ഇന്നലെ ഉച്ചകഴിഞ്ഞു തലശ്ശേരി രൂപതയിലെ അങ്ങാടിക്കടവിനടുത്ത് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയുടെ വെഞ്ചിരിപ്പിന് തൊട്ടുമുൻപ് ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നവീകരിച്ച പള്ളിയുടെ സീലിംഗ് കത്തി നശിക്കുകയുണ്ടായി.
150 ഇടവകാംഗങ്ങൾ മാത്രമുള്ള മലയോരത്തെ ഈ പള്ളിയുടെ നിർമ്മാണത്തിനു വേണ്ടി ആരുടെ അടുത്ത് നിന്നും ഒരു നിർബന്ധിത പിരിവും നടത്തിയില്ല.. ചോർന്നൊലിക്കുന്ന പള്ളിയുടെ മുഖവാരം പുനഃദ്ധരിക്കേണ്ടതിന്റെ ആവശ്യകഥയെക്കുറിച്ച് മനസിലായപ്പോൾ ആളുകൾ തന്നെയാണ് ഇങ്ങനെ ഒരു നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത്. നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് വികാരിയച്ചൻ പള്ളിയിൽ അറിയിപ്പ് കൊടുത്തു. “പള്ളി തകർന്നു പോകാതെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്.
ഈ ഉദ്യമത്തിനായി ഇടവകാജനങ്ങൾ ഓരോരുത്തരും എത്ര രൂപ തരുന്നോ അത്രയും തുകയുടെ ഇരട്ടി പണി ചെയ്യാൻ ആവശ്യമായ കൂടുതൽ തുക വ്യക്തിപരമായി ഞാൻ കണ്ടെത്തുന്നതാണ്.” പിരിവിനു വേണ്ടി അച്ചൻ ഒരു വീടും കയറിയിറങ്ങിയിട്ടില്ല. ഓരോരുത്തരായി അച്ചനെ കണ്ട് തങ്ങൾക്ക് സാധിക്കുന്ന ഒരു തുക വാഗ്ദാനം ചെയ്തു, കാരണം ഈ കോവിഡ് കാലത്ത് പോലും രണ്ട് വീടുകൾ സൗജന്യമായി നിർമിച്ചു നൽകിയ തങ്ങളുടെ വികാരി അച്ചനെ അവർക്ക് വിശ്വാസമായിരുന്നു.
അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ കൂടിയായ വികാരിയച്ചൻ തന്റെ അധ്യാപനത്തിന് ശേഷമുള്ള മുഴുവൻ സമയവും ജനങ്ങളോടൊപ്പം അവരെക്കാളും കൂടുതൽ ശരീരികമായി അധ്വാനിച്ച ആളാണ്. പള്ളി വെഞ്ചിരിപ്പിന്റെ തിയ്യതിക്ക് ഒരാഴ്ച മുൻപ് അവിടെ ചെല്ലുമ്പോൾ തിരക്കിട്ട ജോലിക്കിടയിൽ പണിക്കാരുടെ വേഷത്തിൽ ജോലിയിൽ മുഴുകിയ വികാരിയച്ചനെ ജോലിക്കാരുടെ ഇടയിൽ നിന്ന് കണ്ടെത്താൻ തന്നെ ശരിക്കും വിഷമിച്ചു.
അങ്ങനെ തങ്ങളുടെ സമ്പത്തും അതിലേറെ അധ്വാനവും ചേർത്ത് വച്ച് അവർ കെട്ടിപ്പൊക്കിയ വാണിയപ്പാറ ഉണ്ണിമിശിഹാ ദൈവാലയത്തിന്റെ സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് ഒരു ഷോർട്ട് സർക്യൂട്ട്ക്കൊണ്ട് ഒരു പിടി ചരമായി മാറിയത്. സീലിംഗ് കത്തി തുടങ്ങിയപ്പോൾ ആദ്യം എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ ഇടവകാ ജനം തന്നെയാണ് മനസാന്നിദ്യം വീണ്ടെടുത്ത് തീ അണക്കാൻ മുന്നിട്ട് ഇറങ്ങിയതും ഫയർ ഫോഴ്സ് വരുന്നതിനു മുൻപേ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതും.
ദൈവാലയ കൂദാശ കർമ്മത്തിനിടെ പള്ളിയിൽ അഗ്നിബാധ എന്ന തലക്കെട്ടോടെ പ്രചരിച്ച ഓൺലൈൻ വർത്തകളുടെ താഴെ വന്ന ചില കമെന്റുകൾ ആണ് ഈ പോസ്റ്റ് എഴുതാനുനുള്ള കാരണം. വെഞ്ചിരിപ്പ് കർമ്മത്തിൽ പങ്കെടുക്കാൻ വന്ന എല്ലാവരും ആശങ്കയോടെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതൊന്നും കാണാതെ അനവസരത്തിലെ ചില കമെന്റുകൾ കാണാൻ ഇടയായി. അത്തരം അനൗചിത്യം ഇവിടെയും ആവർത്തിക്കുന്നില്ല. എങ്കിലും അവരോടു പറയാൻ ഉള്ളത് ഒരു ഫോട്ടോയുടെ രൂപത്തിൽ ഈ പോസ്റ്റിനോപ്പം ചേർക്കുന്നു.
പിന്നെ എന്ത് നല്ല കാര്യം കണ്ടാലും അതിൽ നെഗറ്റീവ് കാണുന്ന പ്രിയപ്പെട്ടവരോട് മറ്റൊരു കാര്യം കൂടി പറയാൻ ഉണ്ട്. ബൈബിളിൽ ഒരു വാക്യം ഉണ്ട്, “ചതഞ്ഞ ഞാങ്ങണ ഓടിക്കുകയോ പുകഞ്ഞ തിരി കെടുത്തുകയോ അരുത്. ” കരയുന്നവരോട് കൂടെ കരഞ്ഞില്ലെങ്കിലും കുറഞ്ഞ പക്ഷം അവരെ കുറ്റം വിധിക്കാതെ ഇരുന്ന് കൂടെ.
ഈ വർത്തക്ക് താഴെ നെഗറ്റീവ് കമെന്റ് ഇട്ട എല്ലാവരോടുമായി അറിയിക്കുന്നു. വെഞ്ചിരിപ്പിന്റെ തിയ്യതി ഒന്ന് പുതുക്കിയിട്ടുണ്ട്… മെയ് മുപ്പത്തിയൊന്നാം തിയ്യതി കുറച്ചുകൂടി മനോഹരമായി ഞങ്ങൾ അത് പുനഃരുദ്ധരിച്ചു വെഞ്ചിരിപ്പിനായി തയ്യാറെടുക്കുന്നുണ്ട്.അഭിവന്ധ്യ ജോസഫ് പാംപ്ലാനി പിതാവ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.. അയൽ ഇടവകകൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ ഒരു സ്തോത്രകാഴ്ചയിലൂടെ ഈ ഉദ്യമത്തോട് സഹകരിക്കും…നമുക്ക് ഒരു വരവ് കൂടി വരേണ്ടി വരും.
By, ഫാ. ജോബിൻ വലിയപറമ്പിൽ