നീണ്ട ദിവസത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് അവൻ, ഞങ്ങളുടെ ആറാമത്തെ കുഞ്ഞ് (7 th month, Pre mature Baby) സാം ജോസഫ് വീട്ടിലേക്കു വന്നു. B/o RemyaBed no: 2
കടന്നുപോയ ദിവസങ്ങളെ ഈ വചനത്തോട് ചേർത്ത് വായിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു ” നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” (യോഹന്നാന് 16 : 20). കഴിഞ്ഞുപോയ ദിവസങ്ങൾ ; സങ്കടത്തോടും വിഷമത്തോടും കണ്ണീരോടും ചിലപ്പോഴൊക്കെ നിരാശയോടും കൂടെ കുഞ്ഞുങ്ങളുടെ ICU ന്റ മുൻപിലെ നെയിം ബോർഡിൽ B/o Remya, Bed no:2 നോക്കി നിൽക്കുമായിരുന്നു, എന്ന് അവൻ പുറത്തേക്ക് വരുമെന്ന് അറിയാതെ. അവൻ ക്രിട്ടിക്കൽ ആയിരുന്ന ഒരു ദിവസം ICU വിൽ കിടന്ന അവനെക്കണ്ട് വീട്ടിലെത്തി ബിൽഡിങ്ങിലെ സിനിൽ ചേട്ടന്റ അടുക്കൽ ചെന്നു. ചേട്ടനോട് എല്ലാ സങ്കടങ്ങളും പറഞ്ഞു.
പ്രാർത്ഥിച്ചതിനു ശേഷം ചേട്ടൻ പറഞ്ഞു ” Without test, there is no testimony “. ഈ കുഞ്ഞിനെ സ്വീകരിക്കാനും വളർത്താനും ഉചിതരായ ദമ്പതികളെ സ്വർഗത്തിൽ നിന്ന് നോക്കിയ ദൈവത്തിന്റെ കണ്ണിൽ സ്വീകാര്യരായവർ നിങ്ങളായിരുന്നു എന്ന്. ഞങ്ങൾ ചവിട്ടി കടന്നുപോയ 59 ദിവസങ്ങൾ മുള്ളുകളുടെ തന്നെയായിരുന്നു. ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾ, വ്യത്യാസവും സ്ഥിരതയുമില്ലാത്ത ഹെൽത്ത് റിപ്പോർട്ടുകൾ, വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ, ശരീരത്തിൽ രക്തത്തിന്റയും ഓക്സിജന്റയും ഹോർമോണുകളുടെയും കുറവ്…. വെന്റിലേറ്ററിൽ കിടന്ന അവന്റ ശരീരത്തിൽ ആകമാനം ട്യൂബുകൾ, കയ്യിലും കാലിലും canula കൾ, പ്ലാസ്റ്ററുകൾ. കാണാൻ വയ്യാത്ത അവസ്ഥ.
മൂന്നാം ദിവസം വെന്റിലേറിൽ നിന്നും മാറ്റിയ അവനെ പൊടുന്നനെ വീണ്ടും വെന്റിലേറ്ററിലേക്ക്. താഴ്ന്നുകൊണ്ടിരുന്ന Platelet count സ്ഥിരപ്പെടുത്താൻ continous Platelet transfusion. നിരന്തരമായ Transfusion ന്റയും I V Drip ന്റയും ഉപയോഗം കൊണ്ട് അവന്റെ കൈകളിലും കാലുകളിലും ഞരമ്പുകൾ കിട്ടാത്ത അവസ്ഥയായി. അടുത്തദിവസം അവനെ കാണാൻ ചെന്ന ഞങ്ങൾ കണ്ടത് തലയിലെ മുടി ഒരു ഭാഗം ഷേവ് ചെയ്ത് തലയിൽ അവിടെ Canula ഇട്ടിരിക്കുന്നതാണ്. മറ്റൊരു ദിവസം പറയുന്നു Abdominal distention അതിനാൽ ഇനി Tube feeding ഒന്നും കൊടുക്കുന്നില്ല. തുടർച്ചയായി 15 ദിവസം അവനു Tube feeding നിർത്തി വച്ചു.
പക്ഷെ അവിടെയും ദൈവത്തിന്റെ അത്ഭുതകരമായ കരങ്ങൾ ഞങ്ങൾ കണ്ടു; ഈ 15 ദിവസവും അവന്റ weight കൂടിക്കൊണ്ടിരുന്നു. ” ദൈവമേ അങ്ങയുടെ കാരുണ്യത്തിന് യഥായോഗ്യം നന്ദി പറയുവാൻ ഞങ്ങളുടെ നാവുകൾ അശക്തങ്ങളാണ്. ” അവനെ കാണാൻ ചെല്ലുമ്പോഴെല്ലാം ഞങ്ങൾ അവനെ പരിശുദ്ധ അമ്മയെ ഏൽപ്പിക്കുമായിരുന്നു. അമ്മയോട് അവനെ പാലൂട്ടാനും, ഈശോയോട് അവനെ തിരു രക്തത്താൽ കഴുകാനും, അവന്റെ അവയവങ്ങളിലേക്ക് തിരുരക്തം ഒഴുക്കാനും പ്രാർത്ഥിക്കുമായിരുന്നു. ഈ കഴിഞ്ഞ പതിനേഴാം തീയതി, ഞങ്ങൾക്ക് ആശുപത്രിയിൽനിന്ന് ഒരു കോൾ വന്നു. സിസ്റ്റർ പറഞ്ഞു; കുഞ്ഞിന് ഹെർണിയ ഉണ്ട്, സർജറി വേണ്ടിവരും. വീണ്ടും സങ്കടവും വിഷമവും ഞങ്ങളിലേക്ക് കടന്നുവന്നു.
പക്ഷേ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അവനെ പിറ്റേ ദിവസത്തേക്ക് സർജറിക്കു വേണ്ടി പോസ്റ്റ് ചെയ്തു. അത് ചെയ്യുന്നത് കുട്ടികളുടെ സർജറി മാത്രം ചെയ്യുന്ന മറ്റൊരു ഹോസ്പിറ്റൽ ആയിരുന്നു. അടുത്തദിവസം രാവിലെ ഞങ്ങൾ നേരെ അങ്ങോട്ട് പോയി. അവനെ ആംബുലൻസിൽ കൊണ്ടുവരുന്നത് കാത്തിരുന്നു. കുറച്ചു സമയമായിട്ടും അവരെ കാണാത്തതുകൊണ്ട് ഞങ്ങൾ ഐസിയുവിലേക്ക് ഫോൺ ചെയ്തു. മറുപടി ഞങ്ങളെ അത്ഭുതപ്പെടുത്തി. തലേദിവസം രാത്രി പീഡിയാട്രിക് സർജൻ കുഞ്ഞിനെ കണ്ടു എന്നും, സർജറിയുടെ ആവശ്യമില്ല എന്ന് പറഞ്ഞു. വീണ്ടും ദൈവത്തിന്റെ മനോഹരമായ സൗഖ്യത്തിന്റ ഇടപെടൽ. ” അങ്ങയുടെ മക്കളെ വക വരുത്താന് വിഷസര്പ്പത്തിന്റെ പല്ലിനും കഴിഞ്ഞില്ല. അങ്ങയുടെ കാരുണ്യം രക്ഷക്കെത്തി, അവരെ സുഖപ്പെടുത്തി.”ജ്ഞാനം 16 : 10.
കുറെയേറെ followup കൾ, തൈറോയ്ഡ് ഹോർമോൺ ക്രമപ്പെടുത്താൻ മെഡിസിൻ, followup echo എല്ലാം തുടർന്നും ചെയ്യാനുണ്ട് വചനങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും അനേകർ ഞങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്നും ഞങ്ങൾക്ക് പ്രാർത്ഥന ആവശ്യമാണ്. പ്രാർത്ഥനകൊണ്ട് കോട്ട കെട്ടി ഞങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട ധ്യാന ഗുരുക്കന്മാർ (സെഹിയോൻ, ജെറുസലേം, മക്കിയാട് ) വൈദികർ, സന്യസ്ഥർ, പ്രാർത്ഥനാ കൂട്ടായ്മ, ജീസസ് യൂത്ത് കൂട്ടായ്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു യാത്രകളും സഹനങ്ങളും അവസാനിക്കുന്നില്ല.
കുരിശു വഹിച്ചുകൊണ്ട് അവൻ നടന്നതോർത്താൽ ഇതെത്രയോ നിസാരം. മുന്നോട്ടുള്ള യാത്രക്കുള്ള ഊർജ്ജം അവൻ നൽകിക്കൊണ്ടിരിക്കുന്നു. യാത്ര തുടരുന്നു മുൻപോട്ട്…..
By, രമ്യ പി ജോയ്.