കാൻ എല്ലാരും പോകുന്ന ലൈനിൽ അമ്മയെക്കാൾ മുമ്പ് ഞാൻ കയറിനില്ക്കാൻ തുടങ്ങി…
അങ്ങനെ മന്ദം മന്ദം വളരെ ഭയഭക്തിയോടെ അമ്മയുടെ മുന്നിൽ നടന്ന് ഞാനും അൾത്താരയെത്തും…
ഒടുക്കം അച്ചൻ കുസ്തോദിയിൽ നിന്ന് ഈശോയെ എടുത്ത് അമ്മയുടെ നാവിൽ വെക്കുന്ന സമയം…
Ready…1…2…3…
ഒരൊറ്റ ചാട്ടം!!
ഇതിനുള്ള ഐഡിയ എവിടുന്ന് എങ്ങനെ കിട്ടിയെന്ന് എനിക്കറിഞ്ഞൂടാ!!
പാവം അച്ചൻ…
പേടിച്ചു പോകും…
ഞാനും അതിനേക്കാൾ പാവമല്ലേ…
തട്ടിപ്പറിച്ചെടുക്കാനൊന്നുമല്ലല്ലോ…
ആ കുസ്തോദിയുടെ തുമ്പെങ്കിലും ഒന്ന് തൊട്ട് മുത്താനുള്ള ആഗ്രഹം കൊണ്ടല്ലേ…
ദയനീയമായി ഞാൻ അച്ചനെ ഒന്ന് നോക്കും..
കാര്യം ഗ്രഹിക്കുമ്പോൾ ചില അച്ചന്മാരൊക്കെ സ്നേഹപൂർവ്വം എന്റെ ആഗ്രഹം സാധിച്ചുതരും..
അതങ്ങനെ ഒന്ന് തൊട്ട് മുത്തി തിരിച്ചുനടക്കുമ്പോൾ കിട്ടണ ഒരു സന്തോഷവും സംതൃപ്തിയുമുണ്ടല്ലോ…
അതൊന്നും പറഞ്ഞാ നിങ്ങക്ക് മനസ്സിലാവില്ല…
പക്ഷെ ചില അച്ചന്മാരൊന്നും അത്ര ശരിയല്ല ട്ടോ…
എന്നെ സൂക്ഷിച്ച് നോക്കിയിട്ട് കുസ്തോദി ഒന്നൂടെ പൊക്കി പിടിക്കും…
പക്ഷെ ലക്ഷ്യം സാധിക്കുന്നത് വരെ ഞാനെന്റെ പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കും..
അല്ലപിന്നെ! നമ്മളോടാ കളി…
അവസാനം കുർബാന കഴിഞ്ഞ് അമ്മയെ കാണുമ്പോൾ ചില അച്ചന്മാരൊക്കെ അമ്മയോട് കംപ്ലയിന്റ് പറയണത് കേട്ടിട്ടുണ്ട്…
എന്തെന്നറിയില്ല, ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ കാര്യകാരണസഹിതം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാറുള്ള അമ്മ, ഇക്കാര്യത്തിൽ മാത്രം പക്ഷെ എന്നെ തിരുത്തിയില്ല…
പിന്നീട് 10 വയസ്സ് വരെ ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു കാര്യങ്ങൾ…
അങ്ങനെ എത്രയെത്ര പള്ളികൾ…
എത്രയെത്ര കുർബാനസ്വീകരണ സമയങ്ങൾ..
പിന്നെ മറ്റൊരു ഇതരസന്തോഷം, അച്ചന്മാർ കുർബാന കൊടുത്തു കഴിഞ്ഞ് ദേവാലയത്തിന്റെ മധ്യഭാഗത്തുകൂടി തിരിച്ചുപോകുമ്പോ, ആ വശത്തെവിടെയെങ്കിലും പമ്മിയിരുന്ന് അവരുടെ തിരുവസ്ത്രം പിടിച്ചുനോക്കുക, അല്ലെങ്കിൽ അവർ നടന്നുപോകുമ്പോൾ കാറ്റിൽ പാറുന്ന കാപ്പയ്ക്കുള്ളിൽ ആയിപ്പോകുക എന്നതൊക്കെയായിരുന്നു..
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഒക്കെ അതിജീവിച്ച് 2006 മെയ് 1 -ന് പത്താമത്തെ വയസ്സിൽ കാത്തിരുന്ന നിധി എനിക്കും കിട്ടി…
കുഞ്ഞേ..
എനിക്ക് നിന്നെ നന്നായി മനസ്സിലാവും..
എന്നെങ്കിലുമൊരുനാൾ നിന്റെ ആഗ്രഹവും സഫലമാകട്ടെ…
കുസൃതി നിറഞ്ഞ നിഷ്കളങ്കബാല്യത്തിന്റെ ആഗ്രഹങ്ങളടക്കാൻ വേറെയിപ്പോ എന്താണൊരു മാർഗ്ഗം…