രണ്ടു കപ്പൂച്ചിനച്ചന്മാരെ ചില നാട്ടുറൗഡികൾ മുട്ടിന്മേൽ നിറുത്തി കൊന്ത ചൊല്ലിച്ച സംഭവം ഒരു സിനിമയ്ക്കു നിമിത്തമായാൽ?! പോട്ടെ, ഈ ഡയലോഗ് എങ്ങനെയുണ്ട്: ”ഞാൻ ക്ഷമിക്കണമെങ്കിൽ എന്നെ തല്ലണം. പള്ളിയിൽ കയറി അലമ്പു കാണിച്ചാൽ ഞാൻ അടിക്കും…”. ഷാപ്പിൽ കയറി മണത്തുമണത്ത്, നല്ല കള്ളു കണ്ടെത്തി നാട്ടാർക്കു കൊടുക്കുന്നത് ഒരു പള്ളീലച്ചനായാലോ?!
ആകാശദൂതിലും അഞ്ചാം പാതിരയിലും ഈ.മ.യൗവിലും താക്കോലിലും ദ പ്രീസ്റ്റിലുമൊക്കെയായി പല അച്ചന്മാരെയും വെള്ളിത്തിരയിൽ കണ്ടിട്ടുണ്ടെങ്കിലും ‘വരയൻ’ എന്ന സിനിമയിൽ സിജു വിൽസൺ അവതരിപ്പിക്കുന്ന എബി അച്ചൻ തികച്ചും വ്യത്യസ്തൻതന്നെ! ഇത്രയ്ക്ക് സൂപ്പർ എൻ്റർടെയിനറായ ഒരു സിനിമയ്ക്കു പിന്നിലെ തൂലിക ഒരു കത്തനാരുടേതാണെന്നതാണ് ഏറെ സന്തോഷം തരുന്ന കാര്യം.
പ്രിയപ്പെട്ട ഡാനി കപ്പൂച്ചിൻ അച്ചൻ നല്ലൊരു സുഹൃത്തും ധ്യാനഗുരുവും ഗ്രന്ഥകർത്താവും മാത്രമല്ല, സൂപ്പർ തിരക്കഥാകൃത്തുമാണെന്ന് സാംസ്കാരികകേരളം സാക്ഷ്യപ്പെടുത്താൻ പോവുകയാണ്… മെയ് 20ന് തിയേറ്റർ റിലീസ് ആകുന്ന ഈ സിനിമ കേരള ജനതയ്ക്ക് തികച്ചും പുതുമയുള്ളതായിരിക്കും എന്നതിൽ സംശയമില്ല.
ഫ്രാൻസിസ് അസീസിയുടെ ആത്മീയത പേറുന്നവർക്ക് നമ്മൾ ചാർത്തിക്കൊടുത്തിട്ടുള്ള ക്ലിഷേ സ്വഭാവത്തിൽ നിന്ന് വേറിട്ട ഒരു കാപ്പിപ്പൊടിയച്ചനെയാണ് ‘വരയൻ’ അവതരിപ്പിക്കുന്നത്. ഇതിനകം ”പറ പറ പറ പാറുപ്പെണ്ണേ’ എന്ന ഗാനം ജനമനസ്സുകളെ കീഴടക്കിക്കഴിഞ്ഞു: സംവിധായകൻ ജിജോ ജോസഫുമായി പതിനഞ്ചു വർഷത്തെ പരിചയമുണ്ട്.
ഷാലോം ടിവിക്കു വേണ്ടി ബോബി ജോസച്ചനോടും ജെയ്റ്റസച്ചനോടും ചേർന്ന് സങ്കീർത്തനസംബന്ധിയായ ഒരു പ്രോഗ്രാം ചെയ്യുന്നതിലൂടെയാണ് ആ പരിചയം ബലപ്പെട്ടത്. ജിജോയുടെ അസാധാരണമായ ജീവിതദർശനവും സംവിധാനവൈദഗ്ദ്ധ്യവും കാണാൻ കൈരളിക്കു യോഗമുണ്ടാകും എന്നു തന്നെയാണ് ട്രെയിലർ വ്യക്തമാക്കുന്നത്:
By, Joshyachan Mayyattil