പ്രണയമെന്നത് അസാധാരണമായ ഒന്നല്ല. ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും ആർക്കും തോന്നാവുന്ന ഒന്നാണ്. പ്രണയത്തിന്റെ ആദ്യഘട്ടം തീവ്രമായ പ്രണയമായിരിക്കും. രണ്ട് വ്യക്തികൾ തമ്മിൽ അസാന്നിധ്യത്തിൽ സാന്നിധ്യമായും അദൃശ്യതയിൽ ദൃശ്യമായും പരസ്പരം നിറഞ്ഞു നിൽക്കുന്ന ഒരു പ്രത്യേക അനുഭവമാണ് പ്രണയം. വാക്കുകൾ കൊണ്ട് പ്രണയിച്ചു തുടങ്ങുന്ന അവർ കൂടി കാഴ്ചകളിലേക്കും ഫോൺ കോളുകളിലേക്കും എത്തിച്ചേരുന്നു. ആ നിമിഷം വരെയും കണ്ടിട്ടില്ലാത്ത എന്തോ ഒരു പ്രത്യേക അനുഭവം അവർ പരസ്പരം സ്വായത്തമാക്കുന്നു.. മനസുകൾ കൈമാറുന്നതോടൊപ്പം വേദനകളും, സന്തോഷങ്ങളും, ദുഃഖങ്ങളും പരസ്പരം ഷെയർ ചെയ്യുന്നു. തമ്മിൽ തമ്മിൽ സമാധാനിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു.
അമിതമായസ്നേഹമില്ലായ്മയിൽ ദുഖവും നിരാശയും അനുഭവിക്കുന്ന ഒരു വ്യക്തിക്ക് പ്രണയിക്കാൻ മറ്റൊരാളെ ലഭിക്കുമ്പോൾ അവർ സ്വാഭാവികമായി സന്തോഷത്തിലേക്ക് പ്രവേശിക്കുന്നു. ചില നല്ല സംസാരത്തിലൂടെ തനിക്കു ആരൊക്കെയോ ഉള്ളത് പോലുള്ള പ്രതീതിയിലേക്ക് വരുന്നു. പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തുന്നു. ലൗകീകമായ കാര്യങ്ങളെക്കാൾ തനിക്ക് സ്നേഹിക്കുന്ന ആരോ ഒരാൾഉണ്ടെന്നും അയാൾ തന്നെ ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു, പരിചരിക്കുന്നു, കരുതുന്നു, കാത്തിരിക്കുന്നു, ശുശ്രൂഷിക്കുന്നു എന്നിങ്ങനെയുള്ള നല്ല ജീവിത ശൈലികളിലേക്ക് മാറാനും നല്ല പ്രണയബന്ധങ്ങൾക്ക് കഴിയും.
കാണാമറയത്ത് അകലങ്ങളിൽ ഇരുന്നുകൊണ്ട് ഒരേ ചിന്തകളുടെ സ്വപ്നങ്ങളുടെ നാട്ട് വഴിയിൽ പെയ്തു തോരുന്നവർ, തിരഞ്ഞു പോയ ഇടങ്ങളെ ഒക്കെയും കാണാൻ പറ്റാത്ത സാഹചര്യങ്ങളെയും മനസ്സിൽ നിന്നും മായാത്ത നക്ഷത്രങ്ങളാൽ അടയാളപ്പെടുത്തുന്നവർ, ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും അല്പം സന്തോഷത്തിനും മനസിന്റെ ധൈര്യത്തിനും വേണ്ടി കണ്ണിലെ പ്രകാശം കെടുത്താതെ ഇനിയൊരു ജന്മമെന്ന് പതം പറയുമ്പോൾ അടങ്ങാത്ത മോഹങ്ങൾ കൊണ്ട് തൃപ്തിയടയുന്നവർ.
ഈ ഭൂമിയിൽ ഏറ്റവും മനോഹരമായതും ജീവന്റെ അവസാന തുടിപ്പോളവും സൗരഭ്യം പരത്തുന്ന വികാരം ഇതൊന്നേയുള്ളൂ അത് പ്രണയമാണ്. പ്രണയം ഒരു ധ്യാനമാണ്. ഉണരാൻ വിടാതെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന ധ്യാനം. ഒരേ സമയം ഒന്നിലധികം പേരോട് തോന്നുന്നത് പ്രണയമല്ല. അതു വെറും ആകർഷണം മാത്രം. എല്ലാ ആകർഷണവും പ്രണയമാകണമെന്നില്ല. ഉദാഹരണം ആയിട്ട് പറഞ്ഞാൽ ഒരു സിനിമ കണ്ട് കഴിഞ്ഞാൽ അതിലെ നായകനോടോ നായികയോടോ കുറച്ചു നേരത്തേക്ക്നമുക്കൊരു ഇഷ്ട്ടം തോന്നുന്നും. അടുത്ത സിനിമ കാണുമ്പോൾ അതു മാറി പുതിയ ആളുകളോട് ആയിമാറുന്നു. ഇതിനെ ആകർഷണം അല്ലെങ്കിൽ ആരാധന എന്നൊക്ക പറയുന്നു.
നല്ല ആത്മ ബന്ധങ്ങളും സൗഹൃദവും പോലെ തന്നെ നല്ല പ്രണയവും വളരെ നല്ലതാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു നവ തലമുറകൾ ഒരുപാട് വഴിമാറി പ്രണയിക്കുന്നു. ലൗകീക വികാരങ്ങൾക്ക് അടിമപ്പെടുന്ന ഓരോ യുവതീ യുവാക്കന്മാരും പ്രണയം കാര്യസാധ്യതകൾക്ക് മാത്രമായി മാറ്റുന്നു. അവർക്ക് ആവശ്യമായ സുഖലോലുപതക്കു വേണ്ടി പരസ്പരം പ്രയോജനപെടുത്തുന്നു. പിന്നീട് അപമാനവും നഷ്ട്ടബോധവും വരുമ്പോൾ പ്രണയം കൊലപാതകവും ആത്മഹത്യകളും മറ്റു പലതരത്തിലുള്ള കുരുതികളും വിളിച്ചു വരുത്തുന്നു. ഇത് ഒരിക്കലും ശരിയായ പ്രവണത അല്ല.
ശരിയായ പ്രണയദാതാക്കൾ ഒരിക്കലും ശാരീരിക ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം കല്പിക്കുന്നവരാവുകയില്ല. സഹനങ്ങളോടെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രണയത്തിൽ ഒരുപാട് നന്മകൾ കാണാൻ കഴിയും. എത്ര വഴക്കിട്ടാലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും ക്ഷമിക്കാനും വിട്ടു കൊടുക്കാനും അവർ തയ്യാറാവുന്നു. പിരിഞ്ഞു പോകാനോ മറ്റു ക്രൂരകൃത്യങ്ങൾക്കോ അവർ തയ്യാറാവുകയില്ല.
ഇനിയുള്ള കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറയ്ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടുന്ന ഒന്നാണ് സഹനങ്ങൾ ഏറ്റെടുത്തു പ്രണയിക്കുക എന്നുള്ളത്. ഭൗതീക തലത്തിൽ നിന്ന് മാത്രം ചിന്തിക്കാതെ ആത്മീയ തലംകൂടി കാണുമ്പോളാണ് അത് വിശുദ്ധ മാകുന്നത്. ഏതൊരു മനുഷ്യനിലും പ്രണയമുണ്ട്. വിശുദ്ധമായ പ്രണയം മനുഷ്യരെ കുടുംബജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നു. സ്നേഹവും വാത്സല്യവും കാമവും അലിഞ്ഞു ചേർന്ന് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുമ്പോൾ ആ പ്രണയം പരിശുദ്ധമാകുന്നു.
പ്രണയത്തിന്റെ സഞ്ചാരപാത മനോഹരവും പരിശുദ്ധവും ആകണമെങ്കിൽ കണ്ണുകൾ തമ്മിൽ കഥകൾ പറഞ്ഞത് കൊണ്ടോ തമ്മിൽ സ്പർശിച്ചത് കൊണ്ടോ എന്നും അരികത്തു ഇരുന്നത് കൊണ്ടോ മാത്രമാവുന്നില്ല.. പകരം മൂടുപടമില്ലാത്ത മനസുകൾ കണ്ണാടികൾ ആവണം.. അവിടെ സ്നേഹവാക്കുകൾക്കും ആശയവിനിമയങ്ങൾക്കും കാപട്യമോ ക്ഷാമമോ ഉണ്ടാവരുത്.. പ്രതിസന്ധിക്കളിൽ കൈത്താങ്ങ് ആവണം. ഹൃദയതാളങ്ങൾ പരസ്പര ബന്ധിതമാകണം.. ആത്മീയ പരിവേഷമുണ്ടാവണം. ഇങ്ങനെയുള്ള പ്രണയങ്ങൾ വിശുദ്ധമാക്കപെടുന്നു. ഇത്തരം പ്രണയബന്ധങ്ങളെ മരണത്തിനു പോലും വേർതിരിക്കാൻ കഴിയുകയില്ല.
കളങ്കമില്ലാതെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രണയം ആനന്ദം മാത്രമല്ല.. ജീവിതത്തിന്റെ പരമപ്രധാനമായ ഒരു കണ്ണിയാണ്. പ്രണയം നിറഞ്ഞു നിൽക്കേണ്ടുന്ന ഒന്നാണ് കുടുംബജീവിതം. തുളുമ്പിപോയാൽ കൈവിട്ട് പോകുന്നു.നിറഞ്ഞു നിന്നാൽ അതിനോളം മഹത്തരം മറ്റൊന്നും ഇല്ല. കുറഞ്ഞു തുടങ്ങുമ്പോൾ നിറച്ചു കൊണ്ട് പോകുവാനുള്ള ഉപാധികൾ നാം നേടിയെടുക്കണം. കൊടുക്കുംതോറും വർദ്ധിക്കുന്ന ഒന്നാണ് സ്നേഹവും പ്രണയവും ആയതിനാൽ പരസ്പരം കൊടുക്കുവാൻ പരിശ്രമിക്കണം.
തീരത്തെ പുണരുന്ന തിരമാലകളെപ്പോലെ ഓരോ തവണയും ഏറ്റക്കുറച്ചിലുകൾക്ക് കണക്കു പറയാതെ വീണ്ടും വീണ്ടും കുറവുകൾ മായ്ച്ചുകൊണ്ട് വാരി പുണരുമ്പോൾ പ്രണയജീവിതങ്ങൾ ഈ ഭൂമിയിൽ സ്വർഗ്ഗതുല്യമാണ്. തനിക്കു ചേർന്നതല്ല എന്ന് തോന്നുന്ന നിമിഷം ആ ബന്ധം സമാധാനപൂർവ്വം പറഞ്ഞു വിവാഹത്തിൽ എത്തുന്നതിനു മുൻപ് വേർപിരിഞ്ഞു ജീവിക്കുവാനുള്ള ധൈര്യം നാം നവതലമുറക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ഞാൻ മനസിലാക്കിയിടത്തോളം യഥാർത്ഥമായ പ്രണയം കാൽവരിയിലെ ക്രിസ്തുവിൽ ആണ് ഞാൻ കാണുന്നത്. കാരണം അത്രമേൽ അമൂല്യവും പവിത്രവുമായി സ്നേഹിക്കാനും പ്രണയിക്കാനും ഈ ഭൂമിയിൽ അവനെപ്പോലെ ഇന്ന് വരെയും മറ്റൊരാളും ജനിച്ചിട്ടില്ല എന്നുള്ളതാണ്. ദൈവമായിരുന്നിട്ടും മനുഷ്യ ജന്മമെടുത്ത അവൻ തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യ രാശിയെ മുഴുവനും പല തരത്തിൽ പ്രണയിച്ചു. എന്നിട്ടും അവസാനം വരെയും തന്നെ ഒന്ന് സ്നേഹിക്കാനോ പ്രണയിക്കാനോ ആരും തയ്യാറായില്ല. കാര്യങ്ങൾ സാധിച്ചതിനു ശേഷം എല്ലാവരും തള്ളിപ്പറഞ്ഞു… ഒറ്റികൊടുത്തു.. നിന്ദിച്ചു.. പരിസഹിച്ചു… അപമാനിച്ചു.. ചാട്ടവാറുകൊണ്ട് അടിച്ചു.
ചെയ്തിട്ടില്ലാത്ത എല്ലാം കുറ്റമായി ആരോപിച്ചു.. കുന്തം കൊണ്ട് കുത്തി മുറിവേല്പിച്ചു. ഏറ്റവും അവസാനം കാൽവരിയിൽ കുരിശിൽജീവനോടെ തറച്ചു… എന്നിട്ടും അവൻ തന്റെ രക്തവും ഒഴുക്കി വേദന സഹിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് മരിച്ചു… ഈ ക്രിസ്തുവിന്റെ പ്രണയം മാതൃകയാകുന്ന ആർക്കും പ്രണയിക്കുന്നവരെ കൊലപാതകത്തിലെത്തിക്കാൻ സാധിക്കുകയില്ല. പ്രണയത്തിനു സഹനം മാതൃകയാക്കുന്ന ഒരുവൻ ക്രിസ്തു മാത്രമാണ്. ലോകം മുഴുവനും തന്നെ തേച്ച് ഒട്ടിച്ചപ്പോളും ഒറ്റയ്ക്ക് മരണത്താൽ മാനവരാശിയെ നേടിയ പ്രണയമാണ് അവന് നമ്മോടു പങ്ക് വെക്കാനുള്ളത്. സഹിക്കാൻ കഴിവുള്ള ഏതൊരാൾക്കും പ്രണയം വേദനയിലും മധുരമാണ്.
By, പുഷ്പ ഷൈൻ