Jinson Abraham Vazhappillethu
എന്താണ് കാതോലിക് എന്ന വാക്കിന്റെ അർത്ഥം? ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സഭകളുടെ കൂട്ടായ്മയെയാണ് കാതോലിക് അഥവാ കത്തോലിക്കാ സഭാ എന്നു പറയുന്നത്. അതിനാൽ തന്നെ നമുക്ക് കത്തോലിക്കാ സഭയെ “The Universal Church” എന്നും വിളിക്കാം. യഥാർത്ഥത്തിൽ കത്തോലിക്കാ സഭ എന്ന കൂട്ടായ്മ ഏവരിലും അത്ഭുതം സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം ഇതിനുള്ളിൽ വിവിധ ആചാര അനുഷ്ഠാനങ്ങളാലും പാരമ്പര്യങ്ങളാലും വ്യത്യസ്തമാകുന്ന 24 വ്യക്തിഗത സഭകൾ ഉൾകൊള്ളുന്നു. ഇതെന്തുകൊണ്ടെന്ന് ചോദിച്ചാൽ ഈ 24 സഭകളും രൂപീകൃതമായത് വിവിധ സ്ഥലങ്ങളിൽ ആണ്.
നിങ്ങൾ ലോകമെങ്ങും പോയി എല്ലാ തലമുറകളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന് കർത്താവായ യേശുമിശിഹായുടെ ആഹ്വാനപ്രകാരം ലോകമെങ്ങും പോയി സുവിശേഷം അറിയിച്ചതിന്റെ ഫലമായാണ് പല ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും ഉൾകൊള്ളുന്ന സഭകൾ രൂപീകൃതമായത്. അതായത് യേശുക്രിസ്തു തിരഞ്ഞെടുത്ത 12 ശിഷ്യൻമാർക്കും വ്യത്യസ്തമായ സ്വഭാവ രീതികൾ ഉണ്ടായിരുന്നതു പോലെ തന്നെ. ഈ ശിഷ്യന്മാർ പല സ്ഥലങ്ങളിൽ സുവിശേഷം അറിയിച്ച് അടിസ്ഥാനമിട്ട ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും വിവിധ ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും കൈവന്നു. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭാ കൂട്ടായ്മയിലെ സഭകൾക്ക് വൈവിധ്യങ്ങൾ നിറഞ്ഞ പാരമ്പര്യ അനുഷ്ഠാനങ്ങൾ വന്നു ചേർന്നതിൽ സംശയിക്കേണ്ട ആവശ്യകതയേയില്ല.
“വിവിധ ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ എന്തിന് റോമൻ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ തലവനായി കാണുന്നു എന്ന ചോദ്യം സ്വാഭാവികമായി നമുക്ക് വരാം. എന്നാൽ ആ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ചുവടെ ചേർക്കുന്നു “
വി. മത്തായി ശ്ലീഹായുടെ സുവിശേഷം 16-ആം അദ്ധ്യായം 18, 19 വാക്യങ്ങൾ വായിക്കുകയാണെങ്കിൽ നമുക്ക് ശരിയായ ഉത്തരം ലഭിക്കുന്നതാണ് :”യേശു പത്രോസിനോടു പറഞ്ഞു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 18-19.
ഈ വാക്യങ്ങളിൽ നിന്ന് തെല്ലും സംശയം കൂടാതെ നമുക്ക് പറയാൻ സാധിക്കും യേശുക്രിസ്തു പത്രോസാകുന്ന പാറമേൽ സ്ഥാപിച്ച ഏക സഭയാണ് കത്തോലിക്കാ സഭ. ആ സഭയുടെ താക്കോലും സർവ്വത്രിക സഭയുടെ പരമാധികാരവും കർത്താവ് പത്രോസിനെയാണ് ഭരമേൽപ്പിച്ചത്. ആ സഭയുടെ പരമാധികാരിയായ വി. പത്രോസിൻ്റെ പിൻഗാമിയാണ് റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാ സഭയുടെ അധിപനും സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവനുമായ മാർപാപ്പ. നമുക്ക് ഏവർക്കും അറിയാവുന്നതു പോലെ ശ്ലീഹന്മാരുടെ തലവനായി കർത്താവായ യേശുക്രിസ്തു നിയമിച്ചത് വി. പത്രോസ് ശ്ലീഹായെയാണെന്ന് വി. ബൈബിൾ കൃത്യമായി തന്നെ സാക്ഷിക്കുന്നു.
അതിനാൽ തന്നെ ബാക്കിയുള്ള ശ്ലീഹന്മാർ വി. പത്രോസ് ശ്ലീഹായെ തലവനായി കണ്ടതുപോലെ അവരുടെ കാലശേഷവും വി. പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വം കൊണ്ട് നിർമ്മിതമായ തന്റെ ശ്ലൈഹീക സിംഹാസനത്തിൽ ആരുഢരായിരിക്കുന്ന മാർപാപ്പമാരെ മറ്റു ശ്ലീഹന്മാർ പത്രോസ് ശ്ലീഹായെ തങ്ങളുടെ തലവനായി കണ്ടതുപോലെ ലോകത്തിലെ നാനാഭാഗങ്ങളിൽ ശ്ലീഹന്മാരാൽ സ്ഥാപിതമായ സഭകളും അപ്രകാരം തന്നെ തങ്ങളുടെ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ പൊതു തലവനായി മാർപാപ്പയെ കാണുന്നു.
അതുകൊണ്ടാണ് ഈ കത്തോലിക്കാ സഭയിൽ വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഒന്നുചേർന്ന് നിൽക്കുന്നത്. ഒന്നുകൂടി വ്യക്തമായി ഉദാഹരണം സഹിതം പറയുകയാണെങ്കിൽ അന്ത്യോക്യൻ സുറിയാനി ആരാധനക്രമം അനുസരിച്ച് പരിശുദ്ധ കുർബാനയിലെ തുബ്ദേനിൽ “നാലു ഭാഗങ്ങളിലും ഉള്ള ദൈവത്തിന്റെ സഭകളെ മേയിച്ചു ഭരിക്കുന്നവരായ എല്ലാ പിതാക്കന്മാർക്കു വേണ്ടി പ്രത്യേകിച്ച് റോമൻ സഭയുടെ പാത്രിയാർക്കീസ് ആയ പരിശുദ്ധപിതാവിനു ” എന്ന് ചേർത്തു ചൊല്ലിയിരുന്നു. ഇതിലും സിമ്പിൽ ആയ ഉദാഹരണം വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല.
അതുപോലെ തന്നെ ചില സഭകൾ മോർ പത്രോസ് ശ്ലീഹന്മാരുടെ തലവൻ അല്ലെന്നും ദൈവം പത്രോസിന് പ്രത്യേകമായ ഒരു പദവി കൊടുത്തിട്ടില്ലെന്നും പത്രോസ് ശ്ലീഹാ മറ്റു ശിഷ്യന്മാരെ പോലെ ഒരാൾ മാത്രമാണെന്നും പുറമെ ചിലർ വാദിക്കുന്നുണ്ടെങ്കിലും ആ സഭയിലെ തിങ്കളാഴ്ച ദിവസം രാത്രിയിലെ കോലോ ചൊല്ലുന്നത് കേട്ടാൽ തികച്ചും അത്ഭുതം വരും. കോലോ പ്രാർത്ഥന താഴെ ചേർക്കുന്നു:-
” ദർശക പദവിക്കുറവിടമാം – മോശയെ നാമോർപ്പൂ
ശ്ലീഹാ ഗണത്തിൽ തലയാളാം – ശീമോനെയുമതുപോൽ
നീതിപ്രിയരെ ഓർപ്പാൻ റോമാക്കാർ-
യെഴുതിയ ശിൽപ്പി പൗലോസിനെയോർപ്പു
പൂർണ്ണ മനസ്സോടു ദൈവത്തെ – യവരാരാധിച്ചു
തൽ പ്രാർത്ഥനയാൽ നമ്മുടെ മേൽ – കൃപയുണ്ടാകട്ടെ
ഹാലേ….. തൽ പ്രാർത്ഥന ശരണം
മേൽ കൊടുത്ത പ്രാർത്ഥനയിൽ രണ്ടാമത്തെ ലൈനിൽ ശ്ലീഹന്മാരുടെ തലയാളാം ശീമോയനയുമതുപോൽ അതിനർത്ഥം ശ്ലീഹന്മാരുടെ തലവൻ പത്രോസ് അഥവാ ശീമോൻ ആണെന്ന് പ്രാർത്ഥനയിലൂടെ അവർ ഏറ്റുപറയുകയാണ്. പുറമേയൊന്ന് അകമേ വേറൊന്ന്. അല്ലാതെ പിന്നെ എന്തു പറയാൻ ഒരു കാര്യം ഓർത്തുകൊളളുക കത്തോലിക്കാ സഭാ കൂട്ടായ്മയുടെ തലവനായി മാർപാപ്പയെ കണ്ടന്നു വച്ച് ഈ കൂട്ടായ്മയിൽ പെട്ട 23 വ്യക്തിഗത സഭകൾക്കും അവരുടേതായ തലവന്മാരുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ തലവനാണ് മാർപാപ്പ.
അങ്ങനെ 12 അപ്പസ്തോലന്മാരും പരിശുദ്ധാത്മാവിന്റെ ആവാസത്തോടുകൂടി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സുവിശേഷം പ്രഘോഷിക്കാൻ ഇറങ്ങി തിരിച്ചതിന്റെ ഫലമായിട്ടാണ് മോർ തോമ്മാ ശ്ലീഹാ മെസപ്പൊട്ടാമ്യ, പേർഷ്യ, മെദിയാ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷ പ്രഷോഷണം നടത്തിയതിനു ശേഷം ഭാരതത്തിൽ സുവിശേഷ പ്രഘോഷണത്തിനായി എത്തി ചേർന്നത്. അങ്ങനെ മോർ തോമ്മാ ശ്ലീഹാ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസത്തിന് അടിസ്ഥാനമിട്ടു.
അതുവഴി ഇവിടെ ക്രൈസ്തവ സഭ രൂപം പ്രാപിച്ചു. കേരള ക്രൈസ്തവ സഭയുടെ ആദ്യ കുറച്ചു നാളുകളിലെ ചരിത്രം വ്യക്തമല്ലെങ്കിലും പിന്നീട് ലഭിച്ച രേഖകൾ പ്രകാരം മോർ തോമ്മാ ശ്ലീഹായാൽ രൂപീകൃതമായ പേർഷ്യൻ കൽദായ കത്തോലിക്കാ സഭയുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് ചരിത്ര രേഖകൾ സാക്ഷിക്കുന്നുണ്ട്. ആ പരസ്പരം ബന്ധം നിമിത്തം ആണ് പേർഷ്യൻ സഭയിലെ മെത്രാൻമാർ ഭാരത സഭയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ നേതൃത്വം കൊടുക്കുവാൻ വന്നത്
ഇനി മോർ തോമ്മാശ്ലീഹാ കേരളത്തിൽ അടിത്തറയിട്ടത് ക്രൈസ്തവ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം പറയാം. ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ തോമ്മാശ്ലീഹാ അടിസ്ഥാനമിട്ട ക്രൈസ്തവ സഭയ്ക്ക് കത്തോലിക്കാ സഭയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് ഒറ്റ വാക്കിൽ തന്നെ നമുക്ക് പറയാം. ആദ്യ കാലഘട്ടങ്ങളിൽ ഇവിടെ ജീവിച്ചിരുന്ന ക്രൈസ്തവർ തോമ്മാ ശ്ലീഹാ അടിസ്ഥാനമിട്ട പേർഷ്യൻ കത്തോലിക്കാ സഭ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി ആരാധനക്രമം തന്നെയാണ് ഉപയോഗിച്ചതെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കാരണം പേർഷ്യൻ നാടുകളിലും ഭാരതത്തിലും എല്ലാം സുവിശേഷം അറിയിച്ചത് മോർ തോമ്മാശ്ലീഹാ തന്നെയാണ്.
അതിനാൽ കേരളത്തിലെ പുരാതന ക്രൈസ്തവ സഭയും പേർഷ്യൻ കത്തോലിക്കാ സഭയും തമ്മിൽ പരസ്പരം ബന്ധം പുലർത്തിയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാനായിട്ട് സാധിക്കും. അതിനാൽ തന്നെ ഇവിടുത്തെ ക്രൈസ്തവർക്ക് വേണ്ട ആത്മീയ നേതൃത്വം നൽകിയിരുന്നത് പൗരസ്ത്യ സഭയിൽ നിന്നും വന്നിരുന്ന മെത്രാന്മാരായിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷിക്കുന്നു.എന്നാൽ മോർ തോമ്മാശ്ലീഹാ രൂപം കൊടുത്ത കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് കത്തോലിക്കാ സഭയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും പൗരസ്ത്യ സഭയിൽ നിന്നും വന്ന മെത്രാന്മാർ കത്തോലിക്കാ സഭ കൂട്ടായ്മയിൽപെട്ട മെത്രാന്മാർ അല്ലെന്നും ചിലർ വാദിക്കുന്നുണ്ട്. ഇത് സത്യമാണോ ഇല്ലയോ എന്ന് ചരിത്ര രേഖകളിൽ കൂടി തന്നെ നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം.
ഭാരതത്തിൽ 1544 കാലഘട്ടത്തിൽ സുവിശേഷം പ്രലോഷിച്ച വി. ഫ്രാസിസ് സേവ്യർ വളരെ വ്യക്തമായി തന്നെ ഇവിടുത്തെ സഭയെ കുറിച്ച് യൂറോപ്പിലേക്ക് എഴുതിയതായി ചരിത്രരേഖകളിൽ കൂടി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. പോർട്ടുഗീസുകാർ കൊടുങ്ങല്ലൂരിൽ സ്ഥാപിച്ച വൈദീക സെമിനാരിയിലേക്ക് നൂറിൽ പരം നസ്രാണി കുടുംബങ്ങൾ യുവാക്കളെ വൈദീക പരിശീലനത്തിന് സെമിനാരിയിലേക്ക് അയച്ചു എന്ന് അദ്ദേഹം യുറോപ്പിലേക്ക് കത്തെഴുതുകയുണ്ടായി. ഇവിടെ കത്തോലിക്കാ സഭ കൂട്ടായ്മ ഇല്ലായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് മലങ്കര നസ്രാണികൾ പോർട്ടുഗീസുകാരുടെ സെമിനാരിയിലേക്ക് യുവാക്കളെ വൈദീക പരിശീലനത്തിനായി അയച്ചത്???
അതുപോലെ തന്നെ കൊടുങ്ങല്ലൂരിലെ ഒരു ദൈവാലയത്തിന് ദണ്ഡ വിമോചനം ആവശ്യപ്പെട്ടുകൊണ്ടും വി.ഫ്രാൻസിസ് സേവ്യർ മാർപാപ്പയ്ക്ക് കത്തയക്കുകയുണ്ടായി. ദണ്ഡ വിമോചനം എന്നു പറയുന്നത് കത്തോലിക്കാ സഭാ വിശ്വാസം ആണ്. ഒരു പക്ഷേ ഇനി കേരളത്തിൽ കത്തോലിക്കാ സഭാ വിശ്വാസം ഇല്ലായിരുന്നുവെങ്കിൽ പിന്നെന്തിനാണ് കത്തോലിക്കാ വിശ്വാസം രൂപീകൃതമാകാത്ത കേരളത്തിലെ ഒരു ദൈവാലയത്തിന് വേണ്ടി ദണ്ഡ വിമോചനം ആവശ്യപ്പെട്ടുകൊണ്ട് മാർപാപ്പയ്ക്ക് കത്തെഴുതിയത്?? (ഒരു കാര്യം ഓർത്തുകൊള്ളുക വി.ഫ്രാൻസിസ് സേവ്യർ 1552 -ൽ മരണം അടഞ്ഞു. അതിന് മുൻപ് നടന്ന സംഭവങ്ങൾ ആണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഉദയംപേരൂർ സുനഹദോസ് 1599 -ലാണ് നടന്നത്…)
1504 – 52 കാലഘട്ടത്തിൽ കേരള ക്രൈസ്തവ സഭയ്ക്ക് ആത്മീയ നേതൃത്വം നൽകിയ മോർ യാക്കോബുമായിട്ട് പാശ്ചാത്യ മിഷണറിമാർ തങ്ങൾ ഏവരും ഒരേ വിശ്വാസത്തിൻ കീഴിൽ ഉള്ളവരാണെന്ന പരസ്പര ബോധ്യത്തോടുകൂടിയാണ് മുൻപോട്ടു പോയത്. അങ്ങനെ ഒരു ബോധ്യം ഇല്ലായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് പാശ്ചാത്യ മിഷണറിമാർ തങ്ങളുടെ ബലിപീഠങ്ങളിൽ ബലിയർപ്പിക്കുവാൻ മോർ യാക്കോബിനെ അനുവദിച്ചത് അതും അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇരുകൂട്ടരും കൂദാശകളിൽ പരിപൂർണ സംസർഗ്ഗം പുലർത്തിയത്. കാരണം തങ്ങൾ ഏവരും ഒരേ വിശ്വാസത്തിൻ കീഴിൽ ഉള്ളവരാണെന് അവർക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു..
1556-1569 കാലഘട്ടത്തിൽ കേരള ക്രൈസ്തവ സഭയ്ക്ക് നേതൃത്വം നൽകിയ മോർ യൗസേപ്പ് (പേർഷൻ കൽദായ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് മാർ ജോൺ സ്യൂദ് സൂലാക്കയുടെ സഹോദരൻ ആയിരുന്നു മോർ യൗസേപ്പ്. അദ്ദേഹത്തെ ഇവിടെ നിയമിച്ചത് മാർ അബ്ദീശോ എന്ന കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസായിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷിക്കുന്നു) പൗരസ്ത്യ കത്തോലിക്കാ മെത്രാനേ പാശ്ചാത്യ മിഷണറിമാർ ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്തതായി ചരിത്രരേഖകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ തനിക്ക് കത്തോലിക്കാ പാത്രിയാർക്കീസായ അബ്ദീശോയാണ് പട്ടം തന്നതെന്നും തൻ്റെ സഹോദരനായ ജോൺ സ്യൂദ് സൂലാക്കായോടു കൂടി മാർപാപ്പയെ റോമിൽ പോയി സന്ദർശിച്ചിട്ടുണ്ടെന്നും മോർ യൗസേപ്പ് പാശ്ചാത്യ മിഷണറിമാരോട് പറയുകയുണ്ടായി. മോർ യൗസേപ്പ് ഒരു കത്തോലിക്കാ മെത്രാൻ അല്ലെങ്കിൽ എന്തിനാണ് അദ്ദേഹം പാശ്ചാത്യ മിഷണറിമാരോട് ഇപ്രകാരം പറഞ്ഞത്. ഇനിയൊരു പക്ഷെ ഇത് കള്ളമാണെങ്കിൽ എന്തിനാണ് മാർപാപ്പ മോർ യൗസേപ്പിനു വേണ്ടി ശുപാർശ കത്തുകൾ എഴുതി പാശ്ചാത്യ മിഷണറിമാർക്ക് അയച്ചത്?
അടുത്തതായി കേരള ക്രൈസ്തവർക്ക് ആത്മീയ ശുശ്രൂഷ നിർവ്വഹിക്കാൻ വന്ന മോർ അബ്രഹാമിനെയും പാശ്ചാത്യ മിഷണറിമാർ തടവിലാക്കുകയും യൂറോപ്പിലേക്ക് വിചാരണയ്ക്ക് അയക്കുകയും ചെയ്തു. എന്നാൽ പോകും വഴി രക്ഷപ്പെട്ട മോർ അബ്രഹാം പശ്ചിമേഷ്യൻ പാത്രിയാർക്കീസായ മോർ അബ്ദിശോ പാത്രിയാർക്കീസിൻ്റെ പക്കലെത്തി അദ്ദേഹത്തെ വിവരം ധരിപ്പിക്കുകയും തുടർന്ന് പാത്രിയാർക്കീസിൻ്റെ ശുപാർശ കത്തുമായി നാലാം പീയൂസ് മാർപാപ്പയെ സന്ദർശിക്കുകയും തുടർന്ന് മാർപാപ്പ പാശ്ചാത്യ മെത്രാന്മാർക്ക് കൊടുക്കാനുള്ള കത്തുമായി മോർ അബ്രഹാമിനെ കേരളത്തിലേക്ക് അയക്കുകയും ചെയ്തു. കത്തോലിക്കാ സഭയുമായി മോർ അബ്രഹാമിന് ബന്ധമില്ലായിരുന്നുവെങ്കിൽ എന്തിനാണ് അദ്ദേഹം മാർപാപ്പയെ സന്ദർശിച്ചതും അദ്ദേഹത്തിൻ്റെ ശുപാർശ കത്തുകളുമായി കേരളത്തിലേക്ക് വന്നതും?
മേൽ പറഞ്ഞവയിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാൻ സാധിക്കും മോർ തോമ്മാശ്ലീഹാ കേരളത്തിൽ അടിസ്ഥാനമിട്ടത് കത്തോലിക്കാ സഭക്ക് തന്നെയായിരുന്നുവെന്നും അതുപോലെ തന്നെ ഇവിടെ അത്മീയ നേതൃത്വം വഹിച്ചത് പൗരസ്ത്യ കത്തോലിക്കാ സഭയിൽപ്പെട്ട മെത്രാന്മാർ ആയിരുന്നുവെന്നും വ്യക്തമാണ്.
ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ നമ്മുടെ സഭയേയും സഭയിലെ മേൽപട്ടക്കാരെയും ചരിത്രപരമായി മറ്റുള്ളവർ അധിക്ഷേപിക്കുമ്പോഴും കുറ്റം പറയുകയും ചെയ്യുമ്പോൾ സഭയിൽ ഉള്ള ചില പ്രമുഖ ഭക്തസംഘടനകൾ മറുപടി കൊടുക്കാതെ മൗനം പാലിക്കുന്നത് തികച്ചും ദുഃഖകരമാണ്. സഭയെ സംരക്ഷിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങൾ എന്നു അവർ പറയുമ്പോഴും പറയുമ്പോഴും അവർക്ക് അതിന് സാധിക്കുന്നുണ്ടോ എന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും. സ്ഥാനവും മാനവും മാത്രം ആണ് ഓരോരുത്തരുടേയും ലക്ഷ്യമെങ്കിൽ പിന്നെ ഒന്നും മിണ്ടാതെ ഒരിടത്ത് ഇരുന്നാൾ മതിയല്ലോ.