Fr. Jose Suresh
വൈകി പോകുന്നത് നല്ലതാണ്. എല്ലാവരും സമയത്തെത്താൻ ശ്രമിക്കുമ്പോൾ, ചിലരെങ്കിലും മനം പൂർവ്വം വൈകുന്നത് നല്ലതാണ്. ഇരുട്ടായാലും വൈകി വരുന്നവരെ മാത്രം കാണിക്കാൻ കടൽ ഒരു തിരയെ കരുതിവച്ചിരിക്കും, ഒരു പക്ഷെ ഏറ്റവും മനോഹരമായ തിരയെ. വൈകലുകളെ ധ്യാനിക്കുന്നത് നല്ലതാണ്. വൈകി വരുന്ന കാറ്റിൽ ആരുടെയോ തേങ്ങലുകളുണ്ട്. വൈകി വരുന്ന മഴയിൽ ആരുടെയോ പ്രതീക്ഷകളുണ്ട്.വൈകി വരുന്ന രാത്രിയിൽ ആരുടെയോ സ്നേഹഭംഗങ്ങൾ.
വൈകി വന്നതിന്റെ പേരിൽ ക്ലാസിനു പുറത്തു നിൽക്കുന്ന കുട്ടിയെ ശ്രദ്ധിക്കുക, അവന്റെ കുഴപ്പം അവൻ ശ്രദ്ധാലു ആണ് എന്നതാണ്. സ്കുളിലേക്ക് വരുന്ന വഴി അവനൊരു കിണർ കണ്ടു, അതിന്റെ അഗാധയിലേക്ക് നോക്കിയപ്പോൾ അവൻ എല്ലാം മറന്ന് നിന്നു പോയി. വെള്ളത്തിന്റെ ചാഞ്ചാട്ടത്തിൽ ആകാശം പോലും അനങ്ങുന്നത് അവനെ ആശ്ചര്യപ്പെടുത്തി.
ഇനി അവനു വേണമെങ്കിൽ ഒരു വ്യകോദരനാകാം, പാട്ടത്തിലൂടെ കടലയും കൊറിച്ചുകൊണ്ട് നടന്നു വരുമ്പോൾ അവൻ ആകാശത്തേക്ക് നോക്കി, ഇരുണ്ട മേഘങ്ങൾക്ക് അടിയിലൂടെ പറക്കുന്ന വെളുത്ത കൊറ്റികളെ കണ്ട്, അവൻ താഴെ വീണു. അവന്റെ ആദ്യത്തെ സമാധിയായിരിന്നു അത്. വൈകി വരുന്നവർ ശേഖരിക്കുന്നത് സമാധികളാണ്.
ചിലരുടെ അശ്രദ്ധയുടെ കാരണം അവർ മറ്റെന്തിലോ ശ്രദ്ധാലുക്കളായി എന്നതാണ്. അവർക്കു വേണ്ടിയാണ് ജലാലുദ്ദിൽ റൂമി എഴുതിയത്, “absent mindedness is a way of transport.” അവർ വൈകാനുള്ള കാരണവു ഇതു തന്നെയാണ്, അവർ ദൂരെ നിന്നുമാണ് വരുന്നത്. അവർ എങ്ങും പോകാതെ നിൽക്കുമ്പോഴും അവർ ഒരു പുറപ്പാടിലാണ്, യാത്രയിലാണ്, ദേശാന്തരങ്ങളിലാണ്. വേണമെങ്കിൽ നമ്മുക്ക് അവരെ ഹ്യദയങ്ങളുടെ ഒരു നാടോടിക്കൂട്ടം എന്ന് വിശേഷിപ്പിക്കാം.
എന്നാൽ, ഒരു പൂവിനു പോലും അവരുടെ യാത്രയെ മുടക്കാനാകും, “വെെരാഗ്യമേറിയൊരു വൈദീയനാകട്ടെ, വൈരിക്കുമുൻപുഴറിയോടിയ ഒരു ഭീരുവാകട്ടെ, ആരാകിലെന്ത് മിഴിവുള്ളവർ നിന്നിരിക്കാം നിന്നെ നോക്കി.” എന്ന കുമാരനാശാന്റെ ഭാവനയിൽ പെട്ടവരാണ് അവർ. അവർ വരുന്നതുതന്നെ പോകാൻ വേണ്ടിയാണ്. മാറ്റത്തിന്റെ അലകളിലേറി അവർ വരുകയും പോകുകയും ചെയ്യുന്നു.
വൈകി വരുന്നവർ കാനാൻ ദേശത്തിന്റെ ഉള്ളിലേക്ക് കയറുകയില്ല. അവർ ദൂരെ നിന്നു അത് നോക്കുക മാത്രം ചെയ്യും. എന്നിട്ടവർ മോശയുമായി മറ്റൊരു പുറപ്പാടിന് തയ്യാറെടുക്കും. ആരും സ്വപ്നം കണ്ടിട്ടില്ലാത്ത മറ്റൊരു കാനാൻ ദേശത്തിലേക്ക്. ഒന്നും സ്വന്തമാക്കാൻ അറിയാത്തവർക്ക് ഒരു കാനാൻ ദേശവും അഭയമാകുകയില്ല. അവർ കാനാൻ ദേശവും വിട്ട്പോ യിക്കൊണ്ടെയിരിക്കും.
വിട്ടു പോകാനുള്ള വിളിയാണ് ഏറ്റവും പ്രധാനപ്പെട്ട വിളി, അതുകൊണ്ടാണ് ആ മുക്കുവർ വഞ്ചിയും വലയും, എല്ലാം വിട്ട് അവനെ അനുഗമിച്ചത്. അവനും വിട്ടു പോന്നവനായിരിന്നു. വീട് വിട്ടു പോയ ഒരു മകനായിരിന്നു അവൻ. അങ്ങനെയാണർ ഒരു യാത്രയിൽ ആമഗ്നരായത്. മൂന്നോ നാലോ ദിവസം കൊണ്ട് എത്തിച്ചേരാവുന്ന ഒരു യാത്രയെ അവർ പരമാവധി വെെകിപ്പിച്ച് മൂന്ന് വർഷമാക്കി മാറ്റിയത്. കഥയ്ക്കും കവിതക്കും നൃത്തത്തിനും ഭക്ഷണത്തിനും സംഭാഷണങ്ങൾക്കും ഇടം കൊടുത്തപ്പോൾ യാത്ര അങ്ങനെ നീണ്ടു പോയി.
മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും. ഇതാണ് ദിശാ വിപരീദ നീതി. ആമയും മുയലും നടത്തിയ ഓട്ട മത്സരത്തിൽ ഈ നീതിയാണ് ഒന്നാമനെ കണ്ടെത്തിയത്. താമസിച്ച് എത്തുന്നവർ മാത്രം ജയിക്കുന്ന ചില മത്സരങ്ങളുണ്ട്. അവർക്ക് മാത്രം പിടി കിട്ടുന്ന ചില രഹസ്യങ്ങളും. ജോലി തേടി വന്ന സിദ്ധാർത്ഥയോടു കാമസ്വാമി ചോദിക്കുന്നു, നിനക്ക് എന്തറിയാം? അവൻ മറുപടി പറഞ്ഞു, ” എനിക്ക് ചിന്തിക്കനറിയാം, എനിക്ക് കാത്തിരിക്കാനറിയാം, എനിക്ക് ഉപവസിക്കനറിയാം.”
ഇത് മൂന്നും അറിയാവുന്ന അവൻ കാമസ്വാമിയെ ഏറ്റവും വലിയ വ്യാപാരിയാക്കുന്നു. അവസരങ്ങൾ ഏതെന്ന് ചിന്തിച്ച് നിൽക്കാൻ അവനറിയാം, അതിനു വേണ്ടി വാശിപിടിക്കാതെ കാത്തിരിക്കാൻ അവനറിയാം. അത് വന്നു കഴിയുമ്പോൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാതെ ഉപവസിക്കാനും അവനറിയാം.
കാത്തിരിപ്പുകളിൽ വിരഹമുണ്ട്. വിരഹത്തിൽ പാപമുക്തിയുണ്ട്. വിരഹം സൂചിപ്പിക്കുന്നത് അപരന്റെ പ്രാധാന്യമാണ്. പ്രണയിനിയുടെ അസാന്നിദ്ധ്യത്തിൽ അനുഭവിക്കുന്ന വിരഹം പറയുന്നത് ഒരാൾ അയാളിൽത്തന്നെ ഒന്നുമല്ലന്നാണ്. വിരഹം അയാളുടെ ശൂന്യതയെ ബോധ്യപ്പെടുത്തുന്നു. ഇതാണ് പ്രണയത്തിന്റെ ലക്ഷ്യം എങ്കിലോ?
” കാനന പച്ചകൾ പൂക്കുന്ന കാലത്ത് കാണാെമെന്നോതിയതല്ലേ? കുട്ടി കരിംകുയിൽ കൂകുന്ന കാലത്ത് കാണാെമെന്നോതിയതല്ലേ? കാനന പച്ചകൾ പൂത്തുലഞ്ഞു, കുട്ടി കരിംകുയിൽ കൂകി തളർന്നു, എന്നിട്ടും വനദേവതേ, നീ മാത്രം വന്നതില്ല!” ചങ്ങമ്പുഴയുടെ വിരഹം ഒരു കാര്യം ചെയ്യുന്നുണ്ട്, ഹൗദയത്തെ ആർദ്രവും അഗാധവുമാക്കുന്നു. “Yearning makes heart deep,” എന്നത് സെൻറ് അഗസ്റ്റിൻ നൽകുന്ന സാക്ഷ്യം. വിരഹത്തെ വ്യാമോഹത്തിൽ നിന്നും വേർതിരിക്കുന്നത് അതിന്റ നിർമമത്വമാണ്.
നിനക്കു വേണ്ടിയുളള എന്റെ കാത്തിരിപ്പ് നിന്റെ കാത്തിരിപ്പുകളെ ഇല്ലാതാക്കരുത് എന്ന ആഗ്രഹം. വ്യാമോഹങ്ങൾ ജനിക്കുന്നത് കണക്കുകൂട്ടലുകളിൽ നിന്നാണ്. ഇത് കാത്തിരിപ്പുകളെ വികൃതമാക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് റിൽക്കേ എഴുതി, ” നിന്നാൽ കണ്ടുപിടിക്കാൻ വേണ്ടി എത്ര നക്ഷത്രങ്ങളാണ് കാത്തിരിന്നത്. നീ ഒരിക്കലും അവർക്ക് യോഗ്യനായിരിന്നില്ല. നീ വ്യാേമോഹങ്ങളാൽ വ്യാകുലനായിരിന്നു.”
നിങ്ങൾ പ്രണയത്തിലാണെന്നുള്ള തെളിവ് ഒരു പക്ഷെ നിങ്ങളുടെ കാത്തിരിപ്പാണ്. അവിടെ, കാത്തിരിപ്പ് ഒരു വശ്യതയാണ്, ഉന്മാദമാണ്. പ്രണയനിക്ക് നൽകാനാകാത്ത ഉന്മാദം കാത്തിരിപ്പിന് നൽകാൻ സാധ്യതയുണ്ടെന്ന് ബാർത്തസ് മനസ്സിലാക്കുന്നു. അദ്ദേഹം ഒരു കഥ പറയുന്നു, ഒരു കൊട്ടാര ഉദ്യോഗസ്ഥൻ ഒരു ദേവദാസിയുമായി പ്രണയത്തിലാകുന്നു. അവൾ അവനോടു പറഞ്ഞു, എന്റെ ജാലകത്തിനു കീഴിൽ നൂറു രാത്രികൾ നീ കാത്തിരിന്നാൽ ഞാൻ നിന്റെതാകും. അവൻ അവൾ ആവശ്യപ്പെട്ടതുപോലെ ചെയ്തു. പക്ഷെ, തൊണ്ണൂറ്റി ഒൻപതാമത്തെ രാത്രിയിൽ അവൻ കാത്തിരിപ്പ് അവസാനിപ്പിച്ചിട്ട് അവിടെ നിന്നും പോയി.
അവനറിയാമായിരിന്നു, തിടുക്കം കാണിക്കരുതെന്ന്. മിശിഹാ തിടുക്കമില്ലാത്തവനാണെന്ന്. അതു കൊണ്ടവൻ കാത്തിരിന്നു നീണ്ട മുപ്പതു വർഷം. എന്നിട്ടും അവൻ തിടുക്കം കാണിച്ചില്ല. മരണത്തെ അവൻ തന്ത്രപൂർവ്വം വൈകിപ്പിച്ചു. പലരും അവനെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവൻ ഓടി രക്ഷപ്പെട്ടു. എന്നിട്ടും അവൻ കൊല്ലപ്പെട്ടു. തിരിച്ചു വരാമെന്ന് പറഞ്ഞിട്ടാണ് അവൻ പോയത്. പക്ഷെ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവൻ വരുന്നില്ല. അവനറിയാം വൈകുന്നത് നല്ലതാണെന്ന്. വൈകുന്നത് കലയാണെന്ന്.
കാഫ്ക പറയുന്നു, തിരിച്ചു വന്ന മിശിഹായെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ ചോദിക്കണം, എന്നാണ് നീ തിരിച്ചു വരുന്നത്? മിശിഹാ എന്നാൽ കാത്തിരിപ്പാണ്. അവൻ എപ്പോഴും വരാൻ വൈകുന്നു.