പരീക്ഷയ്ക്കു മുമ്പും പിമ്പും മാതാപിതാക്കൾ മക്കൾക്കു പറഞ്ഞുകൊടുക്കേണ്ട ഏതാനും കാര്യങ്ങൾ. പ്രധാനപ്പെട്ടവയെന്നു തോന്നുന്നതിനാൽ ഞാൻ ഇവിടെ കുറിക്കുന്നു.
ഫലത്തിലേക്കല്ല പരിശ്രമത്തിലേക്കാണ് നിരന്തരം ശ്രദ്ധിക്കേണ്ടത്.
ഫലത്തിലേക്ക് നോക്കി ആകുലപ്പെടാതെ ഉള്ളിലെ ആത്മാർത്ഥയിലേക്കു നോക്കി നന്നായി പരിശ്രമിക്കുക. റിസൽട്ട് എന്തായിരിക്കണം എന്നതിനേക്കാൾ പ്രധാനം പരിശ്രമം എങ്ങനെയായിരിക്കണം എന്നതാണ്. നിന്റെ റിസൾട്ടിനേക്കാൾ ഞങ്ങൾ വിലമതിക്കുന്നത് പരിശ്രമിക്കുന്നതിലെ ആത്മാർത്ഥതയെയാണ്. ഗ്രേഡു കുറയുന്നതിലല്ല നിന്റെ പരാജയം. മറിച്ച് നീ പരിശ്രമിക്കുന്നില്ലെങ്കിൽ അതാണ് പരാജയം.
പ്രതിസന്ധികൾക്കുമുമ്പിലെ മനഃക്കരുത്താണ് മാർക്കിനേക്കാൾ പ്രധാനം.
സർട്ടിഫിക്കേറ്റിലെ മാർക്കുകളേക്കാൾ ജീവിതത്തിൽ പ്രധാനം നിന്റെ മനഃക്കരുത്തിനാണ്. മാർക്കുകൾ കണക്കുകൂട്ടിയുള്ള ജയ പരാജയങ്ങളല്ല ജീവിതത്തിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്. പരാജയങ്ങളുടെ നടുവിലും ജീവിത വിജയത്തിലേക്ക് നടന്നടുക്കാൻ ഒരാളെ സഹായിക്കുന്നത് ആ സമയത്ത് അയാൾ പ്രകടിപ്പിക്കുന്ന മനഃക്കരുത്താണ്. ഏതു വീഴ്ചയിലും നിന്നെ താങ്ങുന്ന ഈ മനഃക്കരുത്താണ് നിന്റെ യഥാർത്ഥ വിദ്യാധനം. അതുണ്ടെങ്കിൽ ഒരു പരാജയവും നിന്നെ പരാജയപ്പെടുത്തുകയില്ല.
നിന്നെപ്പറ്റിയുള്ള മറ്റുള്ളവരുടെ ധാരണകളിലേക്കല്ല നിന്റെ ലക്ഷ്യത്തിലേക്കാണ് നീ നോക്കേണ്ടത്. മാർക്കുകളിൽ കുറവുണ്ടായാൽ മറ്റുള്ളവരുടെ മനസ്സിൽ നിന്നെപ്പറ്റി എന്തു കരുതും എന്നു കരുതി നീ ആകുലപ്പെടണ്ട. കാരണം മറ്റുള്ളവരുടെ മനസ്സിൽ വളരുന്നിലോ കുറയുന്നതിലോ ശ്രദ്ധിച്ച് നീ ആകുലപ്പെടുന്നത് കാറ്റിനെ പിടിക്കാൻ പരിശ്രമിക്കുന്നതുപോലെയാണ്. കാറ്റ് ഏതു ദിക്കിലേക്കും തിരിയും. അതു കാറ്റിന്റ ഇഷ്ടം. നമുക്ക് അതിന്റെ ഗതിയിൽ നിയന്ത്രണമില്ല.
മറ്റുള്ളവരുടെ മനസ്സിൽ എത്രവട്ടം പരാജയപ്പെട്ടാലും അവസാനം ഒരു വലിയ വിജയമുണ്ടായാൽ ആ വിജയമായിരിക്കും പിന്നീട് അവരുടെ മനസ്സിൽ. സ്ഥിരതയില്ലാത്ത ഈ പൊതു മനസ്സിനെ നീ എന്തിനു പേടിക്കണം? ആളുകളുടെ ഉള്ളിലിരിപ്പിലേക്കല്ല, സ്വന്തം ലക്ഷ്യത്തിലേക്കായിരിക്കണം നിന്റെ ശ്രദ്ധ.
മറ്റുള്ളവരുമായിട്ടല്ല നിന്റെ യഥാർത്ഥ കഴിവുമായിട്ടാണ് നിന്നെത്തന്നെ താരതമ്യം ചെയ്യേണ്ടത്.
മറ്റുള്ളവരുമായി നീ നിന്നെത്തന്നെ താരതമ്യപ്പെടുത്തേണ്ട. ഓരോരുത്തരും വ്യത്യസ്തരാണ്. ഏല്ലാവരും വ്യത്യസ്തമായ കഴിവും മനസ്സും ഉള്ളവരാണ്. നീ നീയായാൽ മതി. മറ്റുള്ളവർ നിന്റെ മുന്നിലാണോ പിന്നിലാണോ എന്നതല്ല നീ നിന്റെ യഥാർത്ഥ ശേഷിയുടെ സാധ്യതകൾക്കു മുമ്പിലാണോ പിമ്പിലാണോ എന്നതാണ് നോക്കേണ്ടത്. നിന്റെ ഏറ്റവും മികച്ചത് നീ ചെയ്യുന്നതിലാണ് വിജയവും പരാജയവും. ഞങ്ങൾക്കിഷ്ടം നീ ആയിരിക്കുന്ന യഥാർത്ഥ നിന്നെയാണ്. മറ്റുള്ളവരിലേക്കല്ല നിന്നിലേക്കാണ് നിന്നെത്തന്നെ വിലയിരുത്താൻ നീ നോക്കേണ്ടത്.
നിന്റെ ഏതു പ്രതിസന്ധിയിലും പരിഹാരത്തിനു ഞങ്ങൾ എന്നും കൂടെയുണ്ട്.
ജീവിതത്തിൽ പരാജയമോ വീഴ്ചയോ അവഗണനയോ തെറ്റുകളോ സംഭവിച്ചാൽ നീ ഓടിയണയേണ്ട അഭയസ്ഥാനമാണ് ഞങ്ങൾ മാതാപിതാക്കൾ. ഞങ്ങളോട് എന്തു മറുപടി പറയും എന്നു കരുതി നീ വിഷമിക്കരുത്. നിന്റെ കുറവുകൾ ക്ഷമിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. നിന്റെ നേട്ടങ്ങളേക്കാൾ ഞങ്ങൾക്കു പ്രധാനം നിന്നെയാണ്.
ഞങ്ങളുടെ സ്നേഹ വലയത്തിൽ നിനക്ക് എന്നും സുരക്ഷിതത്വമുണ്ട്. ഒരു ഭയവും നിന്നെ ഞങ്ങളിൽ നിന്നകറ്റരുത്. നിന്റെ പ്രയാസങ്ങളിൽ ഞങ്ങളോടു ഭയമല്ല ആശ്രയമാണ് നിനക്കു തോന്നേണ്ടത്. ശിക്ഷണങ്ങളും ശകാരങ്ങളും ഞങ്ങളുടെ ക്രോധമല്ല, മറിച്ച് കരുതലാണ്. നിന്റെ ഏതു പ്രതിസന്ധിയിലും കുഞ്ഞേ, വാത്സല്യത്തോടെ നിന്റെകൂടെ ഞങ്ങളുണ്ട്. തകർച്ചകളിൽ നീ ഒരിക്കലും ഒറ്റക്കല്ല, ഞങ്ങൾ കൂടെയുണ്ട്.
നിന്റെ മനസ്സിൽ ഇപ്പോൾ വിജയത്തിന്റെ സാദ്ധ്യതകൾ മാത്രം മതി.
കഴിഞ്ഞകാല കുറവുകളെയോർത്ത് നീ തളരുന്നതിൽ തീരെ അർത്ഥമില്ല. അതിൽ നിന്നും പാഠം ഉൾക്കൊണ്ട ശേഷം അവയെ മറന്നു കളയുക. പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ നിന്റെ മനസ്സുമുഴുവൻ നിറഞ്ഞു നിൽക്കേണ്ടത് ചെറുതും വലുതുമായ വിവിധ വിജയങ്ങളുടെ ഓർമ്മകളാണ്. അതിനെതിരായ കുറവുകൾ നിന്നിൽ കാണുമ്പോൾ നിന്റെ ആത്മധൈര്യം കുറയും. അതിനാൽ നിന്നോടുതന്നെ നീ ക്ഷമിക്കുക. ക്ഷമിച്ചവ മറന്നുകളയുക. ആത്മവിശ്വാസമാണ് ഓർമ്മയുടെ കൂട്ട് എന്നോർക്കുക.
തോൽവിയുടെ അർത്ഥം അടുത്ത അവസരത്തിൽ വിജയം കാത്തിരിക്കുന്നുവെന്നാണ്.
ഒരു തോൽവിയുടെ അർത്ഥം ജീവിതത്തിന്റെ ആത്യന്തിക പരാജയമെന്നല്ല. തോൽവി അർത്ഥമാക്കുന്നത് നീ ഇനിയും അതിൽ വിജയിക്കേണ്ടിയിരിക്കുന്നു എന്നാണ്. വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളും ധാരാളമായുണ്ട്.
പലതവണ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും നീ ഒരു കാര്യത്തിൽ വിജയിക്കുന്നില്ലെങ്കിൽ ഒരു പക്ഷെ അതു നിനക്കു പറ്റിയതായിരിക്കില്ല. നിനക്കു പറ്റിയ മറ്റനവധി മേഖലകളും അവസരങ്ങളും ഈ ആധുനിക യുഗത്തിൽ അനന്തമായി തുറന്നു കിടക്കുമ്പോൾ ഒന്നിനെ മാത്രമോർത്തു നീ സ്വയം പരാജിതനായി കണക്കാക്കരുത്. ഒന്നല്ല ഒരുപാടുണ്ട് സാദ്ധ്യതകൾ. ഒരു തോൽവിക്കു മുന്നിലും നീ സ്വയം തോറ്റുകൊടുക്കരുത്. തോൽവി വിജയിക്കാനുള്ള ഇച്ഛാശക്തിയാണ് നിന്നിൽ നിറയ്ക്കേണ്ടത്.
ഞങ്ങളുടെ അനുഗ്രഹങ്ങൾ നിന്റെ കൂടെ എപ്പോഴുമുണ്ട്.
അവസാനമായി ഇതുകൂടി പറയുവാൻ ആഗ്രഹിക്കുന്നു: ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഞാനും നിന്നെ അനുഗ്രഹിക്കുന്നു. എല്ലാറ്റിലും എപ്പോഴും നിനക്ക് നല്ലതു മാത്രം ഭവിക്കട്ടെ. ഞങ്ങൾ മാതാപിതാക്കളുടെ ഈ അനുഗ്രഹം എന്നും നിന്റെ കൂടെയുണ്ടാകും. എന്നും നിനക്കു നല്ലതേ വരൂ. നിന്റെ ജീവിതം വിജയിക്കും, തീർച്ച.
By, Rixon