Augustine Christi PDM
തീയറ്ററിൽ ഇറങ്ങുന്ന മിക്ക സിനിമകളും ആദ്യ ആഴ്ചയിൽത്തന്നെ കാണുന്നയാളായിരുന്നു ഞാൻ. തീയറ്ററിൽപോയി. ഒരു പ്രത്യേക സാഹചര്യത്തിൽ സിനിമ കാണുന്നത് നിർത്തണമെന്ന ഒരു തോന്നലുണ്ടായി. ആത്മാവ് വ്യക്തിപരമായി എനിക്കു നൽകിയ പ്രേരണയോട് ഒട്ടും താമസം പറഞ്ഞില്ല. ഉടനെ സിനിമ കാണുന്ന ശീലം ഉപേക്ഷിക്കാൻ തീരുമാനിച്ചു. കർത്താവിന്റെ കൃപയെ സാക്ഷ്യമാക്കി ഞാൻ നിങ്ങളോട് പറയട്ടെ, അതിനുശേഷം കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ ഒരു സിനിമയും ഞാൻ കണ്ടട്ടില്ല.
അവസരങ്ങളില്ലാഞ്ഞിട്ടല്ല, ദൈവകൃപ എന്നെ അനുവദിച്ചട്ടില്ല. മാത്രമല്ല അതിൽ യാതൊരു നഷ്ടവും എനിക്ക് അനുഭവപ്പെട്ടിട്ടുമില്ല. പകരം ഫലപ്രദമായ മറ്റു കാര്യങ്ങൾക്കായി ആ സമയവും സാഹചര്യവും വിനിയോഗിക്കുകയാണുണ്ടായത്. ഞാൻ സിനിമ കാണൽ ഉപേക്ഷിച്ചതിനു ശേഷം മറ്റുപല മേഖലകളിലും ഞാൻ അഭിവൃദ്ധി പ്രാപിച്ചതായി എനിക്ക് ബോധ്യം വന്നിട്ടുണ്ട്. അവയോട് തുലനം ചെയ്യുമ്പോൾ സിനിമ കാണുന്നത് നിർത്തിയത് നന്നായിയെന്ന് നിസംശ്ശയം എനിക്ക് പറയാനാകും.
പ്രിയപ്പെട്ട യുവസുഹൃത്തേ, എത്രയെത്ര നല്ല തോന്നലുകളാണ് നമുക്ക് ലഭിച്ചിട്ടുള്ളത് ? എന്തുകൊണ്ടാണ് അവ പ്രയോഗത്തിൽ വരാത്തത് ? നിങ്ങള്‍ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങള്‍ തിരിയരുത്; അവ വ്യര്‍ഥമാണ്. എന്നൊരുവചനം 1 സാമുവൽ 12:21 -ൽ നാം കാണുന്നുണ്ട്. ആത്മീയമായി എന്തുകൊണ്ട് വളരാൻ പറ്റുന്നില്ലെന്നും ഇങ്ങനെപോയാൽ പോരെന്നും ചിന്തിക്കുന്ന ഒരാളാണെങ്കിൽ ഞാൻ നിങ്ങളോട് പറയട്ടെ നമുക്ക് ഇഷ്ടപ്പെട്ടതും എന്നാൽ വ്യർത്ഥവുമായ കാര്യങ്ങളോട് നമുക്ക് നോ പറയാൻ പറ്റണം.
അതൊരുപക്ഷേ മൊബൈൽ ഫോണാകാം. ഗെയിംസ് ആകാം, ചിലപ്പോൾ ഫുഡ് ആകാം അങ്ങനെ ഓരോന്നുമാകാം. നല്ലതെന്നു തോന്നുന്ന ഇവയിൽ നിന്നും നമ്മുടെ ആത്മരക്ഷയ്ക്ക് ഒന്നും കിട്ടാനില്ലെന്നും നിലനിൽക്കുന്ന ഒരു ആനന്ദവും ഇവയിലൂടെ ലഭിക്കുകയില്ലെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടായിരിക്കട്ടെ. വർത്തമാനകാലത്തെ അനുദിനസംഭവങ്ങൾക്കൂടി അനുസ്മരിപ്പിച്ചുകൊണ്ടാണ് ഇത് ഞാൻ എഴുതുന്നത് .
പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ആത്മാവ് നമുക്ക് നല്ല പ്രചോദനങ്ങൾ നൽകും. ഉടനെ അവയോട് യെസ് പറയണം. നന്നാകണം എന്ന ആഗ്രഹമുണ്ടായാൽ പോരാ, പരിശ്രമവും ദൈവകൃപയും നമുക്ക് വേണം. കർത്താവിന്റെ കൃപയാണ് നമ്മിൽ നല്ലനല്ല തീരുമാനങ്ങളെടുക്കാൻ തോന്നിപ്പിക്കുന്നതും സാഹചര്യങ്ങൾ നൽകുന്നതും. എന്നാൽ അവ നമ്മൾ വിനിയോഗിക്കുകയോ അതിനുവേണ്ടി സ്റ്റെപ്പ് എടുക്കുകയോ ചെയ്യുന്നില്ലെന്നുമാത്രം. ഉപേക്ഷിക്കാനുള്ള വ്യർത്ഥവിനോദങ്ങൾ, സമയം കളയുന്ന പരിപാടികൾ, ഫോൺ ഉപയോഗങ്ങൾ എന്നിങ്ങനെ സ്വയമേ അറിയാവുന്ന നമ്മുടെതന്നെ അടിമത്തങ്ങൾ നമുക്കുപേക്ഷിക്കാം.
പകരം നല്ലത് വായിക്കാനോ മറ്റുള്ളവരെ സഹായിക്കാനോ ജീവിതത്തെ നവീകരിക്കാനോ നമുക്ക് പരിശ്രമിക്കാം. തീരുമാനമെടുക്കാഞ്ഞിട്ടാണ് ഇതുവരെ നമ്മൾ പരാജയപ്പെട്ടത്. ഇനിയെങ്ങനെ ഉണ്ടാകരുത്. ദൈവാത്മാവ് സഹായിക്കും. ആഗ്രഹിക്കുക, പരിശ്രമിക്കുക, പ്രാർത്ഥിക്കുക. ഞാനും പ്രാർത്ഥിക്കാം. ഒപ്പം എന്തെങ്കിലുമൊക്കെ യേശുവിനെപ്രതി ഉപേക്ഷിക്കുക