“നിസ്സഹായത” എത്ര നല്ല ഭക്ഷണങ്ങൾ മുമ്പിൽ വിളമ്പിയാലും കഴിക്കാതിരിക്കുക…
വിശപ്പും ദാഹവും ഇല്ലാത്തവനായ ദൈവത്തിന്റെ കൂടെ അല്പം സമയം ചിലവഴിക്കുക…
“അനുസരണം” തിന്നാനുണ്ട്. പക്ഷെ തിന്നില്ല. കുടിക്കാനുണ്ട്. പക്ഷെ കുടിക്കില്ല. കിടപ്പറയും ഇണയുമുണ്ട്. പക്ഷെ ഇപ്പോൾ വേണ്ട. എന്റെ ആഗ്രഹമല്ല ദൈവത്തോടുള്ള എന്റെ സ്നേഹമാണ് വലുത് എന്ന ബോധ്യം.
“പശ്ചാത്താപം” ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ചില നേരങ്ങളിൽ ഉള്ളിൽ ഒരു വിങ്ങൽ. നെഞ്ചിലൊരു കനം. കുറ്റബോധം. കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ. ഏറെ പൊറുക്കുന്നവനാണ് എന്റെ ഈശോ എന്ന തിരിച്ചറിവ്, അല്ല എന്നോട് പൊറുക്കാനും എന്നെ ദൈവവുമായി രമ്യതയിൽ എത്തിക്കലുമാണ് അവന്റെ ലക്ഷ്യം എന്ന തിരിച്ചറിവ്.
“തിരിച്ചറിവ്” വിശപ്പ് കഠിനമാവുമ്പോൾ വിശക്കാത്തവനെക്കുറിച്ചുള്ള ചിന്ത. ഈശോയാണല്ലോ വിശപ്പ് മാറ്റുന്നവൻ എന്ന ഓർമ്മ. അവനോടു നന്ദി പറയണമെന്ന ബോധ്യം. ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് നോമ്പ്.
“വചന വായന” ദൈവത്തിന്റെ വാക്കുകളുടെ വിസ്മയം. ദൈവീക പാഠങ്ങളുടെ പ്രവാഹം. ആശയങ്ങളുടെ വർണ്ണ. ഈ ജീവിത ഒഴുക്കിൽ ‘ഞാൻ’ ഒരുപാട് ചെറുതാകുന്നു.’നീ’ ഒരുപാട് വലുതാകുന്നു. ഈശോയോട് മിണ്ടലാണ് നോമ്പ്.
“കനിവ്” കയ്യിലുള്ളതിലേക്ക് നോക്കുമ്പോൾ, എടുത്തതെത്രയോ അധികം. കൊടുത്തതെത്രയോ കുറവ്. നീണ്ട് വരുന്ന കൈകളോട് പ്രിയം. അർഹരോട് ആദരവ്. ദൈവത്തെ ഓർത്തുള്ള കനിവും കാരുണ്യവുമാണ് നോമ്പ്.
“പ്രതീക്ഷ” പള്ളിയോടിഷ്ടം. പ്രാർത്ഥനക്കൊരിമ്പം. സ്വർഗത്തിന്റെ സുഗന്ധം. പ്രതീക്ഷയാണ് എന്റെ എന്റെ വിശ്വാസം. ജീവനാണ് എനിക്കന്റെ ഈശോ.
ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.
കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില് എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല.
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്പിലും നിന്നെ സംരക്ഷിക്കും.
നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ. നിന്റെ പുരാതന നഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
ഏശയ്യാ 58 : 3-12
By, M. J. Philokalia