ഫാ. വർഗീസ് വള്ളിക്കാട്ട്
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മതങ്ങൾ വിമർശിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ക്രിയാത്മക വിമർശനങ്ങളും അനാവശ്യവും ദുരുദ്ദേശ്യപരവുമായ വിമർശനങ്ങളും ഉണ്ടാകാറുണ്ട്. മത വിമർശനം മുഖ്യ പരിപാടിയാക്കിയ യുക്തിവാദികളും മതത്തെ ആരെങ്കിലും വിമർശിച്ചുപോയാൽ ഹാലിളകുന്ന തീവ്ര മതവാദികളും സമൂഹത്തിൽ കണ്ടെന്നുവരാം. മത വിമർശനം ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണോ അതോ സമൂഹത്തിലെ സമാധാന അന്തരീക്ഷം അപ്പാടെ തകർത്തു കളയുന്നതിനായി ആരെങ്കിലും ബോധപൂർവം നടത്തുന്ന പ്രക്രിയയാണോ? ഇത്തരം ചോദ്യങ്ങൾ വീണ്ടും പ്രസക്തമാവുകയാണ്.
മതങ്ങൾ വിമർശിക്കപ്പെടാമോ?
പെട്ടെന്നു വ്രണപ്പെടാവുന്ന ഒരു വികാരത്തിന്റെ പേരല്ല വിശ്വാസം അഥവാ മതം. മനുഷ്യ യുക്തിക്കും സങ്കല്പ ശക്തിക്കും വെളിച്ചവും ദിശാബോധവും നൽകുന്നതും അതിശായിത്വത്തിലേക്ക് തുറന്നു വയ്ക്കപ്പെട്ടതുമായ മനുഷ്യന്റെ ഒരു നിലപാടാണ് വിശ്വാസം. മതത്തിന്റെ ഭാഷയിൽ, ദൈവോന്മുഖമായ ഒരു നിലപാട് എന്നു പറയാം. പ്രാപഞ്ചികമോ ഭൗതികമോ സമയ ബന്ധിതമോ ആയ എല്ലാറ്റിനെയും അതിശയിക്കുന്നതും, നിത്യതയെ തൊട്ടു നിൽക്കുന്നതുമായ ഒരു നിലപാട്.
സ്ഥല കാല ബന്ധിതമായ എല്ലാ യഥാർഥ്യങ്ങൾക്കും അപ്പുറത്തേക്ക് മനുഷ്യന്റെ യുക്തിയെയും സങ്കല്പ ശക്തിയെയും തുറന്നു വയ്ക്കാൻ മനുഷ്യനെ സഹായിക്കുന്ന സംവിധാനമാണ് മതം. അത് അടഞ്ഞ മനസ്സുകളുടെ ലോകമല്ല. യുക്തിയെ ഉന്മാദത്തിലേക്കു നയിക്കുന്ന വികാരത്തിന്റെയും വ്രണിത വികാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടു പരന്ന, മഞ്ഞുവീണ, വഴികളുമല്ല. അതു മനുഷ്യാനുഭവങ്ങളുടെ ഇരുൾ പരന്ന വഴികളിൽ നിലാവുപോലെയെങ്കിലും ‘കാലടികൾക്ക് വിളക്കും വഴികളിൽ വെളിച്ചവുമായി’ മുമ്പോട്ടു നടക്കാൻ മനുഷ്യനെ സഹായിക്കുന്നതും യുക്തിക്കു വെളിച്ചം പകരുന്നതുമായ ഒന്നാണത്.
യുക്തിയും വിശ്വാസവും വിരുദ്ധ ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ, അങ്ങനെ സംഭവിക്കുമ്പോൾ, വിശ്വാസം ഇരുളടഞ്ഞതും യുക്തി വഴിതെറ്റുന്നതുമാകും എന്നതാണ് ചരിത്രം പറഞ്ഞുതരുന്ന പാഠം. ചോദ്യങ്ങളും നിരന്തര സാധനയും അന്വേഷണ ബുദ്ധിയുമാണ് രണ്ടിനെയും നയിക്കേണ്ടത്. അതായത്, യുക്തി ചിന്തയും മത ജീവിതവും വിമർശനാതീതമായി നിലകൊള്ളേണ്ട യാഥാർഥ്യങ്ങളല്ല. രണ്ടും പരസ്പര പൂരകങ്ങളും നിരന്തരം കൈകോർത്തു സഞ്ചരിച്ചുകൊണ്ടേയിരിക്കേണ്ടവയുമാണ്.
ലക്ഷ്യം ഉന്മാദമാകരുത്…
വികാരത്തിനുമേൽ യുക്തിക്കു സ്ഥാനമില്ലാത്ത മതാത്മകത ‘ട്രാൻസ്’ എന്ന അവസ്ഥയുണ്ടാക്കുന്നു. അത് കേവലം മറുഭാഷയും, രോഗശാന്തിയും, തട്ടിപ്പുകളും മാത്രമല്ല. അന്യന്റെ തലകൊയ്യുമ്പോൾ ദൈവനാമം മുഴക്കുന്ന ആസുരമായ ഉന്മാദത്തിലേക്കും, സ്വയം പൊട്ടിച്ചിതറാൻ കൊതിക്കുന്ന ഭീദിതമായ അവസ്ഥാന്തരങ്ങളിലേക്കും വ്യക്തികളെയും സമൂഹങ്ങളേയും കൊണ്ടുചെന്നെത്തിക്കാൻ കഴിയുന്ന അവസ്ഥകൂടിയാണ്.
മലയാളത്തിൽ ‘ട്രാൻസ്’ സിനിമയുണ്ടാക്കിയവർ കാണാതെ പോയതോ മൂടിവയ്ക്കാൻ ശ്രമിച്ചതോ ആയ വസ്തുതകൂടിയാണ് ഇത്. ട്രാൻസ് തികച്ചും അപകടകരമാകുന്നത് അക്രമാസക്തമായ ഉന്മാദാവസ്ഥയിലാണ്. കൊലവിളി മുദ്രാവാക്യങ്ങൾ ഉന്മാദാവസ്ഥയിലായ ഒരു സമൂഹത്തെ അക്രമാസക്തമാക്കാനുള്ള കുറുക്കുവഴികളിൽ ഒന്നാണ്.
ഉന്മാദത്തിന്റെ രാഷ്ട്രീയം…
വിദ്യാഭ്യാസത്തിൽ യുക്തിക്കു മേൽക്കൈ നഷ്ടപ്പെടുകയും, മതത്തിൽ അന്ധമായ ഭക്തിക്കും അർത്ഥമറിയാത്ത ആചാരങ്ങൾക്കും അന്യമത നിന്ദയ്ക്കും, തീർത്തും വികാരപരമായ പ്രതികരണങ്ങൾക്കും പ്രാമുഖ്യം ലഭിക്കുകയും ചെയ്യുമ്പോൾ, മതം ‘മദ’ത്തിനും അധ്യാത്മികത ഉന്മാദത്തിനും വഴിമാറുന്നു. ദൈവിക ശാന്തിയുടെ സ്ഥാനത്ത് ആക്രമണോത്സുകതയും തീവ്രവാദവും ആധിപത്യം ഉറപ്പിക്കുന്നു. പോസ്റ്റ് മോഡേൺ എന്നു വിവക്ഷിക്കപ്പെടുന്ന സത്യാനന്തര/യുക്തി പൂർവ സമൂഹങ്ങളിൽ ഇത്തരം തീവ്ര മതാത്മകതക്ക് വൻ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നു.
യുക്തിയുടെ ഉത്തരങ്ങളെ തള്ളിക്കളയുകയും സ്വന്തം സ്വത്വത്തെ വിളിപ്പെടുത്തുന്ന മതങ്ങളുടെ വൈകാരിക സ്വത്വത്തെ യുക്തിക്കുമേൽ പ്രതിഷ്ഠിക്കുന്നതിനു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ രംഗത്ത്, യുക്തിയുടെ പ്രത്യയശാസ്ത്രങ്ങൾ നിഷ്പ്രഭമാവുകയും മതത്തിന്റെ അതി വൈകാരികതയുള്ള മത രാഷ്ട്ര പ്രത്യയശാസ്ത്രങ്ങൾ വലിയതോതിൽ വിജയം കൊയ്യുകയും, സമൂഹങ്ങളും രാഷ്ട്രങ്ങളും മതരാഷ്ട്രവാദം ഉന്നയിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ മായിക വലയത്തിൽപെട്ടു പോവുകയും ചെയ്യുന്നു! ഇന്നു ലോകം അതിലേക്കു നടന്നടുത്തുകൊണ്ടാണിരിക്കുന്നത്. പണവും, ഭയവും, അധികാര മോഹവും മനുഷ്യനെ തീർത്തും ഉന്മാദാവസ്ഥയിലാക്കുന്നു.
ആരാണ് മനുഷ്യൻ…
ആരാണ് മനുഷ്യൻ എന്ന അന്വേഷണത്തിൽനിന്നാണ് ദൈവവും മതങ്ങളും തത്വശാസ്ത്രങ്ങളും മനുഷ്യന്റെ യുക്തിയിലേക്കു കടന്നു വരുന്നത്. ‘രണ്ടു കാലിൽ നടക്കുന്ന തൂവലില്ലാത്ത ജീവി’ എന്ന നിർവചനത്തിൽനിന്ന് ‘യുക്തിയുള്ള, ചിന്തിക്കുന്ന മൃഗം’ എന്ന നിർവചനം മനുഷ്യന് നൽകിയ സാംസ്കാരിക വളർച്ചയിൽനിന്ന് മനുഷ്യൻ വീണ്ടും യുക്തിരഹിതമായ മൃഗീയതയിലേക്കും അതിനും മുൻപുള്ള ആസുരമായ ഉന്മാദത്തിലേക്കും തിരിച്ചു നടക്കുകയാണോ എന്ന ചോദ്യം ഇന്നു പ്രസക്തമാണ്. സർഗ്ഗാത്മകത നയിച്ച മനുഷ്യന്റെ യുക്തിയും സങ്കല്പ ശക്തിയുമാണ് സംസ്കാരങ്ങളുടെയും മതങ്ങളുടെയും ശാസ്ത്രത്തിന്റെയും വളർച്ചക്ക് കാരണം. സർഗാത്മക ചൈതന്യം വെടിഞ്ഞ മനുഷ്യൻ ആസുരമായ അക്രമാസക്തതയിലേക്ക് കൂപ്പുകുത്തുകയാണോ എന്ന് സംശയിക്കത്തക്ക സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പരസ്പരം കൊല്ലാനുള്ള പ്രവണതക്കെതിരായാണ് മതങ്ങളും സമൂഹങ്ങളും നിയമ സംവിധാനങ്ങളും നിലകൊള്ളുന്നത്. മനുഷ്യൻ ഒരേ സമയം പൊടിയും ദൈവിക ചൈതന്യവുമാണ് എന്ന ദർശനം അത്തരം ഒരു മുന്നറിയിപ്പാണ്. എന്നാൽ, മനുഷ്യൻ വെറും പൊടിയും ആസുരമായ ഉന്മാദത്തിന്റെ ഒരു കുതിപ്പും മാത്രമാണോ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങൾ നൈജീരിയ പോലുള്ള രാജ്യങ്ങളിൽ അനുദിനം എന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കയിൽ മാത്രമല്ല, ലോകം മുഴുവൻ ഈ പ്രവണത ശക്തിപ്പെടുന്നുണ്ട്.
മതങ്ങൾ ക്രിയാത്മകമാകണം…
മതങ്ങൾ ജീവന്റെ സുവിശേഷങ്ങളാണ്. അതെപ്പോഴും സർഗാത്മകതയെ വളർത്തുന്നതും പ്രസരിപ്പിക്കുന്നതുമാകണം. മതങ്ങളെ അടഞ്ഞ പുസ്തകങ്ങളായി കാണാതെ, കൂടുതൽ പവിത്രവും ദൈവോന്മുഖവുമായ മനുഷ്യനെ നിർമിക്കാൻ കെൽപ്പുള്ള ദർശനങ്ങളായി കാണാൻ മത നേതൃത്വങ്ങൾ പരാജയപ്പെട്ടാൽ, മതങ്ങൾ മനുഷ്യ വംശത്തിന്റെ അന്തക വിത്തായി മാറും എന്നതിന് സംശയമില്ല.
ഒരുതരത്തിലുള്ള മതരാഷ്ട്ര വാദത്തിനും മനുഷ്യന്റെ തുല്യതയോ മനുഷ്യ ജീവന്റെ പവിത്രതയോ ജനാധിപത്യ സങ്കല്പത്തിലുള്ള രാഷ്ട്രത്തിന്റെ പരമാധികാരമോ അംഗീകരിക്കാൻ കഴിയില്ല. അത്തരം പ്രത്യയശാസ്ത്രങ്ങൾ സൃഷ്ടിക്കുന്നത് ഉന്മാദികളെയാണ്. ഉന്മാദികളുടെ ലോകം യുക്തിയുടെ ചോദ്യങ്ങളെ വികാരങ്ങൾക്കൊണ്ട് നേരിടുമ്പോൾ, ആസുരമായ സംഭവപരമ്പരകൾ ഉണ്ടായേക്കാം. അതുതന്നെയാണ് സമകാലിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളി.
പുരാതന ഗ്രീസിനും യൂറോപ്പിനും എന്നപോലെ യുക്തി ചിന്തയിലൂടെ വളർന്ന ഒരു സംസ്കാരമാണ് ഭാരതത്തിനുള്ളത്. ഇന്ത്യ മതങ്ങളുടെ സംഗമ ഭൂമിയാണ്. എന്നാൽ, അതിന്റെ ആത്മാവു യുക്തിയുടെ പ്രകാശമാണ്. പ്രതിസന്ധികളുടെ ഇക്കാലത്ത് ഇന്ത്യ അതിന്റെ സത്തയുടെ ചൈതന്യം ലോകത്തിനു വെളിപ്പെടുത്തും എന്നു പ്രത്യാശിക്കാം.