ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. 302 വകുപ്പ് പ്രകാരം കൊലപാതകകുറ്റത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കേസില്‍ തെളിവ് നശിപ്പിച്ചതിന് 301 വകുപ്പ് പ്രകാരം എഴ് വര്‍ഷം കഠിന തടവും, വിഷവസ്തു ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതിന് പത്ത് വര്‍ഷവും തടവ്.
കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പറയുന്നത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്.
കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനാകുന്ന കേസ് കൂടിയാണിത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകളാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞിരുന്നത്. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.