“ജീവിതസായാഹ്നത്തിൽ നാം സ്നേഹത്തിന്റെ മാനദണ്ഡത്താൽ വിധിക്കപെടും. അതായത് ദൈവത്തോടും എന്റെ സ്വന്തം ആത്മാവിനോടും നമ്മുടെ സഹോദരന്മാരോടുമുണ്ടായിരുന്ന ആത്മാർത്ഥസ്നേഹത്തിന്റെ മാനദണ്ഡത്തിൽ വിധിക്കപെടും”. കുരിശിന്റെ വി. യോഹന്നാന്റെ വാക്കുകളാണിവ.
മരണവും അന്ത്യവിധിയും ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ട സത്യമാണ്. മരിച്ചവരെ പ്രത്യേകമായി ഓർത്തു പ്രാർത്ഥിക്കുന്ന ഈ നവംബർ മാസത്തിൽ, സകല മരിച്ചവരുടെയും ഓർമ്മ ദിവസത്തിൽ, നമുക്ക് മരിച്ചു പോയവരുടെ ഓർമ്മ പുതുക്കുന്നതിനൊപ്പം നമ്മുടെ ചെയ്തികളെയും പ്രയാണത്തെയും ഒന്ന് വിലയിരുത്താം.
ഒരിക്കൽ ഓർമ്മയാകേണ്ട നമ്മൾ, നിത്യജീവിതവും സ്വർഗ്ഗവും ലക്ഷ്യം വെച്ചാണോ നീങ്ങുന്നതെന്ന് ഒന്ന് ആത്മശോധന ചെയ്യാം. ‘ഇന്ന് ഞാൻ , നാളെ നീ’ എന്ന് സെമിത്തേരികളിൽ എഴുതിവെച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ടെങ്കിലും കണ്ണാടിയിൽ നിന്ന് നോട്ടം മാറിയാൽ നമ്മുടെ മുഖം എങ്ങനെയാണെന്ന് മറന്നുപോകുന്നത് പോലെ ജീവിതത്തിന്റെ വ്യഗ്രതകളിലേക്ക് വീണ്ടും നമ്മൾ ഊളിയിടുന്നു.
മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ സ്നേഹബന്ധമുണ്ട്. സ്വർഗ്ഗത്തിൽ നേരത്തെ എത്തിക്കഴിഞ്ഞവരും തങ്ങളുടെ വീഴ്ചകൾക്ക് ശുദ്ധീകരണസ്ഥലത്തിൽ പരിഹാരം ചെയ്യുന്നവരും ഭൂമിയിൽ ഇപ്പോഴും യാത്രയിൽ ആയിരിക്കുന്നവരും തമ്മിൽ സനാതനമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. എല്ലാ നന്മകളും അവർ പരസ്പരം കൈമാറുന്നു, അങ്ങനെ മുഴുവൻ മൗതികശരീരത്തിന്റെ സർവ്വപാപങ്ങളും പരിഹരിക്കപ്പെട്ട്, അവർ ദൈവനീതിയെ പ്രീതിപ്പെടുത്തുന്നു.
“എന്നെ അയച്ചവന്റെ പ്രവൃത്തികൾ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കും ജോലി ചെയ്യാൻ കഴിയാത്ത രാത്രി വരുന്നു”. ഒരു മനുഷ്യന് തൻറെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനും യോഗ്യതകൾ സമ്പാദിക്കാനും സ്വർഗ്ഗീയ കിരീടം നേടുന്നതിനായി പ്രവർത്തിക്കാനുമുള്ള കഴിവ് മരണത്തോടെ അവസാനിക്കുന്നു. മറുലോകത്തിൽ പ്രവേശിക്കുന്ന ആ നിമിഷം ഓരോ മനുഷ്യവ്യക്തിയും തൻറെ നിത്യവിധിയുടെ ഉത്തരവ് സ്വീകരിക്കുന്നു (തനതുവിധി ).
നമ്മുടെ നിത്യവിധി മരണസമയത്തു തന്നെ മാറ്റാനാകാത്ത വിധം നിശ്ചയിക്കപ്പെടുന്നു. അതേതുടർന്നു അന്ത്യവിധിക്കായി ദൈവനീതിയുടെ മുൻപിൽ പ്രത്യക്ഷപ്പെടേണ്ട അവസ്ഥ, നമുക്ക് നിശ്ചയിക്കപ്പെട്ട സ്ഥലം ഇവയെല്ലാം വളരെ വേഗം നിർണ്ണയിക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ ദൈർഘ്യത്തെപ്പറ്റി നമുക്കാർക്കും നിശ്ചയമില്ല. ഈ സമയത്തിനുള്ളിൽ ദൈവവുമായി ഐക്യപ്പെടുന്നതിനോ അവിടുത്തെ സ്നേഹത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനോ നാം സ്വതന്ത്രമായി തീരുമാനിക്കും.
മരണസമയത്തു നിലനിൽക്കുന്ന ഈ തീരുമാനത്തെ ദൈവം അംഗീകരിച്ചുറപ്പിക്കുന്നു. അത് പിന്നീടൊരിക്കലും മാറ്റപെടുകയില്ല. “ശരീരത്തോട് കൂടെയായിരിക്കുമ്പോൾ ഓരോരുത്തരും ചെയ്ത നന്മക്കും തിന്മക്കും പ്രതിഫലം പ്രാപിക്കാൻ വേണ്ടി, നാമെല്ലാം മിശിഹായുടെ ന്യായാസനത്തിനു മുൻപിൽ നിൽക്കേണ്ടി വരും” (2 കോറി .5:10) . വിധി നിമിഷത്തിനുള്ളിൽ നടക്കും. ഒരാൾ മരിച്ചു എന്നത് വാസ്തവം ആണെങ്കിൽ അയാളുടെ തനതുവിധിയും അതേസമയം കഴിഞ്ഞിരിക്കും.
ദൈവപ്രസാദത്തോടെ മരിക്കുകയും എന്നാൽ അതേസമയം പൊറുക്കപ്പെടാത്ത ലഘുപാപങ്ങൾ നിമിത്തമോ പാപങ്ങൾ പൊറുക്കപ്പെട്ടെങ്കിലും അവ അർഹിക്കുന്ന ശിക്ഷക്ക് വേണ്ടത്ര പരിഹാരം ചെയ്യപ്പെടാത്തതു മൂലമോ ഉടനടി സ്വർഗ്ഗപ്രവേശത്തിനർഹരല്ലാതായി തീർന്ന ആത്മാക്കൾക്കായി നിത്യമോക്ഷത്തിനും നിത്യനരകത്തിനും മദ്ധ്യേ ഒരു താത്കാലികാവസ്ഥ അഥവാ സ്ഥലം സജ്ജമാക്കപ്പെട്ടിട്ടുണ്ട്. ഇതിനാണ് കത്തോലിക്കാസഭയുടെ പ്രബോധനം അനുസരിച്ചു ശുദ്ധീകരണസ്ഥലം എന്ന് പറയുക. ‘അവസാനത്തെ ചില്ലികാശ് പോലും വീട്ടിയല്ലാതെ സ്വതന്ത്രനാകാൻ പറ്റാത്ത’ ജയിൽ എന്ന് ഈശോ സൂചിപ്പിച്ചത് ഇതിനെപറ്റി ആണെന്ന് വിശ്വസിക്കപ്പെടുന്നു .
കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിൽ ഒരോരുത്തരുടെയും പണി വെളിവാക്കപ്പെടുന്ന അഗ്നിയെപ്പറ്റി പറയുന്നു . തടി കൊണ്ടും വയ്ക്കോൽ കൊണ്ടും ഉണക്കപ്പുല്ലു കൊണ്ടുമൊക്കെ പണിതത് അഗ്നിക്കിരയാകും. ശുദ്ധീകരണസ്ഥലത്ത് ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു. ദൈവത്തെ ദർശിക്കാൻ കഴിയാത്ത അത്യുഗ്രമായ മനോവേദനയാണ് കഠോരമായത്. ഇതാണ് ഈ ദുരവസ്ഥയിൽ ഏറ്റവും ഘോരമായുള്ളത്. എങ്കിലും ഒരിക്കൽ സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നും ദൈവത്തെ സ്വന്തമാക്കുകയും ചെയ്യുമെന്നുള്ള ഉറപ്പു ആത്മാവിനുണ്ടായിരിക്കും. ഈ പ്രത്യാശയാണ് അവരുടെ വലിയ നിധിയും ആകെയുള്ള ആശ്വാസവും. വിലയേറിയ ഒരു കിരീടം അവരെ കാത്തിരിക്കുന്നെന്നും എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് അത് ലഭിക്കുമെന്നും അവർക്കറിയാം.
ശുദ്ധീകരണ സ്ഥലത്തിലെ വേദന ഭൂമിയിലെ എല്ലാ വേദനയെക്കാളും വലുതാണ്. ഭൂവാസികളായ നമുക്ക് അജ്ഞാതമായ ഒരു ദൈവിക കാർക്കശ്യവും തീവ്രതയുമാണ് അവിടുള്ളത്. മരണം മൂലം അകന്നു പോയവരെ ഓർത്തു നാം ദുഖിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു സത്യം നമ്മുടെ പ്രാര്ത്ഥനയും സ്നേഹവും വഴി അവരുടെ കാരാഗൃഹവാതിലുകൾ തുറക്കാൻ നമുക്കവരെ സഹായിക്കാൻ കഴിയും എന്നതാണ്. ഈ ലോകത്തിലെ വേദനകൾ ഇടവിട്ടാണുണ്ടാകുന്നത്. ഉറക്കം വഴിയും ചെരിഞ്ഞു കിടക്കുന്നതു വഴിയും സുഹൃത്തുക്കൾ വഴിയുമൊക്കെ വേദനക്ക് കുറച്ച് ആശ്വാസത്തിന് വഴിയുണ്ട്.
എന്നാൽ ശുദ്ധീകരണാഗ്നി ഇടതടവില്ലാതെ ജ്വലിച്ചു കൊണ്ടിരിക്കുന്നതാണ്. അഗ്നി എന്നതിനേക്കാൾ അതൊരു അവസ്ഥയാണ്. അതികഠിനമായ വേദനയിൽ ഒരു മിനിറ്റ് പോലും ഒരു നൂറ്റാണ്ടായി തോന്നും. ഈ ഭൂമിയിൽ നമ്മൾ എത്ര അശ്രദ്ധയോടെ ആണ് ജീവിക്കുന്നത്. തങ്ങളെ വിധിക്കുന്ന നീതിമാനായ ഒരു ദൈവമുണ്ടെന്നും നിത്യാനന്ദം അല്ലെങ്കിൽ നിത്യനാശം നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുണ്ട് . എങ്കിലും ദൈവമില്ല, വിധിയുമില്ല, സ്വർഗ്ഗമില്ല, നരകമില്ല എന്ന മട്ടിൽ വളരെപ്പേർ ജീവിക്കുന്നു.
ശുദ്ധീകരണാത്മാക്കൾ അഗാധവും പൂർണ്ണവുമായ മറവിയിൽ അടക്കപെടുന്നു എന്നത് സങ്കടമുള്ള കാര്യമാണ്. അവർ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്ന സാന്ത്വനം നമ്മൾ കൊടുക്കാൻ മടി കാണിക്കുന്നു. നമ്മുടെ കണ്ണീർ വേഗം ഉണങ്ങിപോകും. ഓർമ്മകൾ മാഞ്ഞുപോകും.മരിച്ചാത്മാക്കൾ ലോകത്തെ രക്ഷിച്ച തിരൂരക്ത തടാകത്തിനു സമീപം ഇരിക്കുന്നു . അവർക്ക് അതിന്റെ ഫലങ്ങൾ സ്വയം സ്വീകരിക്കാൻ കഴിവില്ല. ഓരോ ദിവ്യബലിയിലും നമ്മുടെ ബന്ധുക്കളും അല്ലാത്തവരും ദയനീയമായി നമ്മളോട് പ്രാർത്ഥനകൾ യാചിക്കുന്നുണ്ട്. തിരുരക്തം അവരുടെ മേൽ വീഴ്ത്താൻ പറഞ്ഞു കരയുന്നുണ്ട്.
നമ്മൾ അത് കേൾക്കാറുണ്ടോ? യേശു സുഖപ്പെടുത്തിയ തളർവാതരോഗി പറഞ്ഞില്ലേ ? ‘വെള്ളമിളകുമ്പോൾ എന്നെ കുളത്തിൽ ഇറക്കാൻ ആരുമില്ല പ്രഭോ’ ഇതേ അവസ്ഥയിലാണ് ശുദ്ധീകരണാത്മാക്കൾ. സഹായിക്കാൻ ആളില്ലാതെ അവർ പീഡ അനുഭവിക്കുന്നു. അവസാനമില്ലാത്ത ചുടുകണ്ണീരൊഴുക്കി അവർ സഹിക്കുന്നു. ഹൃദയമുള്ള ആർക്കു നിസ്സംഗരായിരിക്കാൻ പറ്റും ഇതറിഞ്ഞു കൊണ്ട് ?
നമ്മുടെ നന്ദിഹീനത കാരണം നൂറ്റാണ്ടോളം അവർ അനുഭവിക്കേണ്ടി വരുന്നു .. മൃതസംസ്കാരം കഴിഞ്ഞു ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി കെട്ടിയുയർത്തിയ മാർബിൾ കബറിടങ്ങൾ ഇടിച്ചു തകർത്തു ആ കല്ല് വിറ്റു കിട്ടുന്ന തുക ദാനം ചെയ്തെങ്കിലും അവർക്കായി പരിഹാരം ചെയ്യാൻ അവർ അപേക്ഷിക്കുന്നു.
സിസ്റ്റർ നതാലിയക്ക് ശുദ്ധീകരണസ്ഥലം ഈശോ കാണിച്ചു കൊടുത്തപ്പോൾ സംഖ്യാതീതമായ ആത്മാക്കളെ കണ്ടു. ‘സഹോദരി എനിക്ക് വേണ്ടി ഒരു ജപമാല എത്തിക്കുമോ ‘ എന്ന് യാചിച്ചു ഓരോരുത്തരും കരഞ്ഞു കൊണ്ടിരുന്നു. അതിൽ കന്യാസ്ത്രീകളും മദർ സുപ്പീരിയറും പോലും ഉണ്ടായിരുന്നു. നാം ജപമാല അർപ്പിക്കുമ്പോൾ ഈശോയുടെ രക്തം അവരുടെ മേൽ പതിക്കും. ശുദ്ധീകരണാത്മാക്കൾ ഈശോയുടെ രക്ഷാകര മൂല്യമുള്ള രക്തത്തിനായി കെഞ്ചുകയായിരുന്നു.
മരിച്ചവരെ പ്രത്യേകമായി ഓർമ്മിക്കുന്ന ഈ മാസത്തിലും തുടർന്നും അവർക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവരോടുള്ള കർത്തവ്യം നമുക്ക് നിർവഹിക്കാം. നമ്മുടെ യോഗ്യതകളും പ്രാർത്ഥനകളും പരിഹാരപ്രവൃത്തികളും ദാനധർമ്മങ്ങളും നാം സമ്പാദിക്കുന്ന ദണ്ഡവിമോചനങ്ങളും ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി വിശുദ്ധ ജെർത്രൂതിനു നൽകപ്പെട്ട പ്രാർത്ഥനയിലൂടെയും എല്ലാറ്റിനും ഉപരിയായി അവരുടെ ആത്മശാന്തിക്കായി അർപ്പിക്കുന്ന ദിവ്യബലിയും വഴി അവരെ നമുക്ക് സഹായിക്കാം.
ഇതിനു തിരുസ്സഭ തന്നെ മാതൃക നൽകുന്നു. ഓരോ പരിശുദ്ധ കുർബ്ബാനയിലും യാമപ്രാർത്ഥനകളിലും മരിച്ചവരെ സഭ അനുസ്മരിക്കുന്നു. കൂടാതെ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും യോഗ്യതകൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഭണ്ഡാഗാരം തുറന്നു ദണ്ഡവിമോചനങ്ങളുടെ രൂപത്തിൽ നമുക്കവരെ സഹായിക്കാം. അതിന്റെ പ്രഥമഫലം അത് സമ്പാദിക്കുന്ന ആളിന് തന്നെ ആണെങ്കിലും അത് കഴിഞ്ഞുള്ള ഫലം മരിച്ചാത്മാക്കൾക്കു ലഭിക്കും. ദിവ്യബലിയുടെ ഫലദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ മരണസമയത്തുണ്ടായ മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും.
ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കുന്ന ആത്മാക്കളോടുള്ള സ്നേഹപ്രവൃത്തി ‘പുണ്യവാന്മാരുടെ ഐക്യത്തിലേക്കു’ നമ്മെ നയിക്കുന്നു. ക്രിസ്തു മനുഷ്യരുടെയും മാലാഖാമാരുടെയും ശിരസ്സാണ്. സഹനസഭയുടെയും സമരസഭയുടെയും വിജയസഭയുടെയും ശിരസ്സ് അവിടുന്ന് തന്നെ. സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെയും എല്ലാ അംഗങ്ങളുടെയും യോഗ്യതകളിൽ പങ്കു ചേരുന്നു.
വി. ബെർണാഡ് പറയുന്നു “ദൈവത്തിന്റെ കണ്ണുകളിൽ ഒരു ആത്മാവ് ലോകം മുഴുവനെക്കാൾ വിലയുള്ളതാണ്. അതിനാൽ ആത്മാക്കളുടെ രക്ഷക്ക് വേണ്ടി യേശുക്രിസ്തുവിനൊപ്പം അധ്വാനിക്കുക എന്നതിനേക്കാൾ ഉത്കൃഷ്ടവും ഉന്നതവുമായ മറ്റെന്തെങ്കിലുമുണ്ടോ? “രക്ഷിക്കപെടാൻ നാം സഹായിക്കുന്ന ആത്മാക്കൾ നമുക്ക് വേണ്ടി ദൈവത്തിന്റെ വിധി സിംഹാസനത്തിനു മുൻപിൽ താണുകേണപേക്ഷിക്കും. അവർ നന്ദിയുള്ളവരാണ്.
മരണാസന്നർക്കു വേണ്ടിയും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നത് ഒരു പുണ്യപ്രവൃത്തിയാണ്.
ഒഴിച്ചു കൂടാനാവാത്ത മനുഷ്യവിധിയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പല ചർച്ചകളും പ്രതികൂല അഭിപ്രായങ്ങളും ഒക്കെ വിലയുള്ളതാണോ എന്ന് തോന്നി പോകുന്നു. അർത്ഥശൂന്യമായ എല്ലാ ചിന്തകളും അഭ്യുന്നതിക്കു വേണ്ടിയുള്ള എല്ലാ ആഗ്രഹങ്ങളും അപ്രത്യക്ഷമാകും. രാഷ്ട്രീയം അവസാനിക്കും. ശാസ്ത്രം നാമാവശേഷമാകും. വചനം ശ്രവിക്കുകയും വിശ്വസ്തതയോടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്തവർ സന്തുഷ്ടരാകും. നിദ്രയിൽ നിന്നുണർന്നു തുറന്ന മനസ്സോടെ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിച്ചവർ ഭാഗ്യവാന്മാരാകും.
2020 കോവിഡ് സമയത്തെ പോലെ തന്നെ 2021 ലും മരിച്ചാത്മാക്കളുടെ ഈ മാസത്തിൽ ഭാഗികമായ ദണ്ഡവിമോചനം ലഭിക്കാനുള്ള നിബന്ധനകൾ പോപ്പ് ഫ്രാൻസിസ് നിർദ്ദേശിച്ചിട്ടുള്ളത് നിലനിൽക്കുന്നു. അതനുസരിച്ചു ചെയ്തുകൊണ്ട് ആത്മാക്കൾക്ക് വേണ്ടി ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. വിശുദ്ധർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു , നാം ഭൂമിയുടെ സ്വന്തമല്ല, സ്വഗ്ഗത്തിന്റേതാണെന്ന്. ഈലോകജീവിതം മുഴുവൻ സ്വർഗ്ഗത്തിലേക്കുള്ള ചുവടുവെപ്പാണെന്ന സത്യം അവരിൽ നിന്ന് നമ്മൾ പഠിക്കുന്നു.
” ജീവന്റെ വൃക്ഷത്തിൻ മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ അനുഗ്രഹീതർ “
By, ജിൽസ ജോയ്.