രാത്രി. ഏകാന്തത. ചുറ്റും അന്ധകാരം. ചോര മണക്കുന്ന നിശബ്ദത.
ഞാൻ എന്തൊക്കെയാണീ
എഴുതികൂട്ടുന്നത്? കൂടെയുള്ളവർ നന്നായി ഉറങ്ങുന്നു. എന്തിനാണ് ഞാനീ രാത്രിയിൽ ഇങ്ങനെയെല്ലാം ചിന്തിച്ചുകൂട്ടുന്നത്?
ഇതിപ്പോ കുറച്ച് ദിവസങ്ങളായ് ഇങ്ങനെ. പക്ഷെ ഇന്ന്, ഉറക്കം കൺപോളകളെ വെറുപ്പോടെ നോക്കുന്ന ഈ രാത്രിയിൽ ചിലതെല്ലാം ഓർക്കുമ്പോൾ…
വേണ്ടായിരുന്നു… ഒന്നും വേണ്ടായിരുന്നു.
ശരിക്കും ഒന്നുറങ്ങിയിട്ട് തന്നെ ഇതെത്ര ദിവസമായി? കുറെയേറെ കാര്യങ്ങൾ ഭയത്തിന്റെ അകമ്പടിയോടെ എന്നെ അസ്വസ്ഥനാക്കുന്നു.
നിർത്തിയാലോ എല്ലാം?
മതി. എന്നെകൊണ്ട് ഇത് ചെയ്യാൻ പറ്റില്ല.
ഈ നിമിഷം ചങ്ക് പൊട്ടി അങ്ങ് മരിച്ചുപോയിരുന്നെങ്കിലോ എന്ന് വരെ ആശിക്കുകയാണ്. ഉപദേശവും കഥകളും കുറെ കേട്ടിട്ടുണ്ട്. കുറെപേരോട് അതെല്ലാം പറഞ്ഞിട്ടുമുണ്ട്.
പക്ഷെ… ഇപ്പോൾ എന്റെ ഈ വേദന… ഇല്ല… ഇതാർക്കും മനസിലാവില്ല.
കുറച്ചു വർഷങ്ങളായി ഏതാവശ്യത്തിനും കൂടെനടക്കുന്ന കുറെ സൗഹൃദങ്ങളുണ്ട്. പക്ഷെ.. ഇപ്പോൾ എനിക്ക് സഹായം ഏറ്റവും ആവശ്യമായ ഈ സമയത്ത്, ഞാൻ ഇത്രയധികം തീ തിന്നുമ്പോൾ,
എന്റെ കൂടെ നിൽക്കാനോ തോളിൽ തട്ടി ഒന്നാശ്വസിപ്പിക്കാനോ ഒരാളുമില്ല. എല്ലാവർക്കും അവരവരുടെ ദുഃഖവും വേദനയും കണ്ണീർകഥകളുമായി അങ്ങനെ… എന്നാലും ഇവർക്കിതെങ്ങനെ ഉറങ്ങാൻ സാധിക്കുന്നു?
അവർ എന്തെങ്കിലും ചെയ്യട്ടെ.. എനിക്ക് പറയാനുള്ളത് അങ്ങയോടാണ്…
ഒടുക്കം, ആരുമില്ലെങ്കിലും ഈ രാത്രിയിൽ എല്ലാം കേൾക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവത്തോട്..
എന്റെ അപ്പനോട്… സത്യമായിട്ടും അപ്പാ…
നെഞ്ച് പൊളിഞ്ഞ് ഞാൻ നീറുകയാണ്…
ഈ വേദന.. പരീക്ഷണം.. ഒന്ന് മാറ്റിതരാമോ?
ഇല്ല..
നിശബ്ദത കൊണ്ട് ഉത്തരം പറയാൻ അങ്ങ് പണ്ടേ പരിശീലിച്ചിരിക്കുന്നു.
അന്ധകാരത്തിന്റെ മണിക്കൂറുകൾക്ക് ആഴം കൂടിവരികയാണ്.. ഈ സമയത്ത് അങ്ങ് കൂടി കൈവിട്ടാൽ പിന്നെ… ഹോ !!!എന്തായാലും ദൈവേഷ്ടം നടക്കട്ടെ.
ഞാൻ ഇത് കുടിക്കാതെ ഇത് തീരില്ല എന്നറിയാം…എങ്കിലും സഹിക്കാൻ അത്ര ത്രാണിയില്ല.
ഞാൻ ഒരുങ്ങട്ടെ . സമയസൂചിക എന്തേ ഇന്നീ രാത്രിയിൽ ഇത്ര മെല്ലെ???
ആ സമയം അടുക്കുന്തോറും നെഞ്ചിടത്തിൽ ഉടുക്കാണ് നിർത്താതെ..
എഴുന്നേൽക്കാം. മുന്നോട്ടു പോകാം. അസമയം എന്ന് തോന്നാവുന്ന ആ നേരത്തേക്ക്.. നേരിടാം, ഏറ്റെടുക്കാം ഞാൻ .. അങ്ങ് കൂടെകാണും എന്ന് വിശ്വസിച്ച്..
കാണില്ലേ??
അല്ലെങ്കിലും ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലല്ലോ. മരണം വാ പിളർന്നു വാതിൽക്കൽ വന്നെത്തിനോക്കുന്നുണ്ട്. ഒറ്റുകൊടുക്കലിന്റെയും തള്ളിപ്പറയലിന്റെയും ലുത്തിനിയ പിന്നാമ്പുറങ്ങളിൽ തയ്യാറാവുന്നത് കൊള്ളിയാൻ പോലെ മിന്നിക്കേൾക്കുന്നുണ്ട്.
നെഞ്ചിൽ പെരുമ്പറയോടെ കൂട്ടുകാരെ വിളിച്ചു..
“എഴുന്നേൽക്കുവിൻ, നമുക്ക് പോകാം “
മുന്നിൽ തീ പാറുന്ന ചുണ്ടുകൾ കവിളിനോടടുക്കുന്നു.പിന്നിൽ ഓടിമറയുന്നവരുടെ ജാള്യതയുടെ കാൽപെരുമാറ്റവും. കള്ളനെപോലെ എന്നെ കയ്യാമം വച്ച അവരുടെ കയ്യിലും കണ്ണിലും തീപ്പന്തം. എന്തിനാ ഇങ്ങനെ….
ഞാൻ എപ്പോളും നിങ്ങളുടെ കൂടെ ഇല്ലായിരുന്നോ. ഞാൻ പറഞ്ഞതും ചെയ്തതും എല്ലാം നിങ്ങളുടെ മുൻപിൽ വച്ചുതന്നെ അല്ലായിരുന്നോ… പിന്നെന്തിനാ..
അറിയാം അപ്പാ..
ഇനി മുന്നിൽ കാത്തിരിക്കുന്നത് മാറിമാറിയുള്ള അന്യായവിധികൾ. ഏൽക്കേണ്ടത് ചോരയും മാംസവും വലിഞ്ഞകലുന്ന ചാട്ടയടികൾ. കാണേണ്ടത് അമ്മയടക്കം പ്രിയരുടെ നെഞ്ചുലക്കുന്ന കണ്ണീർ.. കുരിശ്.. കയിപ്പുനീർ.
ശ്വാസം തന്ന അപ്പാ.. അങ്ങേ കരങ്ങളിലേക്ക് ഇതാ എന്റെ ആത്മാവിനെ ഞാൻ…
ആരോ വരുന്നു.. ഒരാൾക്കൂട്ടം !!!
അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും…
സാബത്ത് കഴിഞ്ഞു. ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ.
ദൂതന് സ്ത്രീകളോടു പറഞ്ഞു:
_ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
അവന് ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ അവന് ഉയിര്‍പ്പിക്കപ്പെട്ടു.
എന്റെ ഹീറോ മൂന്നാം നാൾ ഉയർത്ത്, സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത് എഴുന്നളളി ഇരിക്കുന്നു.
By, frjincecheenkallel