നസ്രായന്റെ പ്രിയ ചങ്ങാതിമാരെ, വരുന്ന ദിവസങ്ങളിൽ കുരിശിന്റെ വഴിയിലൂടെ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങൾ ദൈവപിതാവിന് സമർപ്പിച്ച് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കാം.
പ്രാരംഭപ്രാർത്ഥന!
പിതാവായ ദൈവമേ..
അങ്ങേ തിരുകുമാരനെ നൽകുവാൻ തക്കവിധം പാപം നിറഞ്ഞ ഈ ലോകത്തെ അത്രമാത്രം നീ സ്നേഹിച്ചുവല്ലോ…
നിന്റെ സ്നേഹത്തിന്റെ അടയാളമായി ലോക ചരിത്രത്തിൽ എഴുതപ്പെട്ട ദുഖവെള്ളി…
ഞങ്ങളുടെ ജീവിതത്താളുകളിലെ ഉയിർപ്പിന്റെ നാളുകളായി കുറിക്കപ്പെടുകയിരുന്നു…
നിത്യപിതാവേ അങ്ങേ തിരുവിഷ്ടം നിറവേറ്റുവാൻ, പാപികളായ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കുമാരൻ ഏറ്റെടുത്ത പീഡസഹനങ്ങൾ…
ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു…
ഞങ്ങളുടെ പാപങ്ങളെയും പാപസാഹചര്യങ്ങളെയും ഓർത്തു ഞങ്ങൾ പശ്ചാത്തപിക്കുന്നു…
“എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരുവിൻ”, പിതാവേ അങ്ങേ തിരുകുമാരന്റെ ഈ വാക്കുകൾ എന്റെ പാദങ്ങൾക്കു ബലം പകരുന്നുണ്ട്…
എങ്കിലും എന്റെ വേദനകളുടെയും കഷ്ടതകളുടെയും പാപസാഹചര്യങ്ങളുടെയും കുരിശുകൾ വഹിച്ചുകൊണ്ടു അങ്ങേ തിരുകുമാരന്റെ കുരിശിനു പിന്നാലെയുള്ള എന്റെയീ യാത്ര പൂർത്തിയാക്കാൻ എന്നെ അനുഗ്രഹിക്കണമേ…
ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു… സ്തുതിക്കുന്നു…. മഹത്വപ്പെടുത്തുന്നു…. അങ്ങേയ്ക്കു നന്ദി പറയുന്നു….
എന്തെന്നാൽ അങ്ങേ തിരുക്കുരിശാലും തിരുനിണത്താലും നീയെന്നെ രക്ഷിച്ചുവല്ലോ, ആമ്മേൻ.
ഒന്നാംസ്ഥലം: കുരിശുമരണത്തിനു വിധിക്കപ്പെടുന്ന നസ്രായൻ…
തീവ്രമായ ആത്മ വേദനയാലാണ് ഗത്സമെനിയിൽ ഈശോ രക്തം വിയർത്തതെങ്കിൽ..
വിചാരണയ്ക്കായി പീലാത്തോസിന്റെ മുൻപിൽ നിൽക്കുന്ന ഈശോ ദേഹമാസകലം ചോര കിനിഞ്ഞത് പടയാളികളുടെ ക്രൂരമായ മർദ്ദനത്താലായിരുന്നു…
നന്മചെയ്തുകൊണ്ടു നാടെങ്ങും ചുറ്റിസഞ്ചരിച്ചവന് വേണ്ടി സംസാരിക്കാൻ ഒരുവൻ പോലുമില്ലാതായ മണിക്കൂറുകൾ… എന്നാൽ പരിഹാസവും കുത്തുവാക്കുകളും കൊണ്ടു മുറിവിന്റെ ആഴം വർദ്ധിപ്പിക്കാനോ ആളേറെയും… നീതിമാനായിരുന്നിട്ടും നീതിനിഷേധിക്കപ്പെട്ടപ്പോഴും…
കുറ്റമില്ലാഞ്ഞിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ടപ്പോഴും…
ജയിക്കാമായിരുന്നിട്ടും മനഃപൂർവം തോറ്റുകൊടുത്തപ്പോഴും…
പരാജിതനെപോലെ തലകുനിച്ചു നിന്നപ്പോഴും പരാതികളില്ലാതെ എല്ലാം നിശബ്ദനായി സഹിച്ച കർത്താവെ നിന്റെ കുരിശിന്റെ വഴിയേ ഞാനും നിന്നെ അനുഗമിക്കുമ്പോൾ…
എന്റേതല്ലാത്ത കുറ്റത്തിന് ഞാൻ പഴികേൾക്കപെടുമ്പോൾ…
അന്യായമായി ഞാൻ വിധിക്കപെടുമ്പോൾ…
സ്നേഹിച്ചവർ തള്ളി പറയുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുമ്പോൾ… പരിഹാസങ്ങളും കുത്തുവാക്കുകളും കൊണ്ടു ഹൃദയം മുറിഞ്ഞു രക്തം കിനിയുമ്പോൾ…
ജയിക്കാമായിരുന്ന പല സന്ദർഭങ്ങളിലും മനഃപൂവം തോറ്റുകൊടുക്കുമ്പോൾ…
ഈശോയെ നിന്റെ കുരിശാണ് എന്റെ ശക്തി… നിന്റെ കുരിശിലെ തിരുചോരയുടെ ശക്തിയാൽ നിശബ്ദമായി എല്ലാം സഹിക്കാൻ എന്നെ സഹായിക്കണമേ, ആമ്മേൻ.
ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, അങ്ങേയ്ക്കു നന്ദി പറയുന്നു, എന്തെന്നാൽ തിരുകുരിശാലും തിരുനിണത്താലും നീയെന്നെ രക്ഷിച്ചുവല്ലോ…
1 സ്വർഗ. 1 നന്മ. 1ത്രിത്വസ്തുതി.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…
കര്ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെ സംരക്ഷണവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!