ജീവിതത്തിൽ ഒറ്റയ്ക്ക് എടുത്ത തീരുമാനം ആയിരുന്നു L.L.B യ്ക്ക് ചേർന്നത് . വീട്ടുകാരുടെ യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ല. എങ്കിലും എതിർപ്പുകളെ മറികടന്ന് പഠനം തുടർന്നു. എതിർപ്പുകൾ ഉണ്ടെങ്കിൽ പോലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു മുന്നോട്ടു പോകുമ്പോഴാണ് നിനച്ചിരിക്കാതെ ഞാൻ രണ്ടാമതും പ്രെഗ്നന്റ് ആവുന്നത്.
പഠനം പാതി വർഷങ്ങൾ മാത്രമേ പിന്നിട്ടിട്ടൊള്ളു. ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചാൽ ഇല്ലാതാവുന്നത് എക്കാലവും മനസ്സിൽ പേറി നടക്കുന്ന ഒരു വലിയ സ്വപ്നമാണെന്ന ചിന്ത എന്നെ വല്ലാതെ ഉലച്ചു. പക്ഷെ എന്തു വന്നാലും പഠനവുമായി മുന്നോട്ട് പോകുവാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ എല്ലാ ദിവസവും 43 കിലോമീറ്റർ കോളേജിലേക്കും വീട്ടിലേക്കും ടു വീലർ ഓടിച്ചു യാത്ര ചെയ്യേണ്ടി വന്നു.
കോളേജിലേക്ക് ഡെലിവറി ഡേറ്റിന്റെ സമയത്തു പോലും ടൂ വീലറിൽ തന്നെയായിരുന്നു നിറവയറുമായുള്ള യാത്ര. അങ്ങനെ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി. ഒരു കൊച്ചു കുറുമ്പത്തി. അവളെന്റെ മനസ്സും ജീവിതവും സന്തോഷത്താൽ നിറച്ചു. ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറുതും വലുതുമായ തിരക്കുകളും ആയി വീണ്ടും മുന്നോട്ട് പോയി. 2019 ത്തിൽ ഒരു ഇടിത്തീ പൊലെ എന്റെ മുഴുവൻ സന്തോഷങ്ങളെയും കവർന്നെടുത്തു കൊണ്ട് ബ്രസ്റ്റ് കാൻസർ ഒരു വില്ലനായി രംഗ പ്രവേശനം ചെയ്തു.
ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ എന്ന് സംശയം മനസ്സിൽ ഉടലെടുത്തപ്പോൾ അഞ്ചു എന്നു പേരുള്ള എന്റെ അധ്യാപികയുടെ നിർദേശ പ്രകാരമാണ് അന്ന് ഞാൻ ചെക്ക് അപ്പ് ന് പോയത്. അത് ഒരു ഭാഗ്യം ആയി. ആദ്യ ഘട്ടത്തിൽ തന്നെ വില്ലനെ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. സർജറി കഴിഞ്ഞു കീമോ സ്റ്റാർട്ട് ചെയ്തു. ഈ ഒരു അവസരത്തിൽ എന്റെ ഭർത്താവിന്റെ സാമീപ്യത്തെയും പിന്തുണയേയും അദ്ദേഹം നൽകിയ കരുതലിനെയും കുറിച്ച് പറയാതിരിക്കാനാവില്ല.
ഒരു കൊച്ചു കുഞ്ഞിനെ എപ്രകാരമാണോ അതിന്റെ മാതാപിതാക്കൾ ശുശ്രൂഷിക്കുന്നത് അതുപോലെയാണ് എന്റെ ഭർത്താവ് എന്നെ പരിചരിച്ചത്. തുറന്നു പറഞ്ഞു കൊള്ളട്ടെ, അതിയായ ഛർദിയെ തുടർന്നു പലവട്ടം എനിക്ക് ബെഡിൽ അറിയാതെ തന്നെ യൂറിൻ പാസ് ചെയ്യേണ്ടി വന്നു. അപ്പോഴെല്ലാം തന്നെ യാതൊരു അറപ്പും വെറുപ്പും സന്ദേഹവും അപമാനവും കൂടാതെ അദ്ദേഹം എന്നെ പരിചരിച്ചു ഒപ്പം നിന്നു..അദ്ദേഹം എനിക്ക് ധൈര്യം പകർന്നു.
കീമോയുടെ അതിഭീകരമായ സൈഡ് എഫക്ട് ഞാൻ കടന്നുപോയത് ഓരോ കീമോയും ഓരോ വര്ഷം എന്ന പോലെയാണ്. പക്ഷെ കീമോയുടെ വേദനയെക്കാളും എന്നെ അലട്ടിയത് എന്റെ പറക്ക മുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വേർ പിരിഞ്ഞിരിക്കുന്നതിന്റെ ആത്മ വേദനയായിരുന്നു. മാനസികമായും ശാരീരികമായും വേദനകൾ മാത്രം നിറഞ്ഞ ദിവസങ്ങൾ. ചികിത്സയ്ക്ക് പോകുന്ന വഴി എന്റെ സ്നേഹ നിധിയായ ഭർത്താവിന്റെ കയ്യിൽ നിന്നു മനഃപൂർവ്വം പിടിവിട്ട് പലയിടത്തേക്കും ഓടിമറയാൻ ഞാൻ ശ്രമിച്ചു.
പക്ഷെ എല്ലായ്പ്പോഴും അദ്ദേഹമെന്നെ ചേർത്തു നിർത്തി. ആ നല്ല മനുഷ്യന്റെ സഹനം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.. അദ്ദേഹത്തിന് മറ്റൊരു കുടുംബം വരെ ഞാൻ അദേഹത്തിന്റെ നല്ലതിന് വേണ്ടി സ്വപ്നം കണ്ടു. പക്ഷെ എല്ലാം നല്ലതായി തന്നെ സംഭവിച്ചു. ചികിത്സകളോട് എന്റെ ശരീരം വളരെ പോസിറ്റിവായി തന്നെ പ്രതികരിക്കുവാൻ തുടങ്ങി. എന്റെ ഫാമിലി ഡോക്ടർ എല്ലാം തന്ന സപ്പോർട്ട് എന്റെ ആത്മ വിശ്വാസം വളരെയധികം വർധിപ്പിച്ചു.. ഞാൻ എന്റെ മനസ്സിനെ ഒരു വൈകാരികമായ സംഗതികളിൽ നിന്ന് മാറ്റി നിർത്തുവാൻ പാകപ്പെടുത്തി. അതിജീവനം എന്ന ഒരേയൊരു ചിന്ത മനസ്സിൽ നിറച്ചു.
മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ കണ്ടു തുടങ്ങി. ഞാൻ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു..ഒരു ദുസ്വപ്നം പോലെയായിരുന്നു ഓരോ ഘട്ടവും. പക്ഷെ അതിനെയെല്ലാം മറികടക്കുവാൻ അതിയായ പാകത ആവശ്യമായിരുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയും നേരിടാൻ എനിക്ക് കാൻസർ പഠിപ്പിച്ചു തന്നു എന്നതൊരു യാഥാർഥ്യമാണ് ..കാരണം ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഞാൻ ഘട്ടം ഘട്ടമായി മറികടന്നത്.
കീമോ ചെയ്യുന്ന ദിവസത്തിന്റെ തലേ നാളും പിറ്റേ ദിവസവുമൊക്കെ ഞാൻ എന്റെ L.L.B എക്സാം എഴുതിയിരുന്നു. ആ എക്സാമുകൾ എല്ലാം തന്നെ ഉയർന്ന മാർക്കോടെ തന്നെ വിജയിച്ചു വരുവാൻ കഴിഞ്ഞത് ജീവിക്കാൻ ഒരുപാടൊരുപാട് പ്രേരണ നൽകുന്ന സംഗതിയായിരുന്നു. ഇന്ന് ഞാൻ ഒരു അഡ്വക്കറ്റ് അയി Proudly, I AM Adv. Mary Chacko. Special thanks to my Mother, Dolly aunty, Dr. Raj Mohan, and Friends.
ഇപ്പോൾ ക്യാൻസർ സമം ആത്മവിശ്വാസം എന്ന സമവാക്യത്തിൽ ആ രോഗത്തെ പറഞ്ഞു ചുരുക്കുവാനാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. ദൃഢ നിശ്ചയവും അതിനൊത്ത ആത്മവിശ്വാസവും കൃത്യവും സാങ്കേതിക തികവുമുള്ള ചികിത്സാ രീതികളുമുണ്ടെങ്കിൽ ക്യാൻസർ എന്ന ക്രൂരനായ വില്ലനെ നമുക്ക് വെറുമൊരു കോമാളിയാക്കി ലജ്ജിപ്പിക്കുവാൻ സാധിക്കും,എന്നാണ് എന്റെ അനുഭവത്തിൽ നിന്നു കൊണ്ട് ഈ ലോകത്തോട് ഈയൊരു അവസരത്തിൽ വളരെ ഉച്ചത്തിൽ എനിക്ക് വിളിച്ചു പറയുവാനുള്ളത്.
By, Adv Mary Chacko