Augustine Christi PDM
പ്രിയപ്പെട്ടവരെ കഴിഞ്ഞ ദിവസം എന്തിനുവേണ്ടിയാണു ഞാൻ പ്രാർത്ഥിക്കേണ്ടതെന്ന് ചോദിച്ചു ഒരു യുവാവ് എന്നെ സമീപിക്കുകയുണ്ടായി. എന്താണ് പറയേണ്ടതെന്ന് ഞാൻ ചിന്തിച്ചപ്പോൾ ലഭിച്ച കാര്യം നിങ്ങളോടും പറയണമെന്ന് തോന്നി.
ദൈവസ്നേഹത്തിന് വേണ്ടിയാണു നമ്മൾ പ്രാർത്ഥിക്കേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്.
ദൈവസ്നേഹത്തേക്കുറിച്ച് മനസ്സിലായാൽ നമ്മുടെ ആറ്റിട്യൂഡിന് വലിയ വ്യത്യാസം വരും. ഉറപ്പ്!
ദൈവസ്നേഹം എന്നാൽ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ബന്ധപ്പെട്ടതാണ്. രണ്ടുവിധത്തിൽ ഇതിനെ നമ്മൾ മനസ്സിലാക്കണം. ദൈവസ്നേഹം എന്നാൽ ഒന്നാമതായി ദൈവത്തിനു നമ്മോടുള്ള സ്നേഹം രണ്ടാമതായി ദൈവത്തോട് നമുക്കുണ്ടാകേണ്ട സ്നേഹം.
ഒന്നാമത്തേത് മനസ്സിലായാൽ രണ്ടാമത്തേത് ക്ലിയർ. രോഗവും ചികിത്സയും പോലെ. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ കുറിച്ച് എടുത്തു പറയേണ്ടതില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ യേശുക്രിസ്തു തന്നെ. ദൈവസ്നേഹത്തിന്റെ പൂർണത മുഴുവൻ യേശുക്രിസ്തുവിൽ വ്യക്തമാണ്.
നമുക്ക് ദൈവത്തോടുള്ള സ്നേഹമാണ് ശ്രദ്ധിക്കാനുള്ളത്.
അതെങ്ങനെ രൂപപ്പെടുന്നുവെന്ന് പറയാം. നാലുവിധത്തിലാണ് ദൈവത്തിന്റെ സ്നേഹം നമ്മിൽ സജീവമാകുന്നത്. ഇത് എന്റെ അഭിപ്രായമാണ്. ഇതിനേക്കാൾ നല്ലത് വേറെകാണും.
പറയാൻ പോകുന്ന നാലെണ്ണത്തിൽ ഏതെങ്കിലും ഒന്ന് ഇന്നുതന്നെ വാങ്ങിയെടുക്കണം. അതിനാണ് ഇത് പറയുന്നത് കേട്ടോ. ഒന്നാമത്തേത് ജന്മനാ നമുക്കുണ്ടാകുന്നതാണ്. പേരന്റ്സിൽ നിന്നും കുടുംബത്തിൽ നിന്നും സ്വതവേ ലഭിക്കുന്നത് അത്തരമൊന്നാണ്. നന്ദി പറയണം അങ്ങനെ ലഭിച്ചതിന്. കർത്താവിന്റെ കരുണയാണ് അങ്ങനെ ലഭിച്ച ദൈവസ്നേഹം ഇന്നും കീപ് ചെയ്യാൻ പറ്റുന്നത് എന്ന് നിരന്തരം ഓർമ്മവേണം. രണ്ടാമതായി, അറിവിലൂടെ അഥവാ ബോധ്യങ്ങളിലൂടെ ലഭിക്കുന്നതാണ്.
അങ്ങനെ ലഭിച്ച ദൈവസ്നേഹം ചൂട് പിടിക്കുന്നതും പിടിപ്പിക്കുന്നതുമായിരിക്കും. അത് ജ്വലിക്കും. യുക്തിഭദ്രമായ അടിത്തറയോടെയാകും വിശുദ്ധ വായനകൾ അതിനെ സഹായിക്കും. വിശുദ്ധ ലിഖിതങ്ങൾ, പ്രബോധനങ്ങൾ ഇവയെല്ലാം അതിനെ ഇക്കാലമത്രയും ത്വരിതപ്പെടുത്തുകയാണ്. “വിശുദ്ധ ലിഖിതങ്ങളെ കുറിച്ചുള്ള ആജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള ആജ്ഞതയാണെന്നാണ്” വിശുദ്ധ ജെറോം എന്ന സഭാപിതാവ് പ്രസ്ഥാവിക്കുന്നത്. യുട്യൂബിൽ കിട്ടുന്ന വചനസന്ദേശങ്ങൾ പ്രഭാഷണങ്ങൾ അത്തരത്തിലുള്ളതാണല്ലോ. മൂന്നാമതായി, അനുഭവത്തിലൂടെ കൈവരിക്കുന്നതാണ്.
വ്യക്തിപരമായ ദൈവാനുഭവം ദൈവസ്നേഹം വർധിപ്പിക്കുന്നതിൽ മുൻനിരയിലാണ്. യേശുവുമായി വ്യക്തിപരമായ ഒരു കണ്ടുമുട്ടലാണത്. എനിക്കിഷ്ടം അത്തരമൊരു കണ്ടുമുട്ടൽ ഉണ്ടാകുന്നതാണ്. മേൽപ്പറഞ്ഞ മൂന്നെണ്ണത്തിൽ ഇതിനാണ് കൂടുതൽ പവർ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
നാലാമതായി ദൈവസ്നേഹത്തിനുവേണ്ടിയുള്ള നമ്മുടെ ആഗ്രഹവും പരിശ്രമവുമാണ്. തന്നോട് ചോദിക്കുന്നവർക്ക് അവിടുന്ന് ഇക്കാര്യത്തിൽ പിശുക്ക് കാണിക്കുന്നില്ല. തന്റെ ഭക്തർക്ക് സ്നേഹാനുഭവങ്ങൾ അവിടുന്നു വാരിവിതറുന്നു. അവരെ അതിനു യോഗ്യരാക്കുന്നു.
ദൈവസ്നേഹം മനസ്സിലാക്കി അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയാൽ ആ വ്യക്തി ശക്തനാകും. ആത്മാവിൽ ജ്വലിക്കും. തീർച്ച.
സഭാശുശ്രൂഷയ്ക്കായി പ്രത്യേകം വേർതിരിക്കപ്പെട്ടവർ മാത്രമല്ല ദൈവത്തെ സ്നേഹിക്കാൻ കടപ്പെട്ടവർ. അത് ഭൂമിയിൽ ജന്മമെടുത്ത എല്ലാവരുടെയും പ്രഥമവും പ്രധാനപ്പെട്ടതുമായ കടമയാണ്. എല്ലാം സൃഷ്ടിച്ച, എല്ലാം ശ്രദ്ധിക്കുന്ന, എല്ലാത്തിന്റെയും കാരണക്കാരനും പരിപാലകനുമായ അവിടുത്തെ അല്ലാതെ മറ്റാരാണ് അത്യധികമായി സ്നേഹിക്കപ്പെടാൻ അർഹൻ? ഏതായാലും ഞാൻ ഒരുകാര്യം വചനത്തിന്റെ അടിസ്ഥാനത്തിൽ പറയാം, “ദൈവം തന്നെ സ്നേഹിക്കുന്നവനെ അംഗീകരിക്കുന്നു” (1 കോറിന്തോസ് 8 : 3).
പാപത്തിലേക്ക് നിരന്തരം വീഴുന്നവരും, ആത്മീയമായി വളരാൻ പറ്റാത്തവരും ആദ്യം ആഗ്രഹിക്കേണ്ടത് ദൈവസ്നേഹം അറിയാനും അനുഭവിക്കാനുമാണ്. അതൊന്ന് കാര്യമായി ചോദിച്ചു വാങ്ങണം. കേട്ടോ. അതുണ്ടായാൽ ബാക്കിയെല്ലാം എത്രയോ ഈസി.
“എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ
ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” (റോമാ 8 : 38-39)
ഒരിക്കൽക്കൂടി പറയുന്നു. ഇതിലേതെങ്കിലും ഒന്ന് വാങ്ങിയെടുത്തിട്ടെ ഈ ലോകം വിടാവൂ.
എന്നാ ശരി ഓൾ റൈറ്റ്.