ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി രക്തംചിന്തി ജീവന് വെടിയേണ്ടി വന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ സഹനങ്ങളുടെ ധീരോദാത്തവും സംഭവബഹുലവുമായ ജീവിത വഴികളിലൂടെ ഒരു യാത്ര…
കാല്‍വരിമലയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെളളിയാഴ്ച പോക്കുവെയില്‍ നേരത്ത് ദീനരോദനം ഉയര്‍ന്നു; ”എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?” (മര്‍ക്കോ 15,34). നിസ്സഹായനായ ദൈവപുത്രന്റെ ദൈന്യതയാര്‍ന്ന സ്വരമായിരുന്നു അത്. ”അവിടന്ന് ഉച്ചത്തില്‍ നിവിളിച്ചുകൊണ്ടാണ് ജീവന് വെടിഞ്ഞത്” (മര്‍ക്കോ 5,37). നിസ്സഹായതയില്‍ സ്വജീവന്‍ മാനവരക്ഷക്കായി പിതാവിന് സമര്‍പ്പിച്ചു. പരിത്രാണകര്‍മം പൂര്‍ത്തികരിച്ചു. പുത്രന്റെ ജീവയാഗം പിതാവ് പൂര്‍ണമായും സ്വീകരിച്ചുവെന്ന് കാല്‍വരിമലയിലെ നെറുകയില്‍ നിന്നവര്‍ക്കും ശതാധിപനും പ്രകൃതിയുടെ ഭാവഭേദങ്ങളില്‍ നിന്ന് വ്യക്തമായി.
”ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെവരെ രണ്ടായി കീറി” (മര്‍ക്കോ 15,38). ”ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു” (മത്താ 27,51-53). നീതിമാന്റെ മരണത്തിലുള്ള പ്രകൃതിയുടെ പ്രകമ്പനമായിരുന്നു ഈ ഭാവഭേദങ്ങള്‍. ഏകദേശം രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് തെക്കന്‍ തിരുവിതാംകൂറിന്റെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ടത്തിലെ ആരുവാമൊഴിയിലെ കാറ്റാടി മലയുടെ നെറുകയില്‍ യേശുവിനായി മറ്റൊരു ജീവത്യാഗം അരങ്ങേറുകയുണ്ടായി! സ്വജീവിതം യേശുവിന് വിട്ടുകൊടുത്തുകൊണ്ട് അഞ്ചു വെടിയുണ്ടകളേറ്റ് ജീവന് വെടിഞ്ഞ ദേവസഹായമായിരുന്നു ആ രക്തസാക്ഷി. യേശുവേ രക്ഷിക്കണേ, മാതാവേ സഹായിക്കണമേ; എന്ന് നിലവിളിച്ചുകൊണ്ട് അദ്ദേഹം പ്രാണന് വെടിഞ്ഞു. വെടിയുണ്ടകളേറ്റ് ദേവസഹായത്തിന്റെ ശരീരം മലയടിവാരത്തിലേക്ക് പതിച്ചപ്പോള്‍ പ്രകൃതി പ്രതിഷേധം ഉയര്‍ത്തിയത്; പാറ പിളര്‍ന്ന് പതിച്ച് മണിനാദം ഉയര്‍ത്തിക്കൊണ്ടായിരുന്നു. യേശുവിന്റെ പീഡാസഹനത്തിലും മരണത്തിലും പങ്കുചേരുവാന്‍ കാറ്റാടിമലയില്‍ ജീവന് വെടിഞ്ഞ ദേവസഹായത്തിന് അങ്ങനെ ഭാഗ്യം ലഭിച്ചു.
269 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1752 ജനുവരി 14) ദൈവസന്നിധിയില്‍ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധിയുടെ കിരീടം ചൂടിയ ദേവസഹായത്തിന് ഇഹലോകത്തിലെ അംഗീകാരവും ആദരവും ഔദ്യോഗികമായി നേടാന്‍ രണ്ടര നൂറ്റാണ്ടിലധികം വേണ്ടിവന്നതെന്തുകൊണ്ടെന്ന് ചിന്തിക്കുന്നവര്‍ക്കുളള ഉത്തരം സഭാപ്രസംഗകന്റെ പുസ്തകത്തില്‍ നിന്ന് ലഭ്യമാകും. ”എല്ലാറ്റിനുമൊരു സമയമുണ്ട്. ആകാശത്തിന് കീഴിലുളള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്” (3,1) ”കാലത്തിന്റെ തികവില്‍ ദൈവം എല്ലാം പുനഃസൃഷ്ടിക്കും. ഇന്നുളളത് പണ്ടേ ഉണ്ടായിരുന്നതാണ്. ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടു വരും” (സഭാ പ്രസംഗകന് 3,15). ദൈവം കഴിഞ്ഞകാല സംഭവങ്ങളെയും തനിക്ക് വേണ്ടി ജീവിച്ച് മരിച്ചവരെയും വിസ്മരിക്കുകയോ ചരിത്രത്തിന്റെ പുറംപോക്കില്‍ തളളുകയോ ഇല്ലെന്നും അവിടന്ന് ആഗ്രഹിക്കുന്ന സമയത്തും കാലത്തും കടന്നു പോയ ഓരോന്നിനെയും വെളിപ്പെടുത്തുമെന്നുമാണ് സഭാപ്രസംഗകന്‍ വ്യക്തമാക്കുന്നത്.
രക്തസാക്ഷിത്വത്തിനുശേഷമുളള രണ്ടര നൂറ്റാണ്ടുകള്‍
വിശുദ്ധപദപ്രഖ്യാപനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ സംഭവ്യമായെങ്കില് കഴിഞ്ഞ രണ്ടര നൂറ്റാണ്ടില്‍ ദേവസഹായവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നത്ഉ പകാരപ്രദമായിരിക്കും.
പ്രമുഖ സഭാചരിത്രകാരനും ജസ്വീറ്റ് വൈദികനുമായ ഫാ. ജോസഫ് കൊട്ടുകാപ്പള്ളി ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അന്തരീക്ഷത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു: ”1752 ജനുവരി 14-ന് ദേവസഹായം വധിക്കപ്പെട്ടു, നാലു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ മുഖ്യമന്ത്രിയായിരുന്ന രാമയ്യന്‍ദളവ മരിച്ചു.
1758-ല്‍ രാജാവും നാടുനീങ്ങി. പിന്നീടുള്ള നാലു ദശകക്കാലം സംസ്ക്കാരസമ്പന്നനും മനുഷ്യസ്നേഹിയുമായി വിശേഷിപ്പിക്കപ്പെടുന്ന രാമവര്മ്മധര്മ്മ രാജാവിന്റെ വാഴ്ചയിലും പീഡനങ്ങള്‍ തുടര്‍ന്നു. നാടാര്‍ ക്രിസ്ത്യാനികളെ മുഖ്യമന്ത്രിയായിരുന്ന ചെമ്പക രാമന്‍പിള്ളയുടെ സഹോദരനും ക്രൂരനുമായ നാഗംപിള്ള
നിഷ്ഠൂരമായി പീഡിപ്പിച്ചു; (വിശ്വാസത്തിന്റെ കനല്ദീപം, പേജ് 59).ഇക്കാലയളവില്‍ തെക്കന്‍ തിരുവിതാംകൂറില്‍ അനേകം രക്തസാക്ഷികളുണ്ടായി. അങ്ങനെ രക്തസാക്ഷികളുടെ ചുടുനിണത്താല്‍ കുതിര്‍ന്ന മണ്ണില്‍ ക്രൈസ്തവരുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തവിധം വര്‍ധിച്ചു.
ഈ വിളഭൂമിയിലാണ് ഇന്ന് കോട്ടാര്‍, കുഴിത്തുറ, തക്കല, മാര്‍ത്താണ്ഡം, പാറശ്ശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നീ ലത്തീന്‍, സീറോമലബാര്‍, മലങ്കര രൂപതകള്‍ പടുത്തുയര്‍ത്തപ്പെട്ടത്. കൂടാതെ പതിനെട്ടാം നൂറ്റാണ്ടില്‍ സുവിശേഷ പ്രചാരണാര്‍ഥം തെക്കന്‍ തിരുവിതാംകൂറിലേക്ക് കടന്നു വന്ന എല്‍.എം.എസ് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായും ആയിരക്കണക്കിനാളുകള്‍ ക്രിസ്തുമതം പുല്കി. ഇപ്രകാരം ചരിത്രകാരനായ തെര്‍ത്തുല്യന്റെ വാക്കുകള്‍: ”രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണ് ക്രൈസ്തവ മതത്തിന് വളക്കൂറുള്ള മണ്ണായി മാറി” എന്ന വാക്യം ഈ നാട്ടില്‍ അന്വര്ഥമായിത്തീര്ന്നു.
തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷം 18-ാം നൂറ്റാണ്ടില്‍
1892 നവംബര്‍ 27-നാണ് കേരളം സന്ദര്ശിക്കാനായിസ്വാമി വിവേകാനന്ദന് കേരളത്തിലെത്തിയത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ 26 ദിവസം അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചു. നേരത്തെ കേരളത്തിലെ ജനങ്ങളുടെ ദയനീയമായ ജീവിതാവസ്ഥകളും ജാതീയമായ ഉച്ചനീചത്വങ്ങളും ഡോ. പല്‍പ്പു അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നു. നേരിട്ടു കണ്ടു ബോധ്യമായപ്പോള്‍ അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് സ്വാമി വിവേകാനന്ദന് ഇത്തരത്തില്‍ വിശേഷിപ്പിച്ചുവെങ്കില്‍ ഒരു നൂറ്റാണ്ടു പിന്നിലേക്ക് നാം കണ്ണോടിച്ചാല്‍ പ്രബല നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷം ഏറെ കലുഷിതമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
അന്ധകാരാവൃതമായ അന്തരീക്ഷത്തിലൂടെയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്.പടവെട്ടലും പിടിച്ചടക്കലും പകവീട്ടലും കലയാക്കി തിരുവിതാംകൂര്‍ രാജാക്കന്മാര് നിലകൊണ്ടു. പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് സാമ്രാജ്യശക്തികളുടെ കടന്നുവരവും വാണിജ്യ മേല്‍ക്കോയ്മക്കായി നടത്തിയ കിടമത്സരങ്ങളും നാട്ടുരാജാക്കന്മാരുമായി പാശ്ചാത്യശക്തികള്‍ ഉണ്ടാക്കിയ ഉടമ്പടികളും അതോടൊപ്പം മിഷണറിമാരുടെ മിഷണറി പ്രവര്‍ത്തനവും എല്ലാം കൂടിചേര്‍ന്ന് തെക്കന്‍ തിരുവിതാംകൂറിന്റെ അന്തരീക്ഷത്തെ തപിപ്പിച്ചു.
തിരുവിതാംകൂറിന്റെ വിസ്തൃതി വ്യാപിപ്പിച്ച് വിശാലമായ സാമ്രാജ്യ രൂപീകരണത്തില്‍ മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ത്താണ്ഡവര്‍മ്മയുടെ അപദാനങ്ങളാണ് നാം ചരിത്ര പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ളത്. അതേ സമയം സമൂഹത്തിലെ അടിസ്ഥാനവര്‍ഗങ്ങളുടെ സ്ഥിതി അതിശോചനീയമായിരുന്നു. മൃഗങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പോലും അവര്ണരെന്ന പേരില്‍ മുദ്രകുത്തപ്പെട്ടിരുന്നവര്ക്ക് അനുവദിച്ചിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടിരുന്ന അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് മാന്യമായി ജീവിക്കാനോ വിദ്യാഭ്യാസം നേടാനോ തൊഴില്‍ ചെയ്യാനോ വസ്ത്രം ധരിക്കാനോ അവകാശമുണ്ടായിരുന്നില്ല. പൊതു വഴികളിലൂടെയുള്ള സഞ്ചാരവും അനുവദനീയമായിരുന്നില്ല.
ക്രൂരമായശിക്ഷകളാണ് അടിമകള്‍ക്ക് നല്‍കിയിരുന്നത്. ശിക്ഷകളില്‍ പോലും വിവേചനം നിലനിന്നിരുന്നു. കൊല്ലാനും വില്‍ക്കാനും ഉടമകളായ സവര്‍ണര്‍ക്ക് അടിമകളുടെ മേല്‍ അവകാശമുണ്ടായിരുന്നു. അധികാരവും ആധിപത്യവുമുണ്ടായിരുന്ന ഉയര്‍ന്ന സമുദായങ്ങള്‍ക്കിടയില്‍ ദുഷിച്ച അനാചാരങ്ങള്‍ പിടിമുറുക്കിയിരുന്നു. ”അനാചാരങ്ങള്‍ക്കെതിരെയുള്ള ആദ്യകാല മുന്നേറ്റങ്ങള്‍ പലതും ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു. പ്രതിഷേധത്തിന്റെ ആദ്യസ്വരങ്ങള്‍ ഉയര്‍ത്തിയ പലരും രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്” (നെയ്യാറ്റിന്‍കരയുടെ സാംസ്കാരികചരിത്രം, സി.വി. സുരേഷ്, പേജ് 150).
ദേവസഹായത്തിന്റെ ജനനം, ബാല്യം, കൗമാരം
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലം എന്ന സ്ഥലത്ത് 1712-ലാണ് ദേവസഹായം ഭൂജാതനായത്. മരുതംകുളത്തില് ഇലങ്കംവീട്ടിലായിരുന്നു പിറവി. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിന് നീലകണ്ഠന് എന്ന പേര് നല്കി. നീലകണ്ഠന് ലക്ഷ്മിക്കുട്ടി എന്ന സഹോദരികൂടി ഉണ്ടായിരുന്നു.
നീലകണ്ഠപിള്ള വളര്‍ന്നു വന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവന് രാമന്‍പിള്ള പരക്കോട് കരകണ്ടനാര് ശിലമ്പപ്പള്ളിക്കൂടത്തില് നീലകണ്ഠനെ ചേര്‍ത്തു. ആദ്യം പനയോലയില്‍ നാരായം കൊണ്ടെഴുതാനും പിന്നെ തമിഴ്, മലയാളം, സംസ്കൃതം, വേദാന്തം, വ്യാകരണം,ധര്‍മശാസ്ത്രം, യുദ്ധാഭ്യാസം എന്നിവയിലും പരിശീലനം നേടി.ശാന്തനും സൗമ്യനും ആയിരുന്ന നീലകണ്ഠനെ അധ്യാപകരും സ്നേഹിതരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അക്കാലത്ത് നേടാമായിരുന്ന ഉയര്‍ന്ന വിദ്യാഭ്യാസവും സൈനിക പരിശീലനവും നീലകണ്ഠന് നേടി. സഹപ്രവര്‍ത്തകരുടെയും ബന്ധുജനങ്ങളുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയായിരുന്നു അദ്ദേഹം മുന്നോട്ട് പോയിരുന്നത്.
മരുതംകുളങ്ങര കുടുംബം ഭൂസ്വത്തുകൊണ്ടും പ്രശസ്തിയാലും സ്വാധീനത്താലും നിറഞ്ഞു നിന്നിരുന്ന അവസരത്തിലാണ് തിരുവിതാംകോടിലെ അമരാവതികുളത്തിന് സമീപമുള്ള മേക്കോട് കുടുംബത്തിലെ ഭാര്‍ഗവിയമ്മയെ നിലകണ്ഠന്‍ വിവാഹം ചെയ്തത്. സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ നയിച്ചു പോന്നത്. രാജ്യസേവനത്തിനായി മുന്നോട്ട്
ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായി വിശേഷിപ്പിക്കപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ്മ ഇരുപത്തിമൂന്നാം വയസില്‍ 1729-ല്‍ രാജ്യഭാരമേറ്റു. നട്ടാലത്ത് മരുതംകുളങ്ങര വീട്ടില്‍ കാര്യപ്രാപ്തിയും വേദങ്ങളിലും അഭ്യാസങ്ങളിലും അറിവും അനുഭവജ്ഞാനവുമുള്ള നീലകണ്ഠനെന്ന വ്യക്തിയെപ്പറ്റി അറിഞ്ഞ മഹാരാജാവ്, തന്റെ കൊട്ടാരത്തില്‍ കാര്യസ്ഥനായും പത്മനാഭപുരം കോട്ടയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൂലി നല്കുന്ന ചുമതലയും പത്മനാഭപുരത്തെ നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനായും രാജാവ് അദ്ദേഹത്തെ നിയമിച്ചു.
ഇങ്ങനെ രാജാവിന്റെ വിശ്വസ്തനായ സേവകനായും ഉദ്യോഗസ്ഥരുടെയിടയില്‍ പ്രമുഖനായും ജനങ്ങളുടെ മധ്യേ സമ്മതനായ വ്യക്തിയായും നീലകണ്ഠന് പ്രശസ്തി നേടി.
വഴിത്തിരിവായ കുളച്ചല്‍ യുദ്ധം മാര്‍ത്താണ്ഡവര്‍മ്മയുടെ ആധിപത്യമോഹങ്ങളും അധിനിവേശശ്രമങ്ങളും യൂറോപ്യന്‍ ശക്തികളെ ആശങ്കപ്പെടുത്തി, പ്രത്യേകിച്ച് കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാനും വാണിജ്യ കുത്തക കരസ്ഥമാക്കാനും നിരന്തരം ശ്രമിച്ചു വന്ന ഡച്ചുകാരുടെ മോഹങ്ങള്‍ക്ക് തടയിടാന്‍ മാര്‍ത്താണ്ഡവര്‍മ്മ കഠിനയത്നം നടത്തി വന്നിരുന്നു. ഡച്ച് മേല്‍ക്കോയ്മ സുസ്ഥിരമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി 1741 ഫെബ്രുവരി പത്താം തീയതി ഡച്ച് നാവികപ്പട കുളച്ചലില്‍ വന്നിറങ്ങി.
കുളച്ചല്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെ സ്വാധീന മേഖലയാക്കുക എന്നതായിരുന്നു ഡച്ചുകാര്‍ ലക്ഷ്യം വച്ചത്. മേയ് ഇരുപത്തിയേഴാം തിയതി മുതല്‍ മാര്‍ത്താണ്ഡവര്‍മ്മ ശക്തമായ പ്രത്യാക്രമണം തുടങ്ങി. ഈ ആക്രമണത്തില്‍ ഇരുപത്തിനാല് യൂറോപ്യന്മാരും സ്വദേശികളായ കുറെ ക്രിസ്ത്യാനികളും കീഴടങ്ങുകയും അങ്ങനെ ഡച്ചു സൈന്യം യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്തു. കീഴടങ്ങിയ ഇരുപത്തിനാല് യൂറോപ്യന്‍ തടവുകാരെ പുലിയൂര് കുറിച്ചിയിലെ കോട്ടയില്‍ തടവുകാരായി പാര്‍പ്പിച്ചു. ഇവരില്‍ കുറേപ്പേര് രാജാവിന്റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചു. ബനഡിക്ട് യുസ്താക്കിയൂസ് ഡിലനോയിയും ഡ്യൂവന്ഷോട്ടുമായിരുന്നു ഇവരില്‍ പ്രമുഖര്‍.
സൈന്യാധിപനും സുവിശേഷപ്രഘോഷകനുമായിത്തീര്ന്ന ക്യാപ്റ്റന്‍ ഡിലനോയ്
തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണത്തിനും ആധുനീകരണത്തിനുമായി മഹാരാജാവ് ഡിലനോയിയെ ചുമതലപ്പെടുത്തി. മുപ്പത്താറ് വര്‍ഷത്തോളം തിരുവിതാംകൂറിനെയും മഹാരാജാവിനെയും അദ്ദേഹം ആത്മാര്‍ഥമായി സേവിച്ചു. ‘വലിയ കപ്പിത്താന്’ എന്ന പദവി നല്കി മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ ആദരിച്ചു.
ഉദയഗിരി കോട്ടയുടെ നിര്‍മാണ ചുമതല ഡിലനോയിയെ രാജാവ് ഏല്പിച്ചു. അവിടെ ആയുധ നിര്‍മാണ ശാലയില്‍ വെടിക്കോപ്പുകള്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു തുടങ്ങുകയും ചെയ്തു.ഇവിടെ കാര്യസ്ഥനായും ജോലിക്കാര്‍ക്ക് കൂലി നല്‍കാനും നിയുക്തനായിരുന്ന നീലകണ്ഠപിള്ള ഡിലനോയിയുമായും മറ്റു ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു വന്നിരുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഡിലനോയിയും നീലകണ്ഠനും വ്യക്തിപരമായ സൗഹൃദം സ്ഥാപിച്ചു.
സൗമ്യനും സഹൃദയനും സന്തോഷവാനുമായി സദാ കാണപ്പെടുന്ന തന്റെ സുഹൃത്തായ നിലകണ്ഠന്‍ കുറച്ചു ദിവസങ്ങളായി ദുഃഖിതനും നിരാശനുമായി കാണപ്പെട്ടു. കാരണം തിരക്കിയപ്പോള്‍ തനിക്കും കുടുംബത്തിനും വന്നു ഭവിച്ച ദുരിതങ്ങളും കഷ്ടതകളും
ഡിലനോയിയുമായി അദ്ദേഹം പങ്കുവച്ചു. കുടുംബാംഗങ്ങള്‍ രോഗപീഡകളാലും സാമ്പത്തിക തകര്‍ച്ചയാലും ദുരിതങ്ങള്‍ പേറുന്നു. വ്യാപക കൃഷിനാശവും ആടുമാടുകള്‍ ചത്തൊടുങ്ങിയതുമെല്ലാം വിവരിച്ചു. ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ ഹോമങ്ങളും പൂജകളും നേര്‍ച്ച കാഴ്ചകളും യാഗങ്ങളും നടത്തിയിട്ടും ഫലം കാണുന്നില്ല. പൂര്‍വികരുടെ ദുഷ്ചെയ്തികള്‍ക്ക് ഭദ്രകാളി ഇപ്പോള്‍ കോപം പൂണ്ട് ശിക്ഷകള്‍ നല്കി തങ്ങളെ പ്രഹരിക്കുകയാണെന്ന് ദേവനീ
ലകണ്ഠന്‍ പറഞ്ഞു.
ശിക്ഷിക്കുന്ന ദൈവമില്ലെന്നും സര്‍വ മനുഷ്യരെയും രക്ഷിക്കുന്ന സര്‍വശക്തനായ ദൈവത്തിന്റെ മക്കളാണ് നാം ഓരോരുത്തരുമെന്ന് ഡിലനോയി നീലകണ്ഠനോടു പറഞ്ഞു. നമുക്കുണ്ടാകുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും വഴി ദൈവം നമ്മെ വിശുദ്ധീകരിക്കും.
ജോബിനുണ്ടായ പരീക്ഷകളും ദൈവത്തില്‍ ശരണപ്പെട്ട് പരീക്ഷണങ്ങളെ അതിജീവിച്ച് നിലകൊണ്ടപ്പോള്‍ ജോബ് പൂര്‍വാധികം ശക്തി പ്രാപിച്ചതും തനിക്കു നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി നല്കി അദ്ദേഹത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചതുമെല്ലാം ബൈബിളില്‍ നിന്ന് ഡിലനോയി വ്യക്തമാക്കി കൊടുത്തപ്പോള്‍ നീലകണ്ഠന് നവമായ ബോധ്യങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
സത്യദൈവത്തെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ നവമായ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് ഡിലനോയി വ്യക്തമാക്കിയപ്പോള്‍ തനിക്കും ആ സത്യദൈവത്തെ അറിയാനും അനുഭവിക്കാനും വേണ്ടി, ജ്ഞാനസ്നാനം സ്വീകരിച്ചു ക്രൈസ്തവനായി തീരുവാനുള്ള തന്റെ ആഗ്രഹം നീലകണ്ഠന് ഡിലനോയിയെ അറിയിച്ചു. തിരുവിതാം കൂറില്‍ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് ഡിലനോയ് ഒരു കത്ത് കൊടുത്ത് നീലകണ്ഠനെ തിരുവിതാംകൂര്‍ രാജ്യത്തിന് പുറത്തുള്ള വടക്കന്‍കുളത്തെ പള്ളിവികാരി ഫാ. ബുട്ടാരി എസ്.ജെയുടെ പക്കലേക്കയച്ചു.
ജ്ഞാനസ്നാനം സ്വീകരിക്കാന്‍ സന്നദ്ധനായി വന്ന നീലകണ്ഠന് ഉടനടി അത് നല്കാന് ഫാ. ബുട്ടാരി തയ്യാറായില്ല. തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യങ്ങളും ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെയും പറ്റി നേരിട്ടറിയാമായിരുന്ന ഈ പുരോഹിതന് സവര്‍ണനായ നീലകണ്ഠന് ക്രൈസ്തവമതം പുല്കിയാല് സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. നീലകണ്ഠനെ പിന്തിരിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ പരാജയമടഞ്ഞപ്പോള്‍ ഫാ. ബുട്ടാരി ക്രൈസ്തവബോധം നല്കാന് വടക്കന്‍കുളം പള്ളിയിലെ മതബോധകനായ ജ്ഞാനപ്രകാശത്തെ ചുമതലപ്പെടുത്തി. ഏതാണ്ട് ഒമ്പത് മാസക്കാലത്തെ മതപഠനത്തിനുശേഷം 1745 മേയ് പതിനാലാം തിയതി നീലകണ്ഠന് ജ്ഞാനസ്നാനം സ്വീകരിച്ചു. ജ്ഞാനപ്രകാശമായിരുന്നു ജ്ഞാനപിതാവ്. നീലകണ്ഠന് എന്ന പേരുമാറ്റി ദേവസഹായം എന്ന പേര് സ്വീകരിച്ച് ക്രിസ്തീയ ജീവിതത്തിലേക്ക് ചുവടുകള്‍ വച്ചു.
നാട്ടില്‍ തിരികെ മടങ്ങിയെത്തിയ ദേവസഹായം താന്‍ കണ്ടുമുട്ടിയവരോടും കുടുംബാംഗങ്ങളോടും താന്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തിയും പങ്കുവച്ചു. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും അതിരുകളില്ലാത്ത അവിടത്തെ ദയാവായ്പും അനുഭവിക്കാനും ആസ്വദിക്കാനും സര്‍വരെയും ദേവസഹായം ക്ഷണിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കഴിഞ്ഞു കൂടുന്ന ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ദേവസഹായത്തിന്റെ പുതിയ സമീപനങ്ങളും സന്ദേശങ്ങളും വിചിത്രവും അവാസ്തവികവുമായി കണ്ടു. ബോധപൂര്‍വം അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാ കോണുകളിലും നിന്നുമുണ്ടായി. ഭാര്യ ഭാര്‍ഗവി അമ്മയും ഭാര്യാമാതാവും അദ്ദേഹത്തെ കുറ്റപ്പെടുത്തി.
എന്നാല്‍, താന്‍ അറിഞ്ഞ് അനുഭവിച്ച യേശുവിന്റെ സ്നേഹം പങ്കുവയ്ക്കുന്നതില്‍ നിന്ന് ഒരു നിമിഷം പോലും ദേവസഹായം പിന്‍വലിഞ്ഞില്ല. നിരന്തരമായ പ്രാര്‍ഥനയാലും ഉപദേശങ്ങളാലും ഭാര്യ ഭാര്‍ഗവിയമ്മ യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് വടക്കന്‍കുളം തിരുകുടുംബ ദേവാലയത്തില്‍ വച്ച് ഫാ. ബുട്ടാരിയില്‍ നിന്ന് ജ്ഞാനസ്നാനപ്പെട്ടു ജ്ഞാനപ്പൂ (തെരെസ) എന്ന പേരില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങി.
ക്രൈസ്തവ മൂല്യങ്ങള്‍ക്കായി നിലകൊണ്ട ദേവസഹായം
ദേവസഹായം ഉള്‍ക്കൊണ്ട ക്രൈസ്തവ വിശ്വാസം അദ്ദേഹത്തില്‍ ആഴത്തില്‍ വേരോടിയിരുന്നു. അദ്ദേഹത്തിന്റെ ക്രൈസ്തവബോധ്യം അചഞ്ചലമായിരുന്നു.”ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടവനാണ്” (ലൂക്കാ 4,43) താനെന്ന ബോധ്യം കാത്തു സൂക്ഷിച്ചിരുന്നു. ദരിദ്രരെ സുവിശേഷമറിയിക്കാനും ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിച്ച് (ലൂക്കാ 4,18-19), യേശുവിന്റെ അനുയായി എന്ന നിലയില്‍ അവിടന്ന് നിര്‍വഹിച്ച ദൗത്യം ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്ന് ദേവസഹായം നിശ്ചയിച്ചുറച്ചു. ”ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുകയില്ലെന്നും” ജനങ്ങളുടെ ഇടയില്‍ നിന്നും താന്‍ തിരസ്കൃതനാകുമെന്നും സ്വന്തം ജീവനെ നഷ്ടപ്പെടുത്തുന്നതുവഴി ദൈവരാജ്യത്തില്‍ ഇടംനേടുമെന്നും അദ്ദേഹം വിശ്വസിച്ചു.
മനുഷ്യരുടെ ഇടയില്‍ നിലനിന്നിരുന്ന തട്ടുകളും തിരിവുകളും ദേവസഹായത്തെ അസ്വസ്ഥനാക്കി. ജാതീയമായ ഉച്ചനീചത്വങ്ങള്‍, വേര്‍തിരിവുകള്‍, ഉയര്‍ന്നവനും താഴ്ന്നവനുമെന്നുള്ള സാമൂഹിക വിഭജനങ്ങള്‍ ഇവയെല്ലാം തന്നെ, സുവിശേഷാദര്ശങ്ങള്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. ”ദേവസഹായം ക്രൈസ്തവനായി തീര്‍ന്നശേഷം നാട്ടിലെ കീഴ്ജാതിക്കാരുമായി അദ്ദേഹം സ്വതന്ത്രമായി ഇടപഴകിയിരുന്നു. താഴ്ന്ന ജാതിക്കാരോട് അദ്ദേഹം കൂടുതല്‍ അടുപ്പം കാട്ടി. ദരിദ്രരായ അടിമകളെ കൂലി കൊടുക്കാതെ പണിയെടുപ്പിച്ചതിനെ ദേവസഹായം എതിര്‍ത്തു. ദൈവത്തിന്റെ മക്കളായ എല്ലാവരും സഹോദരങ്ങളാണെന്ന് അദ്ദേഹം പഠിപ്പിച്ചു” (വിശ്വാസദീപം, പേജ് 103).
ദേവസഹായത്തിന്റെ പുതിയ ജീവിതവഴികളും ചര്യകളും ബ്രാഹ്മണ പൗരോഹിത്യത്തിനും ക്ഷത്രിയ ഭരണാധികാരികള്‍ക്കും ഒട്ടും തന്നെ ഉള്‍ക്കൊള്ളാനായില്ല. രാജാവും മന്ത്രിമാരും ഭരണവര്‍ഗവും പിന്തുടരുന്ന ആരാധനാ രീതികളെയും ആചാരാനുഷ്ഠാനങ്ങളെയും തള്ളിപ്പറയാനും പരിത്യജിക്കാനും അദ്ദേഹം തയ്യാറായി. അതിനാല്‍ ദേവസഹായം ഇക്കൂട്ടരുടെ വെറുപ്പിനും വിദ്വേഷത്തിനും കാരണമായിത്തീര്‍ന്നു. ഒരിക്കല്‍ പ്രമുഖനായ ബ്രാഹ്മണ പുരോഹിതന് ദേവസഹായത്തിനുനേരെ ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് ചരിത്രകാരനായ സി.എം. ആഗൂര്‍ വിവരിക്കുന്നതിങ്ങനെയാണ്:
പുരോഹിതന് ദേവസഹായത്തോടിങ്ങനെ പറഞ്ഞു: ”രാജാവും ജനങ്ങളും ആരാധിക്കുന്ന ദൈവത്തെ നീ തളളി പറയുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിന്റെ ഈ ഭ്രാന്ത് ഞാന്‍ അവസാനിപ്പിക്കുകയും ഈ നാട്ടില്‍ നിന്ന് നിന്റെ മതത്തെ കെട്ടു കെട്ടിക്കുകയും ചെയ്യും. ഇതിന് കഴിയാതെ വന്നാല്‍ ഞാന്‍ എന്റെ പൂണൂല് അഴിക്കുകയും, ബ്രാഹ്മണനല്ലാതായി
തീരുകയും ചെയ്യും”.
ദേവസഹായം ഇങ്ങനെ മറുപടി നല്കി: ”എങ്കില്‍ നിങ്ങളുടെ പൂണൂല് ഞാന്‍ അരഞ്ഞാണമാക്കി മാറ്റും”. നിര്‍ഭയനായിരുന്ന ദേവസഹായത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഏതുതരം ഭീഷണിയെയും അതിജീവിച്ച് ക്രിസ്തുമാര്ഗത്തില് മുന്നേറും എന്നു തന്നെയാണ്. ജ്ഞാനസ്നാനം സ്വീകരിച്ചശേഷം നാലു വര്‍ഷത്തോളം അദ്ദേഹം വിശ്വസ്തതാപൂര്‍വം രാജ്യസേവനം ചെയ്തു. അതേ അവസരത്തില്‍ തനിക്ക് ലഭിച്ച ക്രിസ്ത്വാനുഭവം സര്‍വരുമായി പങ്കുവയ്ക്കാനും പരിശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ദേവസഹായം അനീതി നിറഞ്ഞ സാമൂഹിക സംവിധാനങ്ങളെയും ഭരണദുഷ്പ്രഭുത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും ചോദ്യം ചെയ്തത്.
ഒരിക്കല്‍ രാമയ്യന് ദളവ ഒരു ഉദ്യോഗസ്ഥനോട് ഒരു പ്രദേശത്തെ ക്രിസ്ത്യാനികളെ മുഴുവന്തിരികെ തങ്ങളുടെ പൂര്‍വമതത്തിലേക്ക് മടക്കികൊണ്ടു വരാനും വിസമ്മതിക്കുന്നവരെ നാടുകടത്താനും ആജ്ഞ പുറപ്പെടുവിച്ച സന്ദര്‍ഭത്തില്‍ ദേവസഹായം ധൈര്യപൂര്‍വം എഴുന്നേറ്റു വിനയത്തോടും പുഞ്ചിരിയോടുകൂടി പറഞ്ഞു: ”ക്രിസ്ത്യാനികളെ പീഡിപ്പിക്കാനും വിശ്വാസത്തില്‍ നിന്നകറ്റാനും അങ്ങു തീരുമാനിക്കുന്നുവെങ്കില്‍ ആ തീരുമാനം നടപ്പിലാക്കുന്നത് എന്നില്‍ നിന്ന് തുടങ്ങൂ”. ദേവസഹായത്തിന് ജ്ഞാനസ്നാനം നല്കിയ ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയുടെ ഓര്മക്കുറുപ്പിലാണ് ദേവസഹായം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്.
താന്‍ അറിഞ്ഞ് അനുഭവിച്ച യേശുവിലുളള വിശ്വാസം എവിടെയും എപ്പോഴും പ്രഘോഷിക്കാന്‍ ദേവസഹായം സന്നദ്ധനായിരുന്നു. വചനാനുഭവത്തില്‍ നിറഞ്ഞ് വചനത്തിന്റെ ഉള്പൊരുളറിഞ്ഞ് വചനത്തെ കാലികമായി വ്യാഖ്യാനിക്കുകയും സാഹചര്യങ്ങളെയും സ്ഥിതിഗതികളെയും വിലയിരുത്തി സുവിശേഷ മൂല്യങ്ങളായ നീതി, സത്യം, തുല്യത, സമഭാവന, സാഹോദര്യം എന്നിവ സ്വജീവിതം വഴി പ്രഘോഷിക്കുവാനും അദ്ദേഹം ആര്‍ജവം കാണിച്ചു. അനീതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. മനുഷ്യ മാഹാത്മ്യത്തെ ഉയര്‍ത്തിക്കാട്ടി. സഹനത്തിലൂടെ പീഡനങ്ങളേറ്റുവാങ്ങി.
ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെ കേവലം ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ രാജാവ് ശിക്ഷ വിധിച്ച്, വെടിവെച്ച് കൊലപ്പെടുത്തി എന്ന വസ്തുതയില്‍ മാത്രം ചുരുക്കിയാല്‍ നാം ചരിത്രത്തോടും സുവിശേഷ സത്യങ്ങളോടും നീതി പുലര്ത്തു ന്നില്ലെന്ന് പറയേണ്ടിവരും. യേശുവിന്റെ മനുഷ്യത്വവും ദൈവത്വവും അതിന്റെ സമ്പൂര്ണതയില് ഉള്‍ക്കൊണ്ടും അവിടത്തെ ജീവിതവും പീഡാസഹനമരണ ഉത്ഥാനാനുഭവങ്ങള് സ്വായത്തമാക്കിയും
യേശു സഞ്ചരിച്ച പാതയിലൂടെ ചരിക്കാന്‍ ദേവസഹായം സന്നദ്ധനായി എന്നതാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശ്രേഷ്ഠത നല്‍കുന്നത്.
വചന പ്രഘോഷകനായി മുന്നോട്ട്
താന്‍ അറിഞ്ഞ വചനമായ സത്യം, ഉളളില്‍ ജ്വലിപ്പിച്ച വെളിച്ചം, അത് മറച്ചു വയ്ക്കാനുളളതല്ലെന്നും വെളിപ്പെടുത്തപ്പെടാനുളളതാണെന്നുളള ബോധ്യം ദേവസഹായത്തിനുണ്ടായി. അതിനാല്‍ കണ്ടുമുട്ടിയവരോടെല്ലാം യേശുവിന്റെ സദ്വാര്ത്ത ദേവസഹായം പ്രഘോഷിച്ചു. ഒരിക്കല്‍ തന്റെ ഭവനത്തില്‍ ബ്രാഹ്മണ പുരോഹിതന്റെ നേതൃത്വത്തില്‍ ഹോമങ്ങള്‍ നടക്കുന്നതായി കണ്ടു.നല്കിയ പ്രസാദം വലിച്ചെറിഞ്ഞ് പുരോഹിതനെ ആട്ടിയോടിച്ചു. അതിരുകളില്ലാത്ത അളവുകളില്ലാത്ത സ്നേഹം ചൊരിയുന്ന ദൈവത്തിന് ഹോമങ്ങളോ കാഴ്ചദ്രവ്യങ്ങളോ ആവശ്യമില്ലെന്നും ഇതെല്ലാം അന്ധവിശ്വാസങ്ങളും അബദ്ധ ജടിലമായ പൈശാചിക പ്രവര്‍ത്തനങ്ങളുമാണെന്ന് ദേവസഹായം പറഞ്ഞു.
ബ്രാഹ്മണപുരോഹിതനും ബന്ധുജനങ്ങളും ദേവസഹായത്തിന്റെ ഈ നിലപാടിനെതിരെ തര്ക്കങ്ങളുന്നയിക്കുകയും ശാപവാക്കുകള്‍ ചൊരിയുകയും ചെയ്തു. ദേവസഹായത്തെ പുതുവേദത്തില് നിന്ന് പിന്തിരിപ്പിക്കാനവര്ക്ക് കഴിഞ്ഞില്ല. ബ്രാഹ്മണ പുരോഹിതര്‍ ഒന്നടങ്കം ദേവസഹായത്തിനെതിരെ നിലകൊണ്ടു. കൊട്ടാര ഉദ്യോഗസ്ഥനായ ശിങ്കരായഅണ്ണാവിയോട് ദേവസഹായത്തിനെതിരായി പരാതിപ്പെട്ട പുരോഹിതര്‍ രാമയ്യന് ദളവയോടും ദേവസഹായത്തെപ്പറ്റി കുറ്റാരോപണം നടത്തി. മതപരിവര്‍ത്തനം രാജ്യദ്രോഹവും രാജഹിതത്തിന് എതിരും ആയതിനാല്‍ ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിച്ച് മടങ്ങിവരാന്‍ ദളവ ആവശ്യപ്പെട്ടെങ്കിലും ദേവസഹായം യേശുവിനെ ത്യജിക്കാന്‍ തയ്യാറായില്ല.
ദേവസഹായത്തിന്റെ മതപരിവര്‍ത്തനവും ബ്രാഹ്മണര്‍ക്ക് നേരെ കാട്ടിയ അനാദരവും മഹാരാജാവിന്റെ ചെവികളിലുമെത്തി. എത്രയും വേഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തന്റെ മുമ്പില്‍ ഹാജരാക്കാന്‍ രാജാവ് ഉത്തരവായി. ഭടന്മാര് അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ സുഹൃത്ത് ഡിലനോയി സുഹൃത്തിനെ ആശ്വസിപ്പിക്കുകയും വിശുദ്ധ സെബസ്റ്റ്യാനോസിനെപ്പോലെ ധീരരക്തസാക്ഷിത്വം വരിക്കാന്‍ ധൈര്യം കാട്ടാനും ആവശ്യപ്പെട്ടു. ഫാ. ബാരയെരിസ് കുമ്പസാരം കേള്‍ക്കുകയും വിശുദ്ധ കുര്‍ബാന നല്‍കുകയും ചെയ്തു. തന്റെ പ്രിയതമയോടും വിടചൊല്ലി 1749 ഫെബ്രുവരി 23-ന് അറസ്റ്റിന് വഴങ്ങി രാജാവിന്റെ മുന്നിലേക്കാനയിച്ചു. ഡിലനോയി തന്റെ വിശ്വസ്തനായ ഭടനെ ദേവസഹായത്തോടൊപ്പം അയച്ചു. രാമയ്യന് ദളവയാകട്ടെ ഈ നടപടി ഡിലനോയി നടത്തുന്ന ചാര പ്രവര്‍ത്തനമായി വ്യാഖ്യാനിച്ച് രാജാവിനെ അറിയിച്ചു. രാജാവ് തന്റെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിദേശിയായ ഡിലനോയി ഇടപെടുന്നതിനെ ശക്തമായി അപലപിക്കുകയും താക്കീതു നല്‍കുകയും ചെയ്തു.
നിരവധി ആരോപണങ്ങളാല്‍ ശരവ്യനായി പുഞ്ചിരിതൂകി രാജസന്നിധിയില്‍ നിന്ന ദേവസഹായത്തോട് രാജാവ് വിശദീകരണം തേടി. താന്‍ സത്യദൈവമായ യേശുവിനെ വിശ്വസിക്കുന്നുവെന്നും അറിയിച്ചു. രാജ്യത്തെ മതത്തെയും നിയമങ്ങളെയും പരിത്യജിച്ചാല്‍ കഠിനമായ ശിക്ഷക്ക് വിധയേനാകുമെന്നും അതിനാല്‍ ക്രിസ്തുമതം ഉപേക്ഷിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടപ്പോള്‍ താന്‍ അറിഞ്ഞ സത്യദൈവത്തെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഇതിനായി എന്തും നേരിടാന്‍ സന്നദ്ധനാണെന്നും വിനയപൂര്‍വം അറിയിച്ചു. ക്രുദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ ദേവസഹായത്തെ ഉടനടി തടവിലാക്കാന്‍ ആജ്ഞാപിച്ചു.
പീഡകളുടെ ആരംഭം
ദേവസഹായത്തെ ആദ്യം തടവില്‍ പാര്‍പ്പിച്ചത് മൂന്നടി പൊക്കവും രണ്ടടിയില്‍ താഴെ വീതിയുമുളള കാറ്റും വെളിച്ചവും കടക്കാത്ത കുടുസായ ഒരു സ്ഥലത്തായിരുന്നു. അടുത്ത ദിവസം രാവിലെ എരുക്കിന്മാല അണിയിച്ച് എരുമപ്പുറത്തേറ്റി കുളമക്കാട് വനാന്തരത്തില്‍ കൊണ്ടുപോയി ശിരഛേദം ചെയ്യാന്‍ രാജാവ് ഉത്തരവായി. കൂകിവിളിച്ച് അപഹസിച്ചുകൊണ്ട് അദ്ദേഹത്തെ തെരുവീഥിയിലൂടെ ആനയിച്ചു. യാതൊരു കുലുക്കവുമില്ലാതെ വധശിക്ഷക്ക് വിധേയനാകേണ്ട സ്ഥലത്തെത്തി.
ഭടന്മാര് മരണശിക്ഷ നടപ്പിലാക്കാനൊരുങ്ങിയപ്പോള് വധശിക്ഷ റദ്ദാക്കിയതായുളള രാജാവിന്റെ അറിയിപ്പു ലഭിച്ചു. വീണ്ടും അദ്ദേഹത്തെ രാജാവിന് മുമ്പില്‍ ഹാജരാക്കി. രാജാവ് ദേവസഹായത്തിന് ചില മോഹനവാഗ്ദാനങ്ങള്‍ നല്കി ക്രിസ്തുമാര്ഗത്തില് നിന്ന് പിന്തിരിയാന് ഉപദേശിച്ചു. തന്റെ നിലപാട് ഒന്നുകൂടി ആവര്‍ത്തിച്ച ദേവസഹായം തന്റെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായില്ല. ക്രുദ്ധനായ രാജാവ് കഠിനമായശിക്ഷ വിധിച്ചു. എരുമപ്പുറത്ത് പുറകോട്ട് തിരിച്ചിരുത്തി എരുക്കിന്മാല ചാര്‍ത്തി നാടുനീളെ കൊണ്ടുപോവുക, ദിവസവും ദേഹത്ത് 30 അടി ചൂരല്‍കൊണ്ട് നല്‍കുക. അടികൊണ്ട് പൊട്ടുന്ന സ്ഥലങ്ങളില്‍ മുളകരച്ച് തേച്ച് ചുട്ടുപൊളളുന്ന വെയിലത്ത് നിറുത്തുക. രാജ്യത്തെ വിവിധ അധികാരികളുടെ മുമ്പിലും ഹാജരാക്കി വിചാരണ ചെയ്യുക എന്നീ ശിക്ഷകള്‍ ഒന്നിന് പുറകെ ഒന്നായി വിധിച്ചു.
പലപ്പോഴും ദുസ്സഹമായ പീഡനങ്ങളാലും ശാരീരികാസ്വസ്ഥകളാലും എരുമപ്പുറത്ത് നിന്ന് അദ്ദേഹം താഴേക്ക് വീണിരുന്നു. ഭടന്മാര് ആ അവസരത്തില്‍ ഭര്‍ത്സിച്ചും ക്രൂരമായി മര്‍ദിച്ചും എരുമപ്പുറത്ത് കയറ്റി ഇരുത്തുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ചകണ്ട് ജനം വിലപിച്ചു. ആ സമയത്ത് ദേവസഹായം കര്‍ത്താവിന്റെ സഹനത്തിലും കാല്‍വരിയാത്രയിലും തന്നെയും പങ്കാളിയാക്കിയതിന് നന്ദി പറഞ്ഞ് പ്രകീര്‍ത്തിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. ഭടന്മാര് ഓരോ കാര്യക്കാരുടെ മുമ്പിലും ഹാജരാക്കുകയും അവരെല്ലാം ഒരേ സ്വരത്തില്‍ ക്രൈസ്തവ വിശ്വാസം പരിത്യജിച്ച് തിരികെ ഹൈന്ദവ മതവിശ്വാസിയായിത്തീരണമെന്ന് അദ്ദേഹത്തോടു ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
താന്‍ രാജാവിനെ ധിക്കരിക്കുകയോ രാജ്യനിയമങ്ങള്‍ ലംഘിക്കുകയോ ചെയ്തിട്ടില്ലെന്നും താന്‍ അറിഞ്ഞ സത്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും കാര്യക്കാര്ക്ക് മറുപടി നല്കി. ഇത് കേള്‍ക്കുമ്പോള്‍തന്നെ കോപാകുലരായിത്തീരുന്ന കാര്യക്കാര്‍ കൂടുതല്‍ ശിക്ഷകള്‍ വിധിച്ച് ശാരീരിക പീഡകള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. പത്താമത്തെ കാര്യക്കാര്‍ രാജാവിന് നല്കിയ റിപ്പോര്‍ട്ടനുസരിച്ച് ദേവസഹായത്തിന്റെ നിലപാട് മാറ്റാന്‍ സാധ്യമല്ലെന്നും പീഡനങ്ങളും ശിക്ഷകളുംകൊണ്ട് പ്രയോജനമുണ്ടായില്ലെന്നും അറിയിച്ചു. ക്രുദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ ദേവസഹായത്തെ തിരുവിതാംകോട് ജയിലില്‍ അടയ്ക്കാന്‍ ഉത്തരവായി.
തിരുവിതാംകോട് ജയിലില്‍ തടവിലിട്ടപ്പോഴും ദിവസവും ചൂരല്കൊണ്ടുളള 30 അടിയും മുറിവുകളില്‍ മുളകുപൊടി പുരട്ടിയും കുരുമുളക് പൊടിതൂവിയും ശിക്ഷാവിധികള്‍ തുടര്‍ന്നു. ദേവസഹായത്തെ കാണാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ഉപദേശം സ്വീകരിക്കാനായി ധാരാളം തീരദേശ ക്രിസ്ത്യാനികള്‍ ജയിലിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ രാജാവ് തിരുവിതാംകോട് ജയിലില്‍ നിന്ന് പെരുവിളയിലേക്ക് ദേവസഹായത്തെ മാറ്റാന്‍ ഉത്തരവായി.പതിവുപോലെ എരുമപ്പുറത്തേറ്റി പട്ടാളക്കാരുടെ അകമ്പടിയോടെ പെരുവിളയിലേക്ക് കൊണ്ടുപോകുന്നവഴി പുലിയൂര്‍ക്കുറിച്ചിയില്‍ എത്തിയപ്പോള്‍ ദാഹിച്ചു വലഞ്ഞ ദേവസഹായം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഭടന്മാര് ചീഞ്ഞളിഞ്ഞ ജലം നല്കി.
അല്പം ജലം കൂടി ആവശ്യപ്പെട്ടതിന് ഭടന്മാര് മര്‍ദിച്ചു. അതിനുശേഷം പാറക്കൂട്ടത്തിലേക്ക് തള്ളിവീഴ്ത്തി. അല്പനേരം പ്രാര്‍ഥിച്ചശേഷം കൈമുട്ടുകള്‍ കൊണ്ട് ശക്തമായി പാറയില്‍ ഇടിച്ചപ്പോള്‍ ജലം ശക്തമായി പുറത്തേക്ക് വന്നു. ആവോളം വെള്ളം കുടിച്ച് ദൈവത്തെ അദ്ദേഹം സ്തുതിച്ചു. ഈ പാറ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ പുലിയൂര് കുറിച്ചി എന്ന സ്ഥലത്താണ്. മുട്ടിടിച്ചാന്‍ പാറയെന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടെ നിന്ന് ഇപ്പോഴും ജലം ധാരാളമായി പ്രവഹിക്കുന്നുണ്ട്. ഈ ജലം കോരി കുടിക്കുമ്പോള്‍ മാറാരോഗങ്ങള്‍ സൗഖ്യമാകുന്നുവെന്ന് ഭക്തജനങ്ങള്‍ സാക്ഷ്യം
നല്കുന്നു.
ഏതാണ്ട് ഏഴു മാസത്തോളം കാലം പെരുവിളയില്‍ ആരാച്ചാരുടെ കാവലില്‍ കൈകാലുകള്‍ ബന്ധിച്ച് ഒരു വേപ്പുമരത്തില്‍ കെട്ടിയിട്ടു. ഇരിക്കാനോ നില്‍ക്കാനോ സാധിക്കാത്ത വിധത്തില്‍ വെയിലും മഴയും മഞ്ഞുമേറ്റ് അവിടെ കഴിച്ചു കൂട്ടി. ദേവസഹായത്തെ സന്ദര്‍ശിച്ച ഫാ. ബരെയ റോസ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും സഹനങ്ങള്‍ക്ക് ദൈവം പ്രതിഫലം നല്‍കുമെന്നും, രക്തസാക്ഷിത്വ കിരീടം ധരിപ്പിച്ച് ദൈവം തന്റെ സന്നിധിയില്‍ സ്വീകരിക്കുമെന്നും പറഞ്ഞ് അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
ദേവസഹായത്തെ സൂക്ഷിക്കാന്‍ നിയുക്തനായ ആരാച്ചാര്‍ക്ക് മക്കളില്ലായിരുന്നു. നേര്‍ച്ച കാഴ്ചകളുമായി അമ്പലങ്ങളില്‍ വഴിപാടുകള്‍ നടത്തി സന്താന സൗഭാഗ്യത്തിനായി കാത്തിരുന്നു. ഫലമുണ്ടായില്ല. ദേവസഹായത്തിന്റെ പ്രാര്‍ഥനയാല്‍ ആരാച്ചാരുടെ ഭാര്യ ഗര്‍ഭിണിയായി. ആരാച്ചാര്‍ മാനസാന്തരപ്പെട്ടു. ആ നാട്ടിലെ നിരവധി പേര് ക്രൈസ്തവരായിത്തീര്ന്നു. ഈ വിവരം ബ്രാഹ്മണര്‍ രാജാവിനെ അറിയിക്കുകയും ദേവസഹായത്തെ ഉടന്‍ മരണശിക്ഷക്ക് വിധേയനാക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ നിരപരാധിയെ വധിക്കരുതെന്ന് രാജാവിന്റെ സ്നേഹിതരില്‍ ചിലര്‍ ഉപദേശിച്ചതിനാല്‍ മരണശിക്ഷ റദ്ദാക്കി കനത്ത കാവലില്‍ ദേവസഹായത്തെ സൂക്ഷിച്ചു. പിന്നെയും നിരവധിപേര്‍ ദേവസഹായത്തെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ തേടിയിരുന്നു. അദ്ദേഹം പ്രാര്‍ഥനയിലും കാല്വരിയാഗസ്മരണയിലും തന്റെ ദിനങ്ങള്‍ കഴിച്ചു കൂട്ടി. അവസാനം രാജാവ് രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള ആരുവാഴ്മൊഴിയിലെ തടവറയിലേക്ക് ദേവസഹായത്തെ മാറ്റി.
ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് തുറസായ പ്രദേശത്ത് അരയാലില്‍ കെട്ടി ദേവസഹായത്തെ പത്ത് ദിവസത്തോളം ക്രൂരമായി മര്‍ദിച്ചു.ഈ ദിവസങ്ങളില്‍ അദ്ദേഹത്തിന് ആഹാരം നല്‍കാതെ കഷ്ടപ്പെടുത്തി. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട പീഡനങ്ങള്‍, പട്ടിണി എന്നിവയാല്‍ വലഞ്ഞപ്പോഴും യേശുവിന്റെ കരുണാര്‍ദ്രമായ സ്നേഹം ഭടന്മാരുമായി പങ്കുവച്ചും തന്നെ കാണാനെത്തുന്നവര്‍ക്ക് ആശ്വാസവും അനുഗ്രഹങ്ങളും പ്രദാനം ചെയ്തും മുന്നോട്ടു പോയി.നിയന്ത്രണങ്ങള്‍ എത്രമാത്രം കര്‍ശനമാക്കുമോ അതിനെയെല്ലാം അതിലംഘിച്ച് നിരവധിപേര്‍ ദേവസഹായത്തിന്റെ പക്കല്‍ മാധ്യസ്ഥം തേടിയെത്തിക്കൊണ്ടിരുന്നു.
അത്ഭുത പ്രവര്‍ത്തനങ്ങള്‍ കണ്ട് ഭടന്മാര് ഉള്‍പ്പെടെ മാനസാന്തരപ്പെട്ട് ക്രൈസ്തവരായി മാറി. നില്‍ക്കക്കള്ളിയില്ലാതെ ബ്രാഹ്മണപുരോഹിതര്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി. രാജാവിനെക്കൊണ്ട് വധശിക്ഷക്കുള്ള ഉത്തരവ് വാങ്ങി. ഭടന്മാര് അദ്ദേഹത്തെ ആരുവായ്മൊഴിയില്‍ നിന്ന് കാറ്റാടിമലയിലേക്ക് വിധി നടപ്പിലാക്കാന്‍ കൊണ്ടുപോയി. ഇതിനിടയില്‍ തന്നെ സന്ദര്‍ശിച്ച ഭാര്യ ഭാര്‍ഗവി അമ്മയെ ധൈര്യപ്പെടുത്തി സമാശ്വസിപ്പിക്കുകയും തിരുവിതാംകൂറിലെ ബന്ധുക്കളുടെ അടു
ത്തുനിന്നും ക്രിസ്ത്യാനികള്‍ അധികമായി പാര്‍ക്കുന്ന വടക്കന്‍കുളത്ത് പോയി താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കാറ്റാടിമലയുടെ നെറുകയിലേക്ക് വേഗത്തില്‍ നടന്നു കയറാന്‍ ദേവസഹായത്തോട് ഭടന്മാര് ആജ്ഞാപിച്ചു. ഒരിഞ്ചുപോലും അനങ്ങാന്‍ കഴിയാതിരുന്ന അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് കിരാത്തടിയില് തൂക്കി ഭടന്മാര് തോളില്‍ ചുമന്ന് വലിയൊരു പാറയുടെ മുകളില്‍ നിറുത്തി. ഭടന്മാര് അഞ്ചു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് പായിച്ചു. ”യേശുവേ എന്നെ രക്ഷിക്കണേ, മാതാവേ എന്നെ കാത്തുകൊള്ളേണമേ” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അദ്ദേഹം പ്രാണന് വെടിഞ്ഞ് മലമുകളില്‍ നിന്ന് താഴേക്ക് പതിച്ചു. ഒപ്പം കാറ്റാടിമലയിലെ ഭീമന് പാറയില്‍ നിന്ന് ഒരു ഭാഗം അടര്‍ന്ന് താഴേക്ക് പതിച്ചുകൊണ്ട് ഉഗ്രസ്വരത്തില്‍ മണി നാദം മുഴക്കി. പ്രകൃതി പോലും ഈ നിരപരാധിയുടെ മരണത്തില്‍ തേങ്ങിക്കരഞ്ഞു.
ഭടന്മാര് മൃതദേഹം ഉള്‍ക്കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാനായി വലിച്ചെറിഞ്ഞു. ഏഴ് ദിവസങ്ങള്‍ കഴിഞ്ഞ് ദേവസഹായത്തെ തേടിവന്ന ഭക്തരായ ഏതാനും പേര് അവശേഷിച്ച അസ്ഥികള്‍ ആദരവോടെ ശേഖരിച്ച് കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും അവിടെ അള്‍ത്താരക്ക് മുമ്പില്‍ പൂജ്യമായി തിരുശേഷിപ്പുകള്‍ സംസ്കരിക്കുകയും ചെയ്തു.
വടക്കന്‍കുളം പള്ളിയുടെ വികാരിയുടെ പ്രതിനിധികള്‍ കാറ്റാടിമലയില്‍ എത്തി ദേവസഹായത്തെ ബന്ധിച്ച കൈവിലങ്ങുകളും തലപ്പാവും കണ്ടെത്തി. കൈവിലങ്ങുകള്‍ എങ്ങനെയോ നഷ്ടപ്പെട്ടു. എന്നാല്‍, തലപ്പാവ് ഇന്നും വടക്കന്‍കുളം പള്ളിയില്‍ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നു.
ദേവസഹായത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട നട്ടാലം, മുട്ടിടിച്ചാന്‍ പാറ, പെരുവിള, കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയം, കാറ്റാടിമല, വടക്കന്‍കുളം എന്നീ സ്ഥലങ്ങളിലേക്ക് ഇന്ന് അണമുറിയാതെ ഭക്തജന പ്രവാഹമാണ്. ദൈവാനുഗ്രഹങ്ങളുടെ പെരുമഴയാണ് ഈ വിശുദ്ധന്റെ മാധ്യസ്ഥംവഴി ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുന്നത്.
ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തിന്റെ കാലിക പ്രസക്തി
ക്രൈസ്തവ വിശ്വാസത്തിന് നേരെ ലോകവ്യാപകമായി ഇന്ന് ഭീഷണികള്‍ ഉയരുന്നു. യേശുവിശ്വാസത്തെ പ്രതി നിരവധിപേര്‍ ഇന്നും വധിക്കപ്പെടുന്നു. ഭീകരവാദികള്‍ നിരവധിയായ കൊലപാതക പരമ്പരകളിലൂടെ ഭീതി വിതയ്ക്കുന്നു. ജനാധിപത്യ മതേതര ഭാരതത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഹൈന്ദവ ഇസ്ലാം മത തീവ്രവാദികളില്‍ നിന്ന് ഭീഷണികള്‍ ഉയരുന്നു. അത്യന്തം ഭീതിജനകമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോള്‍ ക്രൈസ്തവരായ നമുക്ക് രണ്ടര നൂറ്റാണ്ട് മുമ്പ് വിശ്വാസത്തിനു വേണ്ടി രക്തം ചിന്തിയ ദേവസഹായത്തിന്റെ ധീരമാതൃക അത്യന്തം പ്രചോദനകരമാകുന്നു. ധര്‍മരാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട തിരുവിതാംകൂര്‍ രാജ്യത്ത് ദേവസഹായം ക്രൈസ്തവ വിശ്വാസത്തിനായി ജീവന് നല്‍കേണ്ടി വന്നെങ്കില്‍ ആധുനിക മതേതര ഭാരതത്തില്‍ ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചു ജീവിക്കാന്‍ വലിയ വില നല്‍കേണ്ടി വരുന്ന കാലം സമാഗതമാകുന്നു.
ദേവസഹായമേറ്റ പീഡനവും രക്തസാക്ഷിത്വവും
കേവലം ഏഴു വര്‍ഷത്തെ ക്രൈസ്തവ ജീവിതത്തിനിടയില്‍ മൂന്ന് വര്‍ഷക്കാലത്തെ പീഡാസഹന ജീവിതം; പ്രാകൃതമായ ശിക്ഷാരീതികള്‍; കഠിനമായ ശാരീരിക പീഡനങ്ങള്‍, മനസിനേറ്റ മുറിവുകള്‍, അവസാനം അവഹേളനപരമായ മരണം! ദേവസഹായത്തിന്റെ വൈരികള്‍ മത്സരിച്ച് പീഡകളേല്പ്പിച്ചപ്പോള് ഏറ്റുവാങ്ങിയ ആഴമേറിയ മുറിവുകളെ യേശു വിശ്വാസത്തില്‍ ആഴപ്പെടാനുള്ള നീര്‍ച്ചാലുകളായി ദേവസഹായം മാറ്റി. ചുണ്ണാമ്പ് ചൂളയിലെ പുക ശ്വസിപ്പിച്ചും പാമ്പിന് കൂട്ടിലിട്ടും കുടുസ്സായ മുറികളിലിട്ടും എരുക്കന് മാലയണിച്ചും നാടുതോറും സഞ്ചരിപ്പിച്ച് അപമാനിച്ചപ്പോഴും അദ്ദേഹത്തിന്റെ വിശ്വാസത്തിന് ഇളക്കമുണ്ടായില്ല. അവസാനം ബലിമൃഗത്തെ കൊല്ലാന്‍ കൊണ്ടുപോകുന്ന പോലെ കിരാതടിയില് കൈകാല്‍ ബന്ധിച്ച് രണ്ട് ഭടന്മാര് തൂക്കി കാറ്റാടി മലയിലേക്ക് കൊണ്ടുപോയപ്പോള്‍ ‘കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശ്ശബ്ദത പാലിച്ചു.’ അവസാനം കാറ്റാടി മലയില്‍ അഞ്ച് വെടിയുണ്ടകളാല്‍ പിടഞ്ഞു വീണ് ജീവന് വെടിഞ്ഞു. ദൈവസ്നേഹത്തില്‍ അലിഞ്ഞുചേര്‍ന്ന് രക്തസാക്ഷിത്വ മകുടം ചൂടി.
വിശുദ്ധ പദവിക്കായുള്ള പരിശ്രമങ്ങള്‍
ദേവസഹായത്തിന്റെ വിശുദ്ധ പദവിക്കായുള്ള പരിശ്രമങ്ങള്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തുടക്കമിട്ടു. 1756 നവംബര്‍ 15-ന് കൊച്ചി മെത്രാനായിരുന്ന ബിഷപ്പ് ഡോ. ക്ലെമന്റ് ജോസഫ് കൊലാക്കോ ലെയ്ത്വാ എസ്.ജെ., ആദ്ലിമിന സന്ദര്ശനാവസ
രത്തില്‍ (മാര്‍പാപ്പയെ രൂപതമെത്രാന്‍ 5 വര്‍ഷത്തിലൊരിക്കല്‍ റോമില്‍ ചെന്ന് ഔദ്യോഗികമായി സന്ദര്‍ശിച്ച് രൂപതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍) ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്കി. വത്തിക്കാന്‍ പുരാരേഖാലയത്തില്‍ നിന്നും ഈ റിപ്പോര്‍ട്ട് കണ്ടെത്തുകയും വിശുദ്ധപദ പ്രഖ്യാപനത്തിന്
നിദാനമായ സുപ്രധാന രേഖയായി ഇതിനെ സ്വീകരിക്കുകയും ചെയ്തു. ബിഷപ്പ് ക്ലെമന്റ് ലെയ്ത്വാക്ക് നാമകരണ പരിപാടികള്‍ മുന്നോട്ടു കൊണ്ടു പോകാനായില്ല. നാമകരണത്തിന് വേണ്ടി ഔദ്യോഗിക അപേക്ഷ നാമകരണത്തിനായുള്ള തിരുസംഘത്തിന് നല്‍കാനായില്ല. മാത്രമല്ല 1773-ല്‍ ഈശോസഭ ലോകത്തിലാകമാനം നിരോധിക്കപ്പെടുകയും ചെയ്തു. ഇതോടെ വിശുദ്ധ പദവിക്കായുള്ള പരിശ്രമങ്ങള്‍ എങ്ങുമെത്താതെ പോയി.
ജോസഫ് കരിയാറ്റില്‍, പാറേമാക്കല്‍ തോമാക്കത്തനാര് എന്നിവര്‍ 1773-നും 1786-നും മധ്യേ പൗരസ്ത്യ സഭയുടെ പ്രശ്നങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി റോമും പോര്‍ട്ടുഗലും സന്ദര്‍ശിക്കുകയുണ്ടായി. നാമകരണത്തിനുവേണ്ടി ഇവര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പാറേമാക്കല്‍ തോമാക്കത്തനാര് തന്റെ വര്ത്തമാനപുസ്തകത്തില് രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്, ”ഞങ്ങള്‍ റോമായില്‍ പാര്‍ത്ത കാലത്ത് കിട്ടിയ ഇടവേളകളില്‍ നമ്മുടെ ദേവസഹായംപിള്ളയെ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാന് ലത്തീനില്‍ എഴുതിയുണ്ടാക്കി കര്‍ദിനാളിനുള്ള പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കുകയുണ്ടായി.
അതീവ ദരിദ്രമായ മലങ്കര സമുദായത്തിന് പണം മുടക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഈ രക്തസാക്ഷിയുടെ കേസ് വിസ്തരിച്ച് വിധി പറയുന്നതില്‍ ഉപേക്ഷ കാണിക്കരുതേ എന്ന് കര്‍ദിനാളിനുള്ള കത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഇതു സംബന്ധിച്ച് കര്‍ദിനാളിന് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ് ഞങ്ങളുടെ കൈയിലുണ്ടായിരുന്നെങ്കിലും പോര്‍ത്തുഗലില്‍ വന്നപ്പോള്‍ യൂസെകയെത്താനോസ് മെഷ്കിത്തയെന്ന ഞങ്ങളുടെ സ്നേഹിതനായ ഒരു പുരോഹിതന് വായിക്കാന്‍ മേടിച്ചിട്ട് തിരികെ തന്നില്ല. അത് അയാളുടെ കൈയില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്തു”.
ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി വിശുദ്ധ പദവിക്കായി പരിശ്രമിച്ച സഭാശ്രേഷ്ഠനായിരുന്നു കിഴക്കിന്റെ ഡെലിഗേറ്റ് അപ്പോസ്തലിക്കായിരുന്ന മോണ്‍. എല്‍.എം. സെലസ്ക്കി (1892 – 1916). മോണ്‍ സെലസ്ക്കിയുടെ സെക്രട്ടറിയായും പില്ക്കാലത്ത് കൊല്ലം രൂപതയുടെ മെത്രാനായും നിയമിതനായ ഡോ. അലോഷ്യസ് മരിയ ബെന്‍സിഗര്‍ തന്റെ രൂപതയിലെ ദേവാലയമായ കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയിലെ അള്‍ത്താരക്കു മുമ്പില്‍ സംസ്ക്കരിച്ചിരിക്കുന്ന ദേവസഹായത്തിന്റെ പൂജ്യാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന കല്ലറ 1913-ല്‍ തുറന്നു പരിശോധിക്കുകണ്ടായി. തുടര്‍ന്ന് ബിഷപ്പ് ലോറന്‍സ് പെരേരയുടെ കാലത്ത് ദേവസഹായത്തെ പറ്റിയുള്ള രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി.ബിഷപ്പ് അഗ്നിസ്വാമിയുടെ ഭാഗത്ത് നിന്ന് കാനോനികമായ നടപടികള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ടായി. ദേവസഹായത്തിന്റെ നാമകരണത്തിനായി ആദ്യമായി പ്രാര്‍ഥന തയ്യറാക്കി അദ്ദേഹം പ്രസിദ്ധീകരിച്ചു.
ബിഷപ്പ് ആരോഗ്യസ്വാമി കോട്ടാര്‍ മെത്രാനായിരുന്നപ്പോള്‍ മൂന്ന്അ ല്മായ സഹോദരങ്ങള്‍ (1) ശ്രീ. അമലഗിരി അന്തോണിമുത്തു (2) ശ്രീ. ആന്റണി തമ്പുരാന് (3) പി.ജെ. ദാസ് എന്നിവര്‍ ചേര്‍ന്ന് കാനോനിക നിയമപ്രകാരം നാമകരണ നടപടികള്‍ ആരംഭിക്കാനഭ്യര്ഥിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ നിവേദനം സമര്‍പ്പിച്ചു. ഇതനുസരിച്ച് ആറംഗങ്ങളടങ്ങിയ നാമകരണ സമിതിയെ ബിഷപ്പ് ആരോഗ്യസ്വാമി നിയമിച്ചു. 1986 ഫെബ്രുവരി 5-ന് തിരുവനന്തപുരം സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു നിവേദനം നല്കി.
ബിഷപ്പ് ലിയോണ്‍ ധര്‍മരാജിന്റെ ഭരണകാലയളവില്‍ കാനോനികമായ നടപടി ക്രമങ്ങള്‍ പാലിച്ച് വിവിധ കമ്മീഷനുകള്‍ നാമകരണത്തിനായി രൂപീകരിക്കുകയും കമ്മീഷനുകളുടെ പഠനങ്ങള്‍ പൂര്‍ത്തീകരിച്ച ബിഷപ്പ് പീറ്റര്‍ റെമജിയൂസ് 2008 നവംബറില്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന് പഠനരേഖകളും തെളിവുകളും കൈമാറി. 2012 ഡിസംബര്‍ 2-ന് ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി ബനഡിക്ട് പതിനാറാമന്‍ പാപ്പ പ്രഖ്യാപിച്ചു. എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 2020-ല്‍ ദേവസഹായത്തെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു. ഇനി നാമകരണ ചടങ്ങുകളില്‍ വച്ച് വിശുദ്ധനായി പാപ്പ ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങു മാത്രമേ അവശേഷിക്കുന്നുള്ളൂ.
BY, ഇഗ്നേഷ്യസ് തോമസ് , തിരുവനന്തപുരം KAIROS MALAYALAM MAGAZINE